വക്കം സ്‌മാരക ബിയർ പാർലർ-വിളമ്പുന്നത്‌ പുരുഷോത്തമൻമാർ

ഗ്രഹണി പിടിച്ച കേരളത്തിനെ ജിമ്മിലയച്ചാൽ നന്നാവും എന്നൊരഭിപ്രായം പണ്ട്‌ കുഞ്ഞാലിക്കുട്ടിക്കുണ്ടായിരുന്നു. പ്രവാചകൻ റജീനയെ ഇങ്ങോട്ടയച്ച്‌ അത്‌ കുളംതോണ്ടി. കുറുന്തോട്ടിക്ക്‌ വാതമെന്നപോലെ താമസിയാതെ ജിമ്മിന്‌ ക്ഷയം പിടിച്ചു. പുരുഷോത്തമനുടെ മുൻഗാമി പുതിയ മുദ്രാവാക്യമുയർത്തി-കേരളത്തെ രക്ഷിക്കുവാൻ കുടിയനെ വിളിക്കൂ. മദ്യപാനീം ദേവോ ഭവഃ എന്നെഴുതിവച്ചില്ലെന്നുമാത്രം. വക്കമാണെങ്കിൽ വെറും പുരുഷോത്തമൻ മാത്രമല്ല യഥാർത്ഥ കോൺഗ്രസുകാരനാണെന്നും കൂടി തെളിയിച്ചിരിക്കുന്നു.

ജിമ്മുകൊണ്ട്‌ തടി നന്നാവില്ലെന്നുറപ്പായ സ്ഥിതിക്ക്‌ അടുത്തപരിപാടി മദ്യത്തിലൂടെ നന്നാക്കുകയാണ്‌. ഗ്രഹണിപിടിച്ച പിളേളരെ കളളിൽമുക്കിയ റൊട്ടി കൊടുത്തു രക്ഷിക്കുന്ന അതേ ചാരായസംഹിത വഴിയാണ്‌ ചികിത്സ. ജിമ്മിന്‌ വേണ്ടി കലക്കിയ ആറുകോടിയിൽ മുളച്ചതാകട്ടെ ഒരു സ്വർണപീടികയും. ജിമ്മിന്റെ അകത്ത്‌ കയറി പുറത്ത്‌ നോക്കിയാൽ കാണുന്നതാകട്ടെ വാഗ്‌ദാനങ്ങളുടെ അതിവിശാലമായ ഒരു ഷോറും. വാജ്‌പേയിയുടെ ഒരു കവിതയും.

പരസ്യമായി കളളുകുടിയൻ എന്ന്‌ രഹസ്യമായി കളളുകുടിക്കുന്നവൻ വിളിക്കുന്ന മദ്യപാനി കുടിച്ചുവറ്റിക്കുന്നത്‌ 15000 കോടി രൂപയുടെ സംഗതിയാണ്‌. ഇത്‌ ഖജനാവിലേക്കു കൊണ്ടുവരുന്നതാകട്ടെ നൂറുകണക്കിന്‌ കോടികളും. ഇനി പറയുക. നെഞ്ചത്ത്‌ കൈവച്ചു പറയുക. ആറുകോടി പൊട്ടിച്ച്‌ നാടുമുടിച്ച ജിമ്മാണോ യോഗ്യൻ അതോ നൂറ്റിച്ചില്വാനം കോടി കൊണ്ടുവരുമ്പോൾ പൊട്ടിയ കുപ്പികളോ. മദ്യപാനീം ദേവോ ഭവഃ

നിത്യേന (നിത്യനാൽ എന്ന സംസ്‌കൃതമല്ല) കുപ്പിപൊട്ടിച്ച്‌ മദിരായാഗം നടത്തി ഖജനാവിൽ കറൻസിമഴ പെയ്യിക്കുന്നവരാണ്‌ ശരിക്കും സുരഗണത്തിൽ പിറന്നവർ എന്ന്‌ മുഴുവനാളുകളും ഇനിയെങ്കിലും മനസ്സിലാക്കുക. ബാക്കിയുളളവർ മുഴുവനും അത്‌ തിന്നുമുടിക്കുന്ന അസുരഗണത്തിലും. സുരപാനം ചെയ്യുന്നവൻ അഥവാ കളളുകുടിക്കുന്നൻ ആരോ അവൻ സുരൻ എന്നും സുര കണ്ണിന്‌ കണ്ടുകൂടാത്തവൻ ആരോ അവൻ അസുരൻ എന്നുമാണ്‌, സംശയാലുക്കൾ വിവരദോഷികളോട്‌ ചോദിക്കുക.

മദ്യപാനികളിൽ നിന്നും ആരും ഒന്നും പ്രതീക്ഷിക്കാത്ത കാലത്ത്‌ അവരിൽനിന്നേ എന്തെങ്കിലും പ്രതീക്ഷിക്കാവൂ എന്നത്‌ ചില്ലറ കണ്ടുപിടുത്തമൊന്നുമല്ല. മറ്റുപലതിനുമെന്നപോലെ വക്കത്തിന്‌ ഇതിനും ഒരു പേറ്റന്റ്‌ കിട്ടേണ്ടതാണ്‌. പൊതുവെ നാട്ടിനും വീട്ടിനും ഉപകാരമില്ലാത്ത ജീവജാലങ്ങളാണ്‌ മദ്യപാനികൾ എന്നൊരു ധാരണയുണ്ട്‌. എന്നാൽ കേട്ടോളുക, കേരളത്തിന്‌ മദ്യപാനികളിൽ നിന്നും ലഭിക്കുവാൻ പോകുന്നത്‌ നൂറുകണക്കിന്‌ കോടികളാണ്‌.

ചുറ്റിലും പ്രഭാപൂരം വിതറി സ്വയം കത്തിയമരുന്ന മെഴുകുതിരിപോലെ വെളളമടിച്ച്‌ ചുറ്റിലും ഛർദ്ദി വിതറി രാജ്യത്തിനായി മരിക്കുന്ന രാജ്യസ്‌നേഹിയാണ്‌ ഓരോ കുടിയനും. കുടിയാൻമാരോടുളള പരിഗണനപോലും അവരോട്‌ നാം കാട്ടുന്നുണ്ടോ. കഷ്‌ടം. യഥാർത്ഥ രാജ്യസ്‌നേഹികളായ അവരെ ആദരിക്കുന്നതിന്‌ പകരം അവഹേളിക്കുന്ന പതിവ്‌ ഉടൻ അവസാനിപ്പിക്കുക. മദ്യം പത്മതീർത്ഥം പോലെ പരിശുദ്ധമായ ഒരു വസ്‌തുവാകയാൽ മുക്കിന്‌ മുക്കിന്‌ ടെലിഫോൺ ബൂത്തുപോലെ ഒരു ചെറിയ സംഗതിയെങ്കിലും ഒപ്പിച്ച്‌ വിതരണ സമ്പ്രദായം നവീകരിക്കുക. തുല്യനീതി ഉറപ്പുവരുത്തുക. വയോജനങ്ങൾക്ക്‌ വേണ്ടി പാൽ വിതരണം പോലെ ഒരേർപ്പാട്‌ രാവിലെയും വൈകുന്നേരവും.

നാളെയുടെ വാഗ്‌ദാനം ഇന്നത്തെ പിളേളരാണ്‌. അതുകൊണ്ട്‌ ഒരു നല്ല രാജ്യസ്‌നേഹിയായ കുടിയനായി ഓരോ കൈക്കുഞ്ഞിനെയും നമ്മൾ മാറ്റിയെടുക്കേണ്ടതുണ്ട്‌. ഇടയ്‌ക്കുവച്ച്‌ കൈകടഞ്ഞതുകൊണ്ട്‌ നിന്നുപോയ ഒരു പദ്ധതിയുണ്ട്‌. കഴിഞ്ഞ ബജറ്റിലേത്‌. ഒരു കപ്പ്‌ പാലും ഷെയ്‌ക്ക്‌ ഹാന്റും. അത്‌ ഒരു ലാൻജും പൂരം തെറിയും എന്ന്‌ പുനർനാമകരണം ചെയ്യുകയുമാവാം. കാമ്പസുകളിലെ മയക്കുമരുന്ന്‌ വില്‌പനക്കാരെ കണ്ടിട്ടില്ലേ. അതുപോലെ വിജയ്‌മല്യയെപ്പോലുളള ഉദാരമതികൾ ഫ്രീയായി ഒരു മാസമെങ്കിലും സാധനം തരാതിരിക്കില്ല. ഇനി വൈകരുത്‌. നമുക്ക്‌ നൻമകൾ കാത്തുസൂക്ഷിക്കാം.

ഇന്നലെ ഒരു സുഹൃത്തിന്റെ പരാതി കേട്ടു. നിത്യാ ഇന്നാട്ടിൽ മനസ്സമാധാനമായി ഒരു പെഗ്ഗടിക്കുവാനുളള സ്വാതന്ത്ര്യവുമില്ലേ എന്നായിരുന്നു കരളലിയിപ്പിക്കുന്ന ചോദ്യം. മൂപ്പര്‌ ദേവരൂപം കൈക്കൊണ്ട്‌ ദേവലോകത്തുകൂടെ സ്വന്തം ഇരുചക്രങ്ങളിൽമേലങ്ങനെ ഫുൾവീലിൽ സഞ്ചരിക്കുമ്പോഴായിരുന്നു മഹാപാപി ഹൈവേപോലീസ്‌ കയറിപ്പിടിച്ചത്‌. ഒരു തികഞ്ഞ രാജ്യസ്‌നേഹിയായ ആ സുഹൃത്ത്‌ ഒരു മാസത്തെ വേതനം മുഴുവൻ എക്‌സൈസ്‌ വകുപ്പിലേക്കടക്കുന്നയാളാണെന്ന ഒരു പരിഗണനപോലും കാട്ടിയില്ല കാട്ടാളൻമാർ. പോരാഞ്ഞ്‌ മഹാപാപികൾ ലൈസൻസിനും ചോദിച്ചുകളഞ്ഞു. ഇത്തരം നിലപാടുകളിൽമേലാണ്‌ അച്യുതാനന്ദൻ പറഞ്ഞ അവസാനത്തെ ആണി ഉടൻ തന്നെ അടിക്കേണ്ടത്‌.

ഇതിനിടയിൽ കുറെ വർഷങ്ങളായി സംസ്ഥാനത്തെ രക്ഷിക്കാനുളള വ്യഗ്രതയിൽ എത്രയോ രാജ്യസ്‌നേഹികൾ അന്ധരായിപ്പോയിട്ടുണ്ട്‌. ഒരുപകാരവുമില്ലാത്ത ഹിന്ദിപ്രചാരകർക്കൊക്കെ കൊടുക്കുന്ന ചില്ലറ പെൻഷനുണ്ട്‌. അടിയന്തിരമായി അത്‌ വെളളം കുടിച്ച്‌ കണ്ണുപോയ അന്ധർക്കുളള പെൻഷനാക്കി മാറ്റി വകയിരുത്തുക. ഖാദിപ്രചാരകർക്ക്‌ കൊടുക്കാനുദ്ദേശിക്കുന്നത്‌ ഒന്നും ചെയ്‌ത്‌ കളയരുത്‌. ഖാദി പ്രചാരകർ എന്നുപറഞ്ഞാൽ അലക്കിത്തേച്ച്‌ ബസ്സിന്‌ ബോഡികൂട്ടിയപോലെ ഖദർകുപ്പായമിട്ട്‌ തേരാപാരാ നടക്കുന്ന കോൺഗ്രസുകാരും മദ്യമുതലാളിമാരും. അവർ എന്തുകൊണ്ടും അതർഹിക്കുന്നുണ്ട്‌. അവരില്ലാതെ നമുക്കെന്താഘോഷം? ഒഴി ഒരു ലാർജും കൂടി. ഒരിത്തിരി അച്ചാറും.

Generated from archived content: homour1_mar23.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here