നിമിഷത്തിരകൾ ….

ഓഫിസിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഉണ്ണിയേട്ടൻവരുന്നത്. ഗൈറ്റു തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് നോക്കിയത്ക്ഷീണിച്ചിരിക്കുന്നു. അലസമായി പാറിപ്പറക്കുന്ന മുടിയും ക്ഷൗരം ചെയ്യാത്ത മുഖവും. കണ്‍തടം കരുവാളിചിരിക്കുന്നു.

ഉണ്ണിയേട്ടനെ കണ്ടതും ഭാര്യ പതുക്കെ പിറുപിറുക്കാൻ തുടങ്ങി “കള്ളു കുടിക്കാൻ കാശു ചോദിക്കാൻ വരുന്നതാ കൊടുത്തു പോകരുത് ” അവളോട്‌ ഒന്നും മിണ്ടിയില്ല.

“നീ ഇറങ്ങാൻ ആയോ വിനു ?”

മുഷിഞ്ഞ വെള്ള മുണ്ടും കാവി ഷർട്ടും ആണ് വേഷം.

“സാരമില്ല. ഉണ്ണിയേട്ടൻ കയറി ഇരിക്കൂ”.

“വേണ്ട, നമുക്ക് ഒരുമിച്ച് ഇറങ്ങാം “.

“ചായ കുടിക്കാം കയറി വരൂ”.

അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോകുന്നത് നോക്കി ഉണ്ണിയേട്ടൻ പറഞ്ഞു.

“വേണ്ട ..ഞാൻ കുടിച്ചു. നിന്റെ കൂടെ ടൗണ്‍ വരെ ഞാനും വരുന്നു”.

എവിടുന്നു കുടിക്കാൻ… വീട്ടിൽ ആരെങ്കിലും വേണ്ടേ. ഒരുപാട് സഹിച്ചു പാവം ചേച്ചി. അവസാനം മോളെയും എടുത്തു കൊണ്ട് സ്വന്തം വീട്ടിലേക്കു പോയി. ഇപ്പൊ എട്ടു വർഷമായി ആ വീട്ടിൽ തനിച്ചാണ്. എല്ലാത്തിനും കാരണം ഉണ്ണിയേട്ടന്റെ മദ്യപാനം തന്നെ.

കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ഉണ്ണിയേട്ടന്റെ ചെരുപ്പിന്റെ വാറ് പൊട്ടി. അതിടാൻ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ വിറയ്ക്കുന്ന കൈകൾ കണ്ടപ്പോൾ എവിടെയോ മനസ്സ് കൊളുത്തി വലിക്കുന്നപോലെ. കാറിനകത്തും ഉണ്ണിയേട്ടൻ മൂകനായിരുന്നു.

ഉണ്ണിയേട്ടന്റെ ചോദ്യങ്ങളെ എങ്ങനെ നേരിടും എന്നാലോചിച്ചു കൊണ്ടിരിക്കയായിരുന്നു ഞാൻ. കാശ് ആയിരിക്കും ആവശ്യം. എത്രയോ തവണ വന്നിരിക്കുന്നു. പക്ഷെ അന്നൊന്നും ഇത്ര സമയം നിശബ്ദമായ് ഇരുന്നിട്ടില്ല. കാശ് കൊടുക്കുന്ന ശീലം രണ്ടു വര്‍ഷം മുമ്പ് നിറുത്തിയത് ആണ്. നൂറുകളും ഇരുന്നൂറുകളും ആയിരത്തിലേക്ക് വഴിമാറിയപ്പോൾ ആയിരുന്നു തരില്ലെന്ന് മുഖത്ത് നോക്കി പറയേണ്ടി വന്നത്. പിന്നീട് കാണുന്നത് വിരളമായി.

ആകെ മെലിഞ്ഞിരിക്കുന്നു. പഴയ കരാട്ടെ ബ്ലാക്ക്‌ ബെൽറ്റ്‌ കാരന്റെ ശരീരം പകുതിയായിരിക്കുന്നു. പണ്ട് ഈ തോളിൽ കയറി എത്രയോ ഉത്സവങ്ങൾ കാണാൻ പോയിരിക്കുന്നു.

ഉണ്ണിയേട്ടൻ പുറത്തേക്കു നോക്കി ഇരിക്കുകയാണ്.

“ഉണ്ണിയേട്ടന് എന്നോടെന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ …”

“വിനുന് ഇപ്പൊ എത്ര വയസ്സായി… നമ്മള്‍ തമ്മിൽ പതിനാല് വയസ്സിന്റെ മാറ്റമാണ് അല്ലെ… അപ്പോള്‍ 35 കഴിഞ്ഞു കാണും.”

“എന്താ ഇപ്പൊ ഇങ്ങനൊരു ചോദ്യം …?”

“വെറുതെ… ഇന്നലെ എന്റെ പ്രതിബിംബം എന്നെ നോക്കി വല്ലാതെ നൊമ്പരപ്പെടുത്തി. ജന്മ നക്ഷത്രത്തെയും ജനനിയെയും ഓർത്തുപോയ നിമിഷങ്ങൾ. അമ്മയുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ഇങ്ങനെ ആവുമായിരുന്നില്ല അല്ലേടാ”.

“ജീവിതം സ്വയം തുലച്ചതല്ലേ. മറ്റുള്ളവരുടെ ജീവിതവും നശിപ്പിച്ചു”.

സ്വരം വിചാരിച്ചതിലും കൂടുതൽ പരുഷമാകുകയായിരുന്നു. തല താഴ്ത്തിയുള്ള ഇരുത്തം കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ല എന്ന് തോന്നി.

“എനിക്കെന്റെ മോളെ ഒന്ന് കാണണം …… !!!!”

പൊടുന്നനെയായിരുന്നു ആ വാക്കുകൾ.

മുന്നിലെ വണ്ടിയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് കാറ് നിന്നത്. വണ്ടിക്കാരൻ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആ ഷോക്കിൽ നിന്നും മുക്തനാവാൻ കുറച്ചു സമയമെടുത്തു കാറിൽ നിന്നും ഇറങ്ങി സിഗററ്റ് കൊളുത്തുമ്പോഴും മനസ്സാകെ അസ്വസ്ഥമായിരുന്നു. ഉണ്ണിയേട്ടന് നീട്ടിയെങ്കിലും വാങ്ങിയില്ല.

“നിങ്ങൾ ആ കുട്ടിയെ ജീവിക്കാൻ സമ്മതിക്കില്ലേ മനുഷ്യാ …”

ശബ്ദം തന്റെ തന്നെയാണോ എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി.

ആറു മാസങ്ങള്ക്ക് മുമ്പ് സ്വന്തം മകളുടെ കല്യാണം മദ്യപിച്ചു വന്നു അലങ്കോലപ്പെടുത്തിയ ആളാണ് മുന്നിൽ. ഇപ്പോൾ അവളെ കാണണം പോലും. മുഖമടച് ഒന്ന് കൊടുക്കാനാണ് തോന്നിയത്. മൂത്ത ജേഷ്ടൻ ആയിപ്പോയില്ലേ …

‘ഞങ്ങൾ തറവാടികൾ ആയതുകൊണ്ട് ഈ കുട്ടിയെ കൊണ്ടുപോകുന്നു.

ഇനി കൂട്ടോം കുടുംബോം പേര് പറഞ്ഞു ഒറ്റ ഒരെണ്ണം അവിടെ വന്നു പോകരുത്. അങ്ങനെയെങ്കിൽ എന്റെ മകൻ ഇവളുടെ കഴുത്തിൽ മിന്നുകെട്ടും …’

ചെറുക്കന്റെ അച്ഛൻ അവസാനം പറഞ്ഞ വാക്കുകൾ..ചൂളിപ്പോയ നിമിഷങ്ങൾ.

ഉണ്ണിയേട്ടന്റെ പോക്കറ്റിലെ വിടവിലൂടെ ചില്ലറ നാണയം പുറത്തേക്കു തള്ളിനില്ക്കുന്നു. കണ്ണുകൾ കലങ്ങിയിരിക്കുന്നു ..ഇതിലും എത്രയോ വലുതായിരുന്നു അന്നത്തെ ഞങ്ങളുടെ അവസ്ഥ.

“വേണം വിനു എനിക്കവളെ കാണണം …ഒരു തവണ മാത്രം”.

കൂട്ടിതിരുംമ്മിയ കൈത്തലം കാറിൽ ഇടിച്ചു കൊണ്ടാണ് ദേഷ്യം തീർത്തത്.

ക്രോധത്തോടെയാണ് ചോദിച്ചതും.

“അവളോട്‌ മാപ്പ് പറയാനാവും ലേ ..?”

“അല്ല “.. മറുപടി ശാന്തമായിരുന്നു ..

“വിനു ..നിനക്കെന്തെങ്കിലും ചെയ്യാൻ കഴിയുമോ.. വഴി പിഴച്ചുപോയ നിന്റെയീ എട്ടന് വേണ്ടി…? “

ഏട്ടൻ തോളത്ത് പിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ ദേഷ്യമെല്ലാം എങ്ങോ പോയി മറഞ്ഞു ..

“അറിയാല്ലോ ..അന്നവർ പറഞ്ഞിട്ട് പോയത്. അതിനു ശേഷം അവളെ ഇടയ്ക്കു ഫോണിൽ വിളിക്കും എന്നല്ലാതെ നേരിട്ട് ഞാൻ കണ്ടിട്ടില്ല ..

എങ്ങനെ ഞാൻ പറയും ….?

ആ കല്യാണപന്തലിൽ എന്തൊക്കെയാ ഏട്ടൻ കാട്ടിക്കൂട്ടിയത്”

ഉണ്ണിയേട്ടൻ ഒന്നും പറയാതെ തിരിഞ്ഞു നടക്കാൻ തുടങ്ങി. മുണ്ടിന്റെ തലപ്പു കൊണ്ട് കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു..

ആ മെലിഞ്ഞ കോലം അകന്നുപോകുന്നത് നോക്കി കുറച്ചു നേരം നിന്നു.

അന്ന് മനസ്സിൽ ഉണ്ണിയേട്ടൻ മാത്രമായിരുന്നു. എവിടെയാണ് പിഴച്ചത് ? ബാങ്കിലായിരുന്നു ജോലി. കല്യാണം കഴിഞ്ഞു മോൾ ഉണ്ടായതിനു ശേഷമാണ് പുതിയ വീട്ടിലേക്കു മാറിയത്. കുടിക്കുന്ന സ്വഭാവം ആദ്യമേ ഉണ്ടായിരുന്നെങ്കിലും ഒരിക്കലും പരിധി വിട്ടു വീട്ടില് വന്നിട്ടില്ല. ചേച്ചി വന്ന് അമ്മയോട് പറയുമ്പോഴാണ് മദ്യപാനം ഒരു രോഗമായി പടർന്നത് അറിയുന്നത്. അമ്മയുടെ ഉപദേശം ആ ജീവിതത്തിൽ ഒരു മാറ്റവും വരുത്തിയില്ല. പിന്നീടു ചേച്ചിയുടെ സങ്കടം കേൾക്കാത്ത ദിവസങ്ങള്‍ ഇല്ലാതായി. സ്ഥിരമായി ജോലിക്ക് പോവില്ല, ശാരീരികമായ പീഡനം.

അവസാനം ചേച്ചി മോളെയും കൊണ്ട് വീട് വിട്ട് ഇറങ്ങുന്നതിൽ കാര്യങ്ങൾ ചെന്നെത്തി. ശ്രീക്കുട്ടി ഒമ്പതാം തരത്തിൽ പഠിക്കുമ്പോൾ ആയിരുന്നു അത്. തിരിച്ചു വിളിക്കാൻ ചെന്ന എനിക്കും അമ്മയ്ക്കും ചേച്ചി കഴുത്തിലെ ചുവന്ന പാടുകൾ കാണിച്ചു തന്നു. “ഇനി ഞാൻ അവിടെ നിന്നാൽ എന്റെ കുഞ്ഞിനു അമ്മയില്ലാണ്ടാവും വിനോദെ ..” ചേച്ചി പറഞ്ഞ വാക്കുകൾ വർഷങ്ങൾക്കിപ്പുറവും അലയടിക്കുന്നു.

അമ്മയുടെ മരണത്തിന്റെ അന്നാണ് പിന്നീടു ചേച്ചിയെയും മോളെയും കാണുന്നത്. ഡിഗ്രിക്ക് പഠിക്കുകയാണെന്നും കല്യാണാലോചനകൾ വരുന്നുണ്ടെന്നും ചേച്ചി പറഞ്ഞു. അന്ന് ശ്രീക്കുട്ടിയുടെ തലയിൽ തലോടി അമ്മയുടെ തലയ്ക്കല്‍ ഇരിക്കുന്ന ഉണ്ണിയേട്ടന്റെ മുഖം ദയനീയമായിരുന്നു. ലോങ്ങ്‌ ലീവെടുത്ത് നാട് മുഴുവൻ കറങ്ങുന്ന ഏട്ടൻ ഞങ്ങള്‍ക്ക് വല്ലപ്പോഴും കാണാൻ കിട്ടുന്ന അതിഥി ആയിരുന്നു അപ്പോഴേക്കും.

ആറു മാസങ്ങള്‍ക്ക് മുമ്പാണ് ശ്രീക്കുട്ടി യുടെ കല്യാണം വിളിക്കാൻ ചേച്ചി വന്നത്. വളരെ കഷ്ടപ്പെട്ടാണ് മദ്യപിക്കാതെ ഏട്ടനെ അവിടെ എത്തിച്ചത്. മുഹൂർത്തത്തിനു തൊട്ടുമുമ്പ് കാണാതായ ഏട്ടനെ പിന്നീട് പന്തലിലേക്ക് മദ്യപിച്ചു വന്ന് ഈ കല്യാണം വേണ്ട എന്ന് അലറുന്ന കാഴ്ചയാണ് കാണുന്നത്. മുടങ്ങിപ്പോവുമായിരുന്ന കല്യാണം വളരെ പാടുപെട്ടാണ് നടത്തിയത്. ചേച്ചിയുടെ ആങ്ങളമാരുടെ കയ്യിൽ നിന്നും വളരെ പാട് പെട്ടാണ് ഏട്ടനെ മോചിപ്പിച്ചത്.

പ്രതീക്ഷ തെറ്റിയില്ല.. ബീച്ചിന്റെ ആളൊഴിഞ്ഞ കോണിൽ തിരകളിൽ കണ്ണ് നട്ടുകൊണ്ട് ഏട്ടൻ ഇരിക്കുന്നുണ്ടായിരുന്നു. അസ്തമയം കഴിഞ്ഞ് ഇരുൾ പരക്കാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും.

“ഇന്നെന്തു പറ്റി കുടിച്ചില്ലേ …?”

മണലിൽ ഇരിക്കുന്നതിനിടയിൽ ഏട്ടനോട് ചോദിച്ചു.

“ഇല്ലെടാ രണ്ടു ദിവസമായി …”.

ഏട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “നീ ഈ തിരകളെ ശ്രദ്ധിച്ചില്ലേ ..നിമിഷങ്ങൾ കൊണ്ട് ഭാവങ്ങൾ മാറുന്ന… ആര്‍ക്കും പറയാൻ കഴിയില്ല അടുത്ത നിമിഷം അതിന്റെ ഭാവം. എഴുത്തുകളെ മായ്ക്കാൻ അവയ്ക്ക് കഴിയും. പക്ഷെ എഴുതിച്ചേർക്കാൻ കഴിയില്ല.. അല്ലെ ..”

“പഴയ സാഹിത്യകാരൻ പൊങ്ങിവരുന്നുണ്ടോ.. “

“മനുഷ്യരും ഇങ്ങനെയാണ്… തിരകളെപ്പോലെ. നിമിഷാർധം കൊണ്ട് മിന്നിമറയുന്ന മാനുഷിക ഭാവങ്ങൾ”

“അതൊക്കെ പോട്ടെ .. നീ അവളെ വിളിച്ചോ …? “

“ഉം …”

“എന്നിട്ട് …?”

“അവള്‍ക്കങ്ങനൊരു അച്ഛൻ ഇല്ലന്നു പറഞ്ഞു. അവളുടെ ഭർത്താവ്‌”.

തിരികെ പോരുമ്പോൾ ഏട്ടൻ ഒന്നും മിണ്ടുകയുണ്ടായില്ല. ഞങ്ങളുടെ ഇടയിൽ നിശബ്ദത തളം കെട്ടി. “നീ നാളെ വീട്ടിലേക്കൊന്നു വരുമോ. വൈകുന്നേരം ..? “കാറിൽ നിന്നും ഇറങ്ങുമ്പോൾ ഏട്ടൻ ചോദിച്ചു.

“വരാം ..”

പിറ്റേ ദിവസം ഓഫീസിൽ ഇരിക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിക്കുന്നത്.

“ചെറിയച്ചാ….”

ശ്രീക്കുട്ടി , “മോളെ “

“എനിക്ക് അച്ഛനെ കാണണം …” അവൾ കരയുന്നു.

“മോളുടെ സുധി സമ്മതിക്കുന്നില്ല ..ഇന്നലെ ഞാൻ “.

“ആര് സമ്മതിച്ചാലും ഇല്ലേലും എനിക്കെന്റെ അച്ഛനെ കാണണം …”

മനസ്സാകെ അസ്വസ്തമാവുന്നു.. “മോള്ക്ക് അച്ഛനോട് ദേഷ്യം ആവും എന്നാണ് ഞാൻ കരുതിയത് ..”

ഫോണിലൂടെ അവളുടെ കരച്ചിലിന്റെ ശബ്ദം മാത്രം കേള്‍ക്കാം.

“ഞാനങ്ങോട്ടു വരാം മോളെ. ഡ്രസ്സ്‌ മാറി നിന്നോളൂ”.

“വേണ്ട ചെറിയച്ചാ..ഞാൻ അങ്ങോട്ട്‌ വന്നോളാം. അച്ഛനോട് പറഞ്ഞാ മതി”.

“മോള് തനിച്ചോ ..അത് വേണ്ട”.

“സാരമില്ല ” അവൾ ഫോണ്‍ കട്ട്‌ ചെയ്തു.

നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി. ഏട്ടൻ കടൽകരയിൽ ഉണ്ടാവും.

കാറിൽ കയറുമ്പോഴാണ് ഫോണ്‍ ബെല്ലടിക്കുന്നത് രമേശനാണ്.

“വിനു നീ എവിടെയാ ..?”

“ഓഫീസിൽ ആണെടാ എന്തുപറ്റി”.

“നമ്മുടെ ഉണ്ണിയേട്ടൻ ആ കടത്തിണ്ണയിൽ വീണു കിടക്കുന്നുണ്ട്. നീ പെട്ടെന്ന് വരാമോ..”

“വെള്ളമടിച്ചു വീണതാവുംലെ. ഇന്നലത്തെ പോക്ക് കണ്ടപ്പോഴേ തോന്നി”.

“അതൊന്നും അല്ല നീ വാ”.

അവൻ ഫോണ്‍ കട്ട്‌ ചെയ്തു.

“ഇറ്റ്‌ വാസ് എ കാർഡിയാക് അറസ്റ്റ്. ഒരു മണിക്കൂർ ആയിക്കാണും”. ഡോക്ടർ പറഞ്ഞു.

ആ തിണ്ണയിൽ കിടക്കുന്നത് കണ്ടതാ. ഇങ്ങേരു വെള്ളമടിച്ചു കിടക്കുക ആണെന്നല്ലേ ഞങ്ങള് കരുതീത്. പിന്നെ ആ കുട്ടി ചെന്ന്നോക്കിയപ്പോഴാണ് …

കൂടെ വന്നവരുടെ സന്ദർഭ വിവരണങ്ങൾ വന്നുകൊണ്ടേയിരുന്നു.

ഫോണ്‍ ബെല്ലടിക്കുന്നു ..വിറയ്ക്കുന്ന കൈകളോടെയാണ് ഫോണ്‍ എടുത്തത്.

“ചെറിയച്ചാ..ഞാനവിടെ ടൗണിൽ എത്തി..എവിടാ അച്ഛൻ …?”

“ഞാൻ വരാം മോളവിടെ നിന്നോ “.

“ഉണ്ണികൃഷ്ണന്റെ പോക്കറ്റിൽ നിന്നും കിട്ടിയതാണ് .”

നഴ്സിന്റെ കയ്യിൽ മടക്കിയ ഒരു വെള്ള പേപ്പറും പത്തിന്റെ രണ്ടു നോട്ടുകളും ചില ചില്ലറ നാണയങ്ങളും ആയിരുന്നു.

പേപ്പറിന് പുറത്ത് വൃത്തിയുള്ള കൈപ്പടയിൽ എഴുതിയിരുന്നു. “എന്റെ ശ്രീമോൾക്ക്..” എട്ടന് പറയാനുണ്ടായിരുന്ന കാര്യങ്ങൾ എഴുതിയതാവും. തുറക്കാൻ തോന്നിയില്ല. കാറിൽ മടങ്ങുമ്പോൾ അവൾ നിശബ്ദയായിരുന്നു. ഏട്ടന്റെ ഷർട്ട്‌ അവൾ മാറോടടുക്കി പിടിച്ചിരുന്നു. ഇടയ്ക്കിടെ അവളുടെ തേങ്ങലുകൾ കേട്ടു. ഞങ്ങളുടെ കാറിനു പിറകിലായി വരുന്ന ആംബുലൻസിനെ അവൾ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.

“എന്തായിരിക്കും ചെറിയച്ചാ അച്ഛന് എന്നോട് പറയാൻ ഉള്ളത് ..?”

ആ കത്ത് അവൾക്കു നീട്ടിക്കൊണ്ടു പറഞ്ഞു.

“ഒരു പക്ഷെ ഇതിൽ എല്ലാം ഉണ്ടാവും ..”

അവൾ അത് വാങ്ങി വായിക്കാൻ തുടങ്ങി. നിറഞ്ഞൊഴുകുന്ന കണ്ണുകൾ. ഇടതു കൈ കൊണ്ട് അവളുടെ തോളിൽ തട്ടി. അവൾ ചുമലിലേക്ക് ചാഞ്ഞു. പാവം കുട്ടി. ആ കത്ത് വാങ്ങി പോക്കറ്റിൽ ഇടുമ്പോഴേക്കും വീടെത്തിയിരുന്നു

മോളെ ..

ചില പഴങ്ങൾ കാഴ്ചയിൽ നല്ല ഭംഗി ആണെങ്കിലും പുഴുക്കുത്ത് വീണിരിക്കും. പക്ഷെ കച്ചവടക്കാരൻ അത് നമ്മെ നല്ലതെന്ന് വിശ്വസിപ്പിച്ച് ഏൽപ്പിക്കും. സ്വന്തമായി കഴിയുമ്പോഴാണ് അതിലെ പുഴുക്കുത്തുകൾ നമ്മൾ കാണുന്നത്. വലിച്ചെറിയാൻ പോലുമാവാതെ അതവിടെ കിടക്കും. പിന്നീട് സ്വയം പുഴുക്കുത്തുകൾ ഏറ്റു വാങ്ങി അതിനെ അതിൽ നിന്നും മുക്തനാക്കാം… അതേ അച്ഛനും ചെയ്തുള്ളൂ …

പിഴകൾ …തെറ്റുകൾ.. അതുമത്രേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ. യാഗ പുണ്യങ്ങൾ അവർക്ക് കിട്ടട്ടെ ..ഈ ഹോമാഗ്നിയിൽ വെന്തു വെണ്ണീർ ആകുന്ന ആൽമര ശിഖരങ്ങൾ ആവാനാണ് എനിക്കിഷ്ടം.

ഏട്ടന്റെ ഭംഗിയുള്ള കൈപ്പടയിൽ അത്രമാത്രം …

മഴ പെയ്തു തോർന്ന ആ രാത്രിയിൽ.. ഏട്ടന്റെ വാക്കുകളുടെ പൊരുളറിയാതെ മുറ്റത്തേക്കിറങ്ങി. ചിതക്കരികിൽ ശ്രീകുട്ടി നില്ക്കുന്നുണ്ടായിരുന്നു അപ്പോഴും.

അവളുടെ ചുമലിൽ തൊട്ടപ്പോൾ ഒന്ന് ഞെട്ടിയതുപോലെ തോന്നി ..

“അച്ഛനായിരുന്നു ശരി ..എല്ലായ്പ്പോഴും “.

“എന്താ മോളെ …അങ്ങനെ പറയാൻ ….?”

“ചെറുപ്പത്തിൽ മിക്ക ദിവസങ്ങളിലും മിഠായി കൊണ്ടുവരുന്ന അങ്കിളിനെ ആയിരുന്നു കൂടുതൽ ഇഷ്ടം .അതിനു ജീവിതങ്ങളെ വല്ലാതെ മാറ്റി മറിക്കാൻ ആവും എന്നറിയുമ്പോൾ അച്ഛനിൽ നിന്നും വേർപെട്ടിരുന്നു. അതേ വ്യക്തിയെ മകളുടെ ജീവിതത്തിലെ പ്രധാന മുഹൂർത്തത്തിൽ വരന്റെ അച്ഛനായി കാണുമ്പോൾ നിയന്ത്രണം വിടുന്നത് സ്വാഭാവികം …

പലതും മറച്ചു വെക്കാനുള്ള കഴിവ് ചിരിക്കുന്ന മുഖങ്ങൾക്കു മാത്രമല്ല കരയുന്ന മുഖങ്ങൾക്കുമുണ്ട് ചെറിയച്ചാ….” ശ്രീക്കുട്ടി ഇരുകൈകൾ കൊണ്ടും മുഖം പൊത്തി നിന്നു……..

Generated from archived content: story1_apr18_15.html Author: nisanth_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രണയദിനം
Next articleസിപ്പി മാഷ്
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here