ചെമ്മണ്‍പാതകള്‍

ആ ബസ് ഒരു വലിയ കയറ്റം കയറിക്കൊണ്ടിരിക്കുകയാണ്. ഇരുളിനെ കീറിമുറിച്ചുകൊണ്ട് അതിന്റെ വെളിച്ചം അകലേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു. ആകെ എട്ടു പേരുമാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളു. വളരെ ശ്രദ്ധയോടെ ഡ്രൈവു ചെയ്തു കൊണ്ടിരുന്ന ഏകദേശം അമ്പതു വയസ്സോളം പ്രായം ചെന്ന കഷണ്ടിയായ ഡ്രൈവറായിരുന്നു അതിലൊന്ന്. പിറലിലെ സീറ്റില്‍ ഉറക്കം തൂങ്ങുന്ന കണ്ടക്ടറായിരുന്നു രണ്ടാമന്‍. ഇടക്കിടെ ഞെട്ടിയുണര്‍ന്ന് കണ്ണുമിഴിക്കുന്നുണ്ട് കക്ഷി.

അയാളടക്കം ആറു പേരാണ് യാത്രകാരായി ഉണ്ടായിരുന്നത്. അതില്‍ നാലുപേര്‍ മുമ്പിലേയും പിറകിലേയും സീറ്റിലിരുന്ന് കലപില സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു . ഫാക്ടറിയിലെ ജോലിക്കാരായിരിക്കണം നാലു പേരും. ഒരേ നിറത്തിലുള്ള കുപ്പായമാണ് ധരിച്ചിരിക്കുന്നത് . ചുവന്ന മുറിക്കയ്യന്‍ കുപ്പായവും കാവി മുണ്ടുമുടുത്ത് മധ്യവയസ്കനായ ഒരു വ്യക്തിയായിരുന്നു അയാളുടെ തൊട്ടു പിറകിലെ സീറ്റില്‍. കയ്യില്‍ ഒരു തുണി സഞ്ചിയുമായി ഇരിക്കുന്ന കക്ഷി ഇടക്കിടെ പുറത്തേക്കു നീട്ടി തുപ്പുന്നുണ്ടായിരുന്നു. ഭാഗ്യവശാല്‍ അദ്ദേഹത്തിനു പിറകിലായി യാത്രക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.

ജാലകത്തിലൂടെ തണുപ്പ് അരിച്ചു കയറുന്നുണ്ടായിരുന്നു എങ്കിലും ഷട്ടര്‍ താഴ്ത്താന്‍ തോന്നിയില്ല. അയാളുടെ ശരീരത്തിന്റെ ഓരോ അണുവും ആ തണുപ്പിനെ ഏറ്റുവാങ്ങാന്‍ തയാറായി നിന്നു. പുറത്ത് ഇടയ്ക്കിടെ മാത്രം പ്രത്യക്ഷപ്പെടുന്ന കുടിലുകളില്‍ മണ്‍ വിളക്കിന്റെ വെളിച്ചം കാണാമായിരുന്നു . ഇനിയും എത്ര ദൂ‍രം പോകണം? അറിയില്ല സമയം ഏകദേശം പത്തു മണിയോടടുത്തിരിക്കുന്നു. പുറപ്പെടുമ്പോള്‍ ഏഴുമണി കഴിഞ്ഞിരുന്നല്ലോ സമയമാപിനിയുടെ ഉപയോഗം തന്റെ ജീവിതത്തെ ബാധിക്കാത്ത ഒന്നായതിനാല്‍ അവ കയ്യില്‍ സൂക്ഷിക്കാറില്ല. ഒരു പാടു വൈകിയാല്‍ ഉദ്ദേശിച്ച കാര്യം നടക്കുമോ ആവോ ഏതായാലും ഇന്നു കണ്ട് പിടിച്ചേ തീരു.

‘’ ഇതാണു സ്ഥലം’‘ കണ്ടക്ടര്‍ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞപ്പോഴാണ് ഞെട്ടിയുണര്‍ന്നത്. ഇതിനിടയില്‍ എപ്പോഴാണ് മയങ്ങിപ്പോയത്? തോള്‍ സഞ്ചി ചുമലില്‍ തൂക്കി അയാള്‍ പതുക്കെ ഇറങ്ങി. ഇതിനിടയില്‍ മുറുക്കാന്‍ കക്ഷി ഇറങ്ങി പോയിരുന്നു . എങ്കിലും അയാളിരുന്ന സീറ്റിനറികില്‍ അതിന്റെ അവശേഷിപ്പുകള്‍ കാണാമായിരുന്നു തൊഴിലാളികള്‍ അപ്പോഴും ചര്‍ച്ചയിലായിരുന്നു . ബസിറങ്ങി കഴിഞ്ഞപ്പോഴായിരുന്നു വലതുകാല്‍മുട്ടിലെ വേദന അസഹ്യമായി അനുഭവപ്പെടുന്നത്. നീര്‍ക്കെട്ടായിരിക്കും അയാള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. മറ്റുള്ളവരെയും കൊണ്ട് ആ ബസ് പിന്നെയും കയറ്റം കയറിക്കൊണ്ടിരുന്നു.

ബസ് പോയി കുറച്ചുകഴിഞ്ഞതിനു ശേഷമാണ് ആ സ്ഥലം ശ്രദ്ധിക്കുന്നത്. അരണ്ട വെളിച്ചത്തില്‍ കുറച്ചു പീടിക മുറികള്‍ കാണായി. എല്ലാം അടഞ്ഞു കിടക്കുകയാണ്. ഒരു മനുഷ്യകുഞ്ഞിനേപ്പോലും അവിടെ കാണുന്നില്ല. ഈശ്വരാ ആരോടു വഴി ചോദിക്കും? ഈ രാത്രി യാത്ര ഒഴിവാക്കാമായിരുന്നു പുറപ്പെടുമ്പോള്‍ അവനെ കാണുക മാത്രമായിരുന്നല്ലോ ഉദ്ദേശം. ഇത്രയും വൈകുമെന്നോര്‍ത്തില്ല. കുറച്ചു ദൂരെയായി ഒരു പീടിക മുറിയുടെ പലക വിടവിലൂടെ വെളിച്ചം കാണുന്നുണ്ട്. ആശ്വാസമായി അയാള്‍‍ തൊല്ലാശ്വാസത്തോടെ അങ്ങോട്ടു നീങ്ങി.

ഓടിട്ട ഒരു കെട്ടിടത്തില്‍ രണ്ടു പീടിക മുറികളാണുള്ളത് . വെളിച്ചം കാണുന്ന മുറിയില്‍ ഒരു ചായക്കടയായിരുന്നു. പുറത്ത് രണ്ട് ബഞ്ചുകള്‍ കാണാമായിരുന്നു. ലക്ഷണം കണ്ടിട്ട് ഉടമസ്ഥന്‍ ഇതിനുള്ളില്‍ തന്നെയാണ് പൊറുതി അല്ലെങ്കില്‍ ഈ സമയത്ത് അങ്ങേരു വീട്ടിലെത്തിയിരിക്കും. അയാള്‍ പലകവാതിലില്‍ പതുക്കെ മുട്ടി നോക്കി . ഒരു രണ്ടു മൂന്നു മിനിറ്റു കഴിഞ്ഞു കാണും അകത്തുനിന്നും അനക്കം കേട്ടു.

വെളുത്ത് കിളിരമുള്ള ആളാണ് കതകു തുറന്നത്. മണ്ണെണ്ണ വിളക്ക് കയ്യില്‍ പിടിച്ചതിനാല്‍ മുഖം വ്യക്തമായി കാണാമായിരുന്നു. എഴുപതു വയസ്സോളം പ്രായം ചെന്ന ഒരു വൃദ്ധനായിരുന്നു ആ ഹോട്ടലുടമ. ബനിയനും കൈലിയുമായിരുന്നു വേഷം. തോര്‍ത്തു മുണ്ട് തോളില്‍ ഉണ്ടായിരുന്നു.

അയാള്‍ വൃദ്ധനെ അഭിവാദ്യം ചെയ്തു.

വൃദ്ധന്‍ ഒന്നും മിണ്ടിയില്ല.

വലതു കാലിന്റെ വേദന അസഹ്യമായതോടെ അയാള്‍ രണ്ടും കല്‍പ്പിച്ച് ബഞ്ചില്‍ ഇരുന്നു.

വൃദ്ധന്‍ അയളെത്തന്നെ നോക്കി നില്‍ക്കുകയാണ്. എന്നാല്‍ ആരാണെന്നോ എണ് പോകേണ്ടതെന്നോ വൃദ്ധന്‍ ചോദിക്കുന്നില്ല.

ഇതെന്തൊരു മനുഷ്യന്‍ ഒടുവില്‍ അയാള്‍ തന്നെ മൗനം ഭേദിച്ചു.

‘’ ചേട്ടാ ഞാന്‍ രാമകൃഷ്ണന്‍ എന്നൊരാളെ അന്വേഷിച്ചു വന്നതാണ്. ഇതിനു മുമ്പ് ഇവിടെ വരാത്തതുകൊണ്ട് പുറപ്പെടുമ്പോള്‍ ഇത്ര വൈകുമെന്നോര്‍ത്തില്ല. എനിക്ക് രാമകൃഷ്ണന്റെ വീടൊന്ന് പറഞ്ഞു തരാമോ ? അഡ്രസ്സ്….’‘

അയാള്‍ കീശയില്‍ നിന്നും കടലാസ് എടുക്കുന്നതിനു മുമ്പ് വൃദ്ധന്‍ അകത്തേക്കു പോയി കഴിഞ്ഞിരുന്നു.

ഈ വൃദ്ധന്‍ ബധിരനോ ഊമയോ ആണോ ആവോ… ഏതായാലും ഒരു പ്രത്യേകതരം ജീവി തന്നെ. ഇനി ഈ പാതിരാത്രിക്ക് ആരോടു പോയി വഴി ചോദിക്കും. ഏതു നശിച്ച നേരത്താണോ ഇവനെ അന്വേഷിച്ചു പുറപ്പെട്ടത്.

ഇനി ഇറങ്ങിയ ബസ്റ്റോപ്പ് മാറിപ്പോയോ..? അയാള്‍ അഡ്രസ്സ് വീണ്ടും നോക്കി.

രാമകൃഷ്ണന്‍, കണിയാം പറമ്പില്‍, നടുവട്ടം.

ശരിയാണ് ഇറങ്ങുമ്പോള്‍ കണ്ടക്ടറോട് സംശയനിവൃത്തി വരുത്തിയിരുന്നു. അകത്ത് വൃദ്ധന്‍ പാത്രം കഴുകുന്ന ശബ്ദം കേള്‍ക്കാമായിരുന്നു . ഒറ്റത്തടിയാണെന്നു തോന്നുന്നു. ഒന്നുകില്‍ മക്കള്‍ ഉപേക്ഷിച്ചു പോയിരിക്കും. അല്ലെങ്കില്‍ കല്യാണം കഴിക്കാതെ അയാള്‍ വെറുതെ ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു.

ഇന്ന് ഇനി ഏതായാലും ഇങ്ങേരെ സോപ്പിട്ട് ഇവിടെയങ്ങ് കൂടാം. ആ ഗ്രാമം ഇരുട്ട് പുതച്ചുകൊണ്ടിരിക്കുകയാണ്. കമുകിന്‍ പട്ട കൊണ്ട് നിര്‍മ്മിച്ച ഒരു ബസ്റ്റോപ്പ് കാണാമായിരുന്നു. പിന്നെ നാലഞ്ചു പീടിക മുറികളും. ഒരു വലിയ മലയ്ക്കടിയിലുള്ള ഒരു താഴ്വാരം പോലെ.

അതിനിടയില്‍ ഒരു അത്ഭുതം സംഭവിച്ചു.

വൃദ്ധന്‍ ഒരു ഗ്ലാസ്സ് ചായ അയാളുടെ മുന്നില്‍ കൊണ്ടു വച്ചു. ഒന്നും മിണ്ടാതെ തിരിച്ചു പോകുകയും ചെയ്തു. കൊടും തണുപ്പില്‍ ചായ കിട്ടിയാല്‍ ആശ്വാസമായി. അയാള്‍ പീടിക മുറിക്കുള്ളിലേക്കു കയറി.

അതിനുള്ളിലും രണ്ടു ബഞ്ചുകളും ഡസ്ക്കുകളും ഉണ്ടായിരുന്നു. വലതു വശത്തെ ചില്ലലമാരയില്‍ രാവിലെ ഉണ്ടാക്കിയ ഏതോ പലഹാരമായിരിക്കണം. ആ മണ്‍ ചുമരില്‍ ഏതോ സിനിമാനടിയുടെ ചിത്രമുള്ള ഒരു വലിയ കലണ്ടര്‍ തൂങ്ങുന്നുണ്ടായിരുന്നു. വൃദ്ധന്‍ അകത്ത് വീണ്ടും ജോലിയില്‍ വ്യാപൃതനായെന്നു തോന്നുന്നു. ഇനിയേതായാലും അന്വേഷണം നാളെയാക്കാം.

‘’ കഴിക്കാനെന്തങ്കിലും വേണോ?’‘ വൃദ്ധന്റെ ശബ്ദമാണ്. ഓ ഇങ്ങേര്‍ ഊമയല്ല ഭാഗ്യം. എന്തൊരു മനുഷ്യന്‍ ഒരാള്‍ വഴി ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല. അയാള്‍‍ ഭക്ഷണം കൊടുക്കുന്നു ഒരു പക്ഷെ വല്ല കുഴപ്പവും. ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ല. വൃദ്ധനോട് വേണ്ടെന്ന് മറുപടി പറയുകയും ചെയ്തു.

വല്ലാത്ത ക്ഷീണം തോന്നുന്നു. ഈ അലച്ചില്‍ തുടങ്ങിയിട്ട് ഒരു പാടായല്ലോ. വലതു കാല്‍ മുട്ടില്‍ നിന്നും വേദന മുഴുവനു വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നു.

അയാള്‍ തുണി സഞ്ചിയില്‍ നിന്നും തന്റെ മുഷിഞ്ഞ് ഒരു മുണ്ടെടുത്ത് തോളിലൂടെ ചുറ്റി. ആ ബഞ്ചില്‍ പതിയെ ചായാന്‍ തുടങ്ങി . വൃദ്ധന്‍ ചായ ഗ്ലാസ്സ് എടുത്തുകൊണ്ട് അകത്തേക്ക് പോയി. ഇതിനിടയില്‍ എപ്പോഴോ അയാള്‍ ഉറക്കത്തിലേക്കു വഴുതി വീണു.

‘’ ഇന്നലെ രാത്രി എത്തിയതാ…’‘

വൃദ്ധന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത് . തന്നെ പറ്റി ആരോടോ സംസാരിക്കുകയാണ്. എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ശരീരത്തിനു വല്ലാത്ത ഭാരം തോന്നി . ഇന്നലെ ബെഞ്ചില്‍ ഉറങ്ങിയതുകൊണ്ടാകാം. കഴുത്ത് ഒരു വശത്തേക്ക് തിരിക്കാന്‍ പ്രയാസം. അയാള്‍ ആയാസപ്പെട്ട് എഴുന്നേറ്റ് ഇരുന്നു. നേരം വെളുത്തിരുന്നെങ്കിലും മൂടല്‍ മഞ്ഞിന്റെ സാന്നിദ്ധ്യം അന്തരീക്ഷത്തില്‍ അപ്പോഴും ഉണ്ടായിരുന്നു. കടയില്‍ ആളുകള്‍ വന്നു തുടങ്ങിയിട്ടില്ല. അയാള്‍ മുഖം കഴുകാനായി പുറത്തിറങ്ങി. വൃദ്ധന്‍ ഒരു സ്ത്രീയോടാണു സംസാരിക്കുന്നത്. അവരുടെ കയ്യില്‍ ഒരു വലിയ പാത്രം ഉണ്ടായിരുന്നു. പാല്‍ക്കാരിയായിരിക്കണം. അവള്‍‍ അയാളെത്തന്നെ തുറിച്ചു നോക്കുന്നത് കണ്ട് അയാള്‍ പതിയെ മുഖം തിരിച്ചു.

മുഖം കഴുകി തിരിച്ചു വന്നപ്പോഴേക്കും വൃദ്ധന്‍ ചായ മേശപുറത്തു വച്ചിരുന്നു. ഒരു പിഞ്ഞാണത്തില്‍ പഴം പുഴുങ്ങിയത് വച്ചിരുന്നു വിശപ്പു കാരണം രണ്ടെണ്ണം കഴിച്ചു തീര്‍ന്നതറിഞ്ഞില്ല. അപ്പോഴേക്കും കുറച്ചു പേര്‍ കടയിലേക്ക് ചായ കുടിക്കാനായി വന്നു. ലോറിക്കാരായിരിക്കണം. കാരണം റോഡ് സൈഡില്‍ രണ്ടു ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടിരുന്നു. വൃദ്ധനു കാശു കൊടുത്ത് പുറത്തിറങ്ങി . അപ്പോഴാണ് ആ സ്ഥലം ശരിക്കും കാണുന്നത്. ഒരു ചെറിയ ബസ്റ്റോപ്പും ആറേഴു പീടിക മുറികളുമുള്ള നടുവട്ടം ഗ്രാമം. മനോഹരമായ സ്ഥലമായിരുന്നു അത്. ഇനി രാമകൃഷ്ണന്റെ വീട്ടിലേക്ക് എത്ര ദൂരം നടക്കണം? കാലില്‍ നീരു വന്നിരിക്കുന്നു. കടയില്‍ തിരക്കായതിനാല്‍ വൃദ്ധനോട് വഴി ചോദിക്കാന്‍ മറന്നു പോയി. അയാള്‍ അടുത്തുള്ള കടയെ ലക്ഷ്യമാക്കി നടന്നു.

അതൊരു മുറുക്കാന്‍ കടയായിരുന്നു. കറുത്തു തടിച്ച കുള്ളനായ ഒരാള്‍ ഭരണികള്‍ എടുത്തു വെക്കുന്നുണ്ടായിരുന്നു അയാളോട് തന്റെ ചോദ്യം ആവര്‍ത്തിച്ചു.

പരിഹാസം സ്ഫുരിക്കുന്ന ഒരു നോട്ടമായിരുന്നു കടക്കാരന്‍ മറുപടിയായി തന്നത്. ഉടനെ അയാളുടെ ചോദ്യവും വന്നു.

‘’ ഇതിപ്പം എവ്ടെന്നാ?’ ‘ അയാള്‍ കടക്കാരന്റെ മുഖത്തേക്ക് ഉറ്റു നോക്കി. അയാളില്‍‍ പല സംശയങ്ങളും മിന്നി മറഞ്ഞു. രാമകൃഷ്ണന്‍ എന്ന വ്യക്തി ഇവിടെ എന്താണു ചെയ്യുന്നത്? വൃദ്ധന്റെയും കടക്കാരന്റെയും മറുപടികളില്‍ എന്തോ അരുതായ്ക ഉണ്ടോ? ആരില്‍ നിന്നും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. കടക്കാരന്‍ ഇടതു വശത്തേക്കു വിരല്‍ ചൂണ്ടി.

‘’ നേരെ പൊയ്ക്കോളൂ…’‘

നന്ദി പറഞ്ഞത് കേള്‍ക്കാന്‍ ക്ഷമയില്ലാത്ത മട്ടില്‍ അയാള്‍ ഭരണി എടുത്തു വെക്കുന്ന ജോലിയില്‍ വീണ്ടും വ്യാപൃതനായി.

അയാള്‍ കടക്കാരന്‍ കാണിച്ച വഴിയിലൂടെ നടക്കാന്‍ തുടങ്ങി. മെയിന്‍ റോഡില്‍ നിന്നും ഇടതു വശത്തേക്കുള്ള ഒരു ചെമ്മന്‍ പാതയായിരുന്നു അത്. എത്ര ദൂരം പോകണമെന്നോ എവിടെയാണെന്നോ കടക്കാരന്‍ പറഞ്ഞില്ല. വിചിത്രമായ മനുഷ്യജന്മങ്ങള്‍. ഏതായാലും പോയി നോക്കുക തന്നെ. വഴിയില്‍ ആരെയെങ്കിലും കാണാതിരിക്കില്ല.

പാതയുടെ ഇരുവശത്തും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളാണ്. പലതരം വൃക്ഷങ്ങളും സസ്യങ്ങള്‍ പടര്‍ന്നു കിടക്കുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍‍ വലതുകാലിന്റെ വേദന കാരണം അയാള്‍ റോഡരികിലുള്ള ഒരു ചീനിമരത്തിന്റെ ചുവട്ടില്‍ ഇരുന്നു. ചെമ്മണ്‍ പാതയിലൂടെ ആരേയും കാണുന്നില്ല . വീടുകളും കാണുന്നില്ല. കടക്കാരന്‍ കബളിപ്പിച്ചതാണോ? അയാള്‍ വെറുതെ ചിന്തിച്ചു. എത്രയോ കാലമായി താന്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇനി കടക്കാരന് അങ്ങനെയൊരു ആശയുണ്ടെങ്കില്‍ അതും നിറവേറട്ടെ.

വെയില്‍ നാളങ്ങള്‍ കണ്ണിലേക്കടിക്കാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ കണ്ണു തുറന്നത്. തന്റെ തുണി സഞ്ചിയുമായി ചെമ്മന്‍പാതയിലേക്കു കയറി. കുറച്ചു ദൂരം നടന്നപ്പോള്‍ ഇരുളില്‍ നിന്നും വെളിച്ചത്തെത്തിയ പോലെ തോന്നി. ഇപ്പോള്‍‍ ചെമ്മണ്‍ പാതയുടെ ഇടതുവശം കൃഷി സ്ഥലങ്ങളാണ്. അകലെയായി കുടിലുകള്‍ കാണുന്നുണ്ട്. ഹാവൂ ജനവാസപ്രദേശം ആണ് ഭാഗ്യം.

കൃഷിക്കായി വെള്ളം കെട്ടി നിറുത്തിട്ടുണ്ടായിരുന്നു. അയാള്‍ മുഖം കഴുകാനായി കുനിഞ്ഞപ്പോഴാണ് തന്റെ മുഖം ശ്രദ്ധിക്കുന്നത്. ആകെ കരുവാളിച്ച മുഖം. താടി രോമങ്ങള്‍ വളര്‍ന്നിരിക്കുന്നു. അയാള്‍‍ക്കു തന്റെ മുഖം അന്യമായി തോന്നി. എത്ര ദിവസങ്ങളായി അലയുകയാണ്. ഇപ്പോള്‍ താന്‍ രാമകൃഷ്ണന്റെ നാട്ടിലെത്തിയല്ലോ. എല്ലാം അവനെ കാണുമ്പോള്‍ ശരിയാകും. അവന് തന്നെ മനസിലാകുമായിരിക്കും.

വെയിലിന്റെ ചൂട് അസഹ്യമായി വരുന്നു. ഇതിനിടയില്‍ ചെരുപ്പിന്റെ വാറു കേടായതിനാല്‍ സഞ്ചിയിലേക്ക് ഇട്ടിരുന്നു . നഗ്നപാദനായിട്ടാണ് ഇപ്പോള്‍‍ നടത്തം. വലതു കാലില്‍ മുട്ടിനു മുകളില്‍ നീരുവന്ന് തൂങ്ങി നില്‍ക്കുന്നു. ദിവസങ്ങളായി ശരീരത്തോട് ഒട്ടി നില്‍ക്കുന്ന മുഷിഞ്ഞ കുപ്പായത്തിന്റെയും കാവിമുണ്ടിന്റേയും ഗന്ധം അയാള്‍ക്കു തന്നെ മനം പിരട്ടലുണ്ടാക്കി.

ഭാഗ്യം രണ്ടു പെണ്‍കുട്ടികള്‍ വരുന്നുണ്ട്. അവരോടു ചോദിക്കാം. പുസ്തകം മാറോടടുക്കിപ്പിടിച്ചു ഏതോ തമാശയും പറഞ്ഞ് വരികയായിരുന്നു അവര്‍. പട്ടു പാവാടയും ബ്ലൗസുമായിരുന്നു വേഷം. അയാള്‍‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.

അവര്‍ അമ്പരപ്പോടെ പരസ്പരം നോക്കി.

അയാള്‍ വീണ്ടും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍‍ കുറച്ചു ദൂരെയായി കാണുന്ന ഒരു ഗെയ്റ്റിനു നേരെ വിരല്‍ ചൂണ്ടി.

അയാള്‍ അവരോടു നന്ദി പറഞ്ഞുകൊണ്ട് അങ്ങോട്ടു നീങ്ങി. അയാള്‍ കുറച്ചു ദൂരം ചെന്നപ്പോള്‍ തിരിഞ്ഞു നോക്കിയപ്പോഴും ആ കുട്ടികള്‍ അയാളെ നോക്കി നില്‍ക്കുകയായിരുന്നു. തന്റെ ചെരിപ്പിടാതെയുള്ള നടത്തവും മുഷിഞ്ഞ വേഷവും കണ്ടിട്ടാവണം പാവം കുട്ടികള്‍.

ആ ഇരുമ്പു ഗേറ്റിനെ ലക്ഷ്യമാക്കി നടക്കുമ്പോഴാണ് അയാള്‍ ചിന്തിച്ചു. ഈ രാമകൃഷ്ണന് എന്തെങ്കിലും കുഴപ്പമുണ്ടോ? വൃദ്ധന്റെയും പാല്‍ക്കാരിയുടെയും കടക്കാരന്റെയും ഈ കുട്ടികളുടെയും പെരുമാറ്റത്തില്‍ അസ്വഭാവികത ഓരോ മുഖങ്ങളിലും ഓരോ ഭാവങ്ങളായിരുന്നു. പരിഹാസം സഹതാപം അമ്പരപ്പ് ഇങ്ങനെ നീളുന്ന ഭാവങ്ങള്‍.

ഗേറ്റിനടുത്തെത്തുന്തോറും ഹൃദയമിടിപ്പ് കൂടി വരുന്നതായി അയാള്‍ അറിഞ്ഞു. കാല്‍ വേച്ച് നടക്കുന്നതിനിടയില്‍ ഒരു കരിങ്കല്‍ക്കഷണത്തില്‍ തട്ടി തള്ളവിരല്‍ നന്നായി മുറിഞ്ഞു ചോരയൊലിക്കാന്‍ തുടങ്ങി. വെയിലിന്റെ കാഠിന്യം വല്ലാതെ കൂടിയിരിക്കുന്നു. അയാള്‍ക്ക് തല കറങ്ങുന്നതു പോലെ തോന്നി. മതിലില്‍ ചാരി നിന്നു കൊണ്ട് അയാള്‍‍ കാവിമുണ്ടിന്റെ അറ്റം കൊണ്ട് ചോര തുടച്ചുകൊണ്ടിരുന്നു.

ചെങ്കല്ലു പാകിയ മതിലാണു ചുറ്റും. ഗേറ്റ് തുരുമ്പെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അയാല്‍‍ ആ ഇരുമ്പു ഗേറ്റ് തള്ളിത്തുറന്നു ഒരു വലിയ ശബ്ദത്തോടെ അതു തുറന്നു. ഗേറ്റ് കടന്നാല്‍ ഏകദേശം നൂറു മീറ്ററോളം നീളത്തിലുള്ള വഴിയാണ്. അത് അവസാനിക്കുന്നിടത്താണ് ഓടിട്ട സാമാന്യം വലിയൊരു ഇരു നില മാളിക. വഴിയില്‍ ആകെ കരിയിലകള്‍ വീണു കിടക്കുന്നു. കരിയിലകള്‍ മൂടിയ ആ വഴിത്താരയിലൂടെ ചോരയൊലിക്കുന്ന കാലുമായി അയാല്‍ വേച്ചു നടന്നു ചവിട്ടിനില്‍ക്കുന്ന മണ്ണിനടിയില്‍ കാലത്തിന്റെ കടലിരമ്പുന്നതായി അയാള്‍ക്കു തോന്നി. രാമകൃഷ്ണനുമായുള്ള അകലം അമ്പതു മീറ്ററായി കുറഞ്ഞല്ലോ അയാള്‍ക്ക് ആശ്വാസം തോന്നി.

വഴിയില്‍ പച്ചക്കറികളും ചെടികളും കൃഷി ചെയ്തിരിക്കുന്നു. എന്നാല്‍ ചെടികളില്‍ ഒന്നിലും പൂവ് കണ്ടില്ല. വെള്ളമൊഴിക്കാത്തതു കൊണ്ടാവാം രാമകൃഷ്ണന്‍ ആരെല്ലാമുണ്ടായിരിക്കും? ഭാര്യ മക്കള്‍ അച്ഛന്‍ അമ്മ പക്ഷെ ആരുമില്ലാത്ത ഒരു വീടു പോലെ തോന്നുന്നു.

അയാള്‍‍ കോലായിലേക്കു നോക്കി. നാലഞ്ചു ദിവസത്തെ പത്രങ്ങള്‍ അവിടെ ചിതറി കിടക്കുന്നു. ലക്ഷണം കണ്ടിട്ട് ഇവിടെ നാലഞ്ചു ദിവസമായി ആരും ഇല്ലെന്നാണു തോന്നുന്നത്. അയാള്‍‍ക്ക് കടുത്ത നിരാശയും ദു:ഖവും തോന്നി. എങ്കിലും അയാള്‍ വാതിലില്‍ ശക്തിയായി ഇടിച്ചു. അയാളുടെ കാലിലെ ചോര വീണ് ആ പത്രക്കടലാസുകള്‍ നനഞ്ഞിരുന്നു. കാവിമുണ്ടിന്റെ ഒരറ്റം ചുവന്ന നിറത്തില്‍ കാണപ്പെട്ടു.

നാലോ അഞ്ചോ തവണ മുട്ടിയതിനു ശേഷമാണ് വാതില്‍ തുറന്നത്. കരഞ്ഞു കലങ്ങിയ മുഖവുമായി ഒരു സ്ത്രീ. ഉറക്കച്ചടവുള്ള കണ്ണുകള്‍ ഏകദേശം നാല്‍പ്പതു വയസ്സോളം പ്രായം തോന്നിക്കും. സാരിയായിരുന്നു വേഷം. രാമകൃഷ്ണന്റെ ഭാര്യയാവാനാണു സാദ്ധ്യത.

‘’ എവിടെയായിരുന്നു?’‘

ഒരു പൊട്ടിത്തെറിയോടെയാണ് അവര്‍ ചോദിച്ചത്? ചോദ്യത്തിനൊടുവില്‍ ഒടുവില്‍ ഒരു പൊട്ടിക്കരച്ചിലായിരുന്നു അവരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

ഈ സ്ത്രീക്ക് ഇതെന്താണ്? അയാള്‍‍ മടിച്ചു മടിച്ചു ചോദിച്ചു.

”രാമകൃഷ്ണന്റെ വീട് ‘’

അവള്‍ മറുപടി പറയാതെ അയാളുടെ കയ്യില്‍ നിന്ന് തുണി സഞ്ചി വാങ്ങി. അയാളുടെ കൈക്കു പിടിച്ചുകൊണ്ട് അകത്തേക്കു നടക്കാന്‍ തുടങ്ങി. അയാള്‍ അനുസരണയുള്ള കുട്ടിയേപ്പോലെ അവരുടെ പിറകെ നടന്നു.

‘’ വന്നോ മോളെ.. ..’‘ അകത്തു നിന്നും ഒരു ക്ഷീണിച്ച സ്വരം കേട്ടു.

‘’ വന്നു അച്ഛാ ..’‘ അവള്‍‍ മറുപടി പറഞ്ഞു.

അകത്ത് ചുമരില്‍ ഒരു കല്യാണ ഫോട്ടോ കിടക്കുന്നുണ്ടായിരുന്നു. ഒന്ന് ഈ സ്ത്രീയാണ് …മറ്റേ ആള്‍ …എവിടെയോ ഒരു ഓര്‍മ്മ.

വെള്ളത്തിനടിയില്‍ കണ്ട ഷേവു ചെയ്യാത്ത ആ മുഖവുമായി എന്തെങ്കിലും സാദൃശ്യം …?

ഏയ്…. വെറുതെ തോന്നുന്നതായിരിക്കും.

Generated from archived content: story1_july22_13.html Author: nishad_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English