ആദ്യത്തെ റോത്ത്‌ചൈൽഡ്‌

പോളണ്ടിലെ ഗലീഷ്യയിൽ ഷോർട്ട്‌ക്കോവ്‌ എന്ന ചെറുനഗരത്തിൽ ഒരു പണ്ഡിതനും മഹാത്മാവുമായ യഹൂദഗുരു ഹെർഷെല്ലി ഷോർട്ട്‌ക്കോവർ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു മനുഷ്യൻ ജീവിച്ചിരുന്നു.

അദ്ദേഹത്തിന്റെ സഹായം ആവശ്യമായിട്ടുണ്ടായിരുന്നവരെ തുണയ്‌ക്കുന്നത്‌ അദ്ദേഹം ഒരിക്കലും നിരസിച്ചിരുന്നിട്ടില്ലാത്തതിനാൽ രാവുംപകലും അദ്ദേഹം തിരക്കുപിടിച്ചിരുന്നു. ചിലർ അദ്ദേഹത്തിന്റെ ഉപദേശവും മറ്റുചിലർ അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളും തേടി. അന്നന്നത്തെ അപ്പത്തിനു പണം ആവശ്യമായിട്ടുണ്ടായിരുന്ന വൃദ്ധന്മാരും രോഗികളും, അനാഥകുട്ടികളും, ദരിദ്രവിധവകളുമുണ്ടായിരുന്നു അവിടെ. സ്വയം രക്ഷാമാർഗ്ഗമടഞ്ഞ അത്തരക്കാർക്കായി അദ്ദേഹം എന്നും പണം സ്വരുക്കൂട്ടിയിരുന്നു.

യഹൂദഗുരു ഹെർഷെല്ലി ഷോർട്ട്‌ക്കോവർക്ക്‌ ഒറ്റയ്‌ക്കു പിടിപ്പതു ജോലി ചെയ്‌തു തീർക്കേണ്ടതായിട്ടുണ്ടായിരുന്നതിനാൽ, ഒരു സഹായിയെ ആവശ്യമുണ്ടെന്നു ഒരു ദിവസം അദ്ദേഹം തീരുമാനിച്ചു. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ ചുമതലകൾ പങ്കുവെയ്‌ക്കാൻ ഒരു ജോലിക്കാരനെ (കാര്യദർശിയെ) അദ്ദേഹം വേതനത്തിനു വെച്ചു. അൻഷൽ മോസസ്സ്‌ റോത്ത്‌ ചൈൽഡ്‌ എന്ന ദരിദ്രചെറുപ്പക്കാരനും സന്തോഷമായിരുന്നു, ആ ജോലി ഏറ്റെടുക്കുവാൻ. അങ്ങനെ യഹൂദഗുരുവും ജോലിക്കാരനും ഉറ്റസുഹൃത്തുക്കളായി.

എന്നാൽ കുറച്ചുവർഷങ്ങൾക്കുശേഷം അൻഷൽ മോസസ്സ്‌ വിവാഹിതനാകാൻ തീരുമാനിച്ചു. സ്നിയാറ്റിനു സമീപമുളള പട്ടണത്തിൽ അവന്റെ ശ്വശുരൻ തുറന്നു കൊടുത്ത ഒരു പണ്ഡിതശാല നോക്കി നടത്താൻ അവൻ അങ്ങോട്ടുപോയി. വിവാഹത്തെക്കുറിച്ച്‌ യഹൂദ പണ്ഡിതൻ സന്തോഷം പ്രകടിപ്പിച്ചെങ്കിലും, വിശ്വസ്തനും അർപ്പണബോധമുളള സഹായിയുമായ ജോലിക്കാരൻ വിട്ടുപിരിയുന്നതു കാണുന്നതിൽ അദ്ദേഹത്തിനു ദുഃഖമുണ്ടായിരുന്നു.

പല മാസങ്ങൾക്കുശേഷം, യഹൂദപ്പെരുന്നാളിന്റെ തലേന്നാൾ രാത്രിയിൽ യഹൂദമന്ദിരത്തിൽ യീസ്‌റ്റിനുവേണ്ടി കൊണ്ടുപിടിച്ച ഗൗരവമാർന്ന ഒരു തിരച്ചിൽ നടന്നപ്പോൾ, ഭീതിജനകമായ ഒരു സംഭവം നടന്നു. യഹൂദഗുരു ഷോർട്ട്‌ക്കോവർ തന്റെ എഴുത്തുമേശയുടെ വലിപ്പുകൾ പരിശോധിച്ചുകൊണ്ടിരുന്ന സമയത്ത്‌, അഞ്ഞൂറു ഗുൽഡൻ അടങ്ങുന്ന പണസഞ്ചി നഷ്‌ടപ്പെട്ടിരിക്കുന്നതായി അദ്ദേഹം കണ്ടുപിടിച്ചു! ബുദ്ധിമുട്ടുന്ന അനാഥക്കുട്ടികളേയും വിധവകളെയും മറ്റുളളവരെയും സഹായിക്കുന്നതിനു പിരിച്ചെടുത്തിട്ടുളളതായിരുന്നു ആ തുക.

യഹൂദഗുരു മേശ മൊത്തത്തിൽ വലിച്ചുനീക്കി അതിന്റെ വലിപ്പുകളാകെ സസൂക്ഷ്‌മം പരിശോധിച്ചു. പിന്നെ മറ്റുമേശകളും വലിച്ചുനീക്കി അദ്ദേഹം വീണ്ടും അവയാകെ പരിശോധിച്ചു. മേശകളുടെ അടിയിലും പുറകിലും അദ്ദേഹം പരിശോധിച്ചെങ്കിലും പണസഞ്ചി കണ്ടുകിട്ടിയില്ല. യഹൂദഗുരുവിന്റെ ഹൃദയം വേദനകൊണ്ടു നിറഞ്ഞു. ആ പണമത്രയും ശേഖരിക്കുന്നതിന്‌ ഒരു ദീർഘകാലം തന്നെ വേണ്ടിവന്നു; എന്നാലിപ്പോൾ ഹതഭാഗ്യരും നിരാലംബരുമായ ദരിദ്രരെ സഹായിക്കുന്നതിന്‌ അദ്ദേഹത്തിന്‌ മറ്റൊരു മാർഗ്ഗവുമുണ്ടായിരുന്നില്ല.

എന്നാൽ പണസഞ്ചിയെക്കുറിച്ചറിയാവുന്ന ഒരേയൊരാൾ അൻഷൽ മോസസ്സ്‌ മാത്രമാണെന്നു പൊടുന്നനെ ബോധമുദിച്ചപ്പോൾ അദ്ദേഹത്തിന്‌ കൂടുതൽ കടുത്ത ദുഃഖമനുഭവപ്പെടാൻ തുടങ്ങി. യഹൂദഗുരു എല്ലായ്‌പ്പോഴും അവനെ വിശ്വസിച്ചിട്ടേയുളളു. മറ്റാർക്കാണു പണമെടുക്കാൻ കഴിയുക? മറ്റൊരു ന്യായീകരണവുമുണ്ടായിരുന്നില്ല. എന്നിരുന്നാലും അൻഷൽ മോസസ്സ്‌ ഒരു കളളനാണെന്നു വിശ്വസിക്കാൻ യഹൂദഗുരുവിനു പ്രയാസം തോന്നി. ഒരുപക്ഷെ, ഇതിനകം അതു തിരിച്ചുതരാൻ അവൻ ആലോചിക്കുന്നുണ്ടെങ്കിലോ? നഷ്‌ടപ്പെട്ട പണത്തെക്കുറിച്ച്‌ ആരോടും പറയേണ്ടതില്ലെന്ന്‌ യഹൂദഗുരു തീരുമാനിച്ചുറച്ചു. അൻഷൽ മോസസ്സിനെ അമ്പരപ്പിക്കേണ്ടതായിട്ടോ അഥവാ അവനെ സംശയിച്ചു എന്നുപോലും ആളുകളെ അറിയിക്കേണ്ടതായിട്ടോ അദ്ദേഹത്തിന്‌ തോന്നിയില്ല. പ്രശ്‌നത്തെക്കുറിച്ച്‌ അൻഷൽ മോസസ്സിനോട്‌ സംസാരിക്കാനും പ്രശ്‌നം വ്യക്തമാക്കുവാനും അവന്‌ ഒരു അവസരം കൊടുക്കാൻ സ്നിയാറ്റിനിലേക്കു യാത്ര തിരിക്കുവാൻ അദ്ദേഹം ഉദ്ദേശിച്ചു. പെരുന്നാളിനുശേഷം ഉടൻതന്നെ, ഒരു വണ്ടി വാടകക്കെടുത്ത്‌ യഹൂദഗുരു അൻഷൽ മോസസ്സിന്റെ അടുത്തേക്ക്‌ പോയി.

അത്തരമൊരു ബഹുമാന്യനായ സന്ദർശകൻ എത്തിച്ചേർന്നതിൽ അൻഷൽ മോസസ്സിന്‌ അതിയായ ആഹ്ലാദം തോന്നി. യഹൂദപണ്ഡിതൻ തന്റെ ആഗമനോദ്ദേശ്യം അവനെ അറിയിച്ചു. അവന്റെ തെറ്റായ പ്രവർത്തിക്ക്‌ ദൈവം അവനു മാപ്പേകുമെന്നും, ആരും ഒരിക്കലുമത്‌ അറിയാനിടവരികയുമില്ലെന്ന്‌ അദ്ദേഹം അവനു ഉറപ്പുകൊടുത്തു. ആ പണം അദ്ദേഹത്തിന്റെ സ്വന്തമായിരുന്നെങ്കിൽ അദ്ദേഹത്തിന്‌ അത്ര പ്രശ്‌നമാകുമായിരുന്നില്ലെന്നും, എന്നാൽ അത്‌ ആളുകൾക്കുവേണ്ടി പിരിച്ചെടുത്തതായിരുന്നുവെന്നും, അല്ലാത്തപക്ഷം അവർ പട്ടിണി കിടക്കുകയോ അഥവാ കഷ്‌ടപ്പെടുകയോ ചെയ്യുമെന്നും, ദൈവം അതു തടയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ കൈയ്യിൽ അദ്ദേഹത്തിന്റേതായിട്ടു കുറച്ചു പണമേയുളളൂ, അതിനാൽ എത്രയും വേഗം കളവുപോയ പണം കണ്ടെടൂക്കേണ്ടതായിരിക്കുന്നു. യഹൂദഗുരു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അൻഷൽ വിളറുകയും കഠിനമായി ഞെട്ടുകയും അവന്റെ നയനങ്ങളിൽ കണ്ണുനീർ നിറയുകയുമുണ്ടായി. അൻഷൽ മോസസ്സ്‌ അവന്റെ പണപ്പെട്ടിയുടെ അടുത്തുപോയി അതു കാലിയാക്കിയിട്ട്‌ ഒരു വാക്കുപോലും ഉരിയാടാതെ മുഴുവൻ പണവും യഹൂദപണ്ഡിതനെ ഏൽപ്പിച്ചു. പണം എണ്ണപ്പെട്ടു. എന്നാൽ മുഴുവൻ തുകയുടേയും പകുതിയേ ഉണ്ടായിരുന്നുളളു അത്‌. അത്യഗാധമായ പശ്ചാത്താപത്തോടെ ബാക്കിവരുന്ന തുക എത്രയും പെട്ടെന്നുതന്നെ കൊടുത്തു തീർക്കാമെന്ന്‌ അൻഷൽ മോസസ്സ്‌ അദ്ദേഹത്തിനു വാഗ്‌ദാനമേകി.

യഹൂദഗുരു അൻഷലിനെ ആശ്വസിപ്പിക്കുകയും ഒപ്പം ദുഃഖിപ്പിക്കുകയും ചെയ്‌തു. ചെറുത്തുനിൽപ്പിനായി അൻഷൽ ഒരക്ഷരവും ഉച്ചരിച്ചില്ല. അവന്റെ പ്രവർത്തികളിൽ യാതൊരു ക്ഷമാപണവും അവൻ നടത്തിയില്ല. അവന്റെ നാണക്കേടിന്റെയും അപരാധത്തിന്റെയും തെളിവായിരുന്നു, അവന്റെ കണ്ണിലെ കണ്ണുനീർ. അതായിരുന്നു യഹൂദഗുരുവിനെ ദുഃഖിതനാക്കിയത്‌. എന്നിരുന്നാലും, അൻഷൽ മോസസ്സ്‌ അവന്റെ തെറ്റു തിരിച്ചറിഞ്ഞ്‌ പണം തിരിച്ചുതരുന്നതിനാൽ അദ്ദേഹത്തിനു സന്തോഷമായി. യഹൂദപണ്ഡിതൻ അൻഷൽ മോസസ്സിനോട്‌ നന്ദി പറഞ്ഞു. അവർ പരസ്പരം കൈകൊടുത്ത്‌ കെട്ടിപ്പുണർന്നു. എല്ലാം മറക്കുകയും മാപ്പാക്കുകയും ചെയ്‌തിരിക്കുന്നുവെന്നു യഹൂദഗുരു അവനെ അറിയിച്ചു.

അടുത്ത കുറച്ചു മാസങ്ങളോളം മുമ്പത്തെക്കാളും കൂടുതൽ സമയം പണിയെടുത്ത്‌, യഹൂദപണ്ഡിതനു തിരിച്ചുകൊടുക്കാൻ, അൻഷൽ മോസസ്സ്‌ കരുതലോടെ പണം സ്വരുകൂട്ടിവെച്ചു. വിശ്വസ്തനും നല്ലവനായ ചെറുപ്പക്കാരനുമായിരുന്നു അൻഷൽ എന്നും, തീർച്ചയായും തന്റെ വിശ്വാസവും ബഹുമാനവും അർഹിക്കുന്നുണ്ടെന്നും യഹൂദഗുരു തിരിച്ചറിഞ്ഞു. അൻഷൽ ഒരു തെറ്റു ചെയ്‌തു. എന്നാൽ അതു തിരുത്തുന്നതിൽ അവൻ ഉത്സുകനായതിൽ അദ്ദേഹം ആഹ്ലാദം കൊണ്ടു.

ഒരു സുപ്രഭാതത്തിൽ യഹൂദഗുരുവിന്റെ പടിവാതുക്കലിൽ ഒരു വലിയ മുട്ടുകേട്ടു. പോലീസ്‌ മേധാവി അവിടെ നിൽക്കുന്നതു കണ്ട്‌ വാതിൽ തുറന്ന അദ്ദേഹം അതിശയിച്ചുപോയി. ഒരു പ്രധാന കാര്യത്തിനായി മേധാവിയോടൊപ്പം പോലീസ്‌ സ്‌റ്റേഷനിലേക്കു ചെല്ലുവാൻ അയാൾ പണ്ഡിതനോട്‌ ആവശ്യപ്പെട്ടു. വീട്ടുപടിക്കൽ ഒരു കുതിരവണ്ടി കാത്തുനിൽപ്പുണ്ടായിരുന്നു.

യഹൂദപണ്ഡിതൻ വളരെയധികം പരിഭ്രാന്തനായി. എന്തെങ്കിലും ഗൗരവമായ ഒരു പ്രശ്‌നമുണ്ടായിരിക്കുമെന്ന്‌ അദ്ദേഹം ഭയപ്പെട്ടു. യഹൂദസമൂഹവുമായി അതു ബന്ധപ്പെട്ടിട്ടുളളതല്ലാതിരിക്കുവാൻ അദ്ദേഹം ദൈവത്തോടു കൈകൂപ്പി പ്രാർത്ഥിച്ചു.

പോലീസ്‌ മേധാവി യഹൂദഗുരുവിനെ തന്റെ ഓഫീസിലേക്കു കൂട്ടിക്കൊണ്ടുപോയി, അടുത്തിടെ അദ്ദേഹത്തിന്റെ വാസസ്ഥലത്തുനിന്ന്‌ എന്തെങ്കിലും കളവുപോയതായിട്ടുണ്ടായിരുന്നുവോ എന്ന്‌ അദ്ദേഹത്തോട്‌ വളരെ സൗഹൃദം നിറഞ്ഞ ഭാഷയിൽ ചോദിച്ചു. കളവുപോയ പണത്തെക്കുറിച്ച്‌ യഹൂദഗുരു ആരോടുമൊരിക്കലും പറഞ്ഞിരുന്നില്ലാത്തതിനാൽ, പൂർണ്ണമായും അദ്ദേഹം വിസ്‌മയപ്പെട്ടു. പോലീസ്‌ മുഖ്യനോട്‌ നഷ്‌ടപ്പെട്ട പണസഞ്ചിയെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞു. എന്നാൽ എടുത്ത ആൾതന്നെ അതു തിരിച്ചുതന്നുവെന്ന്‌ അയാളോട്‌ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വിവാഹിതനാകാൻ പോയ ഒരു ചെറുപ്പക്കാരന്‌ പണത്തിന്‌ ആവശ്യമുണ്ടായിരുന്നു; യഥാർത്ഥത്തിൽ അവനതു കടമെടുക്കുക മാത്രമാണു അർത്ഥമാക്കിയതെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. അല്പം ചില ചോദ്യങ്ങളും കൂടി ചോദിച്ച്‌ മുഴുവൻ കഥയാൽ വളരെയേറെ അന്ധാളിപ്പിക്കപ്പെട്ട്‌ അയാൾ അദ്ദേഹത്തെ ഉറ്റുനോക്കി.

“നിങ്ങൾ യഹൂദൻമാർ വൈചിത്ര്യമുണർത്തുന്ന ആളുകളാണ്‌.” ബഹുമാനത്തിൽ വിസ്‌മയം കലർത്തി പോലീസ്‌ മുഖ്യൻ പറഞ്ഞു.

“ഇതുപോലെയൊന്ന്‌ എന്റെ ജീവിതത്തിലൊരിക്കലും ഞാൻ കേട്ടിട്ടില്ല!”

എന്നിട്ട്‌ തന്റെ മേശവലിപ്പ്‌ തുറന്ന്‌ ഒരു പണസഞ്ചി വലിച്ചു പുറത്തെടുത്ത്‌ യഹൂദഗുരുവിന്‌ അയാൾ അതു കൈമാറി.

“താങ്കൾ ഇതു തിരിച്ചറിയുന്നുണ്ടോ?”

അപ്പോഴായിരുന്നു യഹൂദഗുരുവിന്റെ നോട്ടത്തിൽ പരിഭ്രാന്തി പടർന്നത്‌. അദ്ദേഹത്തിന്റെ നഷ്‌ടപ്പെട്ട പണസഞ്ചിയായിരുന്നു അത്‌; എന്നാൽ അതെങ്ങനെയിവിടെയെത്തി?

വാതിൽ തുറന്ന്‌, കയ്യാമം വെച്ച ഒരു കർഷകസ്‌ത്രീയെ അകത്തേയ്‌ക്കു കൊണ്ടുവന്നു.

“താങ്കൾ ഇവളെ തിരിച്ചറിയുമോ?” പോലീസ്‌ മേധാവി ആരാഞ്ഞു. യഹൂദഗുരു വിസമ്മതഭാവത്തിൽ തലയാട്ടി.

“ഇല്ല, തിരിച്ചറിയുന്നില്ല എന്നു പറയുന്നതിൽ ഞാൻ ഖേദിക്കുന്നു.” അപ്പോഴും സംഭവങ്ങളുടെ നിഗൂഢതയിൽ അകപ്പെട്ട്‌ അദ്ദേഹം ഉത്തരമരുളി.

“കൊളളാം, താങ്കളുടെ വസതി വൃത്തിയാക്കാൻ വന്നിരുന്ന തൂപ്പുകാരി സ്‌ത്രീയെ ജോലിത്തിരക്കിനിടയിൽ താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടാകില്ല എന്നാണു ഞാൻ കരുതുന്നത്‌. എന്തായാലും അതൊരു പ്രശ്‌നമല്ല. അവൾ കുറ്റമേറ്റു പറഞ്ഞു.” അനന്തരം പോലീസ്‌ മുഖ്യൻ തന്റെ കഥ പറഞ്ഞു.

യഹൂദപ്പെരുന്നാളിനുമുമ്പ്‌ വസതി വൃത്തിയാക്കുമ്പോൾ ആ പണസഞ്ചി ആ സ്‌ത്രീ കണ്ടെടുക്കുവാൻ ഇടയായി. അവളത്‌ തന്റെ വീട്ടിൽ കൊണ്ടുപോയി പൂന്തോപ്പിൽ ഒരു മരത്തിനരികിൽ കുഴിച്ചിട്ടു. ഏതാനും ദിവസങ്ങൾക്കുശേഷം, ചില സ്വർണ്ണനാണയങ്ങളെടുത്ത്‌ പുതിയ ഉടുപ്പുകൾ വാങ്ങിക്കുവാൻ അവൾ പോയി. അപ്പോൾ അവളുടെ കയ്യിൽ ധാരാളം പണമുണ്ടായിരുന്നതുകൊണ്ട്‌, പിന്നെ ജോലിയെടുക്കുന്നതു അവസാനിപ്പിക്കുവാൻ അവൾ നിശ്ചയിച്ചു. പുതിയ പാദരക്ഷകളും ബൂട്ട്‌സും വാങ്ങാൻ ഏതാനും ചില സ്വർണ്ണനാണയങ്ങളും കൂടി അവൾ എടുത്തു. അയൽക്കാരതിൽ സംശയാലുക്കളാകുകയും പിന്നീട്‌ അവരത്‌ പോലീസിൽ അറിയിക്കുകയുമുണ്ടായി.

അവളെ കയ്യോടെ പിടികൂടുവാൻ അവർ അധിക സമയമെടുത്തില്ല. പൂന്തോപ്പിൽ കുഴിച്ച്‌ പണസഞ്ചിയെടുക്കുന്ന സമയത്തുതന്നെ അവളെ പോലീസ്‌ അറസ്‌റ്റു ചെയ്യപ്പെടുകയുണ്ടായി. നാലു സ്വർണ്ണനാണയങ്ങൾ മാത്രമേ നഷ്‌ടപ്പെട്ടിരുന്നുളളൂ.

“യഹൂദഗുരുവേ, അങ്ങനെയാണു പ്രശ്‌നങ്ങൾ.” പോലീസ്‌ മേധാവി മൊഴിഞ്ഞു.

“എന്നാൽ താങ്കൾക്കറിയാമോ?” അയാൾ തുടർന്നു, “താങ്കൾ പറഞ്ഞതെന്താണെന്ന്‌ ഒട്ടും മനസ്സിലാക്കുവാൻ എനിക്കു കഴിയുന്നില്ല. പണം കളവുപോയതിന്‌, തെറ്റുകാരൻ അല്ലാത്ത സ്ഥിതിക്ക്‌ ആ ചെറുപ്പക്കാരൻ എന്തിനു പ്രതിഫലം നൽകണം? അവൻ തെറ്റുകാരനല്ലെന്ന്‌ എന്തുകൊണ്ട്‌ താങ്കളോടവൻ വിശദീകരിച്ചില്ല?”

യഹൂദഗുരു തലകുലുക്കി. അദ്ദേഹത്തിന്‌ വിശദീകരിക്കാനാകാത്ത എന്തോ ഒന്നായിരുന്നു അത്‌. അടുത്ത ദിവസം യഹൂദഗുരു സ്നിയാറ്റിനിലേക്കു യാത്ര തിരിച്ചു. അദ്ദേഹം കുതിരവണ്ടിയിൽ നിന്നു ചാടിയിറങ്ങി. അൻഷൽ മോസസ്സിന്റെ അടുത്തേയ്‌ക്കു കുതിച്ച്‌ കണ്ണീരോടെ അവനോടു മാപ്പിരന്നു.

“നീ നിഷ്‌കളങ്കനാണെന്ന്‌ എന്തുകൊണ്ട്‌ എന്നോട്‌ പറഞ്ഞില്ല?” വിറയാർന്ന ഒരു ശബ്‌ദത്തിൽ അദ്ദേഹം ഗദ്‌ഗദം കൊണ്ടു.

യഹൂദഗുരുവിന്റെ ദുഃഖവും ആധിയും അവനെ ആഴത്തിൽ സ്പർശിച്ചുവെന്ന്‌ അവൻ വിവരിച്ചു. അൻഷൽ മോസസ്സ്‌ ഒരു ധനികനിൽ നിന്ന്‌ വളരെ വിദൂരമാണെന്നറിഞ്ഞിരുന്നതുകൊണ്ട്‌, സത്യമെല്ലാം തുറന്നു പറഞ്ഞ്‌ അവൻ സഹായം വാഗ്‌ദാനം ചെയ്‌താൽ യഹൂദഗുരു അതു സ്വീകരിക്കുന്നതു നിരസിക്കുമെന്ന്‌ അവനറിയാമായിരുന്നു. അതുകൊണ്ട്‌, അൻഷൽ മോസസ്സും അവന്റെ ഭാര്യയും അവർക്കു സ്വന്തമായിട്ടുണ്ടായിരുന്ന സമ്പാദ്യമൊക്കെ യഹൂദപണ്ഡിതനു കൊടുത്തു. പല മാസങ്ങളോളം ഓരോ പൈസയും അവൻ സൂക്ഷിച്ചുവെച്ചു, നഷ്‌ടപ്പെട്ട തുക പൂർത്തീകരിക്കുന്നതിനുവേണ്ടി.

യഹൂദഗുരു അൻഷലിനെ കെട്ടിപ്പുണർന്നു. മഹാനായ ധനികനാകുവാൻ അവനെ മനസ്സിന്റെ അടിത്തട്ടിൽ നിന്ന്‌ അനുഗ്രഹിച്ചു. എന്തെന്നാൽ അതുകൊണ്ടവനെപ്പോഴും ദരിദ്രരേയും ആവശ്യക്കാരായ പാവങ്ങളേയും സഹായിക്കുവാൻ കഴിയുമെന്നതുകൊണ്ട്‌.

“നിന്റെ കീശയിൽ നിന്ന്‌ നീ നൽകിയ പണം ഇതാ, ജർമ്മനിയിലെ ഫ്രാങ്ക്‌ഫർട്ടിൽ നീ പോകൂ, അവിടെ നിനക്കു കച്ചവടത്തിൽ വിജയിക്കുവാൻ നല്ല അവസരങ്ങൾ ലഭിക്കും. അതുപോലെത്തന്നെ നല്ല പ്രവർത്തികൾ ചെയ്യുവാനും. ഒരുപക്ഷെ ദൈവം നിന്നോടും നിന്റെ ഭാര്യയോടും, തലമുറകളോളം വരാനിരിക്കുന്ന കുട്ടികളോടൊപ്പവും ഉണ്ടാകുകതന്നെ ചെയ്യും.”

യഹൂദഗുരു ഷോർട്ട്‌ക്കോവറിന്റെ അനുഗ്രഹാശിസ്സുകൾ സഫലീകരിക്കപ്പെട്ടു. ഫ്രാങ്ക്‌ഫർട്ടിൽ വിജയകരമായി ബാങ്കു നടത്തുന്നവനും ഒരു കച്ചവടക്കാരനുമായിത്തീർന്നു, അൻഷൽ മോസസ്സ്‌. അദ്ദേഹത്തിന്റെ പുത്രൻ മേയർ അൻഷൽ റോത്ത്‌ ചൈൽഡ്‌ അദ്ദേഹത്തേക്കാളും മഹാനായ വിജയശ്രീലാളിതനായി. അദ്ദേഹത്തിന്റെ അഞ്ചു പുത്രന്മാർ യൂറോപ്പിന്റെ വിവിധ തലസ്ഥാനങ്ങളിൽ സ്ഥിരവാസമുറപ്പിച്ച്‌, ബാങ്കു സംബന്ധമായ അവരുടെ കച്ചവടം പങ്കാളിത്ത വ്യവസ്ഥയിൽ നടത്തിക്കൊണ്ടുപോകുകയും, അവരുടെ വൻ സമ്പത്ത്‌ തലമുറകളിൽ നിന്നും തലമുറകളിലേക്കു കൈമാറുകയുമുണ്ടായി.

മേയർ അൻഷലിന്റെ ഒരു പൗത്രൻ, ഫ്രാൻസിലെ ബാരൻ എഡ്‌മണ്ട്‌ ഡിറോത്ത ചൈൽഡ്‌, റോത്ത്‌ ചൈൽഡ്‌ ഹ്ഡിന്റെ തലവനാകുകയും, പിന്നീട്‌ ‘ഹനാദിവ്‌ ഹയാദുവ’ എന്ന നാമം കരസ്ഥമാക്കുകയുമുണ്ടായി. “പ്രശസ്തനായ മനുഷ്യോപകാരി”. അനേകം യഹൂദന്മാരെ പലരീതികളിലും അദ്ദേഹം സഹായിച്ചിട്ടുണ്ട്‌. 1934-ൽ, തൊണ്ണൂറാം വയസ്സിൽ പാരീസിൽ വെച്ച്‌ അദ്ദേഹം അന്തരിച്ചു.

ഒരു സാധാരണ മനുഷ്യന്റെ നിസ്വാർത്ഥമായ മഹാമനസ്‌ക്കതയും പരോപകാരത്തിനായി ആരേയും അറിയിക്കാതെയുളള ഒരു മനുഷ്യന്റെ മഹത്തായ പരിത്യാഗവും-അതായിരുന്നു, റോത്ത്‌ ചൈൽഡിന്റെ വിജയ രഹസ്യം.

Generated from archived content: story1_apr26_06.html Author: nissan_mindal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here