ലാൽസലാം ക്ലൈമാക്‌സ്‌ മുഖദാവിൽ മലപ്പുറത്ത്‌

സി.പി.എമ്മിന്റെ അജണ്ട നിശ്ചയിക്കുവാൻ പുറത്തുനിന്നുളള ആരും വരേണ്ട അതു ഞങ്ങൾ തന്നെ നിശ്ചയിച്ചോളാം എന്നും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഉശിരൻ വിപ്ലവപ്രവർത്തനങ്ങളുടെയെല്ലാം ക്ലൈമാക്‌സ്‌ മലപ്പുറത്താണ്‌ അരങ്ങേറുക എന്നും പിണറായി വിജയൻ സഖാവ്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്തകാലത്ത്‌ അരങ്ങുതകർത്താടിയ ഇത്തരം സുനാമിപ്രഖ്യാപനങ്ങളും കലാപരിപാടികളും എന്തൊക്കെയായിരുന്നു.

നാട്ടിൽ ഡിനോസർ ഫെയിമുളള (വംശനാശം) ലക്ഷണമൊത്ത ലക്ഷക്കണക്കിന്‌ കോൺഗ്രസുകാരെ അണിനിരത്തിക്കൊണ്ടുളള കരുണാകരന്റെ എറണാകുളം സമ്മേളനം ആന്റ്‌ മഹാറാലി, പ്രിയപുത്രൻ മുരളീധരന്റെ ചരിത്രപ്രസിദ്ധമായ പേട്ടപ്രസംഗം, കെ.പി.സി.സി വക ഫ്രീയായി ഉടുമുണ്ടുരിയൽ ചടങ്ങിന്റെ ലൈവ്‌ ടെലികാസ്‌റ്റ്‌, നടേശന്റെ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം, നടേശ-പണിക്കർ ഐക്യഗാഥ, കുഞ്ഞാലിക്കുട്ടിയുടെ കണ്ണൂർ ലാ ഇലാഹി ഇല്ലളള, സാസ്‌കാരിക നായകരുടെ വ്യക്തിഗത-ഗ്രൂപ്പടിസ്ഥാനത്തിലുളള കൊടുങ്ങല്ലൂർ ഭരണിപ്പാട്ട്‌ അങ്ങിനെ എന്തെല്ലാം കലാപരിപാടികൾ.

ഇങ്ങിനെ ബഹുവിധനായകൻമാർ നിരന്നുനിന്നുത്സാഹിച്ചിട്ടും ഈ ഭൂപ്രദേശം കടലെടുത്തുപോകാതെ നില്‌ക്കുന്നതുകണ്ട ഏതോ ഐ.എ.എസ്സുകാരൻ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിച്ചുവെന്നാണ്‌ ഐതിഹ്യം. ഐതിഹ്യമാവാനെ സാധ്യതയുളളൂ. അല്ലെങ്കിൽ മറ്റുനാട്ടുകാർ കേസ്‌ കൊടുക്കണമല്ലോ.

ഇത്‌ ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ ബാക്കിയുളളതെല്ലാം ചെകുത്താന്റേതെന്നല്ലേ? ഇവിടുന്നങ്ങോട്ടുപോകുന്നവരെല്ലാം ചെകുത്താന്റെ നാട്‌ കാണാൻ പോകുന്നവരെന്നുമല്ലേ? തീൻബീഗാപാട്ടം പോലെ ചെകുത്താൻ ഇനിയങ്ങോട്ടേക്ക്‌ മൊത്തമായി നാട്‌ പാട്ടത്തിനെടുത്തു. കല്‌പവൃക്ഷം വെട്ടി കഞ്ചാവുകൃഷിയുമിറക്കി ഏദൻതോട്ടം കഞ്ചാവുതോട്ടവുമായി.

എല്ലാ സംഗതികളും പ്രഖ്യാപിച്ച്‌ നടപ്പിൽവരുത്താൻ നേതാക്കൻമാർക്ക്‌ സമയം കിട്ടിയെന്നുവരില്ല. അപ്പോൾ അത്തരം സംഗതികൾ കടലാസിൽ വരവുവെച്ചതായി ഗണിക്കപ്പെടേണ്ടതാണ്‌. ഇപ്പോൾ തന്നെ ക്ലൈമാക്‌സ്‌ മലപ്പുറത്താണെന്ന്‌ പിണറായി പറഞ്ഞത്‌. സെക്‌ടേറിയനിസം, റിവിഷനിസം, ലെനിനിസം, സ്‌റ്റാലിനിസം, ട്രോട്‌സ്‌കിയിസം, മാവോയിസം, ഹോചിമിനിസം, കാസ്‌ട്രോയിസം, ചെഗുവേരയിസം, വിജയനിസം, കുഞ്ഞനന്തൻനായരിസം, അച്ചുതാനന്ദനിസം, വഹാബിസം, മണിച്ചനിസം, ഫ്രാങ്കിയിസം, സ്വയം പരസ്‌പരവിമർശനം, പ്രത്യയശാസ്‌ത്രച്ചർച്ച, സൈദ്ധാന്തിക അവലോകനം, ഉൾപാർട്ടി ജനാധിപത്യം, ജനാധിപത്യപരമായ വെട്ടിനിരത്തൽ, ജനകീയ ജനാധിപത്യ വിപ്ലവം, ബൂർഷ്വാ പാർലമെന്ററി വ്യാമോഹം, ലേഖന തമസ്‌കരണം, എഡിറ്റർ കാണാതെ ലേഖനം ചമക്കൽ, ചമച്ച ലേഖനം വിവാദമാകൽ, നാലാം ലോകം, പ്രായംകൊണ്ടുളള ബുദ്ധിമാന്ദ്യം, പ്രായംകൊണ്ടുളള ബുദ്ധിക്കൂടുതൽ, ചരിത്രപരമായ മണ്ടത്തരം ഇങ്ങിനെ കനപ്പെട്ട സംഗതികളെക്കുറിച്ചുളള ഒരു വിശദമായ ചർച്ച കഴിയുമ്പോഴേക്ക്‌ ആരെല്ലാം ബാക്കിയുണ്ടാവുമെന്ന ഒരേകദേശ കണക്ക്‌ ജില്ലാടിയന്തിരങ്ങൾക്ക്‌ ശേഷമേ കിട്ടുകയുളളൂ. കക്കാട്‌ സഫലമീയാത്രയിൽ പാടിയതുപോലെ അപ്പോഴാരെന്നുമെന്തെന്നുമാർക്കറിയാം?

ഇനി ഒരു പിളർപ്പുണ്ടാവുകയാണെങ്കിലാണ്‌ സംഗതി മാറുക. ആസ്‌തിയുടെ കാര്യത്തിൽ നമ്മളെ കടത്തിവെക്കാൻ നിലവിൽ അംബാനിസുതൻമാർക്കുതന്നെ കഴിയുമോയെന്ന്‌ സംശയമാണ്‌. അക്കൂട്ടരുടെ സ്വത്തുണെങ്കിൽ കളളക്കച്ചോടത്തിലൂടെ നേടിയതാണെന്നതിൽ യാതൊരു സംശയവും പാർട്ടിക്കില്ല. കളളക്കച്ചവടം പോയിട്ട്‌ നേരും മര്യാദയുമില്ലാത്ത ഒരു കൃഷിപോലുമില്ലാത്ത നിസ്വരുടെ വിപ്ലവപ്പാർട്ടിക്ക്‌ ഇത്ര സ്വത്ത്‌ എങ്ങിനെ വന്നു എന്നു വിശദീകരിക്കുവാനുളള മണ്ടത്തരവും പാർട്ടിക്കില്ല.

ഉൽപത്തിപുസ്‌തകത്തിൽ ദൈവം ഒരുനാൾ ഭൂമിയെ സൃഷ്‌ടിച്ചു. അടുത്തദിവസം വെളളം സൃഷ്‌ടിച്ചു… എന്നു പറഞ്ഞതുപോലെ ഒരുനാൾ ആദ്യത്തെ സഖാവ്‌ നാലുമുദ്രാവാക്യം മുഴക്കി ഒരു ദ്രവിച്ച ബക്കറ്റെടുത്തുകുലുക്കി. പട്ടിണിയായ മനുഷ്യർ നിരനിരയായി വന്നു കോടികളെറിഞ്ഞു. ബക്കറ്റു നിറഞ്ഞു. എ.കെ.ജി. സെന്ററുണ്ടായി. അടുത്തദിവസം സഖാവ്‌ വീണ്ടും മാനത്തേക്കുനോക്കി ബക്കറ്റുകുലുക്കി. കോടികൾ….

അജണ്ട നിശ്ചയിക്കുവാൻ പുറത്തുനിന്നുളള ആരും വരേണ്ട അതു ഞങ്ങൾ തന്നെ നിശ്ചയിച്ചോളാം എന്നുപറയുമ്പോഴുളള ആ ആത്മവിശ്വാസത്തെ ആർക്കാണ്‌ തളളിക്കളയാൻ കഴിയുക. പണ്ടുകാലത്ത്‌ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനങ്ങളിൽ ബുദ്ധിയുളള ആളുകൾ കുറവായിരുന്നു. അതുകാരണം സി.ഐ.ഐ, ലോകബേങ്ക്‌ തുടങ്ങിയ കശ്‌മലൻമാർക്ക്‌ വലിഞ്ഞുകയറി പരിപാടികൾ നിശ്ചയിക്കേണ്ടിയിരുന്നു. ദൈവം സഹായിച്ച്‌ ഇന്നതിന്റെ ആവശ്യമൊന്നുമില്ല.

പിണറായി വിജയനും തോമസ്‌ ഐസക്കും ബേബിയും സീതാറാം യെച്ചൂരിയും പ്രകാശ്‌ കാരാട്ടുമൊക്കെ വളരെ വൃത്തിയായി കർസേവ നടത്തുമ്പോൾ സി.ഐ.എക്കും മനോരമക്കും മാതൃഭൂമിക്കുമൊക്കെ ലജ്ജ തോന്നുന്നത്‌ സ്വാഭാവികം. ആ അസൂയ സഖാക്കൾ വിശദമായി ചർച്ച ചെയ്‌ത്‌ തളളിക്കളയുക. അത്യാവശ്യമെന്നുതോന്നുന്ന പക്ഷം മനോരമയുടെ ചില്ലുകളെ ലക്ഷ്യം വച്ച്‌ കുറച്ചു കല്ലുകളയക്കുകയുമാവാം.

നമ്മുടെ മൊത്തം പരിപാടികൾ കരിങ്കുരങ്ങുരസായനം പോലെയാണ്‌. ഉണ്ടാക്കുന്നതും വിറ്റുപോകുന്നതും. കരിങ്കുരങ്ങുരസായനം കൊണ്ടെന്തെങ്കിലും പ്രയോജനമുളളതായി യാതൊരു തെളിവുമില്ല. സാധനത്തിനുളള ഡിമാന്റാണെങ്കിൽ പറയുകയും വേണ്ട. ഒരാട്ടിനെക്കിട്ടിയെങ്കിൽ കുറച്ചു കരിങ്കൊരങ്ങുരസായനം ശരിയാക്കാമായിരുന്നു എന്നു പറഞ്ഞപോലെയാണ്‌ പരിപാടി. അച്ചുതാനന്ദൻ വില്‌ക്കുന്ന ലേഹ്യത്തിന്നടുത്താണെങ്കിൽ ചുരുങ്ങിയത്‌ ഒരു കരിങ്കുരങ്ങിന്റേതെന്നു തോന്നിയേക്കാവുന്ന ഒരു വിഗ്ഗും ടൈയ്യും കണ്ണടയും അവസാനമായി വലിച്ചിരുന്ന ദിനേശ്‌ ബീഡിയും ഒക്കെയുളളതുകൊണ്ട്‌ വലിയ സംശയത്തിനിടയില്ല.

രാജ്യത്തെയും പാർട്ടിയെയും നേർവഴിക്കു നയിക്കണമെന്ന ഒറ്റച്ചിന്തയെ കമ്മ്യൂണിസ്‌റ്റുകാർക്കുളളൂ. നമ്മളൽപ്പം വളഞ്ഞവഴിയിലായാലും പാർട്ടിയെ നേർവഴിക്കുതന്നെ നടത്തണം. അതാണ്‌ ആത്മാർത്ഥത. കൃഷ്‌ണൻനായർ സാർ കേട്ടാൽ പറയും ആത്മാർത്ഥത എന്നാൽ സ്വാർത്ഥതയാണെന്ന്‌. നമ്മളത്‌ കാര്യമാക്കേണ്ടതില്ല.

പാർട്ടിയും നമ്മളും നേർവഴിക്കുനടന്നാൽ പിന്നെന്ത്‌ വിപ്ലവം? പാർട്ടിയെ നേർവഴിക്ക്‌ നയിക്കുന്ന തത്രപ്പാടിൽ ചിലപ്പോൾ ഗൾഫാറിൽ അന്തിയുറങ്ങേണ്ടിവരും. വഹാബിന്‌ രാജ്യസഭയിലേക്കു ചവുട്ടിക്കേറാൻ തല വച്ചുകൊടുക്കേണ്ടിവരും. കുഞ്ഞാലിക്കുട്ടിക്ക്‌ രക്ഷകെട്ടിക്കൊടുക്കേണ്ടിവരും. സിങ്കപ്പൂരിൽ സൺബാത്ത്‌ നടത്തേണ്ടിവരും. ഇംഗ്ലണ്ടിൽ പനിക്കു ചികിത്സിക്കേണ്ടിവരും. നമ്മുടെ ഗ്രന്ഥങ്ങളിൽ പറയുന്ന വൈരുദ്ധ്യാത്മക ഭൗതീകവാദം ശരിക്കുപഠിക്കാത്തവരാണ്‌ ഇമ്മാതിരി തലതിരിഞ്ഞ ചിന്തകളുമായി വന്ന്‌ സമ്മേളനമഹാനഗരി കാലിച്ചന്തയാക്കുക.

പാർട്ടി പിടിച്ചടക്കുവാൻ ചിലർ ശ്രമിക്കുന്നു എന്ന വിജയസൂക്തവും സ്വാഗതാർഹം തന്നെ. ലോകത്തിലെ ഏറ്റവും സമ്പന്നമായ ബേറിംഗ്‌സ്‌ ബാങ്ക്‌ നാലുനിലയിൽ പൊട്ടിയപ്പോൾ ഏറ്റെടുക്കുവാൻ ഒരാൾപോലും വന്നില്ല. അപ്പോഴാണ്‌ നിസ്വരിൽ നിസ്വരുടെ കട്ടൻകാപ്പിയും പരിപ്പുവടയും ദിനേശ്‌ബീഡിയും കൊണ്ട്‌ കാലായാപനം നടത്തുന്നവരുടെ പാർട്ടി പിടിച്ചെടുക്കാൻ ആളുകൾ മുന്നോട്ടുവരുന്നത്‌. വിപ്ലവപ്രസ്ഥാനങ്ങൾക്ക്‌ ആശക്കുവകയുണ്ട്‌.

Generated from archived content: humour1_jan19.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here