ചാളപ്പുലയൻ തൊട്ട്‌ നമ്പൂതിരിവരെയുളളവർ ഒരു കുടക്കീഴിൽ….

ഇനിയങ്ങോട്ട്‌ ചാളപ്പുലയൻ തൊട്ട്‌ നമ്പൂതിരിവരെയുളളവരെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ടുളള ഒരു വൻ സാമ്പത്തിക മുന്നേറ്റത്തിനാണ്‌ കേരളം സാക്ഷ്യം വഹിക്കുക. ഈ വർണ്ണമനോഹരമായ കുടയുടെ കാൽ നടേശഗുരുവിന്റെ നട്ടെല്ലുകൊണ്ടും ഇല്ലികൾ പണിക്കരുടെ വാരിയെല്ലുകൾകൊണ്ടും തുണി ആദിവാസിയുടെ തോലുകൊണ്ടുമാണ്‌ നിർമ്മിക്കുക. ആദ്യം പറഞ്ഞ പുലയനും പിന്നെ പറഞ്ഞ നമ്പൂതിരിക്കും നിവർന്നു നിന്ന്‌ കുടപിടിക്കുവാനുളള ശേഷി തല്‌ക്കാലമില്ലാത്തതുകൊണ്ട്‌ വടിപിടിക്കുക (കുടയുടെ) ആരോഗ്യമുളള ഈഴവ-നായർ യുവാക്കളാണ്‌.

മന്നത്താചാര്യനും ശ്രീനാരാണ ഗുരുദേവനും സ്വപ്‌നത്തിൽ പോലും ചിന്തിച്ചിരിക്കാനിടയില്ലാത്ത വിധത്തിലായിരുന്നു ഇതുവരെയുളള സാമൂഹിക വളർച്ച. പടവലം പോലെയായിരുന്നു പോക്ക്‌. ഹെവിവെയ്‌റ്റ്‌ ജനറൽ സെക്രട്ടറിമാർ അറ്റത്തുകെട്ടിയ കല്ലായി വർത്തിച്ചതുകൊണ്ടും ദൈവസഹായം ലുബ്‌ധതയില്ലാതെ കിട്ടിയതുകൊണ്ടും ഒരു സുനാമിത്തിരമാലയുടെ വേഗത്തിലാണ്‌ പടവലം വളർച്ച പൂർത്തിയാക്കിയത്‌. അതായത്‌ വലിയ പ്രയാസമില്ലാതെ നിലം തൊട്ടു. മന്നത്തും ശ്രീനാരായണനും ആയിരം കൊല്ലം വിചാരിച്ചാൽ നേടിയെടുക്കാൻ പറ്റാത്ത നേട്ടമാണ്‌ പണിക്കരും നടേശനും കൂടി നേടിയത്‌. അസൂയാവഹമായ നേട്ടം. പലജാതി ഉശിരൻ വിപ്ലവങ്ങൾ നടത്തി കേരളത്തെ കുളിപ്പിച്ചുകിടത്തിക്കൊണ്ടിരുന്ന പിണറായി വിജയനുപോലും അസൂയ തോന്നിയതിൽ നിത്യന്‌ യാതൊരാശ്ചര്യവുമില്ല.

നാലുകുപ്പി കളളകത്താക്കിയാൽ മാക്‌സിമം സംഭവിക്കുക നാലുകെട്ടിന്റെ വാതിൽ ചവുട്ടിത്തുറക്കുന്നപോലെ നാലേമ്പക്കവും അരക്കെട്ടിന്റെ ടാപ്പുതെറിച്ചതുപോലെ മൂത്രം പോവുകയുമാണ്‌. മാനസികമായ യാതൊരുവിധ വ്യായാമത്തിനും സ്‌കോപ്പില്ല. പത്തെഴുപത്തിയഞ്ചു റുപ്പിക പോകും. ഫലം ധനനഷ്‌ടവും മാനഹാനിയും. അടിച്ചാൽ ചുരുങ്ങിയത്‌ സ്വന്തം തന്തയുടെ തന്തക്കെങ്കിലും വിളിക്കാനുളള മനോധർമ്മം കൈവരുന്നില്ലെങ്കിൽ പിന്നിതെന്തു സാധനം.

അതുകൊണ്ടായിരുന്നല്ലോ നടേശഗുരുക്കൾ മുന്തിയ ഇനം ചാരായത്തിനും വിദേശനിർമ്മിത ഇന്ത്യൻ ചരക്കുകൾക്കും പിന്തുണ പ്രഖ്യാപിച്ചത്‌. ഇന്നടിച്ചാൽ മൂന്നാം നാൾ ഉയിർത്തെഴുന്നേല്‌ക്കുന്ന വിശ്വോത്തര റൂറൽ സ്‌കോച്ചുകൾ വാറ്റാനാളും കവറടക്കാൻ പൊളിത്തീൻ കവറുകളും സുലഭമായി ലഭിക്കുമ്പോൾ എന്തിന്‌ കളളിനുപിന്നാലെ പോകണം. പേരിനൊന്നു ചെത്തണം. ലേലത്തിൽ പിടിക്കണം. ബോർഡൊന്നു തൂക്കണം. ചാരായമങ്ങ്‌ വിൽക്കണം.

യോജിപ്പിന്റെ മേഖലകളിൽ യോജിച്ചുപ്രവർത്തിക്കാനാണ്‌ പണിക്കരും നടേശനും ആഹ്വാനം ചെയ്‌തിട്ടുളളത്‌. യോജിപ്പിന്റെ മേഖലകൾ പലതും ഇന്നുളളതല്ലെന്നും പണ്ടേയുളളതാണെന്നും ഇരുകൂട്ടരും പറഞ്ഞിട്ടുളളതും ശ്രദ്ധേയമാണ്‌. കൈരളിയുടെ ചരിത്രത്തിൽ നായരും തീയ്യനും തമ്മിലുളള യോജിപ്പിന്റെ പണ്ടേയുളള മേഖലകളെക്കുറിച്ചായിരുന്നു നിത്യന്റെ ഈയാഴ്‌ചത്തെ പഠനം. ധാരാളം വായിച്ചു. ഒന്നും കിട്ടിയില്ല. ഒടുവിൽ ശ്രീനാരായണ സൂക്തങ്ങളിലൂടെയും കുമാരനാശാനിലൂടെയും കുഞ്ചൻ നമ്പ്യാരിലൂടെയും ഒക്കെ ഒന്നു സഞ്ചരിച്ചപ്പോഴാണ്‌ യോജിപ്പിന്റെ മേഖലകളെക്കുറിച്ച്‌ ഒരേകദേശ വിവരം ലഭിച്ചത്‌.

ഈഴവൻ കളളുകുടിച്ചാലും നായർ കളളുകുടിച്ചാലും ചിരവമുതൽ അമ്മിക്കല്ലുവരെയുളള ജംഗമവസ്‌തുവഹകൾക്ക്‌ (ഉണ്ടെങ്കിൽ) സ്ഥാനമാറ്റം സംഭവിക്കുക കിണറ്റിലേക്കാണെന്നതിന്‌ ചരിത്രത്തിൽ രേഖയുണ്ട്‌. അടുത്തതായി ചട്ടികലാദികൾ തല്ലിയുടക്കുന്ന രീതിയിലും യാതൊരു വ്യത്യാസവുമില്ല. വടിയുടെ സൈസിലുളള വ്യത്യാസവും ശാരീരികക്ഷമതയിലുളള വ്യത്യാസവുമല്ലാതെ. കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയവടികൊണ്ടൊന്നു പെടക്കുന്ന കാര്യത്തിലും ഇരുകൂട്ടരിലും അഭൂതപൂർവ്വമായ സാമ്യമാണ്‌.

കുടിക്കുന്ന സാധനം കളളായിരുന്നതുകൊണ്ട്‌ നാട്ടിലുണ്ടാകുന്ന കച്ചറകളെപ്പറ്റി ആധികാരികമായ രേഖകളൊന്നുമില്ല. കുഞ്ചൻ പറഞ്ഞതുപോലെ അരിശം തീരാതവനാ പുരയുടെ ചുറ്റും മണ്ടി നടക്കുന്നതോടെ രംഗത്തിന്‌ തിരശ്ശീല വീഴുന്നു. മാനസിക വ്യായാമം അവസാനിക്കുന്നു. ഇതുകൂടി പാടില്ലെന്നുളളതുകൊണ്ടായിരുന്നു ഗുരുസ്വാമികൾ ഈഴവനോട്‌ കളളുചെത്തരുത്‌, വിൽക്കരുത്‌, കുടിക്കരുത്‌ എന്നുപറഞ്ഞത്‌. സ്വാമികൾ ഇത്‌ നായരോടു പറയാതിരുന്നത്‌ നായർ കുടിച്ചുനശിച്ചോട്ടെയെന്ന്‌ കരുതിയല്ല, ഈഴവൻ ചെത്തിയാലെ നായർക്ക്‌ ചെലുത്താനാവൂ എന്നറിഞ്ഞതുകൊണ്ടായിരുന്നു. ഈഴവൻ തെങ്ങിൽ കയറുമ്പോൾ നായർ താഴെ നിൽക്കുന്ന വിശാലഐക്യത്തിന്റെ ഒരു സുവർണ കാലഘട്ടമായിരുന്നു അത്‌.

കളളുക്കേസു വിട്ടാൽ ഈഴവൻ തെണ്ടിപ്പോകുമെന്ന്‌ നടേശഗുരു പ്രഖ്യാപിച്ചിട്ട്‌ കാലം പെരുത്തൊന്നുമായിട്ടില്ല. നാരായണഗുരുവിനോട്‌ ഇതേചോദ്യം ചോദിച്ചയാൾക്ക്‌ കിട്ടിയ മറുപടി വേറൊന്നായിരുന്നു. ‘ആ ചെത്തുകത്തി നാലായി ഭാഗിച്ചാൽ നാലാൾക്ക്‌ ജോലിയാവും-ക്ഷൗരം’. അതായിരുന്നു ഗുരു. അതായത്‌ മദ്യക്കച്ചവടത്തിലും മികച്ച തൊഴിൽ ക്ഷൗരമാണെന്ന തുറന്ന പ്രഖ്യാപനം. പിൽക്കാലത്ത്‌ എസ്‌.എൻ.ഡി.പിയെ നയിക്കാൻ വെളളാപ്പളളി നടേശൻ എന്നൊരവധൂതൻ ഭൂജാതനാവും എന്നും അപ്പോൾ ഈ ഉപദേശം ഉപകരിക്കാതിരിക്കില്ല എന്നും പാവം ശുദ്ധഗതിക്കാരൻ ഗുരു കരുതിക്കാണണം.

ഒരല്‌പം സേവിച്ചാൽ ഒരു പളളിവേട്ട നടത്താനുളള താല്‌പര്യമാണ്‌ രണ്ടാമത്തേത്‌. അക്കാര്യത്തിലും തികച്ചും ജാതിമതചിന്തകൾക്കതീതമായ ഒരു ഭാവന പണ്ടേയുണ്ടായിരുന്നു എന്നാണ്‌ ചരിത്രരേഖകളിലുളളത്‌. അല്ലെങ്കിലെന്തിന്‌ “ചണ്‌ഡാലിതൻമെയ്യ്‌ ദ്വിജന്റെ ബീജപിണ്‌ഡത്തിന്നൂഷര-മാണോ?” എന്ന്‌ കുമാരനാശാൻ ചോദിക്കണം.

നമ്പൂതിരിയിൽ നിന്നും എത്രയകലത്തായിരുന്നുവോ നായർ അത്രയും തന്നെ ദൂരം നായരിൽനിന്നും ഈഴവനിലേക്കും ഈഴവനിൽ നിന്നും ചണ്‌ഡാളനിലേക്കുമുളള കാലത്തായിരുന്നു സ്‌ത്രീവിഷയത്തിലുളള ഈ ഉദാരവല്‌ക്കരണ നയം.

അതിനുതൊട്ടുതന്നെയായിരുന്നു “നെല്ലിൻ ചുവട്ടിൽ മുളക്കുന്ന കാട്ടുപുല്ലല്ല സാധുപുലയൻ” എന്നും ആശാൻ എഴുതിയത്‌ ഈഴവനും നായർക്കും ഒരുപോലെ ബാധകമായിരുന്നു. ഇതെഴുതുവാൻ ആശാന്‌ കരുത്തേകിയതാണെങ്കിൽ ബുദ്ധദർശനവും.

(തുടരും)

Generated from archived content: humour1_jan13.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here