ഓര്‍മ്മകൂട്ട്

ദു:ഖം വന്നു വിരുന്നൊരുക്കുവന്‍
ഇറ്റു നേരം മതിയെന്നറിയുമോ?
ഒരുമിച്ചു വിരിഞ്ഞ പൂവുകള്‍
കാറ്റിലൊറ്റയായി തീരുമെന്നറിയുമോ?
ആറ്റു നോറ്റ സ്നേഹവുമൊരിക്കല്‍
കാറ്റില്‍ പറക്കുമെന്നറിയുമോ?
എങ്കിലും
നിന്നേക്കുറിച്ചുള്ളോരോര്‍മ്മകള്‍
കാത്തു സൂക്ഷിക്കുമീ മാനസം
പ്രാണവായു പോലീ ജീവകാലം

മഴയിലും മഞ്ഞിലും
പിന്നെ ഈ കാറ്റിലും
കേള്‍ക്കുന്നുണ്ട് പ്രിയനേ
നിന്റെ സ്വരം

മന്ദമായി നീ എന്റെ
പേര്‍ ഉച്ചരിക്കയോ
അന്ന്, ആശതന്‍ കൊട്ടാരം
കോര്‍ത്ത സന്ധ്യയില്‍
ഹൃത്തില്‍ മെല്ലെ പറഞ്ഞ വാക്കുകള്‍
മരവിക്കുന്നില്ല , മരിച്ചിട്ടില്ലിന്നും
വൃദ്ധരായി തീര്‍ന്നിങ്ങു
വിശ്രമം തേടുകില്‍
കിളിക്കൂടു പോലൊരു
വീടു വച്ച്
കിളികളായി പാറി പറന്നിരിക്കാം
പൂന്തോട്ടമൊന്നൊരുക്കി വച്ച്
പൂവായ പൂവെല്ലാം ചേര്‍ത്തിങ്ങു വച്ച്
വള്ളിക്കുടിലൊന്നൊരുക്കി വയ്ക്കാം
ക്ഷീണമെല്ലാം മാറ്റുവാനിനി
മഴവില്ലിന്‍ കുടക്കീഴില്‍ മിണ്ടാതിരിക്കാം
പെട്ടന്നു വെട്ടം കെട്ടപോല്‍
മൗനം എന്‍ ചുറ്റും കാവലയി നില്‍ക്കേ
ഇന്നിതാ ഞാന്‍ ഒറ്റയായി
എന്തേ, ഒറ്റയ്ക്കാക്കി പറന്നു നീ മുമ്പേ
കാത്തു നിക്കയോ സ്വര്‍ഗ്ഗ കവാടത്തില്‍
ഈ ഒഴിഞ്ഞൊരിരിപ്പിടം
നിനക്കായി ഇവിടെ ഉണ്ടെന്നറിയിക്കയോ?
ഇന്ന്
വിശ്വ ചൈതന്യത്തിന്‍ കാന്തി
പതിച്ചെന്‍ ജീവിതം
മന്ദമായി സ്വച്ഛമായി
ഒഴുകുന്നു നാഥനെ
ഉറച്ച പാറയാം ക്രിസ്തുവില്‍
എന്‍ സങ്കേതനഗരം
പണിതാല്‍ ഞാന്‍ ഏകയല്ലേ
കര്‍ത്താവുമവനെന്‍ ഭര്‍ത്താവുമവന്‍
ദുര്‍ഘടമീ പ്രീതി സന്ധ്യയില്ലിനി
എന്നേ ഏല്‍പ്പിച്ചതാം കൈത്തിരികളാം
പൈതങ്ങളെ
നിത്യ ജീവനര്‍ഹരാക്കേണ്ടതുണ്ടു
എനിക്കു പ്രിയനേ അതുവരെ
കേഴുകയില്ലിനി, കരയുകയില്ല
നിത്യ വസന്ത പറുദീസയില്‍
ഞനെത്തുവോളം വിട.

Generated from archived content: poem1_mar17_12.html Author: nirmala_alaxander

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here