പകൽ അകന്നുപോകുമ്പോൾ
ആൽമരത്തിന്റെ ഒറ്റത്തണലിൽ
മോക്ഷം കായുന്ന ഭിക്ഷുവിന്റെ കണ്ണിലെ
കെടാത്ത കനൽ തിരയുന്ന രൂപം
നീയാണെന്നു കരുതി
ആളൊഴിഞ്ഞ നടവാതിൽക്കൽ
ഞാൻ കാത്തുനിന്നപ്പോൾ
ഒരു കൂവളത്തില എനിക്കെറിഞ്ഞു തന്ന്
തിരികെ പോകാൻ നീ
സ്വരം കനപ്പിച്ച നേരം
കണ്‌ഠത്തിൽ കല്ലിച്ചുപോയ
രണ്ടക്ഷരങ്ങൾ കൂട്ടിവായിച്ചത്
സ്‌നേഹം എന്നായിരുന്നു.
അതിന്റെ നീലനിറം
എന്റെ പുടവയിലാകെ
പടർന്നു പോയിരുന്നു.്‌ഭ
കൽപ്പടവിലെ പായലിൽ
എനിക്കെന്റെ വഴി പാളുമ്പോൾ
ഒരു പാതിയും
മറുപാതിയും
ഇരുട്ടിൽ അലിഞ്ഞു പോകുന്നു.
ഒരു താണ്ഡവത്തിന്റെ ഹുങ്കാരത്തിൽ
ഞെരിഞ്ഞമർന്നു മുക്തി നേടാൻ
അപ്പോൾ ഞാൻ
മോഹിക്കുകയായിരുന്നു.
Generated from archived content: poem1_june26_08.html Author: nisha_sudhish