സുദർശന്റെ ഭാര്യ, ബൃന്ദയുടെ ലേഡി, പിന്നെ നിത്യന്റെ പെണ്ണും

പടിഞ്ഞാറ്‌ കണ്ണിന്‌ കണ്ടുകൂടാത്തവരും പടിഞ്ഞാറുമാത്രം നോക്കുന്നവരും കൂടി നടത്തുന്ന വിലാപയാത്രയാണല്ലോ കാലാകാലമായി സ്വതന്ത്രഭാരതത്തിലെ സാംസ്‌കാരിക പ്രവർത്തനം. കിഴക്കോട്ടു നോക്കുന്നവരും പടിഞ്ഞാറുനോക്കികളും കൂടി വലിച്ച രഥം സംസ്‌കാരത്തെ തെക്കോട്ടു നയിച്ചു. രാജാവ്‌ പോയി സായിപ്പ്‌ വന്നെങ്കിലും തിരുവായ്‌ക്കെതിർവായില്ല എന്ന ചൊല്ല്‌ മാത്രം മാഞ്ഞില്ല.

സാമൂഹികമുന്നേറ്റത്തിൽ സ്‌ത്രീക്ക്‌ വഹിക്കുവാനുളള പങ്കിനെപ്പറ്റി ചർച്ച തുടങ്ങിയത്‌ ഇന്നോ ഇന്നലെയോ അല്ല. ഭാരതീയ സംസ്‌കാരത്തിന്റെ നാൾവഴികളിലൂടെ സഞ്ചരിച്ചാൽ നമ്മൾ സീതയിലും ദ്രൗപദിയിലുമെത്തിനിൽക്കും. രാജ്യം നന്നാവാൻ സീതയെ നാടുകടത്തണം എന്നു തീരുമാനിച്ച രാമനിൽ തട്ടിനിൽക്കും. സത്യസന്ധമായി പറഞ്ഞാൽ സീതാവിരഹത്താൽ സംഭവിച്ച രാമന്റെ ആത്മഹത്യയിലേക്കും. നിത്യൻ മാഹിപുഴയിൽ ചാടിയാൽ നിത്യൻ പൊയേൽ തുളളിച്ചത്തു എന്നുപറയും ചാടുന്നത്‌ ശ്രീരാമനാവുമ്പോഴും പറയുന്നത്‌ വാല്‌മീകിയാവുമ്പോഴും രാമൻ സരയൂനദിയിലേക്കിറങ്ങിപ്പോയി എന്നാകും.

അവിടെനിന്നും വീണ്ടും പിറകോട്ടു സഞ്ചരിച്ചാൽ ‘നേഹം വരയാമി സൂതം’ (സുതനെ ഞാൻ വരിക്കുകയില്ല) എന്നു പ്രഖ്യാപിച്ച സ്വതന്ത്ര സ്‌ത്രീത്വത്തിന്റെ പ്രതീകം-അഞ്ചെങ്കിലഞ്ഞും കണക്കെന്നവൾക്ക്‌ എന്നു നമ്പ്യാരെക്കൊണ്ട്‌ പാടിച്ച സൗന്ദര്യധാമത്തിന്റെ-മഹാരഥൻമാരെക്കൊണ്ട്‌ മൂക്കുകൊണ്ട്‌ ക്ഷ വരപ്പിച്ച പെണ്ണൊരുത്തിയുടെ-ദ്രൗപദിയുടെ സന്നിധിയിലേക്കെത്തും. ഭഗവാൻ ശ്രീകൃഷ്‌ണനുവരെ രക്ഷകിട്ടാതായ സർവ്വനാശഹേതുവായ മഹാഭാരതയുദ്ധത്തിന്റെ സംവിധായികയിലേക്കും.

സീതയെ നാടുകടത്തിയതുകൊണ്ട്‌ രാമനും രാജ്യവും രക്ഷപ്പെട്ടു എന്നും ദ്രൗപദിയെ നാടുകടത്താത്തതുകൊണ്ട്‌ മൊത്തം ചുടലപ്പറമ്പായി എന്നും ഇപ്പറഞ്ഞതിനർത്ഥമില്ല. ഗാന്ധാരി മാതാവെന്ന്‌ വിളിക്കപ്പെട്ടപ്പോൾ കുന്തി കുന്തിയായി അറിയപ്പെട്ടു. ഒരമ്മയുടെ പ്രഥമ കർത്തവ്യം- കർണന്റെ മാതൃത്വം കുന്തി കണ്ടത്‌ തന്റെ സോഷ്യൽ സ്‌റ്റാറ്റസിന്‌ താഴെയായിട്ടായിരുന്നു. അപമാനിക്കപ്പെടുന്ന വേളയിൽ കർണന്റെ മാതൃത്വം കുന്തി അംഗീകരിച്ചിരുന്നുവെങ്കിൽ യുദ്ധം നടക്കുമായിരുന്നില്ല. ഒരൊറ്റ കർണന്റെ കരുത്തിലുളള വിശ്വാസം മാത്രമായിരുന്നു ദുര്യോധനനെ യുദ്ധപ്രഖ്യാപനത്തിന്‌ പ്രേരിപ്പിച്ചത്‌.

അതായത്‌ പുരുഷൻ പുരുഷത്വത്തിൽ നിന്നും സ്‌ത്രീ സ്‌ത്രീത്വത്തിൽ നിന്നും എന്നൊക്കെ വ്യതിചലിച്ചുവോ സമൂഹത്തിനുണ്ടായിരുന്ന നഷ്‌ടം ചില്ലറയൊന്നുമായിരുന്നില്ല. ആരും ആരുടെയും അടിമയല്ല. കരയും കടലും പോലുളളതാണ്‌ സ്‌ത്രീപുരുഷ ബന്ധം. ചലനം താളാത്മകമായാൽ പുതുജീവൻ അല്ലെങ്കിൽ സുനാമി. രണ്ടുപേർക്കും കരിയറിസ്‌റ്റുകളാവാം. ആവാതിരിക്കാം. ഒരാളുടെ കീശകൊണ്ട്‌ സംഗതി കഴിയുമെങ്കിൽ മറ്റേയാൾക്ക്‌ വീട്ടിലിരിക്കാം കുട്ടിയെ നോക്കാം. നോക്കാതിരിക്കാം. ഈവക സംശയങ്ങൾ തീർക്കുവാൻ ആരെങ്കിലും സുദർശന്റെയും ബൃന്ദയുടെയുമൊക്കെ അടുത്തുചെന്നുവോ എന്നറിയില്ല.

ഇനി മറ്റു സംസ്‌കാരങ്ങളിലേക്ക്‌ ഒന്നെത്തിനോക്കാം. ആദമിന്റെ വാരിയെല്ലൂരിയിട്ടാണ്‌ ദൈവം ഈവിനെ സൃഷ്‌ടിച്ചത്‌. അപ്പോൾ തീർച്ചയായും ആദമിന്‌ നഷ്‌ടപ്പെട്ടുപോയ വാരിയെല്ലാണ്‌ ഈവ്‌. അവിടെനിന്നുമാണ്‌ ഈവിനെക്കൊണ്ട്‌ കോൽക്കളി കളിക്കുന്നതിനുളള അവകാശം പാശ്ചാത്യർക്ക്‌ പതിച്ചുകിട്ടുന്നത്‌.

അർദ്ധനാരീശ്വരി സങ്കൽപ്പമാണ്‌ നമ്മുടേത്‌. നമുക്ക്‌ സ്‌ത്രീ വെറുമൊരു വാരിയെല്ലല്ല. അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ നിന്നും ബഹുദൂരം മുന്നോട്ട്‌ പോയി നാം മനുവിലെത്തി വഴിമുട്ടി തിരിഞ്ഞ്‌ പടിഞ്ഞാറോട്ട്‌ നോക്കിയപ്പോൾ കണ്ട കാഴ്‌ച അർദ്ധനാരീശ്വരി ചരക്കായി മാറുന്നതാണ്‌.

ഇനി ഇസ്ലാമിലേക്കു നോക്കിയാൽ ഒന്നുകൂടി മെച്ചപ്പെട്ട നിലവാരമാണ്‌. അപാര സ്‌ത്രീ സ്വാതന്ത്ര്യമാണ്‌. പ്രസവത്തിന്റെ കാര്യത്തിലാണെന്നുമാത്രം. ഇഷ്‌ടം പോലെ കഴിക്കാം എന്നു പറയുന്നപോലെ ഇഷ്‌ടം പോലെ പ്രസവിക്കാം. ശരിക്കു പറഞ്ഞാൽ സ്വാതന്ത്ര്യത്തിന്റെ പറുദീസ. പർദ്ദ ലേശം സ്ഥാനം തെറ്റിപ്പോയാലും കണങ്കാൽ വെളിയിൽ കണ്ടാലും വെടിവെക്കാനുളള ഫത്‌വയുണ്ടെന്നതൊഴിച്ചാൽ വേറെ കുഴപ്പമൊന്നുമില്ല. പർദ്ദയുടെ സ്ഥാനഭ്രംശവും കണങ്കാൽ വെളിയിൽ കാണലും പ്രസവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാവുമ്പോൾ ഇളവുണ്ടെന്നുതോന്നുന്നു. കുടുംബത്തിലാരെങ്കിലും എന്തെങ്കിലും ഒരബദ്ധം ചെയ്‌തിട്ടുണ്ടെങ്കിൽ ആ കുടുംബത്തിലെ പെണ്ണിനെ പരസ്യമായി കൂട്ടബലാൽസംഗം ചെയ്യാനുളള വകുപ്പുകൾ കൂടിയുണ്ട്‌. ആനന്ദലബ്‌ധിക്കിനിയെന്തുവേണം?

സീതാരാമചന്ദ്രൻ, രാധാശ്രീകൃഷ്‌ണൻ, സുഭദ്രാഅർജ്ജുനൻ എന്നൊന്നും പണ്ട്‌ സ്‌ത്രീരത്‌നങ്ങൾ അറിയപ്പെട്ടതായി അറിവില്ല. പിന്നീട്‌ എവിടെയൊ വച്ച്‌ സ്‌ത്രീ പുരുഷന്‌ തുല്യയായി. തുല്യത കൈവന്നപ്പോൾ പിന്നെ സ്വന്തമായി ഒരുപേരുപോലും ഇല്ലാതായി. സ്‌ത്രീ അവളുടെ പേര്‌ ആദ്യം അച്‌ഛന്റേതിനോടും പിന്നെ ഭർത്താവിന്റേതിനോടും കൂട്ടിക്കെട്ടി. ഭർത്താവിനൊപ്പം കഴിയുമ്പോൾ തുല്യത കുറച്ച്‌ കൂടി കൂടുതലായി. തുടർന്ന്‌ പരിണാമസിദ്ധാന്തപ്രകാരം കുരങ്ങിന്റെ വാൽ അപ്രത്യക്ഷമാകുന്നപോലെ കഷ്‌ണം പേരും പോയി വെറും മിസിസ്‌ ആയി. അങ്ങിനെയാണല്ലോ മിസ്‌.ബൃന്ദ മിസ്സിസ്‌. കാരാട്ടാകുന്നത്‌. തുല്യതയിലേക്കുളള പ്രയാണം ഇങ്ങിനെയാണ്‌.

ഇനി ബൃന്ദയുടെ വാദത്തിലുളള തുല്യത ഭർത്താവ്‌ അമരക്കാരനായ പാർട്ടിക്ക്‌ ദഹിക്കുമെന്നും നിത്യന്‌ തോന്നുന്നില്ല. ബൃന്ദയും പ്രകാശ്‌ കാരാട്ടും തുല്യരാണെങ്കിൽ രണ്ടുപേർക്കും കൂടി സി.പി.എം. എന്ന ഒറ്റ ജനറൽ വാർഡ്‌ പോരേ? എന്തിനൊരു മഹിളാ വിഭാഗം. നല്ലത്‌ ലേശം തുല്യത കുറയുന്നതാണ്‌. ബൃന്ദയ്‌ക്ക്‌ മഹിളാവാർഡിന്റെ തലപ്പത്ത്‌ തുടരാലോ? ‘തോളോടുതോളൊത്ത്‌ ചേർന്ന്‌ നേരുനേടും പോരിൽ’ കാര്യമായ പങ്കുവഹിച്ച സഖാവും സഖിയും എന്ന്‌ വരും തലമുറ വിളിച്ചുപറയട്ടെ.

കെ.എസ്‌.ആർ.ടി.സി ബസ്സിൽ കയറിയാൽ ആദ്യം കാണുക നാലഞ്ചു റിസർവേഷൻ സീറ്റുകളാണ്‌. ഹാൻഡികേപ്‌ഡ്‌, ബ്ലൈൻഡ്‌, സീനിയൽ സിറ്റിസൺ പിന്നെ ലേഡീസ്‌. ഇന്ത്യയിലെ സ്‌ത്രീകൾ മുഴുവൻ വികലാംഗ-അന്ധ-ബധിര പട്ടികയിൽ വരുന്ന ഏതോ സംഗതിയാണെന്നതിന്‌ ഈ ബോർഡ്‌ ധാരാളം. ഇപ്പറഞ്ഞ ഗണത്തിൽ വരാത്ത സ്‌ത്രീക്ക്‌ പ്രത്യേകിച്ച്‌ ഒരു റിസർവേഷന്റെ ആവശ്യമുണ്ടോ? അതും സകലമേഖലയിലും പുരുഷനെ മലർത്തിയടിച്ച്‌ സ്‌ത്രീ കുതിക്കുന്ന ഈ വേളയിൽ. കൈക്കുഞ്ഞിനെയും എടുത്ത്‌ ബസിൽ കയറുന്ന സ്‌ത്രീക്ക്‌ ഒരു സീറ്റ്‌ ഒഴിഞ്ഞുകൊടുക്കാനുളള സംസ്‌കാരം പലപ്പോഴും സ്‌ത്രീകൾ കാണിക്കാറില്ലെങ്കിലും പുരുഷൻമാർ ഇക്കാര്യത്തിൽ ധാരാളികളാണ്‌.

അബല, ചപല, തബല (പുതിയ ഡിക്ഷ്‌ണറിയിൽ-കാശുണ്ടെങ്കിൽ ആർക്കും കൊട്ടാവുന്നതും കൊട്ട്‌ കേട്ട്‌ ആസ്വദിക്കാവുന്നതും) എത്രയെത്ര പര്യായങ്ങളാണ്‌ സ്‌ത്രീക്ക്‌. ഇതൊക്കെയാണെങ്കിലും ഒരു സർക്കിളിൻസ്‌പെക്‌ടറുടെ സന്നിധിയിൽ നിന്നുപോലും നിത്യകാമുകിയെ അബലയെന്ന്‌ വിളിക്കുവാനുളള ചങ്കൂറ്റം തല്‌ക്കാലം നിത്യനില്ല.

Generated from archived content: humour1_apr7.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English