ലാലു ബീഹാറിനെ റാബ്രിയുടെ ആലയിൽ കെട്ടി കറവ തുടങ്ങിയിട്ട് കാലം കുറച്ചായി. പാല് മുഴുവനായും തീർന്ന് അകിടിൽ നിന്നും ചോരപൊടിയുവാൻ തുടങ്ങിയെങ്കിലും കറവ അവസാനിക്കുന്ന ലക്ഷണം കണ്ടിരുന്നില്ല. ബി.ജെ.പിയുടെ മുസ്ലീം വോട്ടിലുളള കണ്ണിനെ മറികടക്കുവാൻ വേണ്ടി ലാലു നേരെ പാക്കിസ്ഥാനിൽ പോയി ജമാലിയെയും ഫസലൂർ റഹ്‌മാനെയും കെട്ടിപ്പിടിച്ച് മതേതരത്വത്തിൽ മുങ്ങിക്കുളിച്ചു തിരിച്ച് വണ്ടി കയറി. മുഷ്‌റഫ് നല്ലൊരു സ്വഭാവസർട്ടിഫിക്കറ്റും എഴുതിക്കൊടുത്തു.
ഇന്ത്യയിലെ മതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാരൻ നിലവിൽ സുർജിത്ത് സഖാവാണല്ലോ. വാക്കിൽ മാത്രമല്ല നോക്കിലും ഇത്ര നല്ലൊരു മതേതരനെ കമ്മ്യൂണിസ്‌റ്റുകാർക്ക് ഇനി കിട്ടിയെന്നുവരില്ല. പ്യൂർ ഇരുപത്തിനാല് കാരറ്റ് മതേതരൻ. തലയിൽ അസ്സലൊരു എട്ടുമീറ്റർ വട്ടക്കെട്ട്. ഗുരുനാനാക്കിനെ വെല്ലുന്ന സൂപ്പറൊരു താടിയും. ദൈവം സഹായിച്ച് കൃപാണദേശത്ത് നാലനുഭാവികളുമില്ല. നാലാളോട് വല്ലപ്പോഴുമൊന്ന് മിണ്ടണമെന്നു തോന്നിയാൽ അതിർത്തി കടക്കണം. മൂപ്പരും കൊടുത്തു ഒരു സർട്ടിഫിക്കറ്റ്. മതേതരപ്രതിഭ. ഇന്ത്യയുടെ മുഖ്യശത്രു വർഗ്ഗീയതയാണ്. അതുകൊണ്ട് രാജ്യത്തിനാവശ്യം ലാലുവിനെപ്പോലുളള പേരുകേട്ട മതേതരൻമാരെയാണ്.
മുതലാളിത്തത്തിന്റെ ഉപോല്‌പന്നം മാത്രമാണ് വർഗ്ഗീയത എന്നൊക്കെ മാർക്‌സിനെപ്പോലുളള വിവരദോഷികൾക്കെഴുതാം. സുർജിത്തിനെപ്പോലുളള ആചാര്യൻമാർ അതൊക്കെ കൃത്യമായി തിരുത്തിയെഴുതുന്നതുകൊണ്ട് കമ്മ്യൂണിസം മരിക്കാതെ പോകുന്നു. സഖാവിന് തെംസ് നദിക്കരയിൽ ഒഴിവുകാലം (പണിയെന്താണെന്നുമാത്രം ചോദിക്കരുത്) ആസ്വദിക്കാനും പറ്റുന്നു.
ലല്ലുവിന്റെ യാദവരഥത്തിന് പൂട്ടാൻ കിട്ടിയ സിയൂസ് ദേവന്റെ കുതിരകളായിരുന്നു പണ്ട് വിവരക്കേടുകൊണ്ട് സമസ്‌തിപ്പുരിലെത്തിയ അദ്വാനിയും പരിവാരങ്ങളും. അദ്വാനിയുടെ രഥയാത്രയെക്കാൾ ഗംഭീരമായിരുന്നു തുടർന്നങ്ങോട്ടുളള ലല്ലുവിന്റെ യാദവരഥത്തിന്റെ പ്രയാണം. ബീഹാറിലെ സവർണന് അത്യാവശ്യം ഊക്കുണ്ടായിരുന്നെങ്കിൽ അത് അന്ന് കാണേണ്ടതായിരുന്നു-അദ്വാനിയെപ്പിടിച്ച് അകത്തിട്ടപ്പോൾ. അങ്ങനെ തെന്നാലിരാമന്റെ കുതിരയെക്കാൾ കഷ്‌ടമായ കുതിരകൾ വലിച്ച രഥം രാമനെ പാതിവഴിയിലാക്കി. ലല്ലുവിനെ മുസ്ലീങ്ങളുടെ തോഴനാക്കി. ധീരനായകനാക്കി. സംസ്ഥാനത്തെ 14% മുസ്ലീം വോട്ടുകളുടെ ഉടമയാക്കി. ഒപ്പം 15 ശതമാനം യാദവരും കൂടി 29 ശതമാനത്തിന്റെ പിന്തുണ ലല്ലുവിന് നേടിക്കൊടുക്കുകയും ചെയ്‌തിട്ടാണ് അദ്വാനിയുടെ രാമരഥം ബീഹാർ വിട്ടത്. അതും രഥം വേറെ അദ്വാനി വേറെ എന്ന പരുവത്തിൽ. അപ്പോൾ ലല്ലു പറഞ്ഞത് ശരിയായി വരികയും ചെയ്യുന്നു. എല്ലാം ബ്രാഹ്‌മണരുടെ ചെയ്‌തികൾ!
സ്വന്തം പാർട്ടി സമ്മേളനത്തിന് ലാലുയാദവൻ തന്നെ പങ്കെടുക്കണമെന്ന് നിർബന്ധമുളളവർ ഒരു ലക്ഷത്തിച്ചില്വാനം കൗണ്ടറിലടച്ച് രസീതി വാങ്ങിവെക്കുകയാണ് ലാലുവിന്റെ നാട്ടിലെ നടപ്പുസമ്പ്രദായം. സമ്മേളനത്തിലാണെങ്കിൽ പുഷ്‌പഹാരങ്ങൾ മുഴുവനായും നോട്ട് മാലയാക്കി കൺവേർട്ട് ചെയ്‌ത് കൊടുക്കണമെന്ന ഉത്തരവും പ്രാബല്യത്തിലുണ്ട്. നോട്ട് മാല വേണമെന്നല്ലേ പറഞ്ഞുളളൂ. കേരളത്തിലെപ്പോലെ കുടൽമാല ചാർത്തുവാനുളള പരിപാടികളൊന്നുമില്ലാത്തത് ഭാഗ്യം.
പുത്രവാത്സല്യത്തിന്റെ കാര്യത്തിലും ലല്ലു ലീഡർ തന്നെയാണ്. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന് വി.ടി പറഞ്ഞപോലെ പുലർച്ചക്കെഴുന്നേറ്റ് അടുപ്പിലെ ചാരവും വാരി ഒരു നാൾ റാബ്രി നേരെ പോയത് മുഖ്യമന്ത്രിക്കസേരയിലേക്കാണ്. ക്രിക്കറ്റ് ഗ്രൗണ്ട് കാണാത്ത ചെക്കനെ 14 വയസ്സിന് താഴെയുളളവരുടെ സംസ്ഥാനടീമിന്റെ ക്യാപ്‌റ്റനാക്കിയതുപോലെ എന്തെല്ലാം വീരകൃത്യങ്ങൾ. ചെക്കനെ ക്യാപ്‌റ്റനാക്കിയതിനെപ്പറ്റി ലല്ലു സത്യം പറയുകയും ചെയ്‌തു. ‘ഒരു പ്രോത്സാഹനം അത്രതന്നെ’ എല്ലാവർക്കും അനുകരണീയമായ ഒരു മാതൃക. പ്രോത്സാഹിപ്പിക്കപ്പെടേണ്ടവരെയെല്ലാം ഇങ്ങനെ അതത് വിഭാഗത്തിന്റെ ഉപദേശകരെങ്കിലുമാക്കുക.
ലല്ലുവിന് പേറ്റന്റിനർഹതയുളള പല കണ്ടുപിടുത്തങ്ങളുമുണ്ട്. ലോകചരിത്രത്തിലെ ആദ്യത്തെ തട്ടിക്കൊണ്ടുപോകൽ രാവണന്റെ സീതാപഹരണമാണെന്നും രാവണൻ ബ്രാഹ്‌മണനാണെന്നും ആയതിനാൽ ബീഹാറിലെ സ്‌ത്രീപീഡനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ബ്രാഹ്‌മണർക്കാണെന്നുമുളള ഒന്നാംതരം കണ്ടുപിടുത്തം പോലെ എന്തെല്ലാം. വിഭജനത്തിനുമുൻപേ 1999ൽ ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബലാൽസംഗങ്ങളുടെ എണ്ണം 731 ആയിരുന്നത് ബീഹാറിൽ നിന്നും ഒരു കഷണം പോയശേഷം 2002ൽ 875 ആയി വർദ്ധിക്കുകയാണുണ്ടായത്. ഭരണചക്രം തിരിക്കുന്നതോ ധീരവനിത. പിൻസീറ്റിലുളളത് ലല്ലു.
കാലം പെരുത്തായി റാബ്രി എന്ന ധീരവനിതയുടെ അടക്കളയിൽ വെച്ച് നടത്തപ്പെടുന്ന ബീഹാർ പാചകത്തിന് ഒരന്ത്യമാവുമെന്നു തോന്നുന്നു. സവർണജാതിക്കാരുടെ സ്വാധീനം നിമിത്തമാണെന്ന് ലല്ലു പറയുന്നു. ഏതായാലും കുറച്ച് കാലം ഭാര്യയുടെ ഭരണപാചകകല ലല്ലു ആസ്വദിച്ചിരുന്നത് ജയിലിൽ നിന്നായിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിതിയിൽ ഏറെ മാറ്റം വന്നിട്ടുണ്ട്. ബീഹാർ പൂർണ്ണമായും റാബ്രിക്കും മക്കൾക്കും കേന്ദ്രം നമുക്കും എന്ന നിലയിലേക്കെത്തിയതായിരുന്നു കാര്യങ്ങൾ.
യാദവരുടെ ആദിഗുരുവായിരുന്ന സാക്ഷാൽ ശ്രീകൃഷ്‌ണഭഗവാന്റെ പാദാരവിന്ദങ്ങളിലായിരുന്നു പണ്ട് ഒരുമാതിരിപ്പെട്ട സവർണൻമാരുടെയൊക്കെ വാസം. പിന്നീടെപ്പെഴോ ചരിത്രത്തിന്റെ ഗതിവിഗതികളിൽ സംഗതി തിരിച്ചുമായി. അങ്ങിനെ യാദവർക്കുവേണ്ടി വീണ്ടുമൊരു കാളിയമർദ്ദനമന്ത്രവുമായി രംഗപ്രവേശം ചെയ്‌ത ലല്ലുയാദവനെ യാദവൻമാർ തോളിലേറ്റി. ഇപ്പോൾ തോളത്തിരുന്നുകൊണ്ട് ലല്ലു കാലിത്തീറ്റക്കുപുറമെ യാദവരുടെ തലയും അകത്താക്കിത്തുടങ്ങിയതോടെ സ്ഥിതിക്ക് മാറ്റം വരാൻ തുടങ്ങി. പഴയ പേരുകേട്ട മതേതരൻ പാസ്വാന്റെ ഇടങ്കോലിടൽ കാര്യം കൂടുതൽ വഷളാക്കുകയും ചെയ്‌തു.
ബീഹാറിലെ മുടിചൂടാമന്നൻ, ബീഹാറെന്നാൽ ലാലു, ലാലുവെന്നാൽ ബീഹാർ എന്നൊക്കെ സ്വയം പ്രഖ്യാപിച്ചു നടക്കുന്ന അഹന്തയുടെ ആൾരൂപത്തിന് തിരിച്ചുപറയാൻ സമയമായി – എല്ലാം സ്വന്തം ചെയ്‌തികൾ റാബ്രിയുടെയും.
Generated from archived content: humor-mar04.html Author: nithyan
Click this button or press Ctrl+G to toggle between Malayalam and English