ചരിത്രപരമായ മണ്ടത്തരങ്ങളും ചരിത്രത്തിലെ ഒരു ശരിയും

മുഹമ്മദ്‌ അലി ജിന്ന മതേതരവാദിയായിരുന്നു. സംഘപരിവാരാചാര്യൻ അദ്വാനി ഇപ്പോൾ പറഞ്ഞ സത്യത്തിന്‌ സമാനമായ ഒരു സത്യം കേട്ടിട്ട്‌ കാലം കുറച്ചായി. സാക്ഷാൽ ഇ.എം.ആചാര്യന്റെ വകയായിട്ടായിരുന്നു ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം. ശ്രീനാരായണഗുരുവും ശിഷ്യൻമാരും രാജാവിന്റെ പാദസേവകരായിരുന്നു. കാരണം കുമാരനാശാൻ രാസാവിൽ നിന്നും പട്ടും വളയും വാങ്ങിയിട്ടുണ്ട്‌.

നമ്മൾ സഖാക്കൾക്കും സംഘപരിവാരങ്ങൾക്കും ഒരു പൊതുസ്വഭാവമുണ്ട്‌. നാവുവളക്കുന്നതിനുമുൻപേ ഒരജണ്ട മനസ്സിലുണ്ടാകും. അതിനാണ്‌ ഫാസിസ്‌റ്റ്‌ സ്വഭാവം എന്ന്‌ സംസ്‌കൃതത്തിൽ പറയുക. പറയുന്നത്‌ പക്ഷേ കേവലസത്യമായിരിക്കും. പറയേണ്ട സമയത്ത്‌ അണ്ണാക്കിൽ പുണ്ണാക്കായിരിക്കും. പിന്നീട്‌ നാളും കോളും ഒത്തുവരുന്ന ശുഭമുഹൂർത്തമായ ഒരനവസരത്തിലായിരിക്കും ആ സത്യം വിളിച്ചുപറയുക. സത്യത്തിൽ ആ നഗ്നസത്യം ചെയ്യുക അസത്യത്തിന്റെ പണിയായിരിക്കും. വിപ്ലവാചാര്യന്റെയും പരിവാരാചാര്യന്റെയും സൂക്തങ്ങൾ നോക്കുക.

സഖാവ്‌ വെറുതെ ചരിത്രം ഒരാവർത്തി വായിച്ചു. കേട്ടവർ ചരിത്രം വിരചിച്ചു മുന്നേറി. മുന്നേറ്റത്തിനൊരന്ത്യം കണ്ടത്‌ അച്ചുതാനന്ദന്റെ സ്വപ്‌നങ്ങൾക്കുമുകളിൽ ഒരു പിടി പച്ചമണ്ണ്‌ വീണശേഷമായിരുന്നു. ചരിത്രത്തിൽ അത്‌ ചുകന്നമണ്ണാണെന്നും ഒരു ശ്രുതിയുണ്ട്‌. കേരളത്തിൽ യു.ഡി.എഫിന്‌ ഭരണം ഉറപ്പാക്കിയശേഷം മാത്രമാണ്‌ നമ്പൂതിരിപ്പാടിന്റെ വിപ്ലവരഥചക്രം മതേതരചളിക്കുണ്ടിൽ പൂണ്ടുപോയത്‌.

പ്രവർത്തിക്കുവാൻ പത്തിരുപതിനായിരം കൈകളും ചിന്തിക്കുവാൻ ഒരൊറ്റ തലയുമുളള ഇതിഹാസ കഥാപാത്രം പോലുളള പ്രസ്ഥാനമായതുകൊണ്ട്‌ ഇതിപ്പോൾ പറഞ്ഞതെന്തിനാണെന്ന്‌ അന്നാരും ചോദിച്ചില്ല. അഥവാ സ്വന്തമായി തലകളുണ്ടെന്ന തോന്നലുണ്ടായവർ തപ്പിനോക്കിയെങ്കിലും തല്‌സമയം തലസ്ഥാനം ചളിക്കുണ്ടായി അനുഭവപ്പെട്ടതുകൊണ്ട്‌ പ്രതികരിച്ചില്ല. തപ്പിനോക്കി തലയുണ്ടെന്ന്‌ ബോധ്യപ്പെട്ടവർ തല തലസ്ഥാനം വിട്ടുപോകാതിരിക്കാൻ ആചാര്യന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വിപ്ലവസൂക്തങ്ങൾ നാലെണ്ണം സ്‌റ്റാലിൻരാഗത്തിൽ ഭക്തിയോടെ ചൊല്ലി.

പലവകയിൽ അവാർഡുകൾ തേടിവന്ന വിപ്ലവകാരികളാരും ശിഷ്‌ടകാലവിപ്ലവജീവിതത്തിലെങ്കിലും നമ്മൾ പാദസേവകരാകരുത്‌ എന്നുകരുതി തിരിച്ചുകൊടുത്തില്ല. ഇരന്നുവാങ്ങിയവരും ചോദിച്ചുവാങ്ങിയവരും ഈ പരിധിയിൽ വരുന്നവരല്ലാത്തതുകൊണ്ട്‌ നമുക്ക്‌ വിട്ടുകളയാം.

സഖാവിന്റെ വിപ്ലവരഥം ചളിക്കുണ്ടിൽ നിന്നും ഒരുവിധം കരേറി മലപ്പുറത്തുകൂടി സഞ്ചരിക്കുമ്പോഴായിരുന്നു അടുത്ത വെളിപാട്‌. ഉടൻ വന്നു ഒരു താരതമ്യപഠനം. മഹാത്മാഗാന്ധിയെ കയ്യുംപിടിച്ച്‌ കൂട്ടിക്കൊണ്ടുപോയി മദനിക്കും സേട്ടിനുമൊപ്പമിരുത്തി. ആ കുറ്റത്തിന്‌ നമ്പൂതിരിപ്പാടിനെ ആരും തൂക്കാൻ വിധിച്ചതൊന്നുമില്ലല്ലോ.

ചരിത്രസത്യങ്ങളിലേക്ക്‌ മുതലക്കൂപ്പ്‌ നടത്തുന്നവർ ഒരിക്കലും തലയടിച്ച്‌ ചത്തുപോകാറില്ല. കാരണം ചരിത്രസത്യമാകുന്ന പാറക്കെട്ടുകളുടെ മുകളിൽ മുഴുവൻ ചളിയാണ്‌. നാലണക്ക്‌ ചരിത്രമെഴുതിക്കൊടുക്കുന്നവർ ഉളളിടത്തോളം ചാടുന്നവർ സ്വന്തം തലയുടെ സുരക്ഷയെപ്പറ്റി ബേജാറാവേണ്ടതില്ല. ഭൂതത്തിന്റെ ഭാവിയെക്കുറിച്ചും ആരും ബേജാറാവേണ്ടതില്ല. ചരിത്രകാരൻമാർ ഭൂരിഭാഗവും പാദസേവകരാകുന്നു. ജനം ചരിത്രം സൃഷ്‌ടിക്കുന്നു. അവർ അത്‌ മാറ്റിയെഴുതുന്നു. അവാർഡുകൾ അവർക്കുളളതാകുന്നു. ആമീൻ.

ഇനി ഒരല്‌പം സംഘപരിവാര ചരിത്രം. മാർക്‌സിസ്‌റ്റുകൾക്ക്‌ മാർക്‌സിനെപ്പോലെയാണ്‌ സംഘപരിവാരത്തിന്‌ സവർക്കർ. രണ്ടുകൂട്ടരുടെയും നെഞ്ചത്താണ്‌ ശിഷ്യൻമാരുടെ താണ്ഡവനടനം. മലർന്നുകിടന്ന്‌ ശിഷ്യൻമാർ തുപ്പുന്നത്‌ ആചാര്യൻമാരുടെ മുഖത്തും. മാനിഫെസ്‌റ്റോയും വിചാരധാരയും എഴുതാൻ തോന്നിയ സമയത്തെ മാർക്‌സും സവർക്കറും സംയുക്തമായി ശപിക്കുന്നുണ്ടായിരിക്കണം. ഒരു പ്രവാചകനെ നശിപ്പിക്കാൻ ദൈവം ശിഷ്യൻമാരെ അങ്ങോട്ടയച്ചുകൊടുക്കുന്നു എന്നാണ്‌. ഇതേറ്റവും ശരിയായി വരുന്നതും ഇവരുടെ കാര്യത്തിലാണ്‌.

1923-ലെ സവർക്കർ തിയറിപ്രകാരം ഹിന്ദുത്വം പ്രത്യേക ഭൂവിഭാഗം സ്വന്തമായുളള ഒരു വർഗത്തിന്റെ സാംസ്‌കാരികമായ ആശയസംഹിതയാണ്‌. അതുപ്രകാരം ഇന്ത്യ ഹിന്ദുക്കളുടേതാകുന്നു. അവിടെ മുസ്ലീംങ്ങൾക്കോ ക്രിസ്‌ത്യാനികൾക്കോ സ്ഥാനമില്ല. കാരണം ഇന്ത്യയെ അവർ അവരുടെ പുണ്യഭൂമിയായി അംഗീകരിക്കുന്നില്ല. അത്‌ മറ്റെവിടെയോ ആണ്‌. ഈ വിചാരധാരയിൽ കെട്ടിപ്പൊക്കിയ സംഘപരിവാരമാണ്‌ സുപ്രീംകോടതിയുടെ ഹിന്ദുത്വ നിർവചനത്തെ സ്വാഗതം ചെയ്‌തതും.

1966-ൽ സുപ്രീംകോടതി ഇന്ത്യയുടെ ഫിലോസഫർ പ്രസിഡണ്ട്‌ എന്ന്‌ ഖ്യാതിനേടിയ രാധാകൃഷ്‌ണന്റെ നിർവചനത്തെ കടമെടുക്കുകയായിരുന്നു- Hindutva is a way of life. ബി.ജെ.പിയും ശിവസേനയും ഹിന്ദൂയിസവും ഹിന്ദുത്വവും തിരഞ്ഞെടുപ്പുവേളയിൽ ഉപയോഗിക്കുന്നതിന്റെ സാധുത ചോദ്യം ചെയ്യപ്പെട്ടപ്പോഴായിരുന്നു ജസ്‌റ്റിസ്‌ ജെ.എസ്‌.വർമ്മയുടെ പ്രശസ്‌തമായ പ്രഖ്യാപനം-“both the terms are indicative more of a way of life of the Indian people and are not confined merely to describe persons practising the Hindu religion as a faith.” സവർക്കർക്ക്‌ ഹിന്ദുത്വവും ഹിന്ദൂയിസവും രണ്ടും രണ്ടായിരുന്നു. കോടതിക്ക്‌ ഒന്നും. സവർക്കറുടെ രണ്ടിനെ തളളി കോടതിയുടെ ഒന്നിനെ കൊണ്ട്‌ തല്‌ക്കാലം തൃപ്‌തിപ്പെട്ടിരിക്കുകയാണ്‌ പരിവാരം.

സവർക്കറുടെ നിരീക്ഷണത്തിൽ നിന്നും ജസ്‌റ്റിസ്‌ വർമ്മയുടെ നിരീക്ഷണത്തിലേക്കുളള ദൂരം ചില്ലറയാണോ? സംഘപരിവാരത്തിന്റെ അടിത്തറ സവർക്കറുടെ നിരീക്ഷണങ്ങളിലല്ലേ? സവർക്കറുടെ വീക്ഷണത്തിന്‌ കടകവിരുദ്ധമായി ഹിന്ദുത്വത്തെ കോടതി നിർവചിച്ചപ്പോൾ എതിർത്തൊരക്ഷരം പറയാതെ അത്‌ ശിരസാവഹിച്ചത്‌ സവർക്കറെ തളളിയതുകൊണ്ടല്ലേ? മതേതരമുഖം ഒരു ഫാഷനാണെന്ന്‌ തോന്നിയതുകൊണ്ടായിരുന്നില്ലേ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം സംഘപരിവാർ സ്വാഗതം ചെയ്‌തത്‌.

ഏതായാലും സഖാക്കളും സംഘപരിവാരങ്ങളും ഒന്നു ശ്രദ്ധിക്കുക. ആരാന്റെ ആടിനെ അടിച്ചുമാറ്റി കരിങ്കുരങ്ങുരസായനമുണ്ടാക്കി വില്‌ക്കുമ്പോൾ കരിങ്കുരങ്ങിന്റേതെന്ന്‌ തോന്നിക്കുന്ന ഒരു വിഗ്ഗെങ്കിലും അടുത്തു കരുതുക. ഇന്ത്യക്കാരനതുമതി.

മതേതര അജണ്ട മുന്നിൽ കണ്ടുകൊണ്ട്‌ അടുത്ത തിരഞ്ഞെടുപ്പിലേക്ക്‌ നടക്കുമ്പോൾ കാലിൽ ചുറ്റിയ വളളിയായി ജിന്ന. വായിൽ നിന്ന്‌ വന്നതാകട്ടെ ലോകം അധികം അറിയാത്ത ഒരു വലിയ സത്യവും.

Generated from archived content: humor-june10-05.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English