ഐതിഹ്യങ്ങള്‍ ചരിത്രത്തിലേക്ക് ചുവടു വെക്കുമ്പോള്‍

‘വാ കീറിയ ആള്‍ക്കുള്ള ഇരയും ദൈവം കണ്ടുവച്ചിട്ടുണ്ട്..’

ഒന്നാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കുമ്പോള്‍ വരരുചി പറഞ്ഞ വാക്കുകള്‍. പതിനൊന്നു മക്കളെയും ഇതുപോലെ ഉപേക്ഷിച് അനുസരണയിലൂടെ ഭാര്യയുടെ ധര്‍മം പാലിച്ച അവരുടെ മാതൃ ഹൃദയം നൊന്തിരിക്കണം. അവസാന സന്തതിക്കു വായില്ല എന്ന മറുപടിയിലൂടെ ഒരു കുഞ്ഞിനെയെങ്കിലും തനിക്കായി വേണമെന്ന് അവര്‍ ആശിച്ചിരുന്നു.. പക്ഷെ വാക്കുകള്‍ സത്യമാവുകയും വായില്ലാതായി മാറിയ പന്ത്രണ്ടാമനെ ഒരു കുന്നിനു മുകളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. പന്ത്രണ്ടു കൈകളില്‍ വളര്‍ന്ന, മേഴത്തൂര്‍ അഗ്‌നിഹോത്രി, രജകന്‍, പെരുന്തച്ചന്‍, അകവൂര്‍ ചാത്തന്‍, പാണനാര്‍, ഉപ്പുകൂറ്റന്‍, പാക്കനാര്‍, നാറാണത്ത് ഭ്രാന്തന്‍, വടുതലനായര്‍, വള്ളുവോന്‍, കാരക്കലമ്മ , വായില്ലാക്കുന്നിലപ്പന്‍ എന്നിവരിലൂടെ പന്ത്രണ്ടു കുലങ്ങള്‍ അറിയപ്പെടുകയും ചെയ്തു .

ഇവരുടെ കഥയാണ് പന്തിരു കുലത്തിന്റെ കഥ .കൗമാരകാലത്ത് തന്നെ പരസ്പരം തിരിച്ചറിഞ്ഞ ഇവര്‍ സഹവര്‍ത്തിത്തതോടെ വസിക്കുകയും ചെയ്തു എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു .ഭീഷ്മഷ്ടമി നാളില്‍ വരരുചിയുടെ ശ്രാദ്ധ ദിനത്തില്‍ ഇവര്‍ ഒരുമിച്ചു കൂടുമായിരുന്നു. പല ഗോത്രങ്ങളും സമന്മാരായി മാറുന്ന സാമൂഹിക സമത്വത്തിന്റെ നേര്ക്കാഴ്ച നല്കുന്ന കഥ കൂടിയായി പറയിപെറ്റ പന്തിരുകുലം.

ബ്രഹ്മദത്തന്‍ എന്ന അഗ്‌നിഹോത്രി ..

നിളാ തീരത്ത് നിന്നും കിട്ടിയ ഒന്നാമത്തെ കുട്ടിയെ എടുത്തു വളര്‍ത്തിയത് വേമഞ്ചേരി മനയിലെ അന്തര്‍ജ്ജനം ആയിരുന്നു . അതിനാല്‍ വരരുചിയുടെയും പറയിയുടെയും ആദ്യ സന്താനം ബ്രാഹ്മണനായി വളര്ന്നു. ബ്രഹ്മ ദത്തന്‍ എന്നായിരുന്നു യഥാര്‍ത്ഥ നാമധേയം. ചെറുപ്പത്തിലേ ദിവ്യത്വം പ്രകടമായിരുന്ന ഈ കുട്ടി താളി കിണ്ണത്തില്‍ മണ്ണ് കൊണ്ട് സൃഷ്ടിച്ച പ്രതിഷ്ഠയാണ് തൃത്താല അപ്പന്‍ ആയതെന്നു പറയപ്പെടുന്നു .അതിനാല്‍ ആ സ്ഥലം പിന്നീട് തൃത്താല എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു .

യജ്ഞ സംസ്‌കാരത്തെ പുനരുദ്ധരിക്കാനായി നൂറു യാഗങ്ങള്‍ നടത്തിയ അദ്ദേഹത്തിന് മുന്നില്‍ 99 യാഗങ്ങള്‍ക്കു ശേഷം ദേവേന്ദ്രന്‍ പ്രത്യക്ഷ പ്പെട്ടെന്നും നൂറാം യാഗത്തില്‍ നിന്നും പിന്തിരിയാന്‍ ആവശ്യപ്പെടുകയും ചെയ്തത്രേ. നൂറു യാഗങ്ങള്‍ ദേവന് തുല്യം എന്നതായിരുന്നു കാരണം. 34 വയസ്സിനുള്ളില്‍ 99 യാഗങ്ങള്‍ നടത്തി എന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത് . ഈ യാഗങ്ങള്‍ നടന്ന സ്ഥലം പിന്നീടു യജ്ഞെശ്വരം എന്ന പേരില്‍ അറിയപ്പെട്ടു .

സഹോദരങ്ങള്‍ ഒത്തുകൂടിയിരുന്നത് അഗ്‌നിഹോത്രി യുടെ ഇല്ലമായ വേമഞ്ചേരി മനയിലായിരുന്നു .

മൂന്നു ഭാര്യമാരായിരുന്നു ഇദ്ദേഹത്തിന്. ഇതില്‍ മൂന്നാമത്തെ ഭാര്യ ചോള രാജാവിന്റെ പുത്രി യാണെന്നും കാവേരി നദിക്കു അണ കെട്ടാന്‍ അഗ്‌നിഹോത്രി പോയ സമയത്ത് കൂടെ പോന്നതാണെന്നു പറയപ്പെടുന്നു.

അച്ഛന്റെ ശ്രാദ്ധ ദിനം ഒത്തുകൂടിയിരുന്ന സഹോദരന്മാരെ അന്നേ ദിവസം വേമഞ്ചേരി മനയില്‍ ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. മാത്രമല്ല ഇവര്‍ ഓരോരുത്തര്‍ അന്നേ ദിവസം കൊണ്ട് വരുന്നതു അവര്ക്ക് കഴിക്കാന്‍ പാകം ചെയ്തു കൊടുക്കേണ്ട കടമയും അന്തര്‍ജനത്തിനായിരുന്നു. ഇതില്‍ ബ്രാഹ്മണര്‍ക്കും അന്തര്‍ജനത്തിനും നീരസമുണ്ടായിരുന്നു. ഒരു ദിവസം പാക്കനാര്‍ പശുവിന്റെ അകിട് ചെത്തിക്കൊണ്ടാണ് വന്നത് . അന്തര്‍ജ്ജനം അറപ്പോടെ അത് നടുമുറ്റത്ത് കുഴിച്ചുമൂടുകയും ഭക്ഷണസമയത്ത് പാക്കനാര്‍ അത് ആവശ്യപ്പെടുകയും ചെന്ന് നോക്കുമ്പോള്‍ അവിടെ കോവല് മരം വളര്ന്നു നില്ക്കുന്നത് കണ്ടു എന്നും ഐതിഹ്യം .

അഗ്‌നിഹോത്രിയോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന സഹോദരനായിരുന്നു പാക്കനാര്‍ .അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇല്ലത്ത് നിന്നും ഒരു വിളിപ്പാടകലെ ആയിരുന്നു പാക്കനാര്‍ വസിച്ചിരുന്നത് .പാക്കനാരും അഗ്‌നിഹോത്രിയും തമ്മിലുള്ള തര്‍ക്കങ്ങളില്‍ വളരെ പ്രശസ്തമാണ് പാതിവ്രത്യം എന്നതിനെ ചൊല്ലിയുള്ളത്.അത് പോലെതന്നെ പെരുന്തച്ചനും അഗ്‌നിഹോത്രിയും തമ്മിലുള്ള ബഹുദൈവ പൂജ തര്‍ക്കവും.

ഇങ്ങനെ പരസ്പരമുള്ള തര്‍ക്കങ്ങളിലൂടെ,സമൂഹത്തോടുള്ള ചോദ്യങ്ങളിലൂടെ, ഉത്തരം കിട്ടാത്ത കഥകളിലൂടെ പറയിയും മക്കളും ഒരുപാട് ഗുണ പാഠങ്ങള്‍ മലയാളിക്ക് സമ്മാനിച്ചു.

ചരിത്രമുറങ്ങുന്ന മണ്ണിലൂടെ..

ഐതിഹ്യമാണോ ചരിത്രമാണോ എന്ന തര്‍ക്കം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഈ കഥയുടെ ഭൂമി തേടി ഒരു സഞ്ചാരിയുടെ കൌതുകതോടെയുള്ള യാത്ര ആയിരുന്നു അത് .

തൃത്താല.. താളിക്കിണ്ണത്തില്‍ ശിവലിംഗ പ്രതിഷ്ഠ യുമായി അഗ്‌നിഹോത്രി പ്പെരുമ വാഴുന്ന ഗ്രാമം. ആദ്യമെത്തിയത് ക്ഷേത്രത്തിലായിരുന്നു. അവിടെ നിന്നും അഗ്‌നിഹോത്രി പെരുമകള്‍ പറഞ്ഞുതരാന്‍ നിയോഗിക്കപ്പെട്ടനെന്ന പോലെ ഒരാള്‍. അയാളുടെ കഥകളില്‍ യാഗഭൂമിയായ യജ്ഞെശ്വര ക്ഷേത്രവും യാഗാഗ്‌നി ജ്വലനത്തിനായി നിലകൊണ്ടിരുന്ന മുത്തശ്ശി ആല്മരവും വെള്ളിയാങ്കല്ലും വേമഞ്ചേരി മനയും കഥാപാത്രങ്ങളായി .

വാമൊഴി കഥയില്‍ നിന്നും ഒരു മണിക്കൂറെടുത്തു പുറത്തു ചാടാന്‍ . . പിന്നെയും പുറത്തു വരുന്ന കഥാപാത്രങ്ങളെ ക്ഷേത്ര വാതില്‍ക്കല്‍ നിര്‍ത്തി ഞങ്ങള്‍ വണ്ടി മുന്നോട്ടെടുത്തു. സ്‌നേഹത്തോടെ നീട്ടിയ ഗാന്ധിയെ പുഞ്ചിരിയോടെ നിരസിച്ച അദ്ദേഹം തന്റെ കടമ നിറവേറ്റിയ ചാരിതാര്‍ത്യത്തോടെ കൈവീശി യാത്രയാക്കി.

നിളയുടെ തീരത്തുള്ള യജ്ഞെശ്വര ക്ഷേത്രം. അഗ്‌നിഹോത്രിയുടെ യാഗങ്ങള്‍ നടന്ന സ്ഥലം ഇതാണെന്ന് കരുതപ്പെടുന്നു .തൃത്താല വെള്ളിയങ്കല്ല് ബ്രിഡ്ജിനു സമീപമാണ് ഈ ക്ഷേത്രം. ക്ഷേത്ര പരിസരത്തായി കാണുന്ന ആല്‍മരത്തിന്റെ ശിഖരങ്ങള്‍ ആണത്രേ യാഗങ്ങളില്‍ അഗ്‌നി ജ്വലനതിനായി ഉപയോഗിച്ചിരുന്നത്. യാഗാഗ്‌നി ജ്വലനത്തിനായി എരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ട ശിഖരങ്ങളുമായ ആല്‍ മുത്തശ്ശി ഇപ്പോഴും നിളാതീരത്ത് പുതിയൊരു യാഗ പിറവിക്കായി കാത്തിരിക്കുന്നു. ഈ യാഗഭൂമിയില്‍ നൂറ്റാണ്ടുകള്‍ക്കു ശേഷവും മന്ത്ര ധ്വനികള്‍ അലയടിക്കുന്നു.

അഗ്‌നി ഹോത്രി ഇല്ലമായ വേമഞ്ചേരി മന ഈ ക്ഷേത്രത്തില്‍ നിന്നും ഒരു വിളിപ്പാടകലെ ഇപ്പോഴും നിലകൊള്ളുന്നു . മന ഇപ്പോള്‍ ക്ഷേത്രമായി പരിപാലിച്ചു വരുന്നു. അവരുടെ പിന്മുറക്കാര്‍ ഇതിനു തൊട്ടടുത്ത പത്തായപുര എന്ന് വിളിക്കുന്ന മാളികയിലാണ് ഇപ്പോള്‍ താമസം . ഇപ്പോള്‍ ആരും അവിടെ താമസമില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് . എങ്കിലും പൂജ കര്‍മങ്ങള്‍ മനക്കുള്ളില്‍ നടക്കുന്നുണ്ടായിരുന്നു .മനസ്സിലപ്പോള്‍ മധുസൂദനന്‍ നായര്‍ സാറിന്റെ ‘ചാത്തമൂട്ടാനൊത്ത് ചേരു മാറുന്‌ടെങ്ങള്‍ ചേട്ടന്റെ ഇല്ല പറമ്പില്‍ ….’ഈ വരികളായിരുന്നു.

കാടു പിടിച്ചു കിടക്കുന്ന ഇല്ലപ്പറമ്പും കുളവും കാവുമെല്ലാം എന്തോ നഷ്ടമാവുന്ന പ്രതീതി ആണ് മനസ്സില് ഉളവാക്കിയത് . പന്ത്രണ്ടു കുലങ്ങള്‍ ഒത്തു കൂടിയിരുന്ന ഇവിടം ഈയടുത്തു വരെ താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നതായി എവിടെയോ വായിച്ചിരുന്നു. ആയിരത്തി അറുനൂറോളം വര്ഷത്തെ പഴക്കമാണ് ഈ മനക്കും യജ്ഞെശ്വര ക്ഷേത്രത്തിനും പറയപ്പെടുന്നത്..

അതായത് ക്രിസ്താബ്ധം 300 നും 400 നും ഇടയിലാണ് അഗ്‌നിഹോത്രി കാലഘട്ടമായി കാണുന്നത്

പന്തിരുകുലം പഠനങ്ങളില്‍ …

ഐതിഹ്യങ്ങളെ ചരിത്രത്തോട് ബന്ധിപ്പിക്കുമ്പോള്‍ കാലഘട്ട നിര്‍ണയങ്ങളും യുക്തി സഹജമായ ചോദ്യങ്ങളും കടന്നു വരുന്നത് സ്വോഭാവികം മാത്രമാണ് .ഇവിടെ വരരുചിയുടെ കാലഘട്ടമായി പ്രതിപാദിക്കുന്നത് അഉ മൂന്നാം നൂറ്റാണ്ടാണ് .വിക്രമാദിത്യ സദസ്സിലെ നവരത്‌നങ്ങളില്‍ ഒരാളായി കണക്കപ്പെടുന്നു.

കലി വര്‍ഷം 3444 ആണ് അഗ്‌നിഹോത്രി യുടെ ജനന സമയമായി കണക്കാക്കപ്പെടുന്നത് . അതായത് അഉ 342. അദ്ദേഹത്തിന് 34 വയസ്സുള്ളപ്പോള്‍ 100 യാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നും പറയപ്പെടുന്നു.

അഗ്‌നി ഹോത്രി ഇല്ലമായ വേമഞ്ചേരി മന ഈയടുത്താണ് പഠനത്തിനു വിധേയമായത് .

തിരുവനന്തപുരം രാജിവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി യിലെ ഡോക്ടര്‍ സനല്‍ ജോര്‍ജ് നടത്തിയ കാര്‍ബണ്‍ ഡേറ്റിങ്ങ് പരിശോധനയില്‍ ആയിരത്തി നാനൂറോളം വര്‍ഷം പഴക്കം ഈ മനയ്ക്ക് ഉള്ളതായി കാണപ്പെട്ടു . കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ബ്രാഹ്മണ ഗൃഹം. ഈ പരിശോധന പ്രകാരം ഏതാണ്ട് ഒരേ അളവ് തന്നെയാണ് അഗിഹോത്രി യുടെ കാലത്തിനും ഇല്ലത്തിന്റെ കഴുക്കോലിനും.

എങ്കിലും ഇവയെ പാടെ നിഷേധിക്കുന്ന ചില യുക്തി സഹജമായ ചിന്താ ധാരകളും ഉയര്ന്നു വരുന്നുണ്ട് .അത്രയും കാലഘട്ടത്തിനു മുന്നേയുള്ള ചെങ്കല്ല് പാകിയ ,ഓടിട്ട , ഈ ഇല്ലത്തെ കുറിച്ച് ചോദ്യങ്ങള്‍ വരുന്നത് സാധാരണം മാത്രമാണ് .

എങ്കിലും ചരിത്രത്തിന്റെയും ഐതിഹ്യതിന്റെയും ഊടുവഴികളിലൂടെയുള്ള യാത്ര രസകരമായിരുന്നു. കഥകളില്‍ വായിച്ച കഥാപാത്രങ്ങളുടെ മണ്ണിനെ നേരിട്ട് കാണുന്നത് ,വായനക്കാരന്റെ വേറിട്ടൊരു വായനാനുഭവമാണ് . കേരളത്തിന്റെ ഈ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടെണ്ടത് നാളെയുടെ ആവശ്യമാണ്. മുത്തശ്ശി കഥകളില്ലാത്ത ,ഐതിഹ്യ മാലകളില്ലാത്ത ,വരും തലമുറ ഏതെങ്കിലും ഒരു ബ്രൌസിംഗ് ന്റെ ഇടയില്‍ ഈ കഥാ തന്തു തേടി യാത്ര തിരിക്കുമ്പോള്‍ അവര്‍ക്ക് അറിയാനെങ്കിലും ..കേരളത്തിന്റെ പറയിയും പന്തിരു കുലവും ഇനി യും ഇവിടെ വേണം.

പുറകില്‍ നിന്നും നാറാണത്ത് ഭ്രാന്തന്റെ ശബ്ദം

‘ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം.. നേര് നേരുന്ന താന്തന്റെ സ്വപ്നം..’

Generated from archived content: essay1_oct27_14.html Author: nishad_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here