കമ്മ്യൂണിസ്റ്റുകാര്‍ മരിക്കുന്നില്ല

കമ്മ്യൂണിസം കാലഹരണപ്പെട്ടുവെന്നും ഇനി രക്ഷയില്ലന്നും വിലപിക്കുന്ന കുത്തകപ്പത്രങ്ങളും , അമ്പതുകഴിഞ്ഞ വാരികാ മുത്തശ്ശിമാരും വിറ്റുകാശാക്കുന്നത് കമ്മ്യൂണിസത്തെ തന്നെയാണ് എന്നതാണ് ഏറ്റവും രസകരമായ സംഗതി. ആഴ്ചകള്‍ തോറും എന്തെങ്കിലും മസാല ചേര്‍ത്ത് കമ്മ്യൂണിസത്തെ അക്രമിക്കുന്ന കാഴചയാണ് കണ്ടുവരുന്നത്. കേരളത്തിലെ ഇടതുപക്ഷ മനസുള്ള വായനക്കാരാണ് കൂടുതല്‍ ഇതൊക്കെ വായിക്കുന്നതെന്നും ഇവര്‍ക്കൊക്കെ അറിയാം. ഒരു പാര്‍ട്ടിയുടെ മാത്രം കുത്തകയല്ല കമ്മ്യൂണിസമെന്നും അത് നശിക്കാത്ത ഒരു ശാസ്ത്രമാണെന്നും ഇവര്‍ക്ക് ആരെങ്കിലും ഇനിയും പറഞ്ഞു കൊടുക്കണമോ?

ടി. പി ചന്ദ്രശേഖരന്റെ വധാഘാതത്തില്‍ നിന്ന് ഇനിയും നമ്മള്‍ മോചിതരായിട്ടില്ല. ടി. പി ചന്ദ്രശേഖരന്‍ പാര്‍ട്ടിയിലുള്ളപ്പോഴും പാര്‍ട്ടി വിട്ടപ്പോഴും ഉള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന സാധാരണ ഒരു മനുഷ്യന് മനസിലാകുന്നത് അദ്ദേഹം ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ തന്നെ ആയിരുന്നു എന്നുള്ളതാണ്. യഥാര്‍ത്ഥത്തില്‍ ടി. പി ചന്ദ്രശേഖരന്റെ വധം യു. ഡി എഫിന്റെ കച്ചവട രാഷ്ട്രീയത്തിനുമപ്പുറം വലിയൊരു മാറ്റം കേരളത്തില്‍ ഉണ്ടാക്കുമെന്നുള്ളത് സംഭവിക്കാവുന്ന വലിയൊരു സത്യമാണ്.

എന്നാല്‍ യുവജനനേതാക്കളും , എം എല്‍. എ യുമടക്കമുള്ളവരുടെ പാര്‍ട്ടിയില്‍ നിന്നുള്ള മാറ്റത്തെ നമുക്ക് ഈ രീതിയില്‍ കാണാനാവുമോ? പാര്‍ട്ടി വിശ്വാസത്തിന്റെ നേരിയ ഒരു തുടിപ്പുള്ള ഒരാള്‍ക്കു പോലും ഇവരുടെ ഈ മാറ്റത്തെ അംഗീകരിക്കാനാകില്ല. കാരണം കമ്മ്യൂണിസം എന്ന വിശ്വാസം അടിയുറച്ചിരിക്കുന്നത് ചില മൂല്യങ്ങളിന്മേലാണ് എന്നുള്ളത് കേറിക്കിടക്കാന്‍ സ്വന്തമായി ഒരു കൂരയില്ലാത്ത വെറും പച്ചമനുഷ്യര്‍ക്കുപോലുമറിയാം. പ്രലോഭനങ്ങള്‍ക്കു മുന്നില്‍ വഴിമാറിക്കൊടുക്കുന്നതല്ല കമ്മ്യൂണിസം എന്നതൊരു കെട്ടുകഥയല്ല. നമുക്കുമുമ്പേ നടന്നു പോയ ധീരരായ മനുഷ്യരുടെ ചോരയും വിയര്‍പ്പും അതിലുണ്ട് എന്നത് ഇവര്‍ക്കറിയില്ലെങ്കിലും പാര്‍ട്ടിക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും സ്വന്തം മക്കള്‍ പോലും നോക്കാനില്ലാതെ കടവരാന്തകളില്‍ കഴിയുകയും ചെയ്യുന്നവര്‍ക്കറിയാം.

ഇവരുടെ പാര്‍ട്ടി മാറ്റത്തെ വലിയൊരു ആഘോഷമാക്കുന്ന കുത്തകമാദ്ധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ‘ രാഷ്ട്രീയ’ മെന്നുള്ളത് ഒരു ഉപജീവനമാര്‍ഗമാണ് എന്ന് പുതുതലമുറയെ പഠിപ്പിക്കുകയാണ്. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ വന്ന് വല്ലവന്റേയും കാലു നക്കി നേതാവായി, കട്ടുമുടിച്ച് വയറുനിറക്കാമെന്നുള്ളതാണ് പത്രമുത്തശ്ശിമാരും ഇളംകുരുന്നുകളും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ‘ പാഠാവലി’. വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളിലുള്ള പ്രവര്‍ത്തനവും അവര്‍ക്ക് അതിന് പാര്‍ട്ടി കൊടുത്ത സംഭാവനയും , എല്ലാവര്‍ക്കുമറിയാവുന്നതാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന് സ്വന്തമായി എഴുന്നേറ്റിരിക്കാന്‍ പോലും വയ്യാത്ത അവസ്ഥ ലഭിച്ചവരും ഇവിടെയുണ്ടെന്നുള്ളത് സത്യരാഷ്ട്രീയത്തെ ചവിട്ടിയരച്ച് വിമുക്തമാക്കിയ ഇവര്‍ കാണാതെ പോയതാണോ?

ഒരു കമ്യൂണിസ്റ്റുകാരനാകുക എന്നതിന് വലിയൊരു അര്‍ത്ഥതലമുണ്ട്. അതിന്റെ ആചാര്യന്മാരടക്കം അത് വിശദീകരിച്ചിട്ടുമുണ്ട്. കമ്യൂണിസ്റ്റുകാരനാകുക എന്നത് താത്കാലികമായ ഒരാവേശമല്ല. കഠിനമായ ഒരു പ്രവൃത്തിയാണത്. എല്ലാ ദുഷ് ചെയ്തികള്‍‍ക്കെതിരെയും പ്രതികരിക്കാനുള്ള മനസാണ് ഉണ്ടാകേണ്ടത്. നേതാക്കന്മാരോടുള്ള എതിര്‍പ്പുകൊണ്ട് ഒരു പ്രസ്ഥാനത്തെയാകെ തെറി പറഞ്ഞ് ജാതിമതശക്തികളുടെ കൈകളില്‍ അഭയം തേടിയിരിക്കുന്ന ഇവരെയാണോ കാലങ്ങളായി നമ്മള്‍ കമ്യൂണിസ്റ്റുകാരെന്ന ലേബലില്‍ ചുമന്നത്..?

പാര്‍ട്ടിയിലുള്ളവരെക്കാളും പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ വെളിയിലുണ്ടെന്നുള്ളത് ഒരു മുന്നറിയിപ്പായി നേതൃസ്ഥാനത്തുള്ളവര്‍ മനസിലാക്കുന്നത് നന്നായിരിക്കും.

Generated from archived content: essay1_may29_12.html Author: nirupama

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English