മായാമോഹിനി

ജാലകത്തിരശ്ശീല നീക്കി നീ നിലാവിന്റെ

പാലാഴി കടന്നുവന്നെത്തിയെൻ സവിധത്തിൽ

പാഴ്‌മരുഭൂമിയായെൻ ദുരിത മനസ്സിൻ

ശൂന്യതയിൽ കുളിർമാരിയായ്‌ നീ പെയ്തിറങ്ങി.

മന്ദസ്‌മിതം മായാത്തൊരാ മുഖാരവിന്ദത്തിൽ

ചന്ദനം പൂശിയിളംകാറ്റിളകി വന്നപ്പോൾ

കാവ്യദേവതേ, കാതിൽ നിൻ കനകചിലമ്പിൽ

ഭാവബന്ധുരനാദം കാവ്യമാധുരിയായ്‌!

മാസ്‌മരപ്രഭയൂറും നിൻ നീലമിഴികളിൽ

ഭാസുരദീപ്‌തമാർന്നോരാ ഭാവപ്രപഞ്ചത്തിൽ

നിറയുന്നൊരീ നവവസന്തം വിടർത്തുന്ന

നിത്യ വിസ്‌മയവർണ്ണപ്പൊലിമയെത്ര ഹൃദ്യം.

ആദിത്യചന്ദ്രതാരാഗോളങ്ങളിലും കാൺമു ഞാൻ

ആ ദിവ്യതേജസ്സാർന്ന നിൻരൂപചൈതന്യം

ആരാധകനാമെനിക്കെന്നുമൊരുൽക്കടമാം

ആവേശം നിന്നെയെൻ ഹൃത്തിലേക്കാവാഹിക്കാൻ.

സ്വപ്‌നസുന്ദരി സ്വരരാഗരൂപിണി സർഗ്ഗ-

സൃഷ്‌ടിതൻ ചിത്രവാതിൽ തുറക്ക നീ

സങ്കല്‌പങ്ങളിൽ ഹർഷോന്മാദമേകും നിൻരാഗ-

സംഗമങ്ങൾക്കെന്നാത്മ സംഗീതം പകർത്തുവാൻ.

Generated from archived content: mayamohini.html Author: nishavarghese

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here