കുമ്പനാട് സി.എസ്.ഐ. സ്‌കൂൾ
ഫോർ ഡെഫ് വിദ്യാലയത്തിലെ കുട്ടികൾ തലശ്ശേരി സ്‌പെഷ്യൽ സ്‌കൂൾ
കലോത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ തിക്‌താനുഭവങ്ങളാണ്,
സ്‌ക്കൂളിലെ ഒരദ്ധ്യാപികയായ കവയത്രിയുടെ ഈ
കവിതയ്‌ക്കാധാരം.
ചരിത്രം മയങ്ങുമീ തലശ്ശേരി മണ്ണിൽ
അലകളടങ്ങാതെ കടൽകാറ്റു പോലും
ഇന്നുമാ പഴശ്ശിതമ്പ്രാന്റെ കഥ പാടീടുന്നു.
പകലിൻ തിരിവെട്ടം താഴ്‌ത്തിയ
പകലോൻ കണ്ണട വച്ചുറങ്ങാൻ പോയി
സൂര്യമുഖം തേടി –
തീരത്തണഞ്ഞു തിരമാല പെണ്ണ്
“ദിനവൃത്താന്തം എന്തുണ്ടു പെണ്ണേ
നാടോടികാറ്റു കഥ വല്ലോം ചൊല്ലിയോ”?
‘കണ്ണുനീർകിനിയും ഒരു കഥയുണ്ടു തമ്പ്രാ’
തലശ്ശേരിക്കിതു തുടർകഥ എങ്കിലും
പകയുടെ പന്നിപുകപടലം
കെട്ടിയടങ്ങിയതല്ലിതു – ഈ
ചോരകിനിയും മണ്ണിനൊരു കളങ്കം
കൂലി ചോദിച്ച കുട്ടന്റെ നാട്ടിലെ
കുട്ടനാടിന്റെ കുരുന്നുകൾ
കണ്ണീരണിഞ്ഞ കുട്ടനാടൻ കഥ
പോർച്ചുഗീസു സ്വപ്‌നം കരിഞ്ഞ
ഈ കനൽ പാടം കാണുവാനെത്തി
ഇന്നും കുറേ ഗുരുശിഷ്യഗണം
കടൽ തിരകൾക്കിടയിലാപള്ളിയവശിഷ്‌ടങ്ങൾ
കരിങ്കൽ തൂണായി
നീലകടലിനഗാധതയിൽ മയങ്ങുന്നു
നാടോടിക്കാറ്റ് ഒരു ഗൈഡായി പറയുന്നു
കുരുന്നു മിഴികളിൽ കണ്ണുനീർ കിനിഞ്ഞിരുന്നു
കേൾക്കാത്ത ആ കാതുകളിൽ വല്ലാത്ത
മൂകത ബാധിച്ചിരുന്നു.
ആത്മാവിലേക്ക് ഉറ്റു നോക്കി പോയി ഞാൻ
അമ്പേ!
പിന്നെ ഒഴുകിയതൊരു കണ്ണുനീർ കടൽ തന്നെയല്ലോ?
(കടൽ പക്ഷികൾ മെല്ലെ പറന്നു
കോട്ട മതിൽ ചാരി ഇരുന്നു
താഴത്തേ മൂവന്തി മെല്ലെ പറഞ്ഞു
‘ചേക്കേറാൻ നേരമായില്ലേ’
‘കഥയിതെന്തെന്ന് അറിഞ്ഞു പോട്ടെ
പെട്ടെന്നു നീ മറഞ്ഞിടല്ലേ’)
കണ്ണില്ലാത്തോർക്ക്
ആരോ കണ്ണുള്ളവർ മാർക്കിട്ടു വിലയിട്ടു
കേൾവിയില്ലാത്തവർക്കായി
കേൾപ്പാൻ ചെവിയുള്ളവർ
ചൊല്ലി പറഞ്ഞു-
വില ഇത്ര മാർക്കിത്ര.
കണ്ണില്ലാത്തവർ ഒന്നുമേ കണ്ടില്ല
ചെവില്ലാത്തവർ ഒന്നുമേ കേട്ടില്ല
ഗുരുമുഖത്തേയ്‌ക്കവർ നോക്കി
ആരാഞ്ഞു? ‘എന്താണിത്?’
നിറഞ്ഞമിഴിയോട് മാഷുമാർ അവരുടെ
ഭാഷയിൽ ഓതി
‘ഒന്നും നമുക്കവർ തന്നതില്ല
ഒന്നും നമുക്കവർ തരികയുമില്ല.’
ആവാത്ത നാവുകൊണ്ടു
ചൊല്ലി പഠിപ്പിച്ച
ഓ എൻ വിയേയും വയലാറിനേയും
തിരിയാത്ത വരികളിൽ പാടിയ കവിത
അല്ലെങ്കിൽതന്നെ അവിടെ ആരു കേട്ടു?
കേൾക്കാത്ത താളത്തിൽ
ആടിയ പഴശ്ശിക്കഥ അവിടെ ആരു കണ്ടു?
‘നമുക്കു മടങ്ങാം
നമുക്കു നമ്മുടെ കുട്ടനാട് തന്നെ നേര്’
കൂലിക്കു പിണങ്ങിയ കുട്ടന്റെ
നാടുതന്നെ പഥ്യം.
Generated from archived content: poem1_mar7_11.html Author: nirmala_alaxander