നിത്യായണം – എക്‌സ്‌പ്രസ്‌ ഹൈവേ കാണ്‌ഡം

ശുനകവര നമോസ്‌തുതേ! ശ്വാനവര നമോസ്‌തുതേ

വാരാന്ത്യേ ജൻമദിനാടിയന്തിരസദ്യവട്ടത്തിൽ-

പെട്ടതും ബ്രോയിലർ ചിക്കൻ വെട്ടിവിഴുങ്ങി

എകവാരമസാരം വയറിളകി ധർമ്മാശുപത്രിയിലായതും

ഇരുകിഡ്‌നികളിലൊരെണ്ണം ഭിഷഗ്വരേ തെറ്റെ-

ന്നുകട്‌പണ്ണിപ്പോയനേരം വന്നുകാണാൻ തര-

മാകാതതിനു വിഭോ! പരിഭവമേതുമരുതേ

ശ്രേഷ്‌ഠമൃഗമേ! ചൊല്ലീടുക മടിയാതെ മന്ത്രിപുംഗവൻ

മുഹമ്മദ്‌കോയാസുതൻ സല്‌ഗുണൻ സമ്പന്നൻ

ഭിഷഗ്വരൻ ദരിദ്രവാസീഭുവനജനത്തെവൃഥാ

പെരുവഴിയാധാരമാക്കീടുവാൻ കെട്ടിപ്പൊക്കും

എക്‌സ്‌പ്രസ്‌ ഹൈവേമതിലുതൻ വൃത്താന്തങ്ങൾ

ദയാനിധേ ചൊല്ലീടുവാൻ കനിവുണ്ടാകേണമേ

നിവേദിക്കുന്നേനടിയൻ മത്തിശിരസ്സാദി പദാർത്ഥങ്ങളും

ഉലക്കവീണാത്മാവുവേർപെട്ടൊരു കുക്കുടഗാത്രവും

ആവോളം ഭക്ഷിച്ചാദരവോടെ കുരച്ചുകഥിക്കേണം

ഹൈവേകാണ്‌ഡം കരിമഴയായി മാമകാത്മാവിൽ.

നിത്യാ പരിഷോത്തമ കണ്ടീഷനൊന്നുണ്ടനർഗള-

മോരിയായ്‌ നാം കഥിക്കും കഥകളെല്ലാം

നിർവിഘ്‌നമെഴുതീടണം നീ വിൻഡോസ്‌ 2000ൽ

സമ്മതമേകുന്നേനടിയൻ താമസിയാതവിടുന്നു

പാരായണം ചെയ്‌തീടുക പാരിൽ പ്രമുഖമാം

എക്‌സ്‌പ്രസ്‌ ഹൈവേതൻ അപദാനങ്ങൾ.

മാനുഷഹരിസമരാകിയോർ വാണോരുഭൂവിഭാഗേ-

യിന്നുവാണീടുന്നോർ വെറുംമാനവരൂപധാരികൾ

ജൻമസ്യമർത്ത്യ കർമ്മസ്യവാനര ഗണത്തിലുളേളാർ

രാജ്യം ഭരിച്ചീടുന്നോർ പടിഞ്ഞാറുനോക്കികൾ

ഖജനാവസാരം മന്ത്രിതന്ത്രിഭുവനേ ഗമിച്ചീടുന്നിതു

പണ്ടുരാമന്നു കടൽകടന്നീടുവാൻ മൺഭിത്തി

കെട്ടിയ വാനരബുദ്ധിയും കിടയാത്തോർ ഭുവി-

തലേ പാഞ്ഞീടുന്നിതു പ്രൊജക്‌ടിനുപിന്നാലേ

പഞ്ചശതം മൈലുകൾ നീളമുളേളാരു കൗപീനം

കണക്കെകിടന്നിടും കേരളദേശേ വടിവിലൊരു

മതിലതുംപത്തുമീറ്ററുന്നതിയിൽ വന്നാലിരിക്കും

ദേശമതു കൗപീനം രണ്ടായി പകുത്തതിനൊക്കുമേ

ഒരുരാമൻ പണ്ടുപരശുവെറിഞ്ഞു പൊക്കിക്കൊ-

ണ്ടുവന്നൊരു ദേശേ നിരനിരയായ്‌ നിന്നൊ-

രായിരം പരശുരാമൻമാർ നിരന്നെറിഞ്ഞാലും

പൊങ്ങിവരാതാഴത്തിലേക്കിതാ ഹന്ത!

താഴ്‌ത്തീടും ദുരിതക്കയത്തിലേക്കിതു നാടിനെ

നെല്ലുമണക്കും വഴിത്താരകളാറുകൾ

കുന്നുകൾ വയലുകളരുവികളെല്ലാം

ഉരുക്കിവാർത്തിടാനുതകും ഒരുരുളിതൻ

അടുപ്പിലേക്കിതാ ഗമിക്കുന്നു ഹരിതകേരളം.

ഭാവിയിൽ വന്നിടും ചരിത്രം നൂതനം വിഭജിച്ചിടും

ഹൈവേക്കു ലെഫ്‌റ്റ്‌ കേരളം റൈറ്റ്‌ കേരളം

നടുവേമുറിഞ്ഞീടും മണ്‌ഡലങ്ങളഹോ

പുനർനിർണയം ചെയ്‌തീടും താമസംവിനാ

പ്രതിനിധികൾ ഇരട്ടിക്കും പൊടിപൊടിച്ചീടും

ഭരണം സാമാജികൾക്കിരിപ്പിടം തികയാതായിടും

പുതുക്കിപ്പണിതീടം മന്ദിരം പുനരപി

കടംമുഴുത്തു ജപ്‌തിക്കായെത്തും എ.ഡി.ബി.

ശിരസ്സുവെളിവറ്റൊരെൻ തനയനുപിന്നാലെയെന്നപോൽ

ജനം പിന്നാലെയെത്തും പദ്ധതിപ്രവരരുടെ

യന്നേരം ഗമിക്കാനുതകും എക്‌സ്‌പ്രസ്‌ഹൈവേ

150 കിലോമീറ്റർ വേഗത്തിൽ കമ്മിവരാതെ ശീഘ്രം.

കാശനവരതംതൂവിയാലും മുടിയാ ജനത്തിന്‌

ഹൈവേപ്രവേശം മാസാദ്യേഗുരുവായൂർ ദർശനമെന്നപോൽ

കാസർഗോഡുനിന്നഞ്ചുമണിക്കൂറകം അനന്തപുരി

പൂകലാണ്‌ ഭുവനവാസികളുടെ പ്രാഥമീകാവ-

ശ്യമെങ്കിൽ ക്ഷിപ്രം വന്നിടട്ടെയൊരു റഫറൺഡം

നിത്യാ നിത്യവൃത്തിക്കുഗതിയില്ലാതലയുവോനൊരു

കോപ്പുകാമിച്ചീടുമോ ദുരാചാരേ

മതിയിലൊരുവട്ടം കൂടി ഗണിച്ചീടുകയാർക്കും

വേണ്ടാതുളെളാരീ മതിലുകെട്ടിപ്പൊക്കുവാൻ

തിരവുളളം വെമ്പൽകൊളളുവാനെന്തുകാരണം

പൊതുമരാമത്തുവാഴും മുനീർ മന്ത്രിപുംഗവാ

ക്ഷീരസാഗരം ക്ഷിപ്രം ചാവുകടലാക്കീടാൻ

ധൂർത്തടിച്ചും മലയിടിച്ചും വയൽനികത്തിയും

ഗോഡ്‌സൗൺ ക്ഷണേ ഡെവിൾസൗണാക്കുവാൻ

നയനമനോഹരദേശമൊരു സഹാറയാക്കീടുവാൻ

പണിതിടും സൂപ്പർ ഹൈവേ നമോസ്‌തുതേ!

ശുനകവര സോറി! എന്തിങ്ങനെവരുവാൻ സംഗതി

പവർകട്ടായി പി.സി. ഷട്ട്‌ഡൗണായബദ്ധാൽ

നീർത്തീടുക വൃത്താന്തം വിഭോ! ശപിച്ചിടാതെ

നിത്യാ! ഭയലേശമേതും വേണ്ട നിനക്കന്തരംഗേ

പവറോടു വിധിസുതൻ ബ്രഹ്‌മനും തോറ്റതല്ലേ?

ഇടംകാലിലുടലുതാങ്ങി വലം കാൽപൊക്കിയമർന്നൊ-

ന്നുമുളളിവരുന്നു ഞാനഹൈവേപദ്ധതിസ്‌തംഭേഷു

താമസം വിനാ പുനർവൃത്താന്തങ്ങളുമായ്‌.

Generated from archived content: humour1_dec22.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English