വഴിയരികിലെ ഖബറിടങ്ങൾ …

ഓഫീസിൽ നിന്നും മടങ്ങിയെത്തുമ്പോൾ അദ്ദേഹം അസ്വസ്ഥനായിരുന്നു.

പതിവുള്ള ചായയുമായി എത്തിയപ്പോൾ കിടക്കുകയായിരുന്നു .

ചായ കുടിക്കുന്നില്ലേ ..

അവിടെ വച്ചേക്ക്

എന്തുപറ്റി ..തലവേദന വല്ലതും ?

ഇല്ല .

ഹൃസ്വമായ മറുപടികൾ സംസാരം നീട്ടാൻ ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.വർഷങ്ങൾ ഒരുപാടായില്ലേ കാണാൻ തുടങ്ങിയിട്ട് . ഓഫീസിലെ ഏതെങ്കിലും ആയിരിക്കും .ഒന്നും തന്നോട് പറയുന്ന ശീലം പണ്ടേ ഇല്ലല്ലോ അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ വിമല ചിന്തിച്ചു

—— —-

മൈലാഞ്ചി ചെടികളാണ് മുഴുവനും .അതിനിടയിലൂടെ ചെറിയ വഴികൾ കാണുന്നു .മുകളിലേക്കാണ് ..വല്ല പാമ്പുകളും ഉണ്ടാകുമോ ?

വഴികൾ ഇടുങ്ങി വരുന്നു .പറങ്കിമാവ് പൂക്കാൻ തുടങ്ങിയിരിക്കുന്നു.

അന്തേവാസികൾ എല്ലാം നിശബ്ദരാണ് .തീവണ്ടിയുടെ ചൂളം വിളി അകലെ കേൾകുന്നു.താഴെ അകലങ്ങളിൽ പാതകൾ കാണാം.സമാന്തരമായി റോഡും പിന്നെ വയലുകളും .

ചാറ്റൽ മഴ തുടങ്ങി .മഴയേറ്റു മൈലഞ്ചികൾ ചുവക്കുന്നു.അവ മഴയിൽ കലരുകയാണ് .ചൂളം വിളി തൊട്ടു പിന്നിൽ നിന്നും .

എന്റെ ചുവടുകൾക്കു താഴെ പാതകൾ ..പിന്നിൽ നിന്നും ട്രെയിനിന്റെ കാതടപ്പിക്കും ചൂളം വിളി ….

ഞെട്ടിയുണർന്നപ്പോൾ ഫോണുമായി തന്നെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന വിമലയാണ് മുന്നില് .

എത്ര നേരമായി ബെല്ലടിക്കുന്നു

ആരാണ്..

രാജീവ്‌ ആണെന്ന് തോന്നുന്നു

എടുക്കേണ്ട ..ഫോണ്‍ സൈലന്റ് ആക്കിയേര്

എന്തുപറ്റി നിങ്ങൾക്ക്..? നല്ല ചൂടുണ്ടല്ലോ.ഗുളിക എടുക്കണോ

വേണ്ട ..അപ്പു വന്നില്ലേ

ഇല്ല .ഏതോ മീറ്റിംഗ് ഉണ്ട് .വരാൻ വൈകുമെന്ന് പറഞ്ഞിരുന്നു

വിമല തല താഴ്ത്തി മറുപടി പറഞ്ഞു

അയാൾ വെറുതെ മൂളി

വാസുവേട്ടാ..അവൻ .. അവൾ അർധൊക്തിയിൽ നിർത്തി

എന്താ …പറഞ്ഞത് മുഴുവനാക്കൂ ..

അല്ല ..അവനു സ്വതന്ത്രമായി ഒന്നും ചെയ്യാൻ നമ്മള് സമ്മതിക്കുന്നില്ല എന്നാണ് അവന്റെ പരാതി.കൂട്ടിലടച്ച തത്തയാവാൻ അവനെ കിട്ടില്ലത്രെ

അവളുടെ സ്വരം പതറിയിരുന്നു

വാസുദേവൻ‌ ഒന്നും പറഞ്ഞില്ല

ഇരുളാൻ തുടങ്ങിയിരിക്കുന്നു .സ്വപ്നങ്ങൾ അപഹരിച്ച മറ്റൊരു സായന്തനം കൂടി .ചാരുകസേരയിൽ അമരുമ്പോൾ ചിന്തകൾ സ്വപ്നത്തെ കുറിച്ചായിരുന്നു ..റെയിൽ പാളങ്ങൾ പള്ളിക്കാടുകളിലൂടെ അകലേക്ക്‌ പോയിക്കൊണ്ടിരിക്കുന്നു .കണ്ണെത്ത ദൂരത്തോളം മൈലഞ്ചിക്കാടുകൾ ,ഉയരങ്ങളിലേക്കുള്ള യാത്ര ..

തോളത്തെ സ്പർശമാണ് തിരികെയെത്തിച്ചത്

എന്താ പറ്റീത് നിങ്ങള്ക്ക് ..

നീ ഇവിടെ ഇരിക്ക് കുറച്ചു നേരം

കുറച്ചു പണി കൂടി ഉണ്ട് .. അവൾ തൊട്ടടുത് അരമതിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു

ഓഫീസിൽ എന്തെങ്കിലും കുഴപ്പമുണ്ടോ ,അവര് വിളിച്ചിട്ട് വാസുവേട്ടൻ ഫോണ്‍ എടുക്കുന്നുമില്ല

ഏയ്‌ ..അവൻ വെറുതെ വിളിക്കുന്നതാവും ..ഇന്നെന്തോ സംസാരിക്കാൻ ഒരു താല്പര്യവും തോന്നുന്നില്ല അപ്പുവിനെ കുറിച്ച് ഓർത്താണോ ?

ഞാനിന്നും കണ്ടു … അയാൾ പൊടുന്നനെ പറഞ്ഞു

അവളൊന്നു ഞെട്ടി …എന്ത് ?

….വഴിയരികിലെ ഖബറിടങ്ങൾ …

കുറച്ചു ദിവസം മുമ്പാണ് ഇതുപോലെ അദ്ദേഹം പറഞ്ഞിരുന്നത് .അവള്ക്കാകെ പേടി തോന്നി .

എന്താ ഈ പറയണത് ..നിങ്ങള് വരുന്ന വഴിയിൽ എവിടെയാ സ്മശാനം.ഇതിപോ രണ്ടുമൂന്നു തവണ ആയല്ലോ പറയുന്നു .. അയാൾ മറുപടിയൊന്നും പറഞ്ഞില്ല

ഓഫീസിൽ നിന്നും സ്ഥിരം വരാറുള്ള വഴിയാണ് .ബൈപാസ് റോഡിൽ ഒരു കലുങ്കിനരികിലാണ് കണ്ടത് .ഒരു മണ്‍കൂന .അതിൽ നിന്നും ഒരു കരച്ചിൽ കേൾക്കുന്നുണ്ടോ?ബസ്‌ നീങ്ങിയപ്പോൾ കരച്ചിലിന്റെ ശബ്ദം കൂടി വരുന്നതായി തോന്നി .അവിടെ വണ്ടി നിർത്തുവാൻ പറഞ്ഞപ്പോൾ കണ്ടക്ടർ ചോദ്യഭാവത്തിൽ നോക്കി .

മണ്‍കൂന ഒരു ഖബറിന്റെ ആകൃതിയിൽ ആയിരുന്നു .ഇതിനുള്ളിൽ ആരാവും ?ഇവിടെ ഇങ്ങനൊരു ഖബർ..? വണ്ടിയിൽ നിന്നും ആളുകള് നോക്കുന്നത് കണ്ടപ്പോൾ സമീപത്തുള്ള കലുങ്കിൽ ഇരുന്നു .കലുങ്കിനു താഴെ ഒരു നീർച്ചാൽ ഒഴുകുന്നുണ്ടായിരുന്നു.ഇരുവശവും വെളുത്ത റിബണ്‍ കൊണ്ട് മുടി മെനഞ്ഞ ഒരു പെണ്‍കുട്ടി യുടെ മുഖം നീർചാലിന്റെ ഓളങ്ങളിൽ കാണുന്നു .തിരിഞ്ഞു നോക്കുമ്പോൾ ആരെയും കണ്ടില്ല .തിരിഞ്ഞു നടക്കുമ്പോൾ പാദസരത്തിന്റെ കിലുക്കവും ..

ഇതെല്ലാം വിമലയോട് പറഞ്ഞാൽ.. ഒന്നുകിൽ അവൾ പേടിക്കും. അല്ലെങ്കിൽ തനിക്കു ഭ്രാന്തെന്ന് കരുതും ..

വേണ്ട …ഒന്നും ആരോടും പറയാനുള്ളതല്ല.ഇതൊരു പക്ഷെ എന്റെ മാത്രം കാഴ്ചകൾ ആകാം ..വഴിയരികിൽ എന്റെ കണ്ണുകൾക്കായി ഒരു പെണ്‍കുട്ടിയുടെ …!!

Generated from archived content: story1_sep28_15.html Author: nisanth_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനാടൻ ഭക്ഷണയിനങ്ങൾ
Next articleചിന്തകള്‍ ഉടച്ച ശിരസ്സ്
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English