സഹയാത്രികര്‍ …

‘യാത്രക്കാരുടെ ശ്രദ്ധക്ക്…ട്രെയിന്‍ നമ്പര്‍……………..’

അപ്പോള്‍ ഇനി അരമണിക്കൂര്‍ കൂടി ഇതേ ഇരിപ്പ് തുടരണം. മടക്കി തോള്‍ സഞ്ചിയില്‍ വച്ചിരുന്ന മാസിക വീണ്ടും എടുത്തു ,അലക്ഷ്യമായി താളുകള്‍ മറിച്ചു കൊണ്ട് മുകുന്ദന്‍ കാത്തിരിപ്പ് തുടര്‍ന്നു. പ്ലാറ്റ് ഫോമില്‍ യാത്രക്കാര്‍ കുറവായിരുന്നു . തൊട്ടു മുമ്പാണ് പാസഞ്ചര്‍ കടന്നു പോയത് . കൂടുതല്‍ പേരും അതിലാണ് സ്ഥിരം യാത്ര ചെയ്യുന്നത് .

പിന്നിലൂടെ ഒരു ഗുഡ്‌സ് ട്രെയിന്‍ കടന്നുപോയി..ശാന്തനായി ..

മാസികയില്‍ മലിനീകരണത്തിനെതിരെ സമരം ചെയ്യുന്ന ഗ്രാമവാസികളുടെ ഫീച്ചര്‍ ആയിരുന്നു . എന്തോ അസുഖം വന്നു മുഖഭാഗം വികൃതമായ ഒരു കുട്ടിയെ കാണിച്ചിരിക്കുന്നു . വായിക്കാന്‍ തോന്നിയില്ല മാസിക മടക്കി വച്ചു.

എന്തായിരിക്കും ആ മെസ്സേജ് …??

ആരായിരിക്കും തന്റെ അഭ്യുദയ കാംക്ഷി ..?

രണ്ടാഴ്ച മുമ്പാണ് ആ കത്ത് വന്നത് വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ ചായക്കു പകരം ഒരു കത്തുമായി നില്ക്കുന്നു ലത.

ചോദ്യ ഭാവത്തില്‍ അവളെ നോക്കി തനിക്കാര് കത്തെഴുതാന്‍ ..

‘പഴയ ടീമുകള്‍ വല്ലവരും ആകും അഡ്രെസ്സ് ഒന്നും പുറത്ത് കാണുന്നില്ല..’

അവള്‍ അവിടെ തന്നെ നില്ക്കുകയാണ് ആളിനെ അറിഞ്ഞിട്ടേ ചായ തരൂ എന്ന വാശി ആണെന്ന് തോന്നുന്നു.

നവംബര്‍ 15 നു വൈകുന്നേരം 6 മണിക്ക് നടുവട്ടം റെയില്‍വേ സ്‌റ്റേഷനില്‍ വരിക മാവേലി എക്‌സ്‌പ്രെസ്സില്‍ ടിക്കറ്റ് റിസെര്‍വ് ചെയ്തിട്ടുണ്ട്..

ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം കൂടെ ടിക്കറ്റ് കോപ്പിയും ഉണ്ടായിരുന്നു. കത്ത് അയച്ചിരിക്കുന്നത് നടുവട്ടം പോസ്റ്റ് ഓഫീസില്‍ നിന്നാണ് ബാക്കി ഒരു വിവരവും ഇല്ല .

‘പോയി നോക്ക് ..ചെലപ്പോ …’ അവള്‍ പാതിയില്‍ നിര്‍ത്തി.

‘ചെലപ്പോ…? ‘

‘ഒന്നുമില്ല …നിങ്ങളായി .. ‘

മറുപടി പറയാന്‍ നിന്നില്ല വെറുതെ അവസാനം കരച്ചിലും ബഹളവും ആകും. മക്കളുടെ മുമ്പില്‍ വെച്ച് എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല അവള്‍ക്ക്.

ഒരു ആറു വയസ്സുകാരി കൈനീട്ടുന്നു .രണ്ടു വയസ്സുള്ള ഒരു കുട്ടി യും തോളില്‍ ഉണ്ട് . മാസികയിലെ കുട്ടിയുടെ അതെ ഛായ .അല്ലെങ്കിലും ദൈവത്തിന്റെ ഇരകള്‍ക്കെല്ലാം ഒരേ മുഖമാണ്. പോക്കറ്റില്‍ ഉണ്ടായിരുന്ന ചില്ലറ അവള്‍ക്കു കൊടുത്തു.റെയില്‍വേ കാന്റീന്‍ ജീവനക്കാര്‍ ഓടാന്‍ തുടങ്ങിയിരിക്കുന്നു .ട്രെയിന്‍ വരുന്നതിന്റെ സൂചന.

ഈ സമയത്ത് പുറപ്പെട്ടാല്‍ അവിടെ എത്തുമ്പോള്‍ ഏകദേശം 7 മണി ആവും.ഇപ്പോള്‍ പ്ലാറ്റ് ഫോമില്‍ ആളുകള്‍ ആയിത്തുടങ്ങി കൂടുതലും ചുമട്ടുകാരും സപ്ലയര്‍മാരും ആണ്. അവര്ക്കിടയിലൂടെ ട്രെയിനിനകത്ത് കയറാന്‍ കുറച്ചു ബുദ്ധിമുട്ടി .

തന്റെ സീറ്റില്‍ മറ്റാരോ ഇരിക്കുന്നു .കണ്ണട വച്ച വൃദ്ധനായ ഒരു മനുഷ്യന്‍ എണീക്കാന്‍ പറയാന്‍ തോന്നിയില്ല.അവിടെ പരുങ്ങി നില്ക്കുന്നത് കണ്ടപ്പോള്‍ കൂടെയുള്ള ആള് ചോദിച്ചു.

‘സാറിന്റെ സീറ്റ് ആണോ ‘

‘അതെ..’ ടിക്കറ്റ് അയാളെ കാണിച്ചു.

‘സോറി,അച്ഛന് മാത്രം റിസര്‍വെഷന്‍ കിട്ടിയില്ല ‘

‘കുഴപ്പമില്ല ഇരുന്നോട്ടെ…’ ഒരു മര്യാദ പറഞ്ഞു.

‘ഓ വേണ്ട താങ്ക്‌സ് .അച്ഛാ ഇവിടെ ഇരുന്നോളൂ ‘

ആ മനുഷ്യന്‍ ഒന്നും മിണ്ടാതെ ആ ചെറുപ്പക്കാരന്‍ പറഞ്ഞ സീറ്റിലെക്കു മാറി ഇരുന്നു. അങ്ങേരെ എണീപ്പിച്ചതില്‍ മുകുന്ദനു വല്ലാത്ത വിഷമം തോന്നി .അച്ഛന്‍ ഉണ്ടായിരുന്നേല്‍ ഇപ്പോള്‍ ഇത്ര പ്രായം വരുമായിരുന്നു.പക്ഷെ രണ്ടു മണിക്കൂറോളം നില്‌ക്കേണ്ട അവസ്ഥ വന്നാല്‍…

ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങി പുറത്ത് പ്ലാറ്റ് ഫോമിലൂടെ ആ ചേചിയും അനുജനും പിറകോട്ടു പോയിക്കൊണ്ടിരിക്കുന്നു.അപ്പോഴും ആ ആറു വയസ്സുകാരിയുടെ ചുമലില്‍ അവന്‍ ഭദ്രമായിരുന്നു .

ആദ്യം തമാശയാണ് തോന്നിയത് .ആരെങ്കിലും പറ്റിക്കാന്‍ ചെയ്യുന്നതാവും എന്ന് കരുതി സ്വന്തം അസ്ഥിത്വം വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ഒരാളുടെ മെസ്സേജിനെ എന്തിനു പിന്തുടരണം ..

പക്ഷെ ദിവസങ്ങള്‍ കഴിയുന്തോറും മാനസിക സംഘര്‍ഷം മുറുകാന്‍ തുടങ്ങി എന്തിനോ വേണ്ടി മനസ്സ് വല്ലാതെ തുടിക്കുന്നു .അവസാനം ഇന്നലെയാണ് പോകാന്‍ തീരുമാനിച്ചത് ..അവളോട് പറയാന്‍ തോന്നിയില്ല.വെറുതെ എന്തിനു വയ്യാവേലി ..തിരിച്ചു ചെന്നിട്ടു പറയാം.

രാവിലെ ഓഫീസി ലേക്ക് പതിവുപോലെ ഇറങ്ങി.ഗെയ്റ്റിനു അടുത്തെത്തിയപ്പോള്‍ പുറകില്‍ നിന്നും കേട്ടു.

‘ഇന്നവളുടെ അടുത്ത് പോണില്ലേ …?”

ഈ ഓര്‍മശക്തി ഇവള്‍ക്ക് വേറെ ഏതെങ്കിലും മേഖലയിലെ ഉണ്ടായിരുന്നേല്‍ എത്ര നന്നായേനെ ..

‘ഡോണ്ട് ടച്ച് യു ഓള്‍ഡ് മാന്‍ ,മൂവ് ..’

ഒരു കുട്ടി യുടെ അലര്‍ച്ച കേട്ടാണ് നോക്കിയത്.ആ വൃദ്ധന്റെ കൈ തട്ടിയതിനാണ് അഞ്ചു വയസ്സുകാരന്‍ അലറുന്നത് .അവിടെ വൃദ്ധനും ചെറുപ്പക്കാരനും അയാളുടെ ഭാര്യയും ഈ കുട്ടി യും ആണ് ഇരിക്കുന്നത്.

ഏതോ സാംസ്‌കാരിക പൈതൃകം അവകാശപ്പെടാവുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സന്തതിയാണ് കുട്ടി. ഇവന്റെ ഇംഗ്ലീഷ് കേട്ട് അഭിമാന പുളകിതരായി ഇരിക്കുകയാണ് ചെറുപ്പക്കാരനും ഭാര്യയും.

വൃദ്ധന്റെ മുഖത്ത് ഒരു നിസ്സംഗ ഭാവം കുട്ടിയെ നോക്കി പുഞ്ചിരിക്കുന്നു .പിന്നെ പതിയെ ജാലകത്തോട് കൂടുതല്‍ ചേര്‍ന്നിരുന്നു.

മനസ്സിന് വല്ലാത്ത ഒരു പിടച്ചില്‍ തോന്നി മുകുന്ദന് .

‘അവിടെ മലയാളം സംസാരിച്ചാല്‍ 100 രുപ ഫൈന്‍ ആണ് ‘

കുട്ടി യുടെ അമ്മ മകന്റെ സ്‌കൂള്‍ വിശേഷം തൊട്ടടുത്ത സീറ്റിലുള്ള യാത്രക്കാരിയോടു പറയുന്നു.

മകന്‍ ഇത് കേട്ട് അപ്പൂപ്പനെ വീണ്ടും ഇംഗ്ലീഷില്‍ എന്തൊക്കെയോ പറയാന്‍ തുടങ്ങി.അത് കേട്ട് പരസ്പരം ചിരിക്കുന്ന അവന്റെ അച്ഛനും അമ്മയും .

മുകുന്ദന്‍ ആ മുഖത്തേക്ക് നോക്കി രണ്ടു കയ്യും ജാലകത്തില്‍ പിടിച്ചു വിദൂരതയില്‍ നോക്കി ഇരിക്കുകയായിരുന്നു വൃദ്ധന്‍. ആ കണ്ണുകള്‍ നിറയുന്നുണ്ടോ ..

ആ കണ്ണുകള്‍ …എവിടെയോ കണ്ട മുഖം..മനസ്സിലെവിടെയോ വിപ്ലവ ഗീതങ്ങള്‍ അലയടിക്കുന്നു അച്ഛന്റെ കൂടെ എവിടെയോ കണ്ടതായി .

മനസ്സ് പിറകിലെക്കോടി കോലായിലെ ചാരു കസേരയില്‍ അച്ഛന്‍. അതിനു മുന്‍പേ ..എവിടെയോ വീട്ടിനകത്തെ മീറ്റിങ്ങുകളില്‍ ,അച്ഛന്റെ കൈ പിടിച്ചു നടന്ന സമര പന്തലുകളില്‍..

കണാരേട്ടന്‍……!!!

അച്ഛന്റെ രാഷ്ട്രീയ ഗുരു. അച്ഛന്റെ വാക്കുകളിലൂടെ ഒരു പാട് അറിഞ്ഞിട്ടുള്ള വിപ്ലവ നക്ഷത്രം. പാര്‍ട്ടി പിളര്‍പ്പില്‍ വഴി പിരിഞ്ഞു പോയ ആചാര്യന്‍. തോക്ക് ചൂണ്ടി നിന്ന ജന്മിയുടെ മുന്നിലേക്ക് സധൈര്യം ചെന്ന് തന്തക്കു പിറന്നവനെങ്കില്‍ വെടി വെക്കെടാ എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ …

അദ്ദേഹം തന്നെ അല്ലെ ഇത്…?

‘സാറിന്റെ പേര്..???’

മുകുന്ദന്റെ ചോദ്യത്തിനു ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.

‘അച്ഛന്‍ അധികമൊന്നും സംസാരിക്കാറില്ല . കണാരന്‍ എന്നാണ് പേര് എന്റെ ഭാര്യയുടെ അച്ഛനാണ് .’

മറുപടി പറഞ്ഞത് ആ ചെറുപ്പക്കാരനാണ്.

‘കമ്മ്യുണിസ്റ്റ് പാര്‍ട്ടി യിലെ പഴയ ….’

‘അതെ അതെ ആ പോരാളി തന്നെ ..’

അയാളുടെ ഭാര്യ ആണ് മറുപടി പറഞ്ഞത്.

‘ഇവളാണ് ഏറ്റവും ചെറിയ മകള്‍.അതുകൊണ്ട് വീടിനോപ്പം അച്ഛനും ഞങ്ങളുടെ തലയിലായി .ഇപ്പോള്‍ തന്നെ ഇവന്റെ ക്വിസ് മത്സരത്തിനു പോവുകയാണ് ഞങ്ങള്‍.ഒറ്റക്കിരിക്കാന്‍ പേടിയാണെന്ന് പറഞ്ഞ്കരച്ചിലായി ,എന്താ ചെയ്യാ ..അമ്മ മരിച്ചതിനു ശേഷം ഇങ്ങനെയാ ആരെങ്കിലും ഒപ്പം ഇല്ലെങ്കില്‍ പേടിയാ..ഇവളുടെ ഒരു ചേച്ചി ഉണ്ട് അവിടെ .അവിടെ കൊണ്ടാക്കണം കുറച്ചു കാലം അവരും അനുഭവിക്കട്ടെ .’

ചെറുപ്പക്കാരന്‍ പറഞ്ഞ് നിര്‍ത്തി.

‘അവര് വരും..ഇന്ദിര യുടെ പോലീസ്..അതുകൊണ്ടാ മോനെ ..’ കണാരേട്ടന്‍ പിറുപിറുക്കുന്നു ..

അദ്ദേഹത്തിന്റെ വലതു കൈ മുകുന്ദന്‍ കയ്യിലെടുത്തു . ഞരമ്പുകള്‍ എഴുന്നു നില്ക്കുന്ന ശുഷ്‌കിച്ച വിരലുകള്‍..

എവിടെയോ ഇങ്ക്വിലാബ് വിളികള്‍ ഉയരുന്നു ഈ കൈകള്‍ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഉയരുന്നു മുകുന്ദന്റെ കണ്ണുകള്‍ നിറഞ്ഞു.

‘ഇറ്റ്‌സ് ഡെര്‍റ്റി ഹാന്‍ഡ്‌സ് അങ്കിള്‍’

‘ഛീ നിര്‍ത്തെടാ………..’ മുകുന്ദന്‍ അലറി.

എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു പോയി കുട്ടി കരയാന്‍ തുടങ്ങി .

‘അവനൊരു തമാശ പറഞ്ഞതിന് നിങ്ങളിങ്ങനെ ചൂടാവേണ്ട കാര്യമെന്താ

‘ഇങ്ങനെ മുതിര്‍ന്നവരെ ചീത്ത വിളിപ്പിച്ചു ശീലിപ്പിക്കുന്നതാണോ നിങ്ങടെ തമാശ .ഈ ഡെര്‍റ്റി ഹാന്‍ഡ്‌സ് ഈ നാടിനു എന്തൊക്കെ നേടിത്തന്നു എന്ന ഒരു പക്ഷെ ഈ കുട്ടിക്ക് അറിയില്ലായിരിക്കും.പക്ഷെ നിങ്ങളും ….’

മുകുന്ദന് വാക്കുകള്‍ മുഴുമിക്കാന്‍ കഴിഞ്ഞില്ല.

കണാരേട്ടന്‍ പുഞ്ചിരിക്കുന്നു..

കുട്ടി ഇപ്പോഴും നിര്‍ത്താതെ കരയുന്നു.കമ്പാര്‍ട്ട് മെന്റില്‍ എല്ലാരും നോക്കുന്നു .

മുകുന്ദന് ഇറങ്ങേണ്ട സ്‌റ്റേഷന്‍ എത്തി ..

കുട്ടി യെ ആശ്വസിപ്പിക്കാനായി അയാള്‍ അവനെയും കൂട്ടി പുറത്തിറങ്ങി. മുകുന്ദന്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴും കണാരേട്ടന്‍ കൈകള്‍ മുറുക്കെ പിടിച്ചിരുന്നു .മുകുന്ദന്‍ ആ കൈകള്‍ പിടിച്ചു കൊണ്ട് പുറത്തിറങ്ങി .ആ സ്ത്രീ അമ്പരപ്പോടെ മുകുന്ദനെയും അച്ഛനെയും നോക്കി.

സമയം 7 മണി ആയിരിക്കുന്നു .സന്ദര്‍ശകരുടെ മുറിയില്‍ മുകുന്ദന്റെ കൈ പിടിച്ചു കൊണ്ട് അനുസരണയുള്ള കുട്ടി യെ പോലെ കണാരേട്ടന്‍ ഇരിക്കുന്നു .പിന്നില്‍ നിന്നും ഒരു സ്ത്രീ ശബ്ദം

‘മിസ്റ്റര്‍ മുകുന്ദന്‍ അല്ലെ ….’

Generated from archived content: story3_nov17_14.html Author: nishad_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English