കാലിക്കൂത്ത്‌ സർവ്വകലാപശാലയും തമ്പുരാന്റെ പല്ലക്കും

ഗ്രീക്ക്‌ ഭാഷയിൽ ഹിസ്‌റ്റോറിയ എന്ന വാക്കിന്‌ അന്വേഷണം എന്നാണർത്ഥം. അതിൽ നിന്നുമാണ്‌ ഹിസ്‌റ്ററി ഉണ്ടായത്‌. ഹിസ്‌റ്റീരിയ എന്ന വാക്കിൽ നിന്നുമാണ്‌ ഹിസ്‌റ്ററിയുടെ ആവിർഭാവം എന്നാരെങ്കിലും മനസ്സിലാക്കിപ്പോയെങ്കിൽ തെറ്റുപറയാനൊക്കുകില്ല. അവർ കാലിക്കൂത്ത്‌ സർവ്വകലാപശാലയുടെ ചരിത്രവിഭാഗത്തിന്റെ സ്‌തുത്യർഹമായ പ്രവർത്തനത്തെ നേരിട്ടു കാണുന്നവരായിരിക്കും.

ആഴ്‌വാഞ്ചേരി തമ്പ്രാന്റെ പല്ലക്കും മറ്റുതമ്പ്രാക്കൻമാരുടെ താളിയോലകളുമാണ്‌ തർക്കവിഷയം. ചരിത്രത്തിന്റെ മലവെളളപ്പാച്ചിലിൽ ഒലിച്ചുപോയതിന്റെ അവശിഷ്‌ടങ്ങൾ ഒരുഭാഗത്ത്‌ കലാശാലാവെളളത്തിൽ. കാലത്തിന്റെ കുളമ്പടിയേറ്റേറ്റ്‌ തകർന്നുവീണുപോയ കൊട്ടകൊത്തളങ്ങളുടെയും ഫ്യൂഡൽ സംസ്‌കാരത്തിന്റെയും ഫോസിലുകൾ അഥവാ കൈരേഖകൾ മറുഭാഗത്ത്‌ കുറ്റിക്കാട്ടിൽ. അതിനുമുകളിൽ അടയിരിക്കുവാൻ യു.ജി.സി പറവച്ച്‌ സർക്കാർ അളന്നുകൊടുക്കുന്ന ചരിത്രമെഴുത്തുകാരും കൂടിച്ചേർന്നാൽ ചിത്രം സമ്പൂർണ്ണം. സർവ്വകലാശാല ചരിത്രവിഭാഗം.

ചരിത്രം സൃഷ്‌ടിക്കുന്ന പണി എപ്പോഴും നിർവ്വഹിക്കുന്നത്‌ സാധാരണക്കാരാണ്‌. അതായത്‌ ഇന്നത്തെ സാധാരണക്കാർ ചെയ്യുന്ന അസാധാരണ കൃത്യങ്ങളാണ്‌ നാളത്തെ ചരിത്രമായി വരിക. ആ മഹാഭൂരിപക്ഷത്തിനായി ചരിത്രത്തിൽ എപ്പോഴും ഒരിടമുണ്ട്‌. അതാണ്‌ ചരിത്രത്തിന്റെ ചവറ്റുകൊട്ട എന്നറിയപ്പെടുന്നത്‌. യു.ജി.സി സ്‌കെയിലും അടുത്തൂണും അവർക്കുളളതല്ല. അവാർഡുകളും ആദരിക്കലുകളും അവർക്കുളളതല്ല. പരമോന്നത അവാർഡുകളായി കാൽച്ചങ്ങലുകളും കൽത്തുറുങ്കുകളും പരമോന്നത ബഹുമതികളായി കഴുമരങ്ങളും വെടിയുണ്ടകളും നെഞ്ചിലേറ്റുവാങ്ങി വർത്തമാനത്തിന്റെ വിസ്‌മൃതിയിലേക്ക്‌ എടുത്തെറിയപ്പെട്ടവർ. അവരാണ്‌ ചരിത്രം സൃഷ്‌ടിച്ചവർ.

അവരുടെ വിയർപ്പും രക്തവും കണ്ണീരും കൂലിയെഴുത്തുകാർക്കും വളച്ചൊടിക്കലുകാർക്കുമുളളതാകുന്നു. അതിന്റെ പലിശയാണല്ലോ പ്രതിമാസം ലഭിച്ചുപോരുന്ന അഞ്ചക്കശമ്പളവും ബുദ്ധിജീവിപ്പട്ടങ്ങളും. ചരിത്രം സൃഷ്‌ടിക്കാൻ അവരില്ലെങ്കിൽ അതെഴുതിവെക്കുവാൻ താനും വേണ്ടിവരില്ല എന്ന ചുരുങ്ങിയ ചരിത്രാവബോധമെങ്കിലും നമ്മുടെ കൂലിച്ചരിത്രമെഴുത്തുകാർക്കുണ്ടാവുക എന്നാണാവോ?

താളിയോലകളും തമ്പുരാന്റെ പല്ലക്കും ഫ്യൂഡലിസത്തിന്റെ സ്‌മൃതികൾ മാത്രമല്ല താലോലിക്കുന്നത്‌. ആ കാലഘട്ടത്തിലൊടുങ്ങിയ, ശമ്പളവും പെൻഷനും പ്രതീക്ഷിക്കാതെ വിപ്ലവപ്രവർത്തനത്തിനിറങ്ങിയ ഒരു തലമുറയുടെ സ്വപ്‌നങ്ങൾ കൂടിയാണ്‌. കാരണം അവരുടെ സ്‌മരണക്ക്‌ ചരിത്രകാരഭാഷയിൽ ചരിത്രാവശിഷ്‌ടങ്ങളില്ല. അവരുടെ അദ്ധ്വാനത്തിന്റെ ചരിത്രം കൂടി വിളിച്ചുപറയുന്ന നാവാണ്‌ തമ്പുരാന്റെ പല്ലക്ക്‌. താളിയോലകളും. അത്‌ മനസ്സിലാക്കുവാനുളള ചരിത്രബോധമെങ്കിലും നമുക്ക്‌ എന്നാണുണ്ടാവുക?

അയോദ്ധ്യയിലൊരു പളളിപൊളിച്ചപ്പോൾ, മെസപ്പൊട്ടോമിയൻ സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകൾ അമേരിക്ക ബോംബിട്ട്‌ നിരത്തിയപ്പോൾ, നമ്മുടെ ചരിത്രകാരൻമാർക്കായിരം നാക്കായിരുന്നു. ബുഷിന്റെ തന്തക്ക്‌ വിളിക്കാനും മതേതരത്വം പ്രസംഗിക്കാനും അഞ്ചക്കശമ്പളം തടസ്സമാവുന്നില്ല എന്നത്‌ ചരിത്രസത്യം. ജവഹർലാൽ നെഹ്‌റു സർവ്വകലാശാല മുതൽ ഇങ്ങ്‌ കണ്ണൂർവരെയുളള ബുദ്ധിജീവജാലങ്ങളുടെ നാക്കിന്റെ നീളം എൻ.എച്ച്‌.47 കൊണ്ട്‌ അളക്കേണ്ട അവസ്ഥയായിരുന്നു. മൂക്കിന്‌ താഴെ സ്വന്തം സംസ്‌കാരത്തിന്റെ മണ്ണ്‌ ഒലിച്ചുപോവുമ്പോൾ എന്തൊരു നിസ്സംഗത. അതേ ചരിത്രപ്രാധാന്യം താളിയോലകൾക്കും പല്ലക്കിനും കരിങ്കൽ പ്രതിമകൾക്കും പുരാതനഗ്രന്ഥങ്ങൾക്കും ഇല്ലെന്നുണ്ടോ?

കോഴി ചിളളുന്നതുപോലെ എല്ലാം തന്നിലേക്കെന്നൊരു സംസ്‌കാരത്തിന്റെ പ്രവാചകൻമാരാണ്‌ നമ്മൾ. എല്ലാം നമുക്കുളളതാകുന്നു. ഭൂതയും ഭാവിയും വർത്തമാനവും എല്ലാം. നമുക്ക്‌ കിട്ടാനുളളതിനെ പറ്റിയല്ലാതെ നാം കൊടുക്കേണ്ടതിനെപ്പറ്റി യാതൊരു ബോധവുമില്ലാത്ത തികഞ്ഞ ഫ്യൂഡൽ മനഃസ്ഥിതിയുടെ ഉടമകളാണ്‌ നമ്മളിന്ത്യക്കാർ.

ലോകത്ത്‌ രണ്ടുപേരെ രക്ഷിക്കുകയാണ്‌ നമ്മുടെ ദൗത്യം, ഭവതിക്കുപുറമേ ആരെ രക്ഷിക്കണം എന്ന്‌ ദൈവം ഒരു സ്‌ത്രീയോട്‌ ചോദിച്ചുപോലും.

സ്‌ത്രീ ഃ എങ്കിലെന്റെ തട്ടാനെ രക്ഷിച്ചാലും പ്രഭോ!

ഈ മറുപടി കേട്ട ദൈവത്തിന്‌ ബോധം തിരികെ കിട്ടാൻ ചുരുങ്ങിയത്‌ മൂന്നുനാളെങ്കിലും എടുത്തിരിക്കും.

ഈ ഞാനും എന്റെ തട്ടാനും ഫിലോസഫി കൈമുതലായുളള സമൂഹത്തിന്റെ ഒരു പരിച്ഛേദം മാത്രമാണ്‌ ചരിത്രവിഭാഗവും വാഴുന്നോരുമൊക്കെ. കാണാൻ നാലാളില്ലാതെ ഞാനും തട്ടാനും മാത്രമാവുമ്പോൾ ആഭരണത്തിന്റെ ആവശ്യമില്ലെന്ന്‌ ചിന്തിക്കാനുളള വിശേഷബുദ്ധി കൂടിയില്ലാത്ത ഒരവസ്ഥയാണ്‌ നമ്മെ നയിക്കുന്നത്‌.

ഒരു സംസ്‌കൃതിയുടെ തിരുശേഷിപ്പുകളാണ്‌ പൈതൃകമായി നമുക്കു കിട്ടിയ ജലസ്രോതസ്സുകളായ കണ്ണെത്താത്ത പാടങ്ങളും കുന്നുകളും മലകളുമൊക്കെ. ഇതൊക്കെയും ചരിത്രസ്‌മാരകങ്ങൾ തന്നെയാണ്‌. നമ്മൾ അവയുടെ ഇന്നത്തെ സൂക്ഷിപ്പുകാർ-നാളെ ഭാവിതലമുറക്ക്‌ ഈ സമൃദ്ധിയുടെ താക്കോൽക്കൂട്ടം കൈമാറേണ്ടവർ എന്നതിൽ കവിഞ്ഞ്‌ നമുക്കെന്തധികാരം കുന്നിടിച്ച്‌ വയൽ നികത്തി വരുംതലമുറയുടെ വെളളംകുടി മുട്ടിക്കുവാൻ.

ചാരിത്ര്യശുദ്ധിയുളള ചരിത്രാന്വേഷകരാണ്‌ ഇന്നിന്റെയാവശ്യം. നാലുമുക്കാലിന്‌ ചരിത്രത്തെയും സംസ്‌കാരത്തെയും ഒറ്റിക്കൊടുക്കുന്നവരല്ല. അനുദിനം മൂടിപ്പോവുന്ന പാടങ്ങളും മരുഭൂമികളായ്‌ മാറിയ നമ്മുടെ പുഴകളും നിരപ്പാക്കപ്പെടുന്ന മലമേടുകളും ചിതലരിക്കുന്ന താളിയോലകളും ദ്രവിച്ചുപോയ പല്ലക്കുകളും എല്ലാം പ്രതീക്ഷിക്കുന്നത്‌ അങ്ങിനെയുളളവരെയാണ്‌.

Generated from archived content: humour1_july14_05.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English