ആരുമാരും മാറിനില്‌ക്കാതെ കടന്നുവരുന്നതിന്റെ പ്രത്യയശാസ്‌ത്രം

ലോകടൂറിസം മാപ്പിൽതന്നെ കേരളത്തിന്‌ മാന്യമായൊരിടം നേടിക്കൊടുത്ത രണ്ടു സംഗതികളായിരുന്ന വഴിയോരത്തെ ഭൂതം-ഭാവി-വർത്തമാനം മൊത്തക്കച്ചവടവും ലോട്ടറിവില്‌പനയും. ലോകത്ത്‌ ഒരു സ്ഥലത്തും കാണാൻ പറ്റാത്ത നയനമനോഹരമായ കാഴ്‌ച.

മാലോകരുടെ മൊത്തം ഭാവിയെക്കുറിച്ച്‌ യാതൊരുവിധ സംശയവുമില്ല. സ്വന്തം ഭൂതവും ഭാവിയും വർത്തമാനവും ഒരു ടെന്റിൽ പരസ്‌പരം കൂട്ടിമുട്ടാതെ ഇരിക്കുന്നതിൽ സങ്കടവുമില്ല. ഏതാണ്ട്‌ ഇന്ത്യൻ കറൻസിയിലുളളത്ര ഭാഷയിൽ കൈനോട്ടക്കാരൻ എന്നെഴുതിയ ഒരു ടെന്റാണ്‌ സർവ്വസ്വം. ആൾ ഒന്നാംതരം ബൂർഷ്വ. കാരണം സ്വന്തമായി പണിയായുധവും മൂലധനവുമുണ്ട്‌. പണിയായുധം ടെന്റ്‌ മൂലധനം ആറുമുഴം നീളമുളള ഒരു നാക്ക്‌.

ആരുമാരും മാറിനിൽക്കാതെ കടന്നുവരു…വെറും തുച്ഛമായ രണ്ടുരൂപ മുടക്കി ടിക്കറ്റുകൾ ചോദിച്ചു വാങ്ങൂ. കോടിപതിയാക്കൂ… ഓണത്തിനുംകൂടി രണ്ടെണത്തോർത്ത്‌ ഒന്നായി വാങ്ങാനാവാത്തവരെ കോടിപതിയാക്കുന്ന താന്ത്രികവിദ്യ പരീക്ഷിക്കുവാൻ ദൈവം വിണ്ണിൽ നിന്നും മണ്ണിലേക്കയച്ച ഭാഗ്യത്തിന്റെ തിരുസൂക്ഷിപ്പുകാരൻ അഥവാ അംഗ്രേസിയിൽ ലോട്ടറി ഏജന്റ്‌.

ലോകടൂറിസം മാപ്പിൽ എന്നു തുടങ്ങുവാൻ നിത്യന്‌ മതിയായ കാരണങ്ങളുണ്ട്‌. രണ്ടുകാലിനും ഒറ്റക്കമ്പനി ചെരുപ്പിടാൻ വകയില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട്ടിലെ അന്തേവാസികളെ കാണുവാൻ ബിലാത്തിയിൽ നിന്നും മറ്റു വാഗ്‌ദത്തഭൂമികളിൽ നിന്നും ഇങ്ങോട്ടു കെട്ടിയെടുക്കുന്നത്‌ രണ്ടുജോടി ട്രൗസർ ഒന്നായി വാങ്ങുവാൻ ഗതിയില്ലാത്ത ദരിദ്രവാസി സായിപ്പിനെയാണ്‌.

രണ്ടുമൂന്നുമാസത്തെ തൊഴിലില്ലായ്‌മാ വേതനം കൈയ്യോടെ വാങ്ങി ഇങ്ങോട്ടുപോന്നാൽ ഒന്നുരണ്ടുകൊല്ലം വൃത്തിയായി ഇന്ത്യാമഹാരാജ്യത്തിൽ അല്ലലില്ലാതെ കഴിയാം. കോള കുടിക്കാം, മുന്തിയ സിഗരറ്റു വലിക്കാം, ചരകസംഹിതയിലും സുശ്രുതസംഹിതയിലും പേരെടുത്തു പ്രസ്താവിച്ചിട്ടുളള മലയാളിപ്പെൺകൊടിമാരുടെ കൈകൊണ്ടുളള തിരുമ്മുവേദം ആസ്വദിക്കാം, കോവളം കടപ്പുറത്തുപോയി കഞ്ചാവുപുക വിടാം. ആകപ്പാടെ എടുക്കാതെ തന്നെയടിച്ച ഒരു ലോട്ടറി.

മഹാവിപ്ലവകാരികളുടെ കാലത്ത്‌ പരമ്പരാഗത വേഷമണിഞ്ഞ മലയാളിപ്പെൺകൊടിമാരായിരുന്നു അർദ്ധനഗ്നനായ സായിപ്പിനെ അർദ്ധനഗ്നനായ ഫക്കീറിന്റെ നാട്ടിലേക്ക്‌ സ്വീകരിച്ചാനയിച്ചത്‌. ഉണ്ണിയാർച്ചയുടെ അനന്തരാവകാശികളായ കോളജുകുമാരിമാർ. ഉഡുരാജമുഖി മൃഗരാജകടി ഗജരാജവിരാജിത മന്ദഗതി സ്‌റ്റൈലിലുളള നമ്മുടെ കുട്ടികളുടെ അന്നനടയിൽ സായിപ്പുവീണു. ടൂറിസം വ്യവസായം പൊടിപൊടിച്ചു. നാടിന്റെ ഭാവി ഇല നക്കിയ സായിപ്പിന്റെ ചിറി നക്കുന്നതിലാണെന്ന്‌ കണ്ടെത്തിയ ഡോക്‌ടറേറ്റ്‌ ബുദ്ധികൾക്കും കമ്മ്യൂണിസം ലോട്ടറിടിക്കറ്റിലൂടെ എന്നു പ്രഖ്യാപിച്ച ആചാര്യനും സ്‌തുതി.

അനന്തരം വിപ്ലവകാരികളും ബുദ്ധിജീവികളും സാംസ്‌കാരിക മേഖല മൊത്തക്കച്ചവടത്തിന്‌ പാട്ടത്തിനെടുത്തവരും കൂടി കടൽക്കൊളളക്കാരൻ ഗാമയെ ആദരിച്ച്‌ ഒരു പ്രതിമ സ്ഥാപിച്ചു ഘോരഘോരം പ്രസംഗിച്ചു. അണ്ടിപ്പരിപ്പ്‌ തിന്നു. ഘോരഘോരം പ്രസംഗിച്ച വിപ്ലവകാരികളുടെ അന്തസ്സിന്‌ ഒരു റീത്ത്‌ സാമൂതിരിയും കുഞ്ഞാലിമരക്കാറും കൂടി നാലാംലോകത്തിരുന്ന്‌ സമർപ്പിച്ചു. സംഗതി ശുഭം.

ഹരദനഹളളി ദൊഡ്ഡദേവഗൗഡർ പ്രധാനമന്ത്രിയും ലല്ലുപ്രസാദയാദവൻ പാവങ്ങളുടെ പടത്തലവനും തീരെ മതചിഹ്നമല്ലാത്ത ഒരു തലേക്കെട്ടും താടിയും കൈമുതലായുളള സുർജിത്‌സിങ്ങ്‌ മതേതരത്വത്തിന്റെ പ്രവാചകനും ഒരു ത്യാഗപ്പന്തയത്തിൽ മഹാത്മാഗാന്ധിയെപ്പോലും ബഹുദൂരം പിന്നിലാക്കി കോൺഗ്രസുകാർക്ക്‌ മാതൃക കാട്ടിയ സോണിയ കിങ്ങ്‌മേക്കറുമായ നാട്ടിൽ ജനം പണിയെടുക്കുന്നതിലും നല്ലത്‌ ലോട്ടറിയെടുക്കുന്നതാണെന്ന്‌ കരുതിയതിലെന്താണ്‌ തെറ്റ്‌?

ഈ വളയമില്ലാച്ചാട്ടങ്ങളെല്ലാം കണ്ടുനിൽക്കുന്ന മലയാളി ലോട്ടറി ടിക്കറ്റിലും ഭൂതം ഭാവി ടെന്റിലും അഭയം പ്രാപിച്ചതിൽ തെറ്റുപറയാനൊക്കില്ല. ഭാഗ്യം എന്ന സംഗതിയുടെ അപാരതീരത്താണ്‌ നമ്മുടെ വാസം. ലോട്ടറി ടിക്കറ്റെടുക്കാൻ പഠിച്ച നമ്മൾ ഭാഗ്യവാൻമാർ. ലോട്ടറിടിക്കറ്റിലാണ്‌ മലയാളിയുടെ ഭാവിയെന്ന്‌ പഠിപ്പിച്ച യോഗ്യൻമാർ അതിലേറെ ഭാഗ്യവാൻമാർ.

Generated from archived content: humor-feb17-05.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here