വിശ്വാസങ്ങളിൽ ചില സ്വപ്‌നദൃശ്യങ്ങൾ
പവിത്ര എം.പി.,
കറന്റ് ബുക്‌സ്, കോട്ടയം,
വില 45 രൂപ.
കഥയ്‌ക്കും കവിതയ്‌ക്കും ഇടയിലെ അതിർത്തി എവിടെയാണ്? കഥയിൽ കവിതയായി പെയ്യുന്ന മഴയേതാണ്? ഓർമ്മകളുടെ ഭാഷയേതാണ്? ഒരുപാട് ചോദ്യങ്ങളിടുകയാണ് ഈ പുസ്‌തകമിവിടെ- എം.പി. പവിത്രയുടെ ‘വിശ്വാസങ്ങളിൽ ചില സ്വപ്‌നദൃശ്യങ്ങൾ’ എന്ന കഥാസമാഹാരം തുടയ്‌ക്കുന്തോറും തിളങ്ങുന്ന, നിഴൽചിത്രങ്ങളായി മനസ്സിൽ പീലിവിടർത്തുന്ന, ചിലപ്പോൾ തുളുമ്പി തട്ടിമറിഞ്ഞ് മനസ്സിലേയ്‌ക്ക് മഴനനവാകുന്ന, മറ്റുചിലപ്പോൾ പൂമണമായി കടന്നുവരുന്ന, മനസാകുന്ന നീലാകാശത്തിന്റെ സ്വസ്ഥത കെടുത്താനെത്തുന്ന കുട്ടിമേഘങ്ങളായ ഓർമ്മകൾ. ഇത്തരം ഓർമ്മകളും സ്വപ്‌നങ്ങളും ചേർന്നൊരുക്കിയ ലോകത്തിന്റെ ഹൃദ്യമായ പതിനൊന്നു കഥകളാണ് പവിത്രയുടെ ഈ ആദ്യകഥാസമാഹാരത്തിലുളളത്.
ജീവിതത്തിന്റെ പൊങ്ങച്ചങ്ങൾക്കിടയിലും, പുറംലോകത്തിന്റെ ആർഭാടങ്ങൾക്കിടയിലും നോവിന്റെ കനൽ അടക്കിപ്പിടിച്ച് ജീവിക്കുന്ന ഒരുപിടി ജീവിതങ്ങൾ നമുക്കു ചുറ്റുമുണ്ടെന്ന് ഈ സമാഹാരത്തിലെ ചില കഥകളെങ്കിലും നമ്മെ ഓർമ്മിപ്പിക്കാതിരിക്കില്ല. ജീവിതത്തിലെ ഭയാനകമായ ഏകാന്തതയെ അഭിമുഖീകരിക്കുന്ന ‘മേഘവർണ്ണപൂക്കളി’ലെ ദേവി എന്ന പെൺകുട്ടി. ‘ധർമ്മസങ്കട’ങ്ങളിലെ അമ്മ, ‘ആരും കാണാമുറിവുകളി’ലെ ഫാഷൻ ഡിസൈനർ ചന്ദ്രാദേവി, ‘വെറുതെ ചില കളിനിയോഗ’ങ്ങളിലെ കല്യാണി, ‘മംഗല്യത്താലികളി’ലെ രാഖി, ‘വെളുത്ത ചതുരങ്ങളി’ലെ ഭദ്ര… ഇവരെല്ലാം ഈ വേദന പേറുന്നവരാണ്. ദേവി ഏകാന്തതയിൽ ഒരു കുട്ടിച്ചാത്തനുമായി ചങ്ങാത്തത്തിലാവുകയാണ്. കുട്ടിച്ചാത്തൻ ഒടുവിൽ ദേവിക്ക് കാണിച്ചുകൊടുക്കുന്നത് പുഴയുടെ വഴി. പുഴ ഇവിടെ സ്വപ്‌നങ്ങളിലേയ്‌ക്കുളള വിമോചനമാവുകയാണ് (മേഘവർണ്ണപ്പൂക്കൾ).
ജാലകത്തിലൂടെ കാണാം ചില കാഴ്‌ചകൾ. സങ്കടം പെയ്യുന്ന ചില ചിത്രങ്ങൾ. അതാണ് ‘ജാലകക്കാഴ്‌ചകൾ’. കുട്ടികളില്ലാത്ത ദുഃഖം മനസ്സിൽ പേറിനടക്കുന്ന ഹരിദേവൻ-പാർവതി ദമ്പതികൾ. ഒരു പ്രണയഭംഗത്തിന്റെ ശാപമാണോ അതെന്ന് സംശയിക്കുമ്പോഴും പുതുജീവിതത്തിൽ തുമ്പപ്പൂ വിശുദ്ധിയുളള ഒരു കുഞ്ഞുമുഖം സ്വപ്‌നം കാണാൻ ഇവർക്കാവുന്നുണ്ട്. ഓർമ്മകൾ ഓരോ കുട്ടിമേഘങ്ങളാണെന്ന് കരുതുന്ന വിഷ്‌ണുപ്രിയയുടെ ഓർമ്മകളായാണ് ‘വിഷ്‌ണുപ്രിയയ്‌ക്കും ഒരു ദിവസം’ അവതരിപ്പിക്കുന്നത്. പഴയ നാലുകെട്ടിന്റെ പശ്ചാത്തലത്തിൽ ഗൃഹാതുരതയുടെ പച്ചകാണിച്ച് ഇവിടെ ഒരു കഥകൂടി തെളിയുകയാണ്. വിഷ്‌ണുപ്രിയയുടെയും അമ്മയുടെയും ദുരിതകാലവും. ഉണ്ണിയേട്ടന്റെ മരണം വിഷ്‌ണുപ്രിയയിൽ ഏല്‌പിച്ച മാറ്റങ്ങളും കൺനിറയ്‌ക്കുന്ന ചിത്രങ്ങളായി ഇവിടെ വരുന്നു. വിഷ്‌ണുപ്രിയയുടെ ദിവസങ്ങൾ വരാനിരിക്കുന്നതേയുളളുവെന്ന് അവളറിയുന്നു. സ്വപ്‌നങ്ങളിൽ മുഖം പൂഴ്‌ത്തിയിരിക്കുന്ന ഒരുവളുടെ തിരിച്ചറിയാണിത്.
തൊട്ടിലിൽ കുട്ടിക്കണ്ണ് തുറന്നുകിടക്കുന്ന കുഞ്ഞും ഉളിയന്നൂരിലെ മൂന്നു ഭൂതങ്ങളും നമ്മെ എന്തോ ഒന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്. പുതിയ ജന്മത്തിൽ നന്ദിതയുടെ കുഞ്ഞ് കണ്ണുതുറന്നു കാണുന്ന കാഴ്‌ചകൾ ഭീകരമാണ്. അതിൽ വിഷമദ്യദുരന്തവും കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തിൽ കാലു നഷ്‌ടപ്പെട്ട അശ്‌നയുമൊക്കെ കഥാപാത്രങ്ങളാവുകയാണ്. പുതിയ കാലത്തിൽ കുട്ടിക്ക് ബാല്യത്തിന്റെ സ്‌നേഹസ്‌പന്ദനവും കളിവിചാരങ്ങളും തല്ലിക്കൊഴിക്കപ്പെട്ട, ഒരുപാടു സങ്കടങ്ങൾ കുരിശടയാളമായി പോറലേല്പിച്ചുകിടക്കുന്ന ഒരു രക്‌തനിറചിന്തകളുടെ കൂട് മാത്രമാണ് ഹൃദയമെന്ന് ഭൂതങ്ങൾ മനസ്സിലാക്കുന്നതോടെ അവർ കുട്ടിയെ വിട്ടൊഴിയുകയാണ് (വിശ്വാസങ്ങളിൽ ചില സ്വപ്‌നദൃശ്യങ്ങൾ).
ഒരിക്കലും പൂർണ്ണമാവാത്ത ഒരു ജീവിതവും സ്വപ്‌നങ്ങളുമാണ് കല്യാണിയുടേതും. ധർമ്മേന്ദ്രന്റെ വിളിയിൽ, കുട്ടികളുടെ വഴക്കിൽ, ധർമ്മേന്ദ്രന്റെ അനിയത്തിയുടെ സന്ദർശനത്തിൽ അവൾ അസ്വസ്ഥതയുടെ അണപ്പല്ല് ഞെരിക്കുകയാണ്. ഇവിടെ സ്വപ്‌നലോകത്ത് ഒരു കല്യാണി ജീവിക്കുന്നു. അവൾക്ക് ആ ലോകമാണിഷ്‌ടം. അവിടെ അവൾക്ക് കൂട്ട് പുൽച്ചാടികളും ചെത്തിപ്പൂവുമാണ്. തളച്ചിടപ്പെടുന്ന സ്വപ്‌നങ്ങളുടെ ഒരു എഴുത്തുകാരി കല്യാണിയിൽ വിങ്ങുകയാണ്. അങ്ങനെ കല്യാണിയിലൂടെ മനസ്സിൽ സർഗാത്‌മകതയുടെ ഒരു തുണ്ട് നിലാവ് സൂക്ഷിക്കുന്ന ഓരോ പെണ്ണിന്റെയും ദുഃഖകഥയായിത്തീരുന്നു. ‘വെറുതെ ചില കളിനിയോഗങ്ങൾ’. സ്വപ്‌നങ്ങൾ മനോഹരമായി ഇഴചേർത്തിരിക്കുന്നുണ്ട് ഈ കഥയിൽ. പുരാവൃത്തങ്ങൾ എന്നും കഥയ്‌ക്ക് വിഷയമായിട്ടുണ്ട്. ഇവിടെ പവിത്ര വിധിയുടെ പരിണതിയിൽ ച്യവനമഹർഷിയുടെ ഭാര്യയായിത്തീർന്ന സുകന്യയുടെ കഥയ്‌ക്ക് പുതിയ ഭാഷ നൽകുന്നു. ‘ഉൾപതർച്ചകൾ’എന്ന കഥയിൽ ച്യവനനോടൊത്തു കഴിയുമ്പോഴും സ്വപ്‌നങ്ങളിലെ അവന്തിരാജാവ് ചിത്രകേതുവാണ് സുകന്യയുടെ മനസ്സിൽ. അന്ധനായ വൃദ്ധതാപസനെ നീർക്കയത്തിൽ അടക്കി സൂരഥനുമൊത്ത് പുതിയ ജീവിതത്തിലേയ്‌ക്ക് വരുന്ന സുകന്യയ്‌ക്ക് പക്ഷേ, ദുരന്തങ്ങൾ ബാക്കിയാവുന്നു. ഈ കഥാസമാഹാരത്തിലെ മികച്ച കഥയാണിത്. ചീകിമിനുക്കിയ ഭാഷയും ഹൃദ്യമായ അവതരണവും വായനക്കാരന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്നു. നെയ്‌മണമുളള, ചെമ്പൂക്കൾ അടർന്നുവീഴുന്ന, ദർഭപ്പുൽവിരിപ്പുകൾ നിറഞ്ഞുനിൽക്കുന്ന ഒരു നല്ല കഥാന്തരീക്ഷം കഥാകാരിയിവിടെ സൃഷ്‌ടിച്ചിട്ടുണ്ട്.
ഭൂകമ്പത്തിന്റെ പശ്ചാത്തലത്തെ പുതിയ കഥകളിലേയ്‌ക്ക് പകർത്തി വയ്‌ക്കാനുളള ശ്രമമാണ് ‘ഭൂമി പറഞ്ഞത്, ആകാശവും’ എന്ന കഥ. പക്ഷേ, ആത്‌മദേവിന്റെയും മനുപ്രസാദിന്റെയും കുട്ടിയുടെയും ചിന്തകൾക്ക് ഒരു ഏകദേശരൂപം നഷ്‌ടപ്പെടുന്നു എന്നതാണ് ഇക്കഥയുടെ കുഴപ്പം. ചിന്തകൾ ഒരാളിൽനിന്ന് മറ്റൊരാളിലേയ്‌ക്ക് നിരന്തരം ചാടിചിതറിപ്പോകുന്നുണ്ട് ഇവിടെ. ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ നല്ലൊരു കഥയാകുമായിരുന്ന ഇത് ‘ദയാരഹിതമാണ് പുതുലോക’മെന്ന സത്യം പറയുന്നു. കഥയുടെ ഒടുക്കം അതിന്റെ സമാനതകൾകൊണ്ട് ഒരു വിക്‌ടർ ദുരന്തത്തിന്റെ മുൻപറച്ചിലാണോ എന്ന് വായനക്കാരനെ സംശയിപ്പിക്കുന്നു.
ഇങ്ങനെ മേഘം, മഴ, കാറ്റ്, പൂവ്, ഓർമ്മകൾ- ഇവ കോർത്തിണക്കിയ ദുഃഖചിത്രങ്ങളാവുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും. ഭാഷ കവിതയുടെ സാമ്യം പ്രാപിക്കുന്നത് ഇവിടെ അറിയുന്നു. സർഗപ്രതിഭയുടെ വിരലോട്ടം ആവോളമുളള കഥകൾ കലാലയത്തിൽനിന്ന്-പവിത്രയുടെ ഭാഷയിൽതന്നെ പറഞ്ഞാൽ-ഒരു നല്ല ‘കാറ്റുകാല’ത്തെ വാഗ്‌ദാനം ചെയ്യുന്നു.
പുതിയ കാലത്തിന്റെ എഴുത്തിന് ഈ കഥകളും കഥാകാരിയും സാക്ഷ്യം പറയുന്നു. ഒരുപക്ഷേ, മുണ്ടൂർ കൃഷ്‌ണൻകുട്ടി പറഞ്ഞതുതന്നെയാണ് ശരി. ‘സ്വന്തമായി ഒരു ഭാഷ കണ്ടുപിടിക്കാനും ആ ഭാഷയിലേക്ക് ഒരു ഭ്രമാത്‌മകലോകത്തെ പകർത്തിവയ്‌ക്കാനും കഴിഞ്ഞതുകൊണ്ടാണ് വളരെ പെട്ടെന്ന് പവിത്ര ശ്രദ്ധിക്കപ്പെട്ടത്’. മറ്റു കലാലയ എഴുത്തുകാരിൽനിന്ന് എം.പി. പവിത്രയെ വേറിട്ടുനിറുത്തുന്നതും ഇതുതന്നെ.
Generated from archived content: pusthakam.html Author: nishad_vh