വളരെ നേരം മുമ്പ് തന്നെ വന്നു നിറഞ്ഞ ഇരുട്ടിന്‍റെ സഹാചാരിയെന്നോണം നിശബ്ദതയുടെ തീക്ഷ്ണതയും കൂടി വന്നു. കുറച്ചകലെ കത്താന്‍ ശ്രമിച്ചു പരാജയപ്പെടുന്ന ട്യൂബ് ലൈറ്റിനു കീഴെ ഇരിക്കുന്ന ചുമട്ടു തൊഴിലാളികളെയൊഴിച്ചാല്‍ ഏകാന്തതയും. എവിടെ നിന്നോ അകന്നു പോകുന്നവരും എങ്ങോട്ടോ എത്തിച്ചേരുന്നവരും നിറഞ്ഞ ഒരു തീവണ്ടി നിര്‍ത്താതെ കടന്നു പോയി. അല്ലെങ്കിലും വളരെക്കുറച്ച് വണ്ടികള്‍ മാത്രമേ ആ സ്റ്റേഷനില്‍ നിര്‍ത്തുക പതിവുള്ളൂ. ഏതോ ഗുഡ്സ് ട്രെയിന്‍ വരാനാണെന്ന് തോന്നുന്നു, ഈ വൈകിയ നേരത്തും ആ ചുമട്ടുകാര്‍ കാത്തിരിക്കുന്നത് .
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് അയാള്‍ താന്‍ ബാല്യകാലം ചിലവിട്ട ഈ നാട്ടിലേക്കും തന്‍റെ ഓര്‍മകളില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്ന ഈ റെയില്‍വേ സ്റ്റേഷനിലേക്കും തിരികെ വരുന്നത്. പക്ഷെ എല്ലാം വല്ലാതെ മാറിയിരുന്നു. കടന്നു പോകുന്ന തീവണ്ടികളിലെ അപരിചിതരായ യാത്രക്കാര്‍ക്ക് നേരെ കൈവീശിക്കാട്ടാനായി ചങ്ങാതിമാരുമൊന്നിച്ച് ചില്ലകളില്‍ കയറിയിരുന്ന ആ മരം ഇപ്പോഴും ഉണ്ട്. എങ്കിലും അതൊരുപാട് വളര്‍ന്ന് ഇരുട്ടില്‍ ഏതോ മുത്തശ്ശിക്കഥകളിലെ രാക്ഷസന്‍റെ പ്രതീതിയാണ് ഉണ്ടാക്കുന്നത്. അയാള്‍ തന്‍റെ പഴയ വീട് നിന്നിടത്തും പോയിരുന്നു. ഇപ്പോള്‍ ആ വീടവിടെയില്ല. ഓരോ തീവണ്ടിയും ചൂളം വിളിച്ച് കടന്നു പോകുമ്പോള്‍ കുലുങ്ങി വിറച്ചിരുന്ന അതിന്‍റെ ഭിത്തികള്‍ ഇല്ല. ചാണകം മെഴുകിയ തറയില്ല. ആ ചൂളം വിളികളെ പേടിച്ച് കരയുമ്പോഴൊക്കെ തന്നെ മാറോടടക്കിയാശ്വസിപ്പിച്ച അമ്മയുമില്ല. റെയില്‍വേ സ്റ്റേഷന്‍ മാത്രം മാറ്റമൊന്നുമില്ലാതെ അവിടെ തന്നെയുണ്ടായിരുന്നു.
പിന്നീടെപ്പോഴോ തീവണ്ടിയുടെ ശബ്ദവും ചൂളം വിളികളും തനിക്കു പ്രിയപ്പെട്ടതായിത്തീര്‍ന്നതായി അയാള്‍ ഓര്‍ക്കുന്നുണ്ട്. വേഗത്തില്‍ കടന്നു പോകുന്ന തീവണ്ടി പടച്ചുവിടുന്ന ചെറിയ കാറ്റും, ആ തീവണ്ടികളിലെ യാത്രക്കാരെയും അയാള്‍ ഇഷ്ടപെട്ടിരുന്നു. അതുകൊണ്ടൊക്കെയാണ് 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഇവിടേക്കു തന്നെ തിരിച്ച് വരാന്‍ അയാള്‍ തീരുമാനിച്ചത്.
വീണ്ടും ഒരു ട്രെയിന്‍ കടന്നു പോയി. ചെറുതായി ഒന്ന് സ്ലോ ചെയ്തപ്പോള്‍ ഏതോ ഒരു ബോഗിയില്‍ നിന്നൊരു കുട്ടി ചാടിയിറങ്ങുന്നത് അയാള്‍ ശ്രദ്ധിച്ചു. ഒറ്റ നോട്ടത്തില്‍ തന്നെ ട്രെയിനില്‍ ഭിക്ഷയെടുക്കുന്ന കുട്ടിയാണെന്ന് അയാള്‍ക്ക് മനസ്സിലായി. പക്ഷെ ട്രെയിന്‍ കടന്നുപോയിക്കഴിഞ്ഞപ്പോള്‍ മറുവശത്ത് പൂത്തു നിന്നിരുന്ന വാകമരം അയാളുടെ ശ്രദ്ധയെ അവനില്‍ നിന്നെടുത്തു കളഞ്ഞു. അതിലെത്ര പൂക്കളുണ്ട്? ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ…. അയാളുടെ കണ്ണടഞ്ഞു പോകുന്നുണ്ടായിരുന്നു. അതല്ലെങ്കിലും പണ്ട് ഉണര്‍ന്നിരുന്നു നൂറു കൂട്ടം കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്ന കാലത്തും പിന്നെ എല്ലാം ഉപേക്ഷിച്ച് മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഉറക്കത്തില്‍ അഭയം പ്രാപിച്ചിരുന്ന കാലത്തും അയാള്‍ പത്ത് മണിക്ക് ശേഷം ഉണര്‍ന്നിരുന്നിട്ടില്ല . അതാണ് ശീലം. അത്ര തന്നെ. എങ്കിലും ഇന്നയാള്‍ക്ക് ഉണര്‍ന്നിരിക്കണം. അടുത്ത വണ്ടിക്കാണ് പോകേണ്ടത് എന്നയാള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു… തണുത്ത കൈകളുടെ നനുത്ത സ്പര്‍ശമാണ് അയാളെ ഉണര്‍ത്തിയത്. അത് അവനായിരുന്നു. അവന്‍ തന്‍റെ നേരെ കയ്യും നീട്ടി പിടിച്ച നില്‍പ്പാണ്. പതിവില്ലാതെ സ്റ്റേഷനില്‍ ഒരു യാത്രക്കാരനെ കണ്ടപ്പോള്‍ ഒന്ന് കൈ നീട്ടിക്കളയാം എന്നവനു തോന്നിക്കാണും. അപ്പൊഴാണയാള്‍ അവന്‍റെ വേഷം ശ്രദ്ധിച്ചത്. അവനെപ്പോലെ രണ്ടുമൂന്നുപേര്‍ക്ക് കൂടി കയറാവുന്നത്ര വലിപ്പം ഉള്ള ടി- ഷര്‍ട്ട്. അതവന്‍റെ നിക്കറിനെയും മറച്ച്, ഒരു ജുബ്ബ പോലെ മുട്ടുവരെ എത്തുന്നുണ്ടായിരുന്നു. പണക്കാരായ മാതാപിതാക്കള്‍ ഫാസ്റ്റ് ഫുഡ് കൊടുത്തു വളര്‍ത്തുന്ന കുട്ടികള്‍ക്ക് മാത്രം പാകം ആകുന്ന ഒരെണ്ണം. ആ വൈചിത്ര്യം ഓര്‍ത്ത് ചിരിക്കാനാണ് അയാള്‍ക്ക് തോന്നിയത്. പക്ഷെ ചിരിച്ചില്ല. മറ്റാര്‍ക്കോ വേണ്ടി തയ്പ്പിച്ച കുപ്പായമിട്ട് ശ്വാസം മുട്ടി ജീവിക്കുന്ന തന്‍റെ സ്ഥിതിയും മറ്റൊന്നല്ല എന്നാലോചിച്ചിട്ടാവണം അയാള്‍ ചിരിച്ചില്ല.
അവന്‍ കുറെ നേരം അയാളുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി നിന്നു. പിന്നെ നിരാശയോടെ തിരികെ നടക്കാന്‍ തുടങ്ങി. പെട്ടന്ന് ചിന്തയില്‍ നിന്നുണര്‍ന്നിട്ടെന്നവണ്ണം അവനെ അയാള്‍ തിരികെ വിളിച്ചു. എന്നിട്ട് തന്‍റെ പേഴ്സ് അതേപടി അവനു നേരെ നീട്ടി. ഒരു നിമിഷം സംശയിച്ച് നിന്ന ശേഷം അവന്‍ അയാളോട് പറഞ്ഞു ” വേണ്ട സര്‍, എന്‍റെ കയ്യില്‍ പേഴ്സ് കണ്ടാല്‍ ഞാന്‍ മോഷ്ടിച്ചതാണെന്നെ മറ്റുള്ളവര്‍ പറയൂ. എനിക്കെന്തെങ്കിലും തന്നാ മതി”. അവന്‍റെ മറുപടി അയാളെ തെല്ലമ്പരപ്പിച്ചു. അയാള്‍ പേഴ്സില്‍ നിന്നും ആകെയുണ്ടാരുന്ന മുപ്പത് രൂപ അവന്‍റെ നേര്‍ക്ക് നീട്ടി. അവനതു വാങ്ങി നടന്നകന്നു. ഇനിയുമവിടെ നിന്നാല്‍ വീണ്ടും ഉറങ്ങിപ്പോകും എന്ന് തോന്നിയതുകൊണ്ട് അയാള്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി.
പത്തു മിനിറ്റ് നടന്നപ്പോഴേക്കും അയാളുടെ കാലുകള്‍ വേദനിച്ച് തുടങ്ങി. അയാള്‍ റെയിലില്‍ ഇരുന്നു. തിരികെ പോക്കറ്റില്‍ വയ്ക്കാന്‍ മറന്നു പോയ പഴ്സ് വെറുതെ തുറന്നു നോക്കി. ഒരു ക്രെഡിറ്റ് കാര്‍ഡ്, പിന്നെ ഐ ഡി കാര്‍ഡും. പഴ്സ് അവനു കൊടുക്കാഞ്ഞത് നന്നായി എന്നയാള്‍ക്ക് തോന്നി. ഒരജ്ഞാത മൃതദേഹമായി സംസ്കരിക്കപ്പെടെണ്ടതില്ല എന്നയാള്‍ക്ക് തോന്നി. അടുത്ത ട്രെയിന്‍ എപ്പോഴാണെന്ന് കൃത്യമായി നിശ്ചയം ഇല്ല. തനിക്കു പ്രിയപ്പെട്ട ആ തീവണ്ടി ശബ്ദം അടുത്ത് വരുന്നതും കാത്തയാള്‍ കിടന്നു. ട്രാക്കില്‍ പാകിയിരുന്ന മെറ്റല്‍ കഷണങ്ങള്‍ക്ക് അയാളെ വേദനിപ്പിക്കനായതേയില്ല. ആകാശത്ത് നിറയെ നക്ഷത്രങ്ങള്‍, വാകപ്പൂക്കള്‍ പോലെ. എണ്ണാനാവുന്നില്ല. അയാളുടെ കണ്ണുകള്‍ അടഞ്ഞു പോവുകയായിരുന്നു
വീണ്ടും തണുത്ത സ്പര്‍ശം. കണ്ണുതുറന്നപ്പോള്‍ അതേ പയ്യന്‍. കൂടെ മുമ്പ് കണ്ട ചുമട്ടുകാരില്‍ രണ്ടുപേരുമുണ്ട്. “സര്‍ എനിക്ക് പഴ്സ് വച്ച് നീട്ടിയിട്ട് ട്രാക്കിലേക്ക് ഇറങ്ങി നടന്നപ്പോഴേ ഞാന്‍ ഊഹിച്ചു.” അവന്‍റെ വാക്കുകള്‍ക്ക് പ്രായത്തില്‍ കവിഞ്ഞ പക്വത”. അയാള്‍ എന്തോ പറയാന്‍ തുടങ്ങിയെങ്കിലും അത് ഗൌനിക്കാതെ കൂടെ വന്നവരില്‍ ഒരാള്‍ പറഞ്ഞു ” ഞങ്ങള്‍ കണ്ട സ്ഥിതിക്ക് സര്‍ ഇനി ഇന്ന് മരിക്കണ്ട”. ആ വാക്കുകള്‍ക്ക് ഒരു ഭീഷണിയുടെ സ്വരം ഉണ്ടോ എന്നയാള്‍ സംശയിച്ചു പോയി. അയാളുടെ പുച്ഛ ഭാവം കണ്ടിട്ടെന്നവണ്ണം രണ്ടാമത്തെയാള്‍ പറഞ്ഞു “മരണം ഒരു നല്ല ഏര്‍പ്പാട് അല്ല സര്‍, കുറഞ്ഞ പക്ഷം ജീവിച്ചിരിക്കുന്ന സ്നേഹിതര്‍ക്കും ബന്ധുക്കള്‍ക്കുമെങ്കിലും “.
അവന്‍ പതിയെ നടന്നു തുടങ്ങിയിരുന്നു. പിറകെ അയാളും അയാള്‍ക്ക് പിറകില്‍ ആ തൊഴിലാളികളും. “എന്താ നിന്‍റെ പേര്?” വഴിമദ്ധ്യേ അയാള്‍ അവനോടു ചോദിച്ചു. അവന്‍ തിരിഞ്ഞു നിന്നയാളുടെ മുഖത്തേക്ക് നോക്കി. അപ്പോളതുവഴി കടന്നു പോയ എവിടെനിന്നൊക്കെയോ അകന്നു പോകുന്നവരും എങ്ങോട്ടൊക്കെയോ എത്തിച്ചേരുന്നവരും നിറഞ്ഞ തീവണ്ടിയുടെ ശബ്ദത്തില്‍ അവന്‍ പറഞ്ഞ പേര് അയാള്‍ കേട്ടില്ല. എന്നിരുന്നാലും താന്‍ കൊടുത്ത 30 രൂപയ്ക്ക് പകരം ജീവിതത്തിലേക്ക് ഒരു റിട്ടേണ്‍ ടിക്കറ്റ് തന്ന സംതൃപ്തി അവന്‍റെ മുഖത്ത് സ്ഫുരിക്കുന്നത് അയാള്‍ക്ക് കാണാമായിരുന്നു.
Generated from archived content: story1_jan21_13.html Author: nithin_jacobthomas