കിളിമറന്ന കൂടു പോലെ
നില്‌ക്കുമെൻ ബാല്യം മണക്കും
പഴയ വിദ്യാലയാങ്കണത്തിൽ
ഇന്നു ഞാൻ വെറുതെ പോയിരുന്നു.
നെയ്യാമ്പിലിതളിൽ
പൊതിഞ്ഞൊരോർമ്മ തെറുപ്പിൽ
ഇന്നു മുണ്ടെനിക്കണിയുവാൻ
ഒത്തിരി താമരത്തണ്ടുമാല.
പണ്ടു ഞാൻ കണ്ടതൊന്നും
ഇന്നിവിടെ ഇല്ലേ ഇല്ല
ചന്ദനക്കുറിയണിഞ്ഞൊരെൻ
അദ്ധ്യാപകരില്ല
നെയ്യാമ്പൽ പോലുള്ള കൊച്ചു
ബാല്യങ്ങളില്ല.
പാറിപറക്കും പൂമ്പാറ്റയില്ല
കക്കു കളിക്കുന്ന കൂട്ടരില്ല
വേലിപടർപ്പിലാകാക്ക പൂവില്ല
പൊട്ടുകുത്തിയ മന്ദാരമില്ല
കണ്ടാൽ പുളിക്കുമാ പുളിമരമില്ല
നിശ്ശബ്‌ദമായ് നിശ്ചലമായൊരു കെട്ടിടം
ചീവീടും നരിച്ചീറും മൂങ്ങയും
ചിലന്തിയും ചേക്കേറി
കുറുകുമൊരു ശാപഭൂമി
ഈ സ്‌മശാന മൂകതയിൽ
നിന്നു ഞാൻ മോഹിക്ക
യാണൊരു മോഹം.
വഴിയോരം പാർപ്പിടമാക്കിയ
വൃദ്ധനേ ഒന്നു കണ്ടെങ്കിൽ
എന്റെ വിദ്യാലയ ജാലകം
തുറന്നിട്ടകത്തളം തൂത്തു
ഈ ശാപഭൂമിയ്‌ക്കു കാരണവനാക്കി
ചാരുകസേരയിൽ കിടത്തിയേനേ
ശുദ്ധികലശത്താൽ
പുണ്യമാക്കി മാറ്റുമെൻ
വിദ്യാലയം വീണ്ടും.
ഭിക്ഷാടകർക്ക് എന്ത്
വാഗ്വാദം
അധികാരമില്ലാത്തോർക്ക്
എന്തവകാശം
വെറുതെ വെറുതെ ഒന്നു
മോഹിക്കുവാനും
എനിക്കു പേടി – മാപ്പാക്കുക.
Generated from archived content: poem1_oct12_10.html Author: nirmala_alaxander