മടക്കയാത്ര

ബസ്സിറങ്ങിയപ്പോള്‍ ആദ്യം കണ്ടത് ഗോപിയെട്ടനെയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം കാണുകയാണ്. നര കയറിയിരിക്കുന്നു .കണ്ടപ്പോള്‍ ചേര്‍ത്ത് പിടിച്ചു കുറച്ചു നേരം നിന്നു.ആ കണ്ണുകളില്‍ നനവുണ്ടായിരുന്നു.സന്തോഷമോ..ദുഖമോ..തിരിച്ചറിയാന്‍ കഴിയുന്നില്ല.ഇപ്പോള്‍ ഗുരുവായൂരില്‍ ഒരു ഹോട്ടലില്‍ ആണെന്നോ മറ്റോ പറഞ്ഞു.ഞാനപ്പോഴേക്കും വര്‍ഷങ്ങള്‍ക്കപ്പുറം ഒരു സിനിമ ടാകീസിനു മുന്നിലായിരുന്നു ഗോപിയേട്ടന്റെ കയ്യും പിടിച്ചു കൊണ്ട്. ആദ്യമായി സിനിമ കാണുന്നത് ഗോപിയെട്ടനോട് കൂടെയാണ് .ഇപ്പോഴും അദ്ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഞാന്‍ ആ അഞ്ചു വയസ്സുകാരനാവുന്നു കൂടെയുള്ള കൌമാരക്കാരനെ ഞാന്‍ അപ്പോഴാണ് ശ്രദ്ധിക്കുന്നത് മനു.. ഇവനെ അവസാനമായി കാണുന്നത് അവനു മൂന്നു വയസ്സുള്ളപ്പോഴാണ് .അവന്റെ പേര് വിളിച്ചപ്പോള്‍ അമ്പരപോടെ മുഖത്തേക്ക് നോക്കി.അവനിങ്ങനൊരു ആളിനെ ഓര്‍മയുണ്ടാവില്ല.

മനു ഇപ്പോള്‍ എന്ത് ചെയ്യുന്നു.. പ്ലസ് ടു വിനാണ്.. അവന്‍ തല തഴ്ത്തിക്കൊണ്ടുതന്നെ മറുപടി പറഞ്ഞു.. ചേച്ചിക്ക് സുഖല്ലേ ഗോപിയേട്ടാ.. അതെ ..മോന്‍ വാ വീട്ടില് കയറിയിട്ട് പോവാം ഇല്ല പിന്നെയാവട്ടെ.. സംസാരം അധികം നീട്ടാന്‍ തോന്നിയില്ല.

അല്ലാ..അവിടെയിപ്പോ…? ഗോപിയേട്ടന്റെ ചോദ്യത്തിന് പുറം തിരിഞ്ഞു കൊണ്ട് നടന്നു .

കാലം ഈ ഗ്രാമത്തെയും ഒരു പാട് മാറ്റിയിരിക്കുന്നു.പണ്ട് ചന്ത നടന്നിരുന്ന സ്ഥലം പുതിയ ബസ് സ്റ്റാന്റ് ആയിരിക്കുന്നു.വട്ടു തട്ടി കളിച്ചിരുന്ന ചന്തപ്പുരകളുടെ സ്ഥാനത് ബില്‍ഡിംഗ് സമുച്ചയങ്ങള്‍. കരീം കാക്കയുടെ മീന്‍പീടികയും.സൌഹൃദ വായനശാലയും അപ്രത്യക്ഷമായിരിക്കുന്നു.അവിടെ വലിയൊരു തുണിക്കടയാണ്. കുറച്ചു നേരം അങ്ങാടിയിലൂടെ നടക്കാന്‍ തോന്നി.ഇരുട്ട് വീഴാന്‍ തുടങ്ങിരിക്കുന്നു.ഒരു പാട് ഷോപ്പിംഗ് മാളുകള്‍ വന്നിരിക്കുന്നു .പഴയ ഓടിട്ട കെട്ടിടങ്ങളെല്ലാം ഇനി ഓര്‍മകളില്‍ മാത്രം .വേണു മാഷിന്റെ ടൈപ്പ് സെന്റെരും മാനുപ്പാക്കാന്റെ തയ്യല്‍ കടയും ബാബൂസ് ഐസ് കമ്പനി യും എല്ലാം ആ കെട്ടിടങ്ങളിലായിരുന്നു . അവരൊക്കെ ഇപ്പോള്‍ എവിടെയാണോ എന്തോ.. വേണ്ട അന്വഷിക്കേണ്ട .. ആരും തന്നെ തിരിച്ചറിയാതെ ഇതിലൂടെ നടക്കണം.. എന്റെ ബാല്യത്തിന്റെ വഴികളില്‍.എനിക്കിനിയും നഷ്ടമാവാത്ത ഓര്‍മകളുടെ ഇടവഴികളില്‍,ഈ ദിവസം.

പുഴയിലേക്കുള്ള ഇടവഴി ഇപ്പോള്‍ ടാറിട്ട റോഡ് ആയിരിക്കുന്നു.വഴിയരികിലെ കവുങ്ങുകളും തെങ്ങുകളുമെല്ലാം വെട്ടിമാറ്റി വിശാലമാക്കി മാറ്റിയിട്ടുണ്ട്.കൂട്ടുകാരുമായി കിളിതട്ടു കളിച്ചിരുന്ന ഇടങ്ങള്‍.ഏകദേശം അര കിലോമീറ്റര്‍ ദൂരമുണ്ട് പുഴയിലേക്ക്.ആളൊഴിഞ്ഞ സ്ഥലമായിരുന്നു അന്ന് .ഇപ്പോള്‍ നിറയെ വീടുകള്‍.പുതുതായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളും വഴിയില്‍ കണ്ടു. നേരം ഇരുട്ടി .ഇനി തിരിച്ചു നടക്കുന്നതാവും നല്ലത്..എനിക്കപരിചിതം അല്ലെങ്കിലും ഈ നാടിനു ഞാന്‍ ഇപ്പോള്‍ അന്യനാണ് .പുതിയ പാലം ദൂരെ നിന്നേ കണ്ടു ഏഴാമത്തെ വയസ്സില്‍ പുഴയില്‍ ആദ്യമായി നീന്താന്‍ ശ്രമിച്ചതും വെള്ളത്തില്‍ ഒലിച്ചു പോയതും ചിറ്റ അതി സാഹസികമായി രക്ഷപ്പെടുതിയതും ചിരിയോടെ ഓര്‍ത്തു.പിന്നീടിന്നു വരെ നീന്തല്‍ എന്ന സാഹസത്തിനു മുതിര്ന്നിട്ടില്ല. കൌമാരത്തില്‍ പുഴയില്‍. അവളോടോപ്പമായിരുന്നു. നിമ്മി… പുഴക്കരികില്‍.കൈതക്കാടുകളില്‍.മോഹങ്ങളും നഷ്ടങ്ങളും എല്ലാത്തിനും സാക്ഷിയായിരുന്നത് പുഴവക്കിലെ കൈതക്കാടുകളായിരുന്നു.ഇപ്പോള്‍ …? ഭര്‍ത്താവിന്റെ കൂടെ പുറത്തെവിടെയോ ആണെന്ന് പണ്ടെങ്ങോ അമ്മ പറഞ്ഞിരുന്നത് ഓര്‍മ്മ വന്നു …

തിരിച്ചു നടന്നു വീടിനടുത് എത്തിയപ്പോഴേക്കും ഒരുപാട് ഇരുട്ടിയിരുന്നു.തുരുമ്പെടുത്ത ഗെറ്റ് തള്ളിയപ്പോള്‍ വല്ലാത്ത ഒരു ശബ്ദത്തോടെ അത് തുറന്നു.ഓരോ ചവിട്ടടിയിലും കരിയിലകള്‍ കരഞ്ഞു.യുഗങ്ങളുടെ നിശബ്ദത ഇവിടെ തളം കെട്ടിനില്‍ക്കുന്നു.ഇരുട്ടില്‍ എങ്ങനെയോ കോലായില്‍ കയറി ലൈറ്റ് ഇട്ടു .പോക്കറ്റില്‍ ചിറ്റ തന്ന ചാവി ഉണ്ടായിരുന്നു.തുരുമ്പെടുത്ത ഓടാമ്പല്‍ കുറച്ചു കഷ്ടപ്പെടുത്തി

വീടിനകം വൃത്തിയാക്കി വെച്ചിരിക്കുന്നു.ഇടയ്ക്കാരോ വന്നു ചെയ്യാറുള്ളതാണ്.ഇനിയെത്ര കാലം..ഏറിയാല്‍ കുറച്ചു ദിവസങ്ങള്‍.. വീട്ടിലെ ഉപകരണങ്ങളെല്ലാം പല വീടുകളില്‍ കുടിയേറിയതാണ് മുമ്പേ . വാതില്‍ക്കല്‍ ഒരു പൂച്ച എത്തിനോക്കി..ഇതാരാ പുതിയ അവതാരം എന്നായിരിക്കും.വാതില്‍ അടക്കാന്‍ തോന്നിയില്ല.തണുത്ത കാറ്റ് അടിക്കുന്നുണ്ട് ഒരു മഴക്കുള്ള ലക്ഷണം കാണുന്നു..പണ്ട് ഉറങ്ങാതെ അച്ഛനെ കാത്തിരുന്നിരുന്ന ഉമ്മറപ്പടിയില്‍ ഇരുന്നു.. എവിടെയോ..അച്ഛന്റെ ചവിട്ടടികളും..മോനെ എന്നുള്ള വിളിയും മുഴങ്ങുന്നു.. അവരെല്ലാം ഇപ്പോഴും ഈ വീട്ടിനകത്ത് തന്നെ ഉണ്ട്.. ഞാന്‍ മാത്രമാണ് പുറത്ത്.. ഈ വീടിനും ഗ്രാമത്തിനും..എല്ലാം പുറത്ത്.. മഴ പെയ്യാന്‍ തുടങ്ങി..നേരിയ താളത്തില്‍ ..പിന്നീട് രൌദ്രതയില്‍.. പുതു മണ്ണിന് ഗന്ധം..കുറെ സമയം അവിടെ ഇരുന്നു അമ്മ തോര്‍ത്തുമായി വരുന്നതും കൊതിച്ചുകൊണ്ട്.

മനസ്സാകെ അസ്വസ്ഥമാകുന്നു .വാതിലടച്ചു മുറിയിലേക്ക് നടന്നു.. ഭാഗ്യത്തിന് പായക്കട്ടില്‍ ആരും കൊണ്ടുപോയിട്ടില്ല.പുസ്തകങ്ങള്‍ അലമാരയില്‍ ചിതറിക്കിടക്കുന്നു.മഴത്തുള്ളികള്‍ ഓടുകല്ക്കിടയിലൂടെ എത്തിനോക്കുന്നുണ്ട്.പണ്ട് മഴ പെയ്യുമ്പോള്‍ ചോര്ച്ച അടക്കാന്‍ ഓടുകള്‍ക്കിടയില്‍ വെച്ചിരുന്ന അച്ഛന്റെ എക്‌സ് റേ ഷീറ്റുകള്‍ ഇപ്പോഴും അവിടെ ഉണ്ട്. ഈ ജാലകതിനപ്പുരമാണ് നിമ്മി യുടെ തറവാട്. അവിടെയും ഇപ്പോള്‍ ആരും ഉണ്ടാവാന്‍ വഴിയില്ല ശിബുവേട്ടന്‍ പണ്ടേ വീടുമാറിപ്പോയതാണ്. ജനാല തുറന്നിട്ടു.. മഴ കുറഞ്ഞിരിക്കുന്നു.. നിമ്മിയുടെ വീട്ടില് വെളിച്ചമൊന്നും കാണുന്നില്ല.. ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫില്‍ സുഖമായി കഴിയുന്ന അവളെ ഞാന്‍ ഇവിടെ എങ്ങനെ കാണും. ഈ വേലികള്‍ക്കും ഭിത്തികള്‍ക്കും എത്രയോ കഥകള പറയാനുണ്ടാവും ..ആദ്യ സ്പര്‍ശനത്തിന്റെ,ചുംബനത്തിന്റെ.. പിന്നീടോരുപാട്..

മഴ തോര്ന്നിരുന്നു അപ്പോഴേക്കും.. പിന് വശത്തെ വാതില്‍ തുറന്നു കൌമാരക്കാരന്‍ കാമുകനെപ്പൊലെ പതിയെ പുറത്തിറങ്ങി.ആ വേലിക്കെട്ടില്‍ പിടിച്ചു കുറച്ചു നേരം നിന്ന്..

‘ആരാ അത്..?’ ഈ ശബ്ദം…ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി.. ‘ഉണ്ണിയെട്ടനാണോ…’ നിമ്മി തന്നെ ..ഒന്നും മിണ്ടിയില്ല അവള്‍ അടുത്ത് വന്നു.. ഇരുളിലും അവളെ ശരിക്ക് കാണാമായിരുന്നു.. കുറച്ചു സമയം കഴിഞ്ഞാണ് സംസാരിച്ചു തുടങ്ങിയത് ‘പുറത്തെവിടെയോ ആണെന്ന് കേട്ടു’ ‘ഉം ..കുറച്ചു നാളായി വന്നിട്ട് ..അവള്‍ പറഞ്ഞു.. ‘ഭര്‍ത്താവും കുട്ടികളും..?’ ‘ഇല്ല ഞാന്‍ തനിച്ചാ..അതൊക്കെ പോട്ടെ ഉണ്ണിയേട്ടന്റെ വിശേഷങ്ങള്‍ പറയൂ ..’ സുഖം..ഒറ്റ വാക്കില്‍ ഒതുക്കി.. ‘വീട് വിറ്റു അല്ലെ..പൊളിക്കുന്നതിന് മുമ്പ് ഉണ്ണിയേട്ടന്‍ വരുമെന്ന് എനിക്കറിയാരുന്നു..ഞാന്‍ എല്ലാ ദിവസവും..ഇവിടെ വെളിച്ചം കാണുന്നുണ്ടോ എന്ന് നോക്കും.’.നിമ്മി പഴയ നിമ്മി ആയി.. കുറച്ചു സമയത്തേക്ക് ഞാനും.. വീണ്ടും മഴ ചാരാന്‍ തുടങ്ങി.. ‘ഉണ്ണിയേട്ടന്‍ പൊയ്‌ക്കോളൂ വെറുതെ മഴ കൊണ്ട് പനി പിടിക്കേണ്ട..’ മനസ്സില്ല മനസ്സോടെ തിരിച്ചു നടന്നു മുറിയില്‍ കയറി അവള്‍ അപ്പോഴും പുറത്തു നില്ക്കുന്നു ‘നിമ്മി പൊയ്‌കോളൂ മഴ നനയണ്ട ..’ ‘ജനല അടച്ചോളൂ ..ചീറ്റല്‍ അടിക്കും.. ‘ അവള്‍ മറുപടി പറഞ്ഞു.. ജനല അടച്ചു..അല്ലെങ്കില്‍ അവള്‍ പോവാതെ അവിടെത്തന്നെ നില്ക്കും.. പാവം.. മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു.. എന്തൊക്കെയോ..തിരികെ കിട്ടിയ പോലെ.. ഇവടെ മാത്രം ഞാന്‍ അന്യനല്ല..

വാതിലില്‍ ആരോ മുട്ടുന്നത് കേട്ടാണ് ഉണര്ന്നത്. തുറന്നപ്പോള്‍ ഗോപിയേട്ടന്‍ ‘ന്റെ കുട്ടീ ഇന്നലെ ഇവിടെ ഒറ്റയ്ക്ക് കേടക്കെ..വീട്ടില് വന്നൂടാരുന്നോ’ ഗോപിയേട്ടന്റെ കയ്യില്‍ രാധേച്ചി കൊടുത്തു വിട്ട ബ്രേക്ക് ഫാസ്റ്റ്.. ‘വീട്ടിലേക്കു നീ വരില്ല അതാ ഇങ്ങട് കൊണ്ടോന്നെ ‘

ഇഡലിയും ചട്ണിയും സ്വാദോടെ കഴിക്കുന്നതിനിടയില്‍..ഗോപിയേട്ടന്‍ വര്ഷങ്ങളുടെ വിശേഷം പറഞ്ഞുകൊണ്ടിരുന്നു..പഞ്ചായത്ത് പ്രസിഡണ്ട് പാപ്പേട്ടന്‍ തളര്ന്നു കിടക്കുന്നതും.ചീരമ്മുവിന് ലോട്ടറി അടിച്ചതും.വൈദ്യരെ പാമ്പ് കടിച്ചതുമെല്ലാം..

‘ഇന്ന് പോകുന്നുണ്ടോ..മോന്‍..?’

‘പിന്നേ..ഇന്ന് വൈകിട്ട എന്റെ ഫ്‌ലൈറ്റ്..ഇനി വരാന്‍ പറ്റിയില്ലേലോ എന്ന് കരുതി വന്നതാ.. ‘

‘ഇടക്കൊക്കെ ഇങ്ങോട്ട് വരണം..ഞങ്ങളൊക്കെ ഇവടെ ഇല്ലേ..ഗോപിയേട്ടന്റെ കണ്ഠം ഇടറി..

‘വരാം ഗോപിയേട്ടാ..’ കൈ കഴുകുന്നതിനിടയില്‍ പറഞ്ഞു..

‘പിന്നേ..നീ അറിഞ്ഞിരുന്നോ..നമ്മുടെ ഭാരതീടെ മോള് മരിച്ചു..’ കയ്യിലിരുന്ന പാത്രം താഴെ വീണു..

‘ആര് നിമ്മി യോ..?’ വാക്കുകള്‍ മുഴുമിക്കാന്‍ ബുദ്ധിമുട്ടി..

‘ഉം..ഭര്‍ത്താവിന്റെ കൂടെ ആയിരുന്നു..അവര് തമ്മില്‍ അത്ര സുഖതിലല്ലായിരുന്നു എന്നാണ് കേട്ടത്.ഹോസ്പിറ്റലില്‍ ആണെന്നാണ് ആദ്യം കേട്ടത് ..പിന്നീടാണ് മരണം.എന്തോ കഴിച്ചു ജീവനോടുക്കീന്നു കേട്ടത്..ന്ത ചെയ്യാ..കുട്ട്യോളിങ്ങനെ തുടങ്ങിയാ.ഇപ്പൊ ഒന്ന് രണ്ടു മാസായിക്കാണും.ഇവിടെ തറവാട്ടു വളപ്പിലാ അടക്കീത്..’

വിദൂരതയില്‍ നിന്നും..ഗോപിയേട്ടന്റെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു..

Generated from archived content: story1_july31_14.html Author: nisanth_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഡല്‍ഹിയെന്ന പിടിവള്ളി
Next articleവാര്‍ദ്ധക്യസഹജം
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here