ഡിസംബറിൽ

വെളളിയാഴ്‌ച രാവിലെ പത്തുമണിക്കു ഓഫീസിലേക്കു ഭർത്താവിന്റെ ഫോൺ വരുമ്പോഴേ അപകടം അറിയേണ്ടതായിരുന്നു. വെറുതെ സ്‌നേഹംകൊണ്ടു കൊച്ചുവർത്തമാനം പറയാൻ വിളിക്കുന്ന ദുശ്ശീലമൊക്കെ കല്യാണത്തോടെ അദ്ദേഹം നിർത്തിയതാണ്‌. റാണിയും കുടുംബവും പിറ്റേന്നു വരുന്നു എന്നതാണ്‌ ഇന്നത്തെ വാർത്ത. അടുത്തുളള നഗരത്തിൽ താമസിക്കുന്ന റാണി ഭർത്താവിന്റെ അകന്ന ബന്ധുവാണ്‌. ബന്ധുക്കളില്ലാത്ത രാജ്യത്ത്‌ എത്രയകന്ന ബന്ധുവും ഉറ്റബന്ധുവായി മാറും. അതുകൊണ്ട്‌ അവർ ഇടക്കൊക്കെ വന്നു താമസിക്കുന്നത്‌ സന്തോഷം തന്നെ. പക്ഷെ മകൻ പ്രണയിച്ചു പരിണയിച്ച മരുമകളെ അത്രക്കങ്ങു ബോധിച്ചിട്ടില്ലാത്ത അമ്മായിയമ്മയുടെ ഒരു സ്‌പൈ ആണോ ഈ റാണിയെന്നൊരു കരടു സംശയം മനസ്സിലുണ്ട്‌. അതുകൊണ്ട്‌ പറ്റുന്നതിലധികം ഇംപ്രസ്‌ ചെയ്തേ പറ്റൂ.

ശനിയാഴ്‌ച വൈകുന്നേരമാണു നഗരത്തിലെ മലയാളികളുടെ ക്രിസ്‌തുമസ്‌ ആഘോഷം. സൗകര്യത്തിനുവേണ്ടി ക്രിസ്‌തുമസ്‌ എത്തുന്നതിനുമുൻപേ ക്രിസ്‌തുമസും ഓണം കഴിഞ്ഞിട്ട്‌ ഓണവുമൊക്കെ കാനഡയിൽ ആഘോഷിക്കാം. അല്ലെങ്കിൽത്തന്നെ ഫോറിനേഴ്‌സിനുവേണ്ടി ഈ ക്രിസ്‌തുവും മഹാബലിയുമൊക്കെ അഡ്‌ജസ്‌റ്റു ചെയ്യുമല്ലോ!

രണ്ടു ദിവസത്തേക്കു വിരുന്നു വരുന്ന കാര്യം നേരത്തെ കാലത്തെ അറിയിക്കുന്ന പതിവ്‌ റാണിക്കില്ല. ഇരുപത്തിനാലു മണിക്കൂർ നോട്ടീസ്‌ അധികപ്പറ്റല്ലെന്നൊരു സന്തോഷം. ക്രിസ്‌തുമസ്‌ കാലമായതുകൊണ്ട്‌ റാണിയുടെ കുട്ടികൾക്കു സമ്മാനങ്ങൾ വാങ്ങിയേ പറ്റൂ. ഈ നാട്ടിൽ ക്രിസ്‌തുവിനെ മറക്കുന്നതിനും വലിയ പാപമാണു ക്രിസ്‌തുമസിന്‌ സമ്മാനം മറക്കുന്നത്‌. ഉച്ചഭക്ഷണത്തിനുളള സമയംകൊണ്ട്‌ പച്ചക്കറിയും വാങ്ങണം.

ഷോപ്പിംഗ്‌ സെന്ററിൽ തിരക്കോടു തിരക്കുതന്നെ. സ്പീക്കറിലൂടെ ക്രിസ്‌തുമസ്‌ പാട്ടുകളൊഴുകി വരുന്നുണ്ട്‌.

-ജോയ്‌ റ്റു ദ വേൾഡ്‌…

-ആഹാ എന്തൊരു സന്തോഷം! സന്തോഷം കൊണ്ടൊന്നു പൊട്ടിക്കരയാൻ തോന്നുന്നു.

മനസ്സിൽ പറഞ്ഞുകൊണ്ടു വേഗത്തിൽ നടന്നു. എപ്പോഴും വേഗത്തിലാണു നടക്കുന്നതെന്നും ചവിട്ടിക്കുതിച്ചങ്ങനെ നടക്കുന്നതു സ്‌ത്രീ സൗന്ദര്യത്തിനു ചേരാത്തതാണെന്നും അറിയാഞ്ഞിട്ടല്ല. ചെയ്‌തു തീർക്കുവാനുളള കാര്യങ്ങളുടെ പട്ടികയാണു മുന്നിലെപ്പോഴും. പിന്നെയെങ്ങനെ സാവകാശപ്പെടാൻ പറ്റും.

കുട്ടികളുടെ തുണിയും കളിപ്പാട്ടവും വിൽക്കുന്ന കടയിൽ നിന്നും സമ്മാനങ്ങൾ വാങ്ങിയിറങ്ങുന്നതിനിടയിൽ നാലു തവണ വാച്ചുനോക്കി. ഉച്ചഭക്ഷണത്തിനുളള സമയം ഒരു മണിക്കൂറാണ്‌. പച്ചക്കറി ഇനിയും വാങ്ങിയിട്ടില്ല. അടുത്തുളള വിയ്‌റ്റ്‌നാമി കടയിൽ നിന്നും അതുകൂടി ഒപ്പിച്ചാൽ വൈകുന്നേരം വീട്ടിൽ ചെന്നാലുടൻ പാചകം തുടങ്ങാം.

അതിവേഗത്തിലുളള നടത്തംകൊണ്ട്‌ നടുവു വേദനിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു കടയുടെ വാതിൽക്കൽ നിന്നും ജിങ്കിൾ ബെൽസ്‌ ഒഴുകി വരുന്നുണ്ട്‌. അതിനുമുന്നിൽ ആഢ്യത്തമുളള ജാക്കറ്റും അതിനു ചേരുന്ന തൊപ്പിയുമുളള ഒരു വൃദ്ധ വഴി തടഞ്ഞുനിന്നു.

-അമ്മൂമ്മക്കുട്ടീ ജിങ്കിൾ ബെല്ലിനു സമയമില്ലല്ലോ! ജില്ലു ജില്ലെന്നു നടന്നില്ലെങ്കിൽ ഏമ്മാൻ കണ്ണുരുട്ടും എന്നുളളത്‌ ഒരു ‘എക്‌സ്‌ക്യൂസ്‌ മീ’യിലൊതുക്കി മുറുകി നടന്നു.

പച്ചക്കറി കടയിൽ പയറില്ല. നീണ്ടുനിവർന്നു കിടന്നു മോഹിപ്പിക്കാറുളള പഹയന്മാർ ഇന്നെവിടെപ്പോയി?

-ഇന്നു ബീൻസേയുളള മാഡം.

കറപിടിച്ച പല്ലുകൾ നിഷ്‌കളങ്കമായി ചിരിച്ചു.

-റാണിക്കു ബീൻസുകൂട്ടാനാണു യോഗമെങ്കിൽ മറ്റുളളവർക്കു തടയാനാവില്ലല്ലോ എന്നൊരു തത്വചിന്തക്കൊടുവിൽ ബീൻസും പാവക്കയും വഴുതനങ്ങയുമൊക്കെ തൂക്കി തിരിഞ്ഞു നടന്നു.

ഇപ്പോൾ നടുവിനു കൂട്ടായി തോളുകളും വേദന, കഴപ്പെന്നൊക്കെ മുറവിളി കൂട്ടുന്നുണ്ട്‌. കൊളളാം, മൂന്നു മിനിറ്റുകൊണ്ട്‌ മഞ്ഞിൽക്കൂടി അഞ്ചു ബ്ലോക്കു നടന്നെത്താൻ പറ്റിയ താളം!

തണുത്ത ഡിസംബർ കാറ്റുകൊണ്ട്‌ അസ്‌ഥികൾക്കുളളിൽ വാതം കുത്തി നോവിക്കാൻ തുടങ്ങി. വാർദ്ധക്യത്തിനു മുൻപേ വാതം വരുമെന്നുളെളാരു തണുപ്പൻ സൗഭാഗ്യം കനേഡിയൻ ജീവിതത്തിനുണ്ട്‌.

ഉച്ചഭക്ഷണത്തിനുളള സമയത്ത്‌ ഭക്ഷണം കഴിക്കൽ ഒഴികെ മറ്റെല്ലാം നടന്നു. വയറിനുളളിലെ മൂളൽ ഇപ്പോൾ തലക്കകത്തായിരിക്കുന്നു. അവഗണിച്ചാൽ നിലംപറ്റുമെന്നും മാനക്കേടാവുമെന്നുമുളള മുന്നറിയിപ്പ്‌. ഡസ്‌ക്കിൽ വച്ച്‌ ഭക്ഷണം കഴിക്കാൻ അനുവാദമില്ല. സൗജന്യമായിക്കിട്ടുന്ന കമ്പനിവക കാപ്പിയുടെ സമൃദ്ധിയിൽ വിശപ്പിനെ കുറച്ചുനേരം അടക്കിനിർത്താം.

വിരുന്നുകാർ വരുമ്പോൾ ഊണിനു മുൻപ്‌ കൊറിക്കാൻ വേണം. ഊണിനു ഇറച്ചീ, മീൻ, തോരൻ, മെഴുക്കുപുരട്ടി, ഒഴിക്കാനൊന്ന്‌, തൊട്ടുകൂട്ടാനൊന്ന്‌ ഒക്കെ വേണം. ഊണു കഴിഞ്ഞിട്ട്‌ മധുരിക്കുന്നതും വേണം.

ശനിയാഴ്‌ച അതിരാവിലെ അടുപ്പത്തെ പാത്രത്തിൽ മീൻ കഷണങ്ങൾ തിളച്ചു.

-കുളു…കുളു…

-നിങ്ങളെന്താ ബഷീർ കഥാപാത്രങ്ങളോ?

അതു ചോദിച്ചു പാത്രമടച്ചു തീ കുറയ്‌ക്കുമ്പോൾ കുഞ്ഞുപാത്തുമ്മ ഇതുവഴി ഒന്നു വന്നിരുന്നെങ്കിലെന്ന്‌ ഓർത്തുപോയി.

-പോ തുട്ടാപ്പീ

കുഞ്ഞുപാത്തുമ്മ മനസ്സിലിരുന്നു പറഞ്ഞു.

താളിൽനിന്നും പുറത്തിറങ്ങിക്കഴിയുമ്പോൾ നിസാർ അഹമ്മദ്‌ ഒരു മുശടൻ ഭർത്താവായിത്തീരുകയും കുഞ്ഞുപാത്തുമ്മ ജോലിത്തിരക്കുകൊണ്ട്‌ ഒരു പരാതി കോളാമ്പിയായി മാറുകയും ചെയ്യുമെന്നൊരു ദോഷചിന്ത മനസ്സിൽ വന്നു. വേണ്ട, അതവിടെ നിൽക്കട്ടെ.

സ്‌ക്കൂളടക്കാൻ രണ്ടാഴ്‌ച കൂടിയുളളതുകൊണ്ട്‌ കുട്ടികൾക്കു പഠിക്കാൻ ധാരാളമുണ്ട്‌. ഗൃഹപാഠപുസ്‌തകവുമായി അവർ അടുക്കള മേശക്കരികിൽ വന്നു.

-ഹോമോഫോണെന്നു വച്ചാലെന്താ?

ഈശ്വരാ, എന്തൊക്കെയാണീ കുട്ടികൾ പഠിക്കുന്നത്‌? കുട്ടിയെ പഠിപ്പിക്കണമെങ്കിൽ അമ്മ ആദ്യം പഠിക്കണമല്ലോ!

-അമ്മേ, ജാക്കൊരു കാറ്‌ 8000 ഡോളറിനു വാങ്ങിയിട്ട്‌ 9575 ഡോളറിനു വിറ്റു. അപ്പോ സേവു ചെയ്തത്‌ എത്ര പെർസന്റേജാ?

ജാക്കിനു ഈ കളളക്കച്ചവടം ക്രിസ്‌തുമസ്‌ കഴിഞ്ഞിട്ടു പോരായിരുന്നോ? ഭംഗിയായിട്ടൊരു വിശദീകരിക്കാൻ സമയം കിട്ടിയേനെ!

പാചകം കൊടുമ്പിരി കൊണ്ടു നിൽക്കുന്നതിനിടയിലാണു ഫോൺ ദയനീയമായി നിലവിളിക്കുന്നത്‌. മലയാളം പളളിക്കാർ കരോൾ പാടാൻ വരുന്നു എന്നതായിരുന്നു ഫോണിലൂടെയുളള ഭീഷണി.

വീട്‌ കാണാൻ കൊളളാവുന്ന വിധത്തിലാക്കണം, പാടി ക്ഷീണിക്കുന്നവർക്കു കൊടുക്കാൻ കാപ്പിയും അതിനു ചേരുന്ന കടിയും ചമക്കണം. അതിനു ഒരു മണിക്കൂർ അധികമല്ലേ എന്ന ഭർത്താവിന്റെ ആശ്വസിപ്പിക്കൽ കേട്ടപ്പോൾ ഇവൻ പറയുന്നതെന്തെന്ന്‌ ഇവനറിയായ്‌കയാൽ ഉത്തരം പറയാതിരിക്കുന്നതാവും സമയലാഭം എന്നു കണക്കുകൂട്ടി.

ഗായക സംഘത്തിന്റെ ഉച്ചിഷ്‌ടങ്ങൾ വെടിപ്പാക്കുമ്പോഴാണു റാണിയും കുടുംബവും കയറിവന്നത്‌. വീണ്ടും കാപ്പിയും കട്‌ലറ്റും മേശപ്പുറത്തു നിരന്നു. മൂന്നാമത്തെ കട്‌ലറ്റ്‌ തിന്നുകൊണ്ട്‌ റാണിക്കൊച്ച്‌ പതിവു തമാശ പുറത്തിട്ടു.

-ഈ കട്‌ലറ്റെന്നാ ഇങ്ങനിരിക്കുന്നെ? ഞാനൊണ്ടാക്കുമ്പം ഒന്നൂടെ ഒറച്ചാ.

-അതു തിന്നാനുളള ഭാഗ്യം ഞങ്ങൾക്കിതേവരെ ഉണ്ടായിട്ടില്ലല്ലോ എന്നൊരു മഞ്ഞ്‌ജുവാര്യർ തിരിച്ചടി അണപ്പല്ലിനിടക്കിട്ടു ഞെരിച്ച്‌ ഭംഗിയായി ചിരിച്ചു.

ഫോണിൽ ഇഷ്‌ടതോഴിയുടെ ആവശ്യം.

-ക്രിസ്‌തുമസ്‌ ഫങ്ങ്‌ഷനു എല്ലാവരും പച്ച സാരിയാട്ടൊ ഉടുക്കേണ്ടത്‌.

-അതിനു മറിയ പ്രസവം കഴിഞ്ഞ്‌ പച്ചസാരിയുടുത്തല്ലല്ലോ പുൽക്കൂട്ടിലിരുന്നതെന്ന്‌ പറഞ്ഞില്ല. ആകെക്കൂടിയുളള ഒരു തെളിനീരാണു ഫോണിലൂടെ ഒഴുകി വരുന്ന ആ സൗഹൃദം. അതു കാക്കാൻ പച്ച സാരിയുടുക്കാം.

അലമാരി തുറന്നപ്പോൾ തത്തപ്പച്ച, കുപ്പിപ്പച്ച, ജലപ്പച്ച, കടുമ്പച്ച എന്നിങ്ങനെ സാരികൾ പരിഹസിച്ചു ചിരിച്ചു. തേച്ചു നിവർത്തെടുക്കാൻ ഏറ്റവും എളുപ്പമുളളവനെയാണ്‌ സ്വീകരിച്ചത്‌.

ഓരോ തവണ സാരി ഉടുക്കുമ്പോഴും സാരി കണ്ടുപിടിച്ചവന്റെ അമ്മായിയെവരെ ആഞ്ഞു തൊഴിക്കണമെന്നു തോന്നും. അഞ്ചരമീറ്ററിൽ കുറെ ഭാഗം ഇറുകിയ പാവാടക്കുളളിൽ തിരുകിക്കയറ്റി, ചേലുളള ഞൊറിവും വടിവൊത്ത തുമ്പും ഒക്കെയായി ഓരോ തവണയും മെനഞ്ഞെടുക്കേണ്ട ഔട്ട്‌ഫിറ്റ്‌. പിന്നേയും വെളിപ്പെടുന്ന വയറും പുറവുമൊക്കെ ശ്രദ്ധയോടെ മറച്ചുപിടിക്കുകയും വേണം. എന്തൊരു തൊന്തരവ്‌!

ഇനിയും രണ്ടു കുഞ്ഞുതലകൾ മിനുക്കേണ്ടതുണ്ട്‌.

-അമർത്തി ചീവല്ലേ

-വേദനിക്കുന്നു.

-എനിക്കീ സ്ലൈഡു വേണ്ട

ക്ഷമ പരീക്ഷിക്കുവാനുളള ഏറ്റവും എളുപ്പമാർഗ്ഗമാണു സംസാരിക്കാറായ കുട്ടികളെ കുറഞ്ഞ സമയംകൊണ്ട്‌ ഒരുക്കുന്നത്‌ എന്നൊരു കണ്ടുപിടുത്തം കൂടി നടത്തി.

വസ്‌ത്രാലങ്കാരം പൂർത്തിയാക്കി കിടപ്പുമുറിക്കു പുറത്തുകടന്നപ്പോൾ അടിമുടി നോക്കി പ്രിയതമന്റെ കമന്റ്‌

-അയ്യേ പച്ചച്ച!!

ചെവി കേൾക്കാത്തവളെപ്പോലെ സൂക്ഷിച്ചു നോക്കി. വെളുപ്പിൽ കറുത്ത വരകളുളള ഷർട്ടും ചുവന്ന ടൈയുമായിട്ടാണു ഷ്‌ടൈലൻ കമന്റടി.

-ഗോപി വരച്ച സീബ്രാബ്ര…

തികട്ടിവന്ന അഭിപ്രായം ചവച്ചിറക്കി വീണ്ടും അലമാര തുറന്നു. സാരികൾ മഞ്ഞഞ്ഞ, ചുകചുകപ്പ്‌, കരിങ്കറുപ്പ്‌ എന്നിങ്ങനെ പല്ലിളിക്കുന്നു. ചുരിദാറുകൾ മോഹിപ്പിച്ചു ചിരിക്കുന്നുണ്ട്‌. മുകളിലൂടെ ഒന്ന്‌, താഴെക്കൂടെ മറ്റൊന്ന്‌, കഴുത്തിനെ വളഞ്ഞൊരു ഷാളും. സ്വകാര്യ ഭാഗങ്ങൾ വെളിപ്പെടുമെന്ന വേവലാതിയില്ലാതെ കൈയും വീശിയങ്ങു നടക്കാം.

പക്ഷെ ഇന്നത്തെ ഡ്രസ്‌ കോഡ്‌ പച്ച സാരിയാണെന്ന്‌ അറിഞ്ഞതും ഏറ്റതുമാണ്‌. അത്ര വേഗമങ്ങു കാലുമാറാൻ തട്ടകം രാഷ്‌ട്രീയമല്ലല്ലോ. ശരി പച്ചയായിത്തന്നെ പോവുക. ഭർത്താവിന്റെ സൗന്ദര്യബോധത്തെ തൽക്കാലം അവഗണിക്കുക. പച്ചത്തത്ത… പനന്തത്തേ….പഞ്ചാരത്തത്തേ എന്നു പാടുന്ന ഒരു കാമുകനെ സങ്കൽപ്പിച്ച്‌ സങ്കോചം കുറക്കാൻ ശ്രമിക്കാം. കാമുകൻ ഭർത്താവായിക്കഴിയുമ്പോൾ ഒരു പിന്തിരിപ്പൻ ക്രിട്ടിക്കാകുമെന്ന സത്യത്തെ മറക്കാം.

ഇനി മുഖത്ത്‌ കണ്ണ്‌, ചുണ്ട്‌, പൊട്ട്‌ തുടങ്ങിയവയൊക്കെ വരച്ചുപിടിപ്പിക്കണം. മിനുക്കുപണി പൂർത്തിയാകുന്നതിനു മുൻപേ സമയം വൈകുന്നുവെന്ന്‌ ഭർത്താവിന്റെ നോട്ടീസ്‌. ക്രിസ്‌തുമസ്‌ പതിപ്പിലേക്കു കവിത വേണമെന്നാവശ്യപ്പെട്ട പത്രാധിപർക്കു മനസ്സിലൊരു കത്തെഴുതി.

-കണ്ണെഴുതാൻ സമയം തികയാത്ത ഞാനെങ്ങനെ കവിതയെഴുതും സാർ?

ഉടനെ തന്നെ മറുപടിയും മനസ്സിൽ വന്നു.

-ഒന്നരക്കവിത പ്രസിദ്ധീകരിച്ചപ്പോഴേക്കും തിരക്കുളള എഴുത്തുകാരിയായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട്‌. ഇനിമേലിൽ നിങ്ങളുടെ കവിത പ്രസിദ്ധീകരിച്ചു ബുദ്ധിമുട്ടിക്കുന്നില്ല.

നെഞ്ചിലെ ക്ലേശക്കടൽ കടയുമ്പോൾ കാന്താരിയുടെ എരിവുമായിട്ടാവും വരികൾ പൊങ്ങിവരിക. കാരക്ക നുണഞ്ഞുകൊണ്ട്‌ കമഴ്‌ന്നു കിടന്നു കവിതയെഴുതാനുളള സൗഭാഗ്യം ഭൃത്യഗണങ്ങളില്ലാത്തവർക്കില്ലല്ലോ. എന്നാലും ആത്മാവു പൂർണ്ണമായും ചത്തിട്ടില്ല എന്നതിന്റെ തെളിവാണു എഴുത്തും പ്രസിദ്ധീകരണവും. അതില്ലാതാക്കണ്ട.

കാറിൽ നിന്നും ഇറങ്ങി ക്രിസ്‌തുമസ്‌ ഫങ്ങ്‌ഷൻ നടക്കുന്ന ഹാളിലെത്തി കഴിഞ്ഞപ്പോൾ പുഞ്ചിരിയും സൗമൃതയും മുഖത്തു തേച്ചുപിടിപ്പിച്ച സമുദായാംഗമായി മാറി. എന്തുണ്ടു വിശേഷമെന്ന്‌ ആരു ചോദിച്ചാലും സുഖം തന്നെയെന്ന്‌ ചമച്ചൊരുക്കിയ ഉത്തരവുമുണ്ട്‌ കൂട്ടിന്‌.

വേദനിക്കുന്ന നടുവും ക്ഷീണം തൂങ്ങുന്ന കണ്ണുകളും മറച്ച്‌ പരിപാടികളിൽ മുങ്ങാൻ ശ്രമിച്ചു. റാണിക്കും ഭർത്താവിനും കിടക്കാനുളള മുറിയിലെ ബെഡ്‌ഷീറ്റ്‌ ഇപ്പോഴും വാഷിംങ്ങ്‌മെഷീനിൽ കിടക്കുകയാണെന്ന്‌ അപ്പോഴാണോർത്തത്‌. അത്‌ ഡ്രയറിലിട്ടുണക്കിയിട്ടു വേണം ബെഡു വിരിക്കാൻ. പരിപാടി എങ്ങനെയെങ്കിലും കഴിഞ്ഞിരുന്നെങ്കിലെന്ന്‌ ഞെളിപിരി കൊളളുമ്പോൾ മുഖ്യാതിഥിയുടെ ക്രിസ്‌തുമസ്‌ സന്ദേശം ഒഴുകി വരുന്നു – ക്രിസ്‌തുമസ്‌ ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമാണ്‌. പുളക്കുന്ന നടുവു വേദനക്കിടയിലും അറിയാതെ ചിരിച്ചുപോയി!

Generated from archived content: story_dec14_05.html Author: nirmala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English