ഇരുട്ട് കനക്കാന്‍ തുടങ്ങിയിരിക്കുന്നു .ഇന്ന് തല്ലു കിട്ടിയത് തന്നെ. അമ്മ വടിയുമായി മുറ്റത്തുതന്നെ ഉണ്ടാവും . സഞ്ചിക്ക് ആണെങ്കില്‍ നല്ല ഭാരവും. ഇടവഴിയിലേക്ക് തിരിഞ്ഞു .അവ്യക്തമായി മാത്രേ വഴി കാണുന്നുള്ളൂ ഇരുളില്‍ ഒരു പൂച്ചയുടെ തിളങ്ങുന്ന കണ്ണുകള്‍.സഞ്ചി തോളത്തിട്ടു ഓടാന്‍ തുടങ്ങി . വഴി തെറ്റിയോ … ഇട വഴിയിലേക്ക് തിരിയുന്ന സ്ഥലം കാടുപിടിച്ചിരിക്കുന്നു .. കടയിലേക്ക് പോവുമ്പോള്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ ഇവിടം ..? ചീവീടുകളുടെ ശബ്ദം ..ഈശ്വരാ വഴിയില്‍ ആരെയും കാണുന്നുമില്ല നെഞ്ചിടിപ്പിന്റെ താളം ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം.കടയില്‍ ടി വി കണ്ടിരുന്ന് ഇരുട്ടായത് അറിഞ്ഞില്ല വരുന്നത് വരട്ടെ ..കാട്ടിലൂടെ നടന്നു .ഒരുപാട് ദൂരം .. വഴി അവസാനിച്ചപോലെ ..കാറ്റടിക്കുന്നു മുന്നില് വലിയ താഴ്ചയാണ് … വീഴാത്തത് ഭാഗ്യം .. അപ്പുറം മലനിരകളാണ് .ഉറക്കെ കരയാനാണ് തോന്നിയത് മലകളില്‍ ശബ്ദം പ്രതിധ്വനിച്ചു ..
തലയില്‍ ഒരു തലോടല്‍ .പിന്തിരിഞ്ഞു നോക്കി ..അമ്മയാണ് നീ എന്താ ഇവിടെ …? ഞാന്‍ നിന്നെ തിരഞ്ഞു നടക്കാത്ത സ്ഥലങ്ങളില്ല വാ പോകാം അമ്മ മുന്നോട്ടു നടന്നു അമ്മെ അവിടെ കുഴിയല്ലേ … നീ വാടാ അമ്മയില്ലേ കൂടെ .. അമ്മയുടെ മുഖം.. കാണുന്നില്ലല്ലോ…?? അത് ഇരുട്ടായിട്ടാ..മോന്‍ വാ അമ്മ താഴേക്കു പറക്കാന്‍ തുടങ്ങി .. അച്ഛന്റെ മരുന്ന് കൊടുക്കണ്ടേ …അമ്മെ അമ്മ മിണ്ടുന്നില്ല .. മഞ്ഞു മലകളിലൂടെ അവര്‍ താഴേക്കു പറന്നു .താഴേക്ക് പോകുന്തോറും ഭാരം കുറഞ്ഞു വരുന്നു
അമ്മ തോളില്‍ തൊട്ടു ‘വാസുദേവന്റെ കൂടെയുള്ള ആളല്ലേ …നിങ്ങളെ ഡോക്ടര്‍ വിളിക്കുന്നു ‘ അമ്മയല്ല നേഴ്‌സ് ആണ് സമയം 5.30 ആയി . ‘നല്ല ഉറക്കമാണല്ലോ എത്ര ഞാന്‍ എത്ര നേരമായി വിളിക്കുന്നു’ .അവള്‍ പുഞ്ചിരിക്കുന്നു ‘സോറി …രണ്ടു ദിവസമായി ഉറങ്ങിയിട്ട് ..സൊ …’. വാഷ് ബേസിനില്‍ അമ്മയെയും മഞ്ഞുമലകളെയും ഒഴുക്കിവിട്ട് കഇഡ മുറിക്കുള്ളിലേക്ക് നടന്നു. അച്ഛന്റെ ആയുസ്സിന്റെ കണക്കു പുസ്തകവുമായി ഡോക്ടര്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു .. ‘വാസുദേവന്റെ നില അത്ര നല്ലതല്ല .ഏതു സമയവും ….’ ഡോക്ടര്‍ അര്‍ധൊക്തിയില്‍ നിറുത്തി . ‘അമ്മ ഇപ്പോള്‍ കൂടെയില്ലേ ..?’ ‘ഇല്ല ….’ അങ്ങനെ പറയാനാണ് തോന്നിയത് .സ്വപ്നങ്ങളില്‍ മാത്രം വരാറുള്ള ഒരാളാണ് അമ്മ എന്ന് ഡോക്ടറോട് പറയാനാവില്ലല്ലോ.വഴിയില് കാത്തുനില്ക്കുന്ന,ചിറകിനടിയില്‍ വച്ച് കൊണ്ട് പറക്കുന്ന, മുഖമില്ലാത്ത അമ്മ .. ‘വാസുദേവന്‍ നിങ്ങളെ കാണണമെന്ന് വാശിപിടിക്കുന്നു അതുകൊണ്ടാണ് വിളിപ്പിച്ചത് .അധികം സംസാരിക്കാന്‍ അനുവദിക്കരുത്’ അച്ഛന്‍ ഉറങ്ങുകയായിരുന്നു .പിറകിലെ കമ്പ്യൂട്ടര്‍ അച്ഛന്റെ ഹൃദയചലനങ്ങള്‍ കാണിക്കുന്നു .ക്ഷൌരം ചെയ്യാത്ത മുഖം ഓര്‍മകളില്‍ എങ്ങുമില്ല .കുറച്ചു നേരം അച്ഛനെ നോക്കിയിരുന്നു .പണ്ടും അച്ഛന്‍ ഉറങ്ങുമ്പോള്‍ കട്ടിലിനരികില്‍ ഇതുപോലെ നിന്നിട്ടുണ്ട് ആ ചോദ്യവുമായി .ഇപ്പോഴും ..ഇതുവരെ ചോദിച്ചിട്ടില്ല .അച്ഛന്‍ പറഞ്ഞിട്ടുമില്ല .. എന്റെ സ്വപ്നങ്ങള്‍ക്ക് ..ഒരു മുഖമുണ്ടായിരുന്നെങ്കില്‍ അത് മാത്രം… അച്ഛന്റെ നെറ്റിയില്‍ പതിയെ തലോടി. ബാമിന്റെ ഗന്ധം വമിക്കുന്ന ഓര്‍മകളില്‍ അച്ഛന്റെ തലോടലിനായി എത്രയോ രാത്രികള്‍ ഉറങ്ങാതെ കണ്ണടച് കിടന്നിട്ടുണ്ട്.അച്ഛനെന്നും ബാമിന്റെ ഗന്ധമാണ്.പിന്നെടെപ്പോഴോ ലഹരിയുടെ ആഴങ്ങളിലേക്ക് കരള്‍ പകുത്തു നല്കിക്കൊണ്ട് അച്ഛന്റെ പ്രയാണം ഇന്നിതാ ഇവിടെ എത്തിനില്ക്കുന്നു .. ‘നീ വന്നിട്ട് കുറെ നേരമായോ …’ ‘ഇല്ല വന്നേയുള്ളൂ ..” ‘നീ സ്വയം ഭു ..എന്ന് കേട്ടിട്ടുണ്ടോ ..’ ഇപ്പോള്‍ അച്ഛന്‍ ഇങ്ങനെയാണ് .പരസ്പര ബന്ധമില്ലാതെ ഓരോ കാര്യങ്ങള്‍ .. ‘സ്വയം ഉണ്ടാവുന്ന ചിലതുണ്ട് ഭൂമിയില്‍..അച്ഛന്‍ തുടരുകയാണ് ‘ അച്ഛന്‍ അധികം സംസാരിക്കേണ്ട .ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് .. ‘പതിനാറാമത്തെ വയസ്സില്‍ കോടമ്പാക്കം തെരുവുകളില്‍ അലയുകയായിരുന്നു ഞാന്‍ .രാവിലെ ഏഴു മണിക്കേ രണ്ടു ഗ്ലാസ് ചാരായം വായിലേക്കൊഴിച്ചു തരും ശിവരാമന്‍ ചേട്ടന്‍ .എന്നിട്ട് അദ്ധേഹത്തിന്റെ വണ്ടികള്‍ കഴുകിക്കും.അതിനിടയില്‍ ഒരുപാടു തവണ വീഴും ,എല്ലാരും ചിരിക്കും .ഭക്ഷണം അന്നൊക്കെ കിട്ടാക്കനിയായിരുന്നു ‘ അച്ഛന്‍ ചുമക്കാന്‍ തുടങ്ങി അച്ഛന്റെ നെഞ്ചത്ത് തടവിക്കൊടുത്തു .ഇപ്പോഴും അച്ഛന്‍ ആ കാര്യം എന്തേ പറയാത്തത് . മാലാഖമാര്‍ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു . ‘സൃഷ്ടാക്കള്‍ ഇല്ലാത്തതോ അല്ലെങ്കില്‍ ഉപേക്ഷിച്ചതോ സ്വയം ഭു ആകാം അല്ലെ മോനെ’ അച്ഛന്‍ മിണ്ടാതിരിക്കൂ ,…ചുമ കൂടും ‘പിഞ്ഞിയ കുപ്പായത്തിനു ഒരുപാട് തുളകള്‍ വീണപ്പോഴാണ് സ്‌കൂള്‍ എന്ന വ്യവസ്ഥിതിയോട് വിടപറയുന്നത് .നാലാം ക്ലാസ്സില്‍ എല്ലാ വിഷയത്തിനു ഒന്നാമന്‍ ഞാനായിരുന്നു .സ്‌കൂളില്‍ നിന്നും ആരും അന്വേഷിച്ചു വന്നില്ല .റേഷന്‍ കടയില്‍ ജോലിയുള്ള അമ്മാവനോട് കുപ്പായത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ കിട്ടിയ ആട്ടല്‍ …’ അച്ഛന്‍ ചിരിച്ചു … അറിയാതെ കണ്ണുകള്‍ നിറഞ്ഞു ‘ചിലയിടങ്ങളില്‍ സ്വയംഭു നു നേരെ ചിലര് കണ്ണടച്ച് കളയുകയും മറ്റു ചിലര് കണ്ണടച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യും .എന്തായാലും അത് ചുറ്റുപാടും ഉള്ളവരുടെ ജീവിതത്തെ വല്ലാതെ മാറ്റിമറിക്കുന്നു ‘ കമ്പ്യൂട്ടറില്‍ ചലന ഗതികള്‍ മാറിമറിയുന്നു പേടി തോന്നി .അച്ഛന്റെ കൈകള്‍ തലോടിക്കൊണ്ടിരുന്നു ആ സത്യം അച്ഛന്‍ ഇപ്പോഴും പറയുന്നില്ല … ‘നമുക്ക് വീട്ടിലേക്കു പോവാം മോനെ .എന്തിനാ ഈ ഐസ് പെട്ടിക്കുള്ളില്‍ അച്ഛനെ ഇങ്ങനെ അടച്ചിടുന്നത് .നമ്മുടെ വീടിന്റെ കോലായിലിരുന്നു മരിക്കനെങ്കിലും അച്ഛനെ അനുവദിക്കൂ ..’ ‘അച്ഛന്റെ അസുഖമെല്ലാം മാറും .എന്നിട്ട് നമുക്ക് വീട്ടില് പോവാം ‘ അച്ഛന്‍ വെറുതെ മൂളി .. അന്നത്തെ ആ ട്രെയിന്‍ യാത്രക്കിടയിലാണ് എനിക്ക് സ്വയംഭു കിട്ടുന്നത് അച്ഛന്‍ ചുമ കൂടി വില്ല് പോലെ വളഞ്ഞു . ‘ഇനി മതി .ബാക്കി നാളെയാവാം..’ ഡ്യൂട്ടി നേഴ്‌സ് പറഞ്ഞു .. അച്ഛന്‍ തുടരുകയാണ് ‘ഏതോ പാര്‍ട്ടി സമ്മേളനം കഴിഞ്ഞു വരുമ്പോഴാണ് ..ഉറക്കത്തിനിടയില്‍ ആരോ തൊടുന്നത് പോലെ ഉണര്‍ന്നപ്പോള്‍ വണ്ടി ഏതോ സ്‌റ്റേഷനില്‍ നിറുത്തിയിരിക്കുന്നു .രണ്ടു വയസ്സുകാരി കൈ നീട്ടുന്നു .ചില്ലറ എന്തോ കൊടുത്തു .അവള്‍ അതുമായി ഓടുന്നത് കണ്ടു .പിന്നെ കാണുന്നത് ഒരു കൊച്ചു കുഞ്ഞിന്റെ വായിലേക്ക് എന്തോ ഒഴിച്ച് കൊടുക്കുന്ന ആകുഞ്ഞിനെയാണ്.ഉള്ളിലെന്തോ കൊളുത്തി വലിയുന്നു .കണ്ണടച്ച് കിടന്നു .ട്രെയിന്‍ ചലിക്കാന്‍ തുടങ്ങി .നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല . ആ പെണ്‍കുട്ടി യുടെ മുഖത്തിന് നേരെ ഉയരുന്ന കൈകളാണ് കണ്ടത് . ഒരു ചട്ടുകാലന്‍…അയാള് കയ്യിലുള്ള ആ വടി കൊണ്ട് അതിന്റെ അടിക്കുന്നു .അവള്‍ ആ കുഞ്ഞിനെ മാറോടു അടുക്കി പിടിച്ചിരിക്കുന്നു .. പിന്നെയും കണ്ണടക്കാന്‍ എനിക്ക് കഴിഞ്ഞില്ല … ‘ അച്ഛന്റെ ചുമ ഉച്ച സ്ഥായിയില്‍ ആണ് ഇപ്പോള്‍ നേഴ്‌സ് എന്നോട് ഇറങ്ങാന്‍ ആംഗ്യം കാണിച്ചു icu നു പുറത്തു ചേച്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു . ‘അച്ഛന് എങ്ങനെയുണ്ടെടാ..’ നിറഞ്ഞ കണ്ണുകള ചേച്ചിയില്‍ നിന്നും മറച്ചു പിടിച്ചു ‘നമ്മുടെ അമ്മയെപ്പറ്റി വല്ലതും പറഞ്ഞോ ..’ ഇല്ലെന്നു തലയാട്ടി … ഇടറുന്ന കാലുകളുടെ അകമ്പടിയോടെ പുറത്തേക്കു നടക്കുമ്പോള്‍ മനസ്സില് നിറയെ സ്വയം ഭു ആയിരുന്നു
Generated from archived content: story3_feb24_15.html Author: nisanth_k