കേരളം ഭ്രാന്താലയമെന്ന്‌ വിവേകാനന്ദൻ പറഞ്ഞുവോ?

കേരളസംസ്ഥാന രൂപീകരണം നടന്നത്‌ 1956-ലാണ്‌. കേരളം ഭ്രാന്താലയമെന്ന്‌ പ്രസ്‌താവന നടത്തിയെന്ന്‌ ചരിത്രകാരൻമാർ പറയുന്ന വിവേകാനന്ദസ്വാമി സമാധിയായത്‌ 1902ലാണ്‌. അപ്പോൾ ഈ പ്രസ്‌താവന വന്നത്‌ 1902ന്‌ മുൻപായിരിക്കും. അതായത്‌ കേരളം എന്ന സംസ്ഥാനം നിലവിൽ വരുന്നതിന്‌ മുൻപ്‌. മലബാർ അന്ന്‌ മദിരാശിയുടെ ഭാഗം. ഇവിടെ അതിന്‌ രണ്ട്‌ ദശാബ്‌ദങ്ങൾക്ക്‌ ശേഷം നടന്ന മലബാർ കലാപം (1921) എന്തേ കേരള കലാപം എന്നറിയപ്പെടാതെ പോയത്‌. വീണ്ടും ഒന്നരദശകങ്ങൾക്ക്‌ ശേഷം വന്ന തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം (1936) എന്തേ കേരള ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടാതിരുന്നത്‌?

ഇത്‌ രണ്ടും മലബാറിന്റെയും തിരുവിതാംകൂറിന്റെയും പ്രത്യേകം പേരുകളിലാവുമ്പോൾ ഭ്രാന്താലയപ്പട്ടം മാത്രം കേരളത്തിന്റെ പേരിലായിപ്പോയതെന്തുകൊണ്ടാണ്‌? ഐക്യകേരളം രൂപീകരിക്കപ്പെടുന്നതിന്‌ അരനൂറ്റാണ്ടുമുൻപുതന്നെ സ്വാമിജിക്ക്‌ കേരളമെന്ന പദം കിട്ടിയതെങ്ങിനെയാണ്‌? മലബാറും മദിരാശിയും തിരുവിതാംകൂറും തിരിച്ചറിയുവാനുളള വിവേകം സ്വാമിജിക്കില്ലാതെ പോയെന്നാണോ കരുതേണ്ടത്‌? ഇനി നമ്മുടെ ചരിത്രകാരൻമാർ ഈദി അമീനിനെക്കാളും തരംതാണവരായിപ്പോയി എന്നതുകൊണ്ടോ?

ഒരു വസ്‌തുതകൂടി. ലോകത്തിലെ ആദ്യത്തെ ഈഴവ ഡോക്‌ടറായിരുന്നു ഡോക്‌ടർ പല്‌പ്പു. തീയ്യനായതുകൊണ്ട്‌ ദൈവം സഹായിച്ച്‌ ഒരൊറ്റ ആശുപത്രിയിലും ഡോക്‌ടർക്ക്‌ സീറ്റ്‌ കിട്ടിയില്ല. തിരുവിതാംകൂറുകാരനായിരുന്ന ഡോ.പല്‌പ്പു അന്നത്തെ തിരുവിതാംകൂർ രാജാവിന്‌ ഒരപേക്ഷ കൊടുത്തു. മൂപ്പരെ ഡോക്‌ടറായി നിയമിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും പറഞ്ഞ്‌ രാജാവ്‌ കടലാസു കീറി. കുഷ്‌ഠരോഗിയുടെ സ്ഥാനം പോലും പല്‌പ്പുവിന്‌ കിട്ടിയില്ലെന്നർത്ഥം.

അങ്ങിനെയാണ്‌ അദ്ദേഹം മൈസൂരിലേക്ക്‌ പോകുവാനിടവരുന്നതും വിവേകാനന്ദനുമായി സന്ധിക്കുന്നതും. സ്വാമിജി തിരുവിതാംകൂറിലെ വിശേഷങ്ങളറിഞ്ഞതും ഭ്രാന്താലയമാണതെന്ന്‌ പ്രതികരിച്ചതും. അതിനെ ചികിൽസിച്ചു ഭേദമാക്കാൻ പല്‌പ്പുവിനെത്തന്നെ നിയോഗിച്ചതും, ആദ്യം ഒരു സന്യാസി വര്യനെ കണ്ടെത്തണമെന്ന വിവേകാനന്ദന്റെ ഉപദേശമാണ്‌ ശ്രീനാരായണഗുരുവിനെ കണ്ടെത്താൻ പല്‌പ്പുവിന്‌ പ്രേരണയായത്‌. ഓർമ്മിക്കുക. എസ്‌.എൻ.ഡി.പിയുടെ പ്രസ്സും മാസികയും എല്ലാം വിവേകാനന്ദന്റെ പേരിൽ നിന്നുമാണ്‌ – വിവേകോദയം.

അതുകൊണ്ട്‌ ഒരുകാര്യം പറയുവാൻ ആഗ്രഹിക്കുന്നു. സംസ്ഥാനങ്ങൾ ലയിക്കുന്നതോടുകൂടി അവയുടെ ചരിത്രവും ലയിച്ച്‌ ഒന്നാകും എന്നൊരു വേദപുസ്‌തകത്തിലും പറയുന്നില്ല. അവയെപ്പറ്റി മറ്റുളളവർ പറഞ്ഞത്‌ തിരുത്താനും ആർക്കും അധികാരമില്ല.

Generated from archived content: essay1_june4.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here