‘സദുദ്ദേശ്യമുളള പുരസ്‌കാരം സന്തോഷത്തോടുകൂടി സ്വീകരിക്കുന്നുവെന്ന് സക്കറിയ’ എന്നൊരു കടലാസിൽ വായിച്ച് നിത്യൻ ആദ്യം ബോധരഹിതനായി. പിന്നെ ഹൈവേയിലെ പൈപ്പ് പൊട്ടിയപോലെ ആനന്ദാശ്രുക്കളുടെ നിലക്കാത്ത പ്രവാഹമായിരുന്നു. അങ്ങിനെ അവാർഡുകൾ ഉലകിൽ ഇരുവിധമെന്ന വിവരം നിത്യൻ വായനക്കാരുമായി പങ്കുവെക്കുവാൻ ആഗ്രഹിക്കുകയാണ്.
ഓർമ്മകളെ ഒന്നു പിന്നോട്ടുപായിച്ചാൽ നമുക്ക് സാറാജോസഫിലേക്കും കേരളസാഹിത്യ അക്കാഡമിയിലേക്കുമെത്താം. സാഹിത്യഅക്കാഡമി അവാർഡു പ്രഖ്യാപിച്ചു. ലോകത്തിലേക്കും മികച്ച കൃതിയായ ആലാഹയുടെ പെൺമക്കൾക്ക് അവാർഡ്. ആൺമക്കൾ അഭിവാദ്യമർപ്പിച്ചു. ആലാഹയുടെ പെൺമക്കളുടെ അമ്മ പ്രഖ്യാപിച്ചു -ആദിവാസികളെ ചുട്ടുകൊന്നത് ആന്റണിയുടെ ഫാസിസ്‌റ്റ് ഭരണകൂടമായതുകൊണ്ട് അവാർഡ് നമുക്ക് സ്വീകാര്യമല്ല. ഒരു നാഴിക അല്ലെങ്കിൽ വിനാഴിക കഴിഞ്ഞതേയുളളൂ-കേന്ദ്ര സാഹിത്യ അക്കാഡമിയും മഹത്തായ കണ്ടുപിടുത്തം നടത്തി- സാറാ ജോസഫിന് അവാർഡ്.
ആലാഹയുടെ ആൺമക്കളുടെ അമ്മ എന്നനിലയിൽ സാറാ ജോസഫ് പ്രഖ്യാപിച്ചു- കേന്ദ്രത്തിലെ ബി.ജെ.പിയുടെ ഫാസിസ്‌റ്റ് ഭരണകൂടമായതുകൊണ്ട് തീർച്ചയായും വാങ്ങും. ഇരുകൈയ്യും നീട്ടി വാങ്ങും. ഉലുവ ആയിരമോ പതിനായിരമോ ഉളളത് എന്തായാലും സദുദ്ദേശപരമാണെന്നു പറയാൻ പറ്റില്ല. അവാർഡു സദുദ്ദേശപരമാവുക ഉലുവ ലച്ചം കടന്നുചാടുമ്പോഴാണ്.
കേരളത്തിലെ സാംസ്‌കാരികമേഖലയുടെ തലതൊട്ടപ്പനായ സുകുമാർ അഴീക്കോടിനും കിടച്ചു ഒരവാർഡ്. എഴുത്തച്ഛൻ അവാർഡ്. ഒരു മൈക്കിനുമുന്നിൽനിന്നായിരുന്നു വിവരമറിഞ്ഞതെന്നു തോന്നുന്നു. താമസിച്ചില്ല. അഴീക്കോടൊരൊറ്റ പ്രഖ്യാപനം. ഉമ്മൻചാണ്ടിയുടെ കൈയ്യിൽ നിന്നും അവാർഡ് സ്വീകരിക്കുകയില്ല. ലച്ചം പുല്ല്. ഞാൻ ബഹിഷ്‌കരിച്ചിരിക്കുന്നു. കാരണം ഞാനും കൃഷ്‌ണയ്യരും പറഞ്ഞത് ചാണ്ടി കേട്ടില്ല. കേരളത്തിലെ മൂന്നുകോടി ജനതയിൽ എത്ര ശതമാനമാണ് ഈ ഞാനും കൃഷ്‌ണയ്യരും എന്ന ചിന്തയൊന്നും സാംസ്‌കാരിക നേതാക്കൾക്കുണ്ടാകുവാൻ പാടുളളതല്ല. ഇനി അഥവാ ഉണ്ടായാൽ അവർ സാംസ്‌കാരിക നേതാക്കളാവുന്നില്ല.
ഏതായാലും കേരളത്തിൽ ഒരു സാംസ്‌കാരികസുനാമി സംഭവിക്കാതെ കാര്യങ്ങൾ ഒതുങ്ങി. ചാണ്ടി അഴീക്കോടിനെ കണ്ടു -‘ഗുരോ ക്ഷമിക്കണം. അടിയനൊരബദ്ധം പറ്റിപ്പോയതാണ്.“
അഴീക്കോട് ഃ ഒരു സുനാമിക്കും എന്നെയിളക്കുവാൻ കഴിയുകയില്ല. ഞാനും കൃഷ്‌ണയ്യരും പാറപോലെ ഉറച്ചുനിൽക്കുന്നു. വാക്കുമാറ്റുകയില്ല.
ചാണ്ടി ഃ ഗുരോ വാക്കുമാറ്റേണ്ടതില്ല. ഉമ്മൻ ചാണ്ടിയുടെ കൈയ്യിൽനിന്നും വാങ്ങുകയില്ലെന്നല്ലേ പറഞ്ഞുളളൂ. ഈ ചാണ്ടി അങ്ങേയ്‌ക്ക് കാലുകൊണ്ട് തരുവാനും തയ്യാറാണ്.
അഴീക്കോട് ഃ എങ്കിൽ നമുക്ക് സ്വീകാര്യം. ആനയും അമ്പാരിയും തയ്യാറാവട്ടെ. താലപ്പൊലിമേളങ്ങളും കൂലി പ്രസംഗകരും കുറയണ്ട.
നാഴികയ്‌ക്ക് നാല്‌പതുവട്ടം വാക്കുമാറ്റുന്നവർക്ക് ഒരവാർഡ് പ്രഖ്യാപിക്കുവാൻ നിത്യനും ആലോചനയുണ്ട്. അതൊരിക്കലും കേരളത്തിന് പുറത്തേക്കുപോവുകയില്ലെന്ന ഉത്തമവിശ്വാസവും.
ആയിരങ്ങൾ അവാർഡായി വാങ്ങുന്നതിലും നല്ല പബ്ലിസിറ്റി അതു നിരസിക്കുമ്പോഴാണ്. കൂലിയെഴുത്തുകാർ കടലാസുകളിൽ വെണ്ടക്ക നിരത്തും. സാംസ്‌കാരിക മേഖല മൊത്തം പാട്ടത്തിനെടുത്തവർ നാലാൾ കൂടുന്നിടത്ത് മൈക്കിനുമുന്നിൽ വച്ച് ഓരിയിടും. പ്രതിപക്ഷകക്ഷികൾ നാടാകെ കൊണ്ടുനടന്നാദരിക്കും. ജനം വാപൊളിക്കും- കൊടുങ്കാറ്റും ഭൂകമ്പവും ഒന്നായി വന്നപോലെ തലയിൽ ധനനഷ്‌ടവും മാനഹാനിയും. ഇല്ലാത്ത പണം കൊടുത്ത് പുസ്‌തകം വാങ്ങി വായിച്ചു- ധനനഷ്‌ടം. നികുതിപ്പണമെടുത്ത് അവാർഡായി അവറ്റകൾക്കുതന്നെ സർക്കാർ വീണ്ടും കൊടുക്കുന്നു. ഫലം ഈ ഭരണകാലത്ത് ജീവിക്കേണ്ടിവന്നുവെന്ന മാനഹാനി.
സായിപ്പിന്റെ ഭാഷയിൽ തിങ്കിംങ്ങ് ആനിമൽ എന്ന് മനുഷ്യനൊരു ചെല്ലപ്പേരുണ്ട്. മനുഷ്യൻ മൃഗവുമായി വ്യത്യാസപ്പെട്ടിരിക്കുന്നത് ഈയൊരു കഴിവുളളതുകൊണ്ടാണ്. എന്നാൽ ബുദ്ധിയുളളതുകൊണ്ട് ചിന്തിക്കണമെന്ന ഒരു പ്രമേയവും ഇന്നോളം പാസാക്കപ്പെട്ടതായി അറിവില്ല. ഏതോ ഗ്രീക്ക് ദാർശനികൻ മനുഷ്യനെ സോഷ്യൽ ആനിമൽ എന്നും വിളിച്ചിട്ടുണ്ട്. ഹയർ ആനിമൽ എന്ന മറ്റൊരു പദവും മനുഷ്യനുണ്ട്. ഇതെല്ലാം കാണിക്കുന്നത് മനുഷ്യനും മൃഗവും തമ്മിലുളള വ്യത്യാസം വാക്കുകളിലെ ഉളളൂ എന്നുതന്നെയല്ലേ.
”കേരളത്തിൽ മടങ്ങിയെത്തിയ അദ്ദേഹം (സക്കറിയ) കളിക്കുന്ന കളി കൊളളാം എന്നാണ് ഇത്തരം കളികളിൽ കൈത്തഴക്കം വന്ന എം.പി.നാരായണപിളള പോലും സക്കറിയയെ വിലയിരുത്തിയത്“ – ഒരുവൻ ഒരു ദിനപത്രത്തിൽ അവാർഡ് പ്രഖ്യാപന വാർത്ത വന്ന അന്നുതന്നെ ചമച്ച ലിഖിതത്തിൽ നിന്നുമെടുത്തതാണ്. നാരായണപ്പിളള അവാർഡുകളെ നിർവചിച്ച രീതിയും ഈയവസരത്തിൽ ഓർത്തുപോവുകയാണ്.
തെരുവുപട്ടികളുടെ റോളിൽ നിന്നും വളർത്തുപട്ടികളാക്കിമാറ്റാൻ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങളാണ് അവാർഡുകൾ-നാരായണപിളള അവാർഡുകളെ നിർവചിച്ചത് ഇങ്ങിനെയായിരുന്നു. സാംസ്‌കാരികനായകർ കാണിക്കേണ്ടത് വളർത്തുപട്ടിയുടെ യജമാനസ്‌നേഹമല്ല തെരുവുപട്ടിയുടെ ക്രൗര്യം തന്നെയാണ്. കാരണം സാംസ്‌കാരികനായകരുടെ മേഖല തെരുവുതന്നെയാണ്. എയർകണ്ടീഷൻഡ് കോൺഫറൻസ് ഹാളുകളല്ല.
സാഹിത്യഅക്കാഡമിയുടെ റോഗ്‌സ് ഗാലറിയിൽ ഫോട്ടോ പതിയാതിരിക്കുകയെന്നതാണ് എന്റെയൊരു മരണാനന്തര ആഗ്രഹം എന്നുവരെ പറഞ്ഞ പിളളയെവിടെ സക്കറിയയും അഴീക്കോടും സാറാജോസഫുമെവിടെ? മദയാനയെ ഉപമിക്കുന്നതു കുഴിയാനകളോടോ? ഇന്ത്യയിലെ ഒരു ബുദ്ധിരാക്ഷസൻ എന്ന് ഒരു വിദേശപത്രം വിശേഷിപ്പിച്ചയാളാണ് എം.പി.നാരായണപിളള. സാംസ്‌കാരിക ഭൂപടത്തിൽ ബുദ്ധിജീവികളുടെ സ്ഥാനം എവിടെയെന്ന് കൃത്യമായി അടയാളപ്പെടുത്തിയ ഒരേ ഒരാൾ. സാംസ്‌കാരികലോകത്തെ മക്‌മോഹൻ എന്ന് വേണമെങ്കിൽ വിളിക്കാം.
കേരളത്തിലെ സാംസ്‌കാരികനായകരുടെ സ്ഥാനം മൂപ്പർ അടയാളപ്പെടുത്തിയത് സാമൂഹ്യജീവിതത്തിന്റെ പുറമ്പോക്കിലാണ്. സാമ്പത്തികമായി കോടീശ്വരൻമാരും ലക്ഷപ്രഭുക്കളുമാണെങ്കിലും സംസ്‌കാരത്തിന്റെ പുറമ്പോക്കിൽ രണ്ട് സെന്റ് സ്ഥലവും കയറിക്കിടക്കാനൊരു കൂരയും മാത്രം സ്വന്തമായുളള എഴുത്തിലെ ദരിദ്രനാരായണൻമാരാണ് ഭൂരിഭാഗവും. അതായത് സോഷ്യൽ ആനിമൽ എന്ന നിർവചനത്തിൽ പെടുമോയെന്നുതന്നെ സംശയമാണ്.
നാലുമുക്കാലിന്റെ അവാർഡ് തല്ലിക്കൂട്ടി നൽകുന്ന അധികൃതരുടെ വാലാട്ടിപട്ടികളാവാതെ സംസ്‌കാരത്തിന്റെ ബ്രാഹ്‌മണ്യത്തിൽ വിഹരിക്കേണ്ടവരാണ് യഥാർത്ഥ സാസ്‌കാരിക നായകർ. അപ്പോൾ മാത്രമേ ഇനിയൊരു റീസർവേക്ക് സ്‌കോപ്പുളളു-പുറമ്പോക്കിൽ നിന്നും ലക്ഷംവീട്ടിലേക്കെങ്കിലും സക്കറിയക്കും മറ്റ് അവാർഡ് കാംക്ഷികൾക്കും സ്ഥാനക്കയറ്റം കിട്ടുവാൻ.
ബ്രഹ്‌മൻ മൂട്ടയെയും കൊതുകിനെയും ജീവജാലങ്ങൾക്കിടയിൽ പ്രത്യേകം ഡിസൈൻ ചെയ്‌തുവിട്ടത് അവർക്ക് ജീവിക്കാനവകാശമുളളതുകൊണ്ടുതന്നെയാണ്. ഈ സത്യമറിയുന്നതുകൊണ്ട് ജനം സാംസ്‌കാരികനായകരെയും ബുദ്ധിജീവികളെയും സഹിക്കുന്നു. വായിക്കുന്നു. ചിരിച്ചുതളളുന്നു.
നാരായണപ്പിളള പറഞ്ഞതുപോലെ വായനക്കാരെ പൂവിട്ട് പൂജിക്കണം. കാലുതല്ലിയൊടിക്കാത്തതിന്.
Generated from archived content: humour1_dec30.html Author: nithyan