അനന്തരം, അവരിൽ അയാൾ

“ഇവിടെ ഇരിക്കുമ്പോൾ തിരകൾ അടിക്കുന്ന ശബ്ദം കേൾക്കുന്നില്ലേ…”

“പിന്നേ, നിങ്ങൾക്കെന്നാ മനുഷ്യാ. കടല് എത്രയോ അകലെയാ”

“തിരകൾ കാണുന്ന സ്ഥലത്ത് വീട് വെക്കണം എന്നായിരുന്നു.. എന്നിട്ടിത് പോലെ അതിനഭിമുഖമായി ഇരിക്കണം “

“ആദ്യം ഈ വീട് പണി കഴിയട്ടെ …പടവ് തുടങ്ങിട്ടല്ലേ ഉള്ളൂ ..”

“നീ നോക്കിക്കോ മോളുടെ കല്യാണം ഈ വീട്ടില് വച്ച് നടക്കും …”

“അവളിപ്പോ പ്ലസ്‌ ടു ആണ് .. ഓര്‍മ വേണം …”

പടികൾ ചവിട്ടിയപ്പോൾ വേച്ച് പോയി. ചേച്ചി പിറകിൽ നിന്നും പിടിച്ചത്കൊണ്ട് വീണില്ല. ഒരു തരം മരവിപ്പാണ് ശരീരം മൊത്തം. തല നേരെ പിടിക്കാൻ കഴിയുന്നില്ല. മോനും മോളും മുന്നിലെവിടെയോ ഉണ്ട്. ആളുകൾ തൊടി നിറഞ്ഞിരിക്കുന്നു. ചേട്ടൻ നട്ട തുളസിയിൽ ആരുടെയോ കാലുകൾ പതിയുന്നുണ്ട്. വിരുന്നുകാരെ വിലക്കാൻ ആവില്ലല്ലോ …

“മോളെ ഇസ്തിരി ഇട്ടില്ലേ …”

“അച്ഛാ എനിക്കിപ്പോ തന്നെ വൈകി.. ഇന്ന് സ്പെഷ്യൽ ക്ലാസ്സുള്ളതാ”

“നിന്റെ ചേട്ടൻ പോയോ..”

“നേരത്തെ പോയി.. അച്ഛാ ഞാൻ പോണു ബൈ..”

ഷർട്ട് ആകെ ചുളിഞ്ഞിരിക്കുന്നു. സമയമുണ്ടായിരുന്നു.. കൂട്ടുകാരോടൊപ്പം എത്താൻ വേണ്ടി കള്ളം പറഞ്ഞതാണ്‌ സ്പെഷ്യൽ ക്ലാസ്സിന്റെ കാര്യം. ഇപ്പോൾ തന്നെ എല്ലാം ഇസ്തിരിയിട്ട് വെക്കണം.

മുറിയില്‍ നിറയെ ആളുകളാണ്.

തിരക്കൊഴിയട്ടെ ചെയ്യണം എന്തായാലും …

തന്റെ പിറുപിറുക്കൽ കേട്ടിട്ടാവണം അമ്മു ചേച്ചി തലയിൽ തടവി..

“എന്താ മോളെ നീയിങ്ങനെ ..?”

“ഇന്ന് രാവിലെ അച്ഛന്റെ ഷർട്ട് ഇസ്തിരിയിട്ട് കൊടുക്കാ ….”

പൊട്ടിക്കരച്ചിലിൽ വാക്കുകൾ മുഴുവനാക്കാൻ കഴിഞ്ഞില്ല.

“കണ്ടില്ലേ അച്ഛന്റെ കോലം…”

ചേച്ചി നെഞ്ചോട്‌ ചേർത്ത് പിടിച്ചപ്പോഴാണ് നെഞ്ചിടിപ്പിന്റെ അലയൊലികൾ കേള്‍ക്കുന്നത്. അമ്മയും ഏട്ടനും എവിടെയാണോ ആവോ?

“ഇവിടെ നമുക്ക് വാഴവെക്കാം അല്ലെ മോനെ ..”

“വേണോ… പൂന്തോട്ടമല്ലേ നല്ലത് ..?”

“അതൊക്കെ പോട്ടെ നിന്റെ പഠിത്തം എന്നാണ് തീരുക..”

“ഇനിയും ഒന്നര വര്‍ഷം ഉണ്ട് അച്ഛാ..”

“എന്നാടാ ഇതിന്റെ ഉമ്മറത്ത്‌ കാലും നീട്ടി ഇരിക്കാൻ പറ്റുക..?”

“അതിനിനിയും ഒരു പാട് സമയമെടുക്കും… അച്ചനിപ്പോ തല്കാലം അച്ഛന്റെ ബംഗാളികളുടെ കൂടെ നടക്കൂ ..”

കാലിനു ചുവട്ടിലായി മുട്ട് കുത്തി ഇരുന്നു. ഉമ്മറത്ത്‌ കാലു നീട്ടി കിടക്കുന്നു. സ്വാമി സൂക്തങ്ങൾ കൊണ്ട് ശബ്ദ മുഖരിതമാണ്. വാഴയും പൂന്തോട്ടവും സ്വപ്നം കണ്ട മണ്ണിൽ ആഴത്തിൽ ഒരു കുഴി വന്നിരിക്കുന്നു പൂക്കളുടെയും വാഴയുടെയും നടുവിൽ കാലും നീട്ടി…

മാധവേട്ടൻ തോളത്ത് ശക്തിയായി അമർത്തി.. ഉണ്ണീ ഇനി നീയല്ലേ.. മുഴുവനാക്കാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല.

ഉണ്ണിയുടെ തോളിൽ പിടിച്ചു കൊണ്ട് പുറത്തിറങ്ങിയപ്പോൾ രാവിലെ രമേശന്റെ ഫോണ്‍ കാൾ ആയിരുന്നു മാധവന്റെ മനസ്സിൽ.

“എടാ കുറച്ചു കാശ് വേണം.. ഉണ്ണിയുടെ ഫീസടക്കാനായി.. മുതലാളി ഇത് വരെ സൈറ്റിൽ വന്നിട്ടില്ല. നീ എവിടുന്നേലും…”

“ഞാൻ നോക്കട്ടെ രമേശാ ഉറപ്പു പറയുന്നില്ല”

“നീ നോക്കെടാ അറിയാലോ എനിക്കിവിടെ നീ മാത്രല്ലെയുള്ളൂ. ഞാൻ നിന്നെ ഉച്ചയാവുമ്പോൾ വിളിക്കാം. ഇവിടെ പണിക്കാർ കുറവാ. മെഷിൻ എന്തോ തകരാർ ഉണ്ട്. അങ്ങേരോട് പറഞ്ഞിട്ട് മാറ്റുന്നില്ല”.

രമേശൻ ജാൻസിയെ കല്യാണം കഴിച്ചു നേരെ തന്റെ വീട്ടിലേക്കാണ് വന്നത്. അന്ന് മുതൽ അവന് ഈ നാട്ടിൽ സ്വന്തക്കാരൻ എന്ന് പറയാൻ താൻ മാത്രമേയുള്ളൂ… അവന്റെ നാട്ടിൽ ഈ പേരില്‍ രണ്ടു വീട്ടുകാരും നാട്ടുകാരും ചേരികളായി. പിന്നീടു അങ്ങോട്ട്‌ പോവാനുള്ള ധൈര്യം രണ്ടു പേര്‍ക്കും ഉണ്ടായിട്ടില്ല.

ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു.. കൂടെ പണിയെടുക്കുന്നവരും മക്കളുടെ സ്കൂളിലെ കുട്ടികളുമെല്ലാം ഉണ്ട്..

വേലിക്കൽ രമേശന്റെ മുതലാളി നില്ക്കുന്നു. അടുത്ത് ചെന്നു.

“വീട് പണി മുഴുവനാക്കിയില്ല അല്ലെ അവൻ..”

വെറുതെ തലയാട്ടി “രമേഷിന്റെ സ്വന്തക്കാർ ആരെങ്കിലും വന്നോ ..”

“ഇല്ല ..”

“കുറച്ചു കാശ് അവൻ തരാനുണ്ടായിരുന്നു. ഇനിയിപ്പോ ആരോടാ ചോദിക്കുക. കുറെ ആയിട്ട് അഡ്വാൻസ്‌ ആയി കാശ് വാങ്ങിയിട്ടുണ്ട് .”

അയാൾ തല ഉയർത്താതെ ആണ് സംസാരിക്കുന്നത്. പതിനെട്ടു വര്‍ഷത്തോളം അയാളുടെ കൂടെ ജോലി ചെയ്ത്, ജോലിക്കിടെ മെഷിൻ തകരാറ് കൊണ്ട് മരിച്ച ആളിനെ കുറിച്ചാണ് പറയുന്നത് …

“നിങ്ങള്‍ക്ക് എത്രയാണ് തരാനുള്ളത്‌ ..?”

രൂക്ഷമായ നോട്ടം കണ്ടാവണം അയാൾ ഒന്ന് പതറി.

“അല്ല ഞാൻ പിന്നെ വന്നു വാങ്ങിച്ചോളാം. ഇവിടുത്തെ ചെലവുകളൊക്കെ ..??”

“അത് താൻ നോക്കേണ്ട …”

അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി..

“ഇനിയെങ്കിലും ആ മെഷിൻ നന്നാക്കാൻ നോക്കണേ.. രമേശന്മാർ പണിക്കാരായി ഒരുപാടില്ലേ…”

അയാൾ ധൃതിയിൽ നടന്നു..

തന്റെ ശബ്ദം ഉയർന്നതിനാൽ ആവണം ആളുകള്‍ നോക്കാൻ തുടങ്ങി.

റോഡിലേക്കിറങ്ങി..

അവനുമൊത്ത് ഇരിക്കാറുള്ള കലുങ്കിനെ ലക്ഷ്യമാക്കി നടന്നു.

അസ്തമയം മാനത്ത് ചെന്നിണം വിതറാൻ തുടങ്ങുന്നു കുരിശിനിടയിലൂടെ താണിറങ്ങാൻ തുടങ്ങുന്ന അസ്തമയ സൂര്യൻ റോഡിനപ്പുറം ശിവലിംഗം വലം വെക്കുന്നവർ. എത്രയോ ദൈവങ്ങൾ.. ഈ വീടിനു ചുറ്റും ..എന്നിട്ടും …

ഉണ്ണിയുടെ സ്പര്‍ശമാണ് ഉണർത്തിയത്. ഇരുട്ടായിരിക്കുന്നു അവൻ അരികത്തായി ഇരുന്നു..

“എല്ലാരും പോയി മാധവച്ചാ …”

അവനും മോളും അച്ചനെന്നാണ് വിളിക്കാറ് ..

“മോന്റെ ഫീ കൊടുക്കേണ്ട ഡേറ്റ് എന്നാണ് ..?”

“അതിനു സമയമുണ്ട് …,”

കുറച്ചു നേരത്തെ മൌനത്തിനു ശേഷം അവൻ പറഞ്ഞു തുടങ്ങി.

“നാട്ടിൽ നിന്നും അമ്മാവൻ വിളിച്ചിരുന്നു.. എന്നോടും മോളോടും അങ്ങോട്ട്‌ ചെല്ലാൻ”

“അപ്പൊ അമ്മയോ ..”

“അമ്മ വേണേൽ അമ്മയുടെ വീട്ടില് പൊയ്ക്കോട്ടേ എന്നാണ് പറഞ്ഞത് “

“മോനെന്തു പറഞ്ഞു ..?”

അവൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു ..

“അച്ഛനെ വിട്ട് ഞങ്ങൾ എങ്ങോട്ട് പോവാനാ മാധവച്ചാ..”

അവന്റെ തോളിൽ കൈ ഇട്ടു വെറുതെ ഇരുന്നപ്പോൾ രമേശന്റെ വാക്കുകളായിരുന്നു മനസ്സില്‍ ..

‘ഈ കുരിശും പ്രതിഷ്ഠകളും എന്നെയും എന്റെ കുടുംബത്തെയും ഇനിയും എത്രയോ ആക്രമിക്കാനിരിക്കുന്നു. ഒരു പക്ഷെ എന്റെ മരണത്തോടെയെങ്കിലും എല്ലാം നന്നാവുമായിരിക്കും അല്ലെടാ…’

ഇല്ല രമേശാ .. ആരുടെ മരണം കൊണ്ടും ഈ വേലിക്കെട്ടുകൾ തകരാൻ പോണില്ല …

വേലികൾ മുന്നോട്ടു തന്നെയാണ് വളരുന്നത് …

വീടുകൾക്കുള്ളിൽ അവ വളരുകയാണ് …

നമ്മെയെല്ലാം കീറി മുറിച്ചു കൊണ്ട് …

മുന്നോട്ട് …

Generated from archived content: story1_jan21_16.html Author: nisanth_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രീതി നാം നേടേണ്ടതുണ്ടോ?
Next articleവിടാത്ത പിടി
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English