അത്യുന്നതങ്ങളിൽ വിദ്യാഭ്യാസത്തിനു മഹത്വം ഗുണ്ടായിസത്തിനും

സുപ്രീം കോടതി 50% മെറിറ്റ്‌ സീറ്റ്‌ സ്വകാര്യ പ്രഫഷണൽ കോളേജുകളിൽ വേണമെന്ന്‌ ഉത്തരവിട്ടിട്ടുണ്ട്‌. ക്യാപ്പിറ്റേഷൻ ഫീ നിരോധിക്കുകയും ചെയ്‌തിട്ടുണ്ട്‌. നിത്യന്റെ സംശയമാണ്‌, അപ്പോൾ ഇത്രയും കാലം ക്യാപ്പിറ്റേഷൻ ഫീ എന്നൊരേർപ്പാട്‌ ഉണ്ടായിരുന്നോ? ശിവ… ശിവ. അച്ചൻമാരും സർവ്വസംഗപരിത്യാഗികളും മുഹമ്മദിൻശിഷ്യൻമാരുമൊക്കെയായിരുന്നോ ഇത്‌ വാങ്ങിയത്‌? ശിവ…ശിവ. വിപ്ലവകാരികളുടെ മക്കളൊക്കെയും അവിടെയായിരുന്നോ പഠിച്ചിരുന്നതും. ശിവ…ശിവ. ഇനി വിവിധ ബ്രാന്റ്‌ സന്ന്യാസിമാരും വിപ്ലവകാരികളും ജോർജ്‌ ആറാമനിൽ നിന്നും കൂറ്‌ ഗാന്ധിക്കടലാസിലേക്ക്‌ മാറ്റിയ കോൺഗ്രസുകാരും നിരന്നുനില്‌ക്കുക. ചെകുത്താന്റെ ഒരാഗ്രഹമാണ്‌, നിങ്ങളേവരെയുമൊന്ന്‌ സാഷ്‌ടാംഗം പ്രണമിക്കുവാൻ.

സർപ്പത്തിൽ നിന്നെന്നപോലെ പാപത്തിൽ നിന്നും ഓടിയകലാനാണ്‌ കർത്താവ്‌ ഉപദേശിച്ചിട്ടുളളത്‌. ‘ദരിദ്രന്റെ പ്രാർത്ഥന ദൈവം കേൾക്കുന്നു. അവന്‌ നീതി ലഭിക്കുവാൻ വൈകുകയില്ല’ എന്നും പറഞ്ഞിട്ടുണ്ട്‌. അന്യന്റെ പണം കൊണ്ടു വീടു പണിയുന്നവൻ തന്റെ ശവകുടീരത്തിന്‌ കല്ല്‌ ശേഖരിക്കുന്നവനെപ്പോലെയാണ്‌ എന്നും കർത്താവ്‌ പറഞ്ഞിട്ടുണ്ട്‌. അതൊക്കെക്കൊണ്ടുതന്നെ ക്യാപ്പിറ്റേഷൻ ഫീ എണ്ണിവാങ്ങി വിദ്യ വിൽക്കുന്ന അച്ചൻമാർക്കായി ദൈവം മാറ്റിവച്ചത്‌ സ്വർഗ്ഗമായിരിക്കുവാൻ സാദ്ധ്യത കുറവാണ്‌.

ഒരു ചൈനീസ്‌ പഴമൊഴിയുണ്ട്‌-ഒരു വർഷത്തേക്കാണ്‌ നിങ്ങളുടെ നിക്ഷേപമെങ്കിൽ പാടത്ത്‌ നിക്ഷേപിക്കുക, പത്ത്‌ വർഷത്തേക്കാണെങ്കിൽ വ്യവസായത്തിൽ നിക്ഷേപിക്കുക. ഇനി കാലാകാലത്തേക്ക്‌ ഫലം ലഭിക്കുവാനാണ്‌ നിങ്ങളുദ്ദേശിക്കുന്നതെങ്കിൽ വിദ്യാഭ്യാസത്തിനായാവട്ടെ നിങ്ങളുടെ നിക്ഷേപം. ഈ ചൊല്ല്‌ ചൈനക്കാരൻ വിദ്യാഭ്യാസത്തിന്‌ കൊടുത്ത പ്രാധാന്യം വെളിവാക്കുന്നതോടൊപ്പം നമ്മുടെ മനഃസ്ഥിതിയും വെളിവാക്കുന്നു. റിസ്‌ക്‌ഫാക്‌ടർ തീരെയില്ലാത്ത ബ്ലേഡ്‌ വരുമാനം ഉറപ്പുവരുത്തുന്ന ഒന്നാംതരം നിക്ഷേപമേഖല.

ശിഷ്യൻ മകനുതുല്യം എന്ന ഉന്നതമായ വിദ്യാഭ്യാസ സങ്കല്പം നമ്മുടെ പൈതൃക സ്വത്തായിരുന്നു. ശിഷ്യനായാലും മകനായാലും കൈയ്യിലൊന്നുമില്ലാത്തവന്റെ വിദ്യാഭ്യാസത്തിന്‌ ഗുരു ഈടാക്കിയ ദക്ഷിണ ഒരു ദണ്‌ഡനമസ്‌കാരം മാത്രമായിരുന്ന മഹനീയ പാരമ്പര്യം. ആ പാരമ്പര്യത്തെയാണ്‌ മെക്കാളെ പ്രഭു കുളിപ്പിച്ച്‌ കിടത്തിത്തന്നത്‌. 500 രൂപയ്‌ക്ക്‌ ശ്വാസംവലി പഠിപ്പിക്കുന്ന മഹർഷിവര്യൻമാരാണ്‌ പിന്നീട്‌ അവതരിച്ചത്‌. ലോകക്ഷേമാർത്ഥം പതഞ്ഞ്‌ജലി മഹർഷി ഒരു ദണ്‌ഡനമസ്‌കാരം മാത്രം (ആരോഗ്യമുളളവർ മാത്രം) ദക്ഷിണയായി വാങ്ങി പകർന്നുകൊടുത്ത അറിവാണ്‌ നാലണക്കൊരു ശ്വാസം എന്ന നിരക്കിൽ വിറ്റുവരുന്നത്‌. ആയിരങ്ങൾ എണ്ണിവാങ്ങി നക്കാപ്പിച്ചയ്‌ക്ക്‌ ഇംഗ്ലീഷും മലയാളവുമറിയാത്ത വാധ്യാൻമാരെക്കൊണ്ട്‌ ഇംഗ്ലീഷ്‌ പഠിപ്പിച്ച്‌ ആത്മീയ ദാരിദ്ര്യത്തിന്‌ പരിഹാരം കാണുന്ന സന്യാസിനികളെയും സൃഷ്‌ടിച്ചു. എല്ലാവരും കൂടി അമൃതോമാ മൃത്യും ഗമയ എന്നും ജ്യോതിർമാ തമസോ ഗമയ എന്നും തിരുത്തിയെഴുതി.

പി.പി. ഉമ്മർകോയയെപ്പോലെയും ജോസഫ്‌ മുണ്ടശ്ശേരിയെപ്പോലെയും ഉളള സിംഹങ്ങൾ മേഞ്ഞുനടന്നിടം സൃഗാലങ്ങളുടെ അധികാരപരിധിയിലായിപ്പോയത്‌ കൈരളിയുടെ നിർഭാഗ്യം. എന്താണ്‌ യഥാർത്ഥ വിദ്യാഭ്യാസം, വിദ്യാഭ്യാസവും മരക്കച്ചവടവും തമ്മിൽ വല്ല വ്യത്യാസവുമുണ്ടോ. ഇനി ഉണ്ടെങ്കിൽ അതെന്തെല്ലാം എന്നു തിരുപാടുളള വാഴുന്നോർ വകുപ്പിന്‌ വന്നുചേരുക എന്നാണാവോ?

ഇതുവരെയായി ആരും തോല്‌ക്കാത്ത ഒരു പരീക്ഷ പാസായി എന്നത്‌ യോഗ്യത. കുറെ ലക്ഷം മുതലാളിക്ക്‌ കൊടുത്തുവെന്നത്‌ അധിക യോഗ്യത. അങ്ങിനെയുളള മഹാൻമാർക്ക്‌ ശമ്പളം സർക്കാർ വക. ലോകത്തിന്‌ തന്നെ അനുകരണീയമായ മാതൃക. വിദ്യാർത്ഥികളുടെ സംശയമൊഴിച്ച്‌ ലോകത്തുളള സകല തിൻമകളെയും കുഴിച്ചുമൂടുവാൻ മാത്രം പ്രഗല്‌ഭമതികളായ എയ്‌ഡഡ്‌ വാദ്ധ്യാൻമാർക്ക്‌ സ്‌തുതി.

കുട നന്നാക്കുന്നവരെല്ലാം ഒരു സുപ്രഭാതത്തിൽ അറബി വാദ്ധ്യാൻമാരായി രൂപാന്തരം പ്രാപിച്ച്‌ അറബിസാഹിത്യത്തിന്‌ നല്‌കിയ സമഗ്രസംഭാവനകൾ ഒരിക്കലും വിസ്‌മരിക്കാവുന്നതല്ല. കുട കാണുന്ന കാലത്തോളം സ്‌മരണക്ക്‌ പ്രത്യേകമായൊരു സ്‌മാരകത്തിന്റെ ആവശ്യവുമില്ല. ബസ്സിന്റെ ബോർഡ്‌ ശരിയായി വായിക്കാനറിയാത്തവർ അംഗ്രേസി പഠിപ്പിച്ച്‌ എത്ര തലമുറയെയാണ്‌ അത്യുന്നതങ്ങളിലെത്തിച്ചിട്ടുളളത്‌.

ചുരുങ്ങിയ ദശകങ്ങളിലെ സ്‌തുത്യർഹമായ പ്രവർത്തനം കൊണ്ട്‌ വിദ്യാഭ്യാസമേഖലയെ കണലെടുത്ത മടലുപോലെയാക്കിയ രാഷ്‌ട്രീയക്കാർക്കും ഷെഡ്‌ മുതലാളിമാർക്കും ലക്ഷങ്ങളുടെ കരുത്തിൽ ആചാര്യപദം പ്രാപിച്ച യോഗ്യൻമാർക്കും മംഗളാശംസകൾ. തളളവിരൽ നഷ്‌ടപ്പെട്ടുപോകുന്ന ഏകലവ്യൻമാർക്ക്‌ നിത്യന്റെ ആദരാജ്ഞലികൾ. പത്തിൽ പോകട്ടെ, രാജ്യത്തെ ആദ്യത്തെ നൂറിൽ വരുന്ന ഒരു സ്ഥാപനമെങ്കിലും കണ്ടിട്ട്‌ കണ്ണടക്കുവാൻ കഴിഞ്ഞാൽ മതിയായിരുന്നു.

രാഷ്‌ട്രപതി വിഭാവനം ചെയ്‌ത എഡ്യുസാറ്റ്‌ വഴിയുളള സാർവ്വത്രീക വിദ്യാഭ്യാസം നടപ്പിലാക്കേണ്ടവർ ഇപ്പറഞ്ഞ ഗണത്തിൽപ്പെട്ട ദ്രോണാചാര്യൻമാരും നാലകത്ത്‌ സൂപ്പി ഫെയിം ശ്രേഷ്‌ഠാചാര്യൻമാരുമാണ്‌. അതായത്‌ തുമ്പി കരിങ്കല്ലെടുക്കുന്നത്‌ കാണുവാനും കൈരളിക്ക്‌ ഭാഗ്യമുണ്ട്‌. എഡ്യുസാറ്റിലെ അറിവിന്റെ ദീപനാളങ്ങൾ എയ്‌ഡഡ്‌ ദ്രോണർമാരിലൂടെ ഏകലവ്യൻമാരിലേക്ക്‌ പ്രവഹിച്ച്‌ കേരളം മൊത്തം പ്രകാശമാനമാവുന്ന ആ ശുഭദിനത്തെപ്പറ്റി നാം ശുഭാപ്‌തിവിശ്വാസമുളളവരായിരിക്കുക. ഇനി സംഗതി നടക്കുന്നില്ലെങ്കിലും നാം ശുഭാപ്‌തിവിശ്വാസം കൈവെടിയാതിരിക്കുക. കെ.എസ്‌.ഇ.ബി.ക്കാർ അത്തരം സംഗതികൾ വിവരിക്കാനുതകുന്ന ഒരു പദത്തിന്‌ പേറ്റന്റ്‌ നേടിയിട്ടുണ്ട്‌-ട്രാൻസ്‌മിഷൻ ലോസ്‌ അഥവാ പ്രസാരണ നഷ്‌ടം. ആർക്കും പരാതിയില്ല. പരിഭവമില്ല. കേരളം അതിവേഗം ബഹുദൂരം പിന്നോട്ട്‌.

പോലീസ്‌ സേനയുടെ പ്രവർത്തനരീതി മാറണമെങ്കിൽ രാഷ്‌ട്രീയനേതൃത്വമാണോ അതോ പോലീസാണോ മാറേണ്ടത്‌. രാഷ്‌ട്രീയക്കാരെല്ലാം നാളെ മഹാത്മാഗാന്ധിമാരാവുകയാണെങ്കിൽ പിന്നെ പോലീസിന്റെ ആവശ്യമില്ല. ഗാന്ധിക്കടലാസിന്റെയും. രാഷ്‌ട്രീയക്കാരൻ ഏതെങ്കിലും വിധത്തിൽ പ്രതിയല്ലാത്തതോ ബന്ധപ്പെടാത്തതോ ആയ ഒരൊറ്റ കേസും പോലീസുകാർ കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ട്‌ പോലീസിനെ ഒറ്റതിരിഞ്ഞാക്രമിക്കുന്നതിൽ അർത്ഥവുമില്ല.

ഒരു കമ്യൂണിസ്‌റ്റ്‌ പ്രവർത്തകൻ ബ്ലേഡ്‌ നടത്തുന്നതിനെ ഒരനുഭാവി ചോദ്യം ചെയ്‌തു. അപ്പോൾ ബ്ലേഡ്‌ സഖാവ്‌ നേരിട്ടുകൊടുത്ത മറുപടി ഇങ്ങിനെയായിരുന്നു.

‘യാഥാർത്ഥ്യം വസ്‌തുനിഷ്‌ഠമായി മനസ്സിലാക്കുന്നതിൽ സഖാവിന്‌ ഗുരുതരമായ വീഴ്‌ച വന്നിട്ടുണ്ട്‌. നമ്മളോരോരുത്തരും ഈ വ്യവസ്ഥിതിയുടെ ഭാഗമാണ്‌. സഖാവിനോടൊപ്പം ഞാനും ഈ വ്യവസ്ഥിതിക്കെതിരായ സമരത്തിനുണ്ട്‌. വ്യക്തിയെയല്ല വ്യവസ്ഥിതിയെയാണ്‌ നാം ചോദ്യം ചെയ്യേണ്ടത്‌. വ്യവസ്ഥിതി മാറിയാൽ പിന്നെ ബ്ലേഡു ബിസിനസ്സിന്‌ പ്രസക്തിയില്ല. അതുവരെ എന്നെ ചോദ്യം ചെയ്യുന്നത്‌ നിരർത്ഥകവുമാണ്‌.’

ഭൂലോകത്തെ ഒരു ഷാജിക്കും ഒരൊറ്റദിവസം കൊണ്ട്‌ ഡി.വൈ.എസ്‌.പി ഷാജിയായി ഒരുവനെ വെട്ടിനുറുക്കി ഹെലികോപ്‌ടറിൽ നിന്നു മരുന്നുതളിച്ച കണക്കെ നിക്ഷേപിക്കുവാനാവുന്നതല്ല. ഒരു ഡി.വൈ.എസ്‌.പിക്ക്‌ കോടികളുടെ സമ്പാദ്യമുണ്ടാവുന്നതുവരെ മാറിമാറി വരുന്ന മുകളിലത്തെ രാഷ്‌ട്രീയ നേതൃത്വം എവിടെയായിരുന്നു? മാദ്ധ്യമങ്ങളിലെ പേനയുന്തുകാർ ഐശ്വര്യാറായിയുടെ സൗന്ദര്യത്തിന്റെ രഹസ്യത്തെപ്പറ്റി ഗവേഷിക്കുകയായിരുന്നുവോ?

ഏമാൻമാരെന്നോ ബൂർഷ്വകളെന്നോ വിപ്ലവകാരികളെന്നോ ഉളള വ്യത്യാസമില്ലാതെ എല്ലാ വർഗ്ഗബഹുജനസംഘടനകളും മണിച്ചന്റെ മണിയെ സ്‌നേഹിച്ചിരുന്നു. മണിച്ചനെ ബഹുമാനിച്ചിരുന്നു. ഗുണ്ടായിസത്തിന്റെ എവറസ്‌റ്റ്‌ കൊടുമുടി കീഴടക്കിയ ഹിമാലയം ഗ്രൂപ്പുകാരുടെ ഇന്നോളമുളള വീരകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ വെളിച്ചം കണ്ടത്‌ ഇപ്പോഴാണ്‌. ഇത്‌ ഇന്നോളം വെളിച്ചം കാണാതിരിക്കാൻ ആരൊക്കെ അവയ്‌ക്കുചുറ്റും മനുഷ്യമതിലുകൾ തീർത്തിട്ടുണ്ടാവണം. ഇനിയങ്ങോട്ട്‌ വെളിച്ചം നിഷേധിക്കപ്പെടേണ്ടവർ അവരാണ്‌.

എല്ലാവരും എല്ലാവരാലും കഴിയുന്ന സഹായം ഏമാൻമാർക്ക്‌ ചെയ്‌തുകൊടുത്തു. ഏമാൻമാരിൽ നിന്നും കിട്ടുന്നത്‌ വാങ്ങി ഭുജിച്ചു. കട്ടത്‌ ചുട്ടുപോകും എന്നൊരു ചൊല്ലുണ്ടെങ്കിലും അത്‌ പ്രാവർത്തികമാകാറില്ല. നമ്മുടെ മഹത്തായ പാരമ്പര്യപ്രകാരം കക്കാനുളള അവകാശം മൗലീകാവകാശമായി പ്രഖ്യാപിച്ചിട്ടില്ലെന്നേയുളളൂ. ആരുടെ സമ്പാദ്യവും കണ്ടുകെട്ടപ്പെടാറില്ല. കട്ട കാരണം പറഞ്ഞ്‌ ഒരു ജനപ്രതിനിധിയെയും തിരിച്ചുവിളിക്കാൻ വകുപ്പുമില്ല.

ഗുണ്ടായിസം അവസാനിപ്പിക്കണമെങ്കിൽ ഗുണ്ടകളുടെ ആവശ്യമില്ലാത്ത രാഷ്‌ട്രീയ നേതൃത്വം സംജാതമാവണം. ഹാലിയുടെ വാൽനക്ഷത്രം പോലെ ഒരു നൂറ്റാണ്ടിലൊന്നെങ്കിലും ഉണ്ടാവുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം. ഇനി ഗുണ്ടാനിയം നടപ്പിലായാൽ ഏമാൻമാർക്ക്‌ തോന്നുന്നവരും ഭരിക്കുന്നവർക്ക്‌ കണ്ണിന്‌ കണ്ടുകൂടാത്തവരും അകത്തെത്തിപ്പോവാതെ പുറത്തുതന്നെ കാണുമെന്നും നമുക്ക്‌ പ്രത്യാശിക്കാം.

നിരത്തിന്മേൽ നിന്ന്‌ വരുന്ന വാഹനം ഭീഷണിപ്പെടുത്തി നിർത്തി കവർച്ച ചെയ്യുന്നവനെ സായിപ്പിന്റെ ഭാഷയിൽ വിളിക്കുന്ന പേരാണ്‌ ഹൈവേ മാൻ. ഇപ്പണിയാണ്‌ പോലീസുകാർ ഇനി ചെയ്യാൻ പോകുന്നത്‌ എന്ന ഉൾക്കാഴ്‌ചയുളള ഏതോ ധിഷണാശാലിയായിരിക്കും ഹൈവേ പോലീസ്‌ എന്ന്‌ റോഡ്‌ പോലീസിനെ വിളിച്ചത്‌. കൃഷ്‌ണൻനായരെപ്പോലുളള ഇംഗ്ലീഷ്‌ പ്രൊഫസർമാർ ഇരുന്ന കസാരയല്ലേ ഡി.ജി.പിയുടേത്‌. ഒരു പേരിലെന്തിരിക്കുന്നു എന്നാരോ ചോദിച്ചിട്ടുണ്ട്‌. ഹൈവേ പോലീസ്‌ എന്ന പേരു കേട്ടപ്പോഴാണ്‌ പേരിൽ പലതുമിരിക്കുന്നു എന്ന്‌ നിത്യനും തോന്നിയത്‌.

Generated from archived content: humour1_aug31_05.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English