നീണ്ട ആരാധന കഴിഞ്ഞെത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. പുറത്ത് നല്ല വെയിൽ. ദുഃഖവെളളിയാഴ്‌ച മഴ പെയ്യണമെന്ന പ്രമാണം ഈ വർഷം തെറ്റുമെന്നു തോന്നി. തവിട്ടു നിറമായ പുല്ലിൽ അങ്ങിങ്ങ് ഇപ്പോഴും മണ്ണിന്റെ കൂമ്പാരങ്ങളുണ്ട്. രണ്ടാഴ്‌ചക്കകം അതും ഉരുകിയൊഴുകും. പിന്നെ പുല്ലിനെ റെയിക്കുകൊണ്ട് ഒന്നിളക്കി പഴയ ഇലകളൊക്കെ വാരിക്കളഞ്ഞാൽ ലോൺ പച്ചനിറത്തിൽ മുങ്ങും.
യേശുവിനെ ഒരിക്കൽക്കൂടി ക്രൂശിച്ച ക്ഷീണത്തിൽ ബെന്നി സോഫയിൽ ചാരിയിരുന്നുറങ്ങുകയാണ്. ഒന്നു മയങ്ങി എഴുന്നേൽക്കാൻ നേരമുണ്ടെന്ന് അനിതയോർത്തു. കഞ്ഞിയും പയറും കാച്ചിയമോരും ചേർന്ന ക്രിസ്‌ത്യൻ കുടുംബത്തിന്റെ അത്താഴ പാരമ്പര്യത്തെപ്പറ്റി അവൾക്കറിയാം. ബെന്നിക്കതൊരു സുഖലഹരിതന്നെയാണെന്ന് അനിതയോർത്തു ചിരിച്ചു.
കഞ്ഞിക്കു ചുറ്റുമിരിക്കുമ്പോൾ ബെന്നി പളളിയിലെ ഒരു പാട്ടു മൂളാൻ തുടങ്ങി. പത്തു വർഷമായിട്ടും അനിതയ്‌ക്കു പരിചയമാവാത്തൊരു പാട്ട്. ചിക്കൻ നഗറ്റ്‌സും ഫ്രഞ്ചു ഫ്രൈയും കിട്ടാത്തതിൽ പരിഭവിച്ചിരിക്കുന്ന കുട്ടികളോട് അയാൾ കേരളത്തിലെ ദുഃഖവെളളിയാഴ്‌ചകളെപ്പറ്റി പറയാൻ തുടങ്ങി.
-അതേയ് അപ്പച്ചൻ ചെറിയ കുട്ടിയായിരിക്കുമ്പൊ ഇല്ലേ….
നാലു വലിയ കണ്ണുകൾ അയാളുടെ മുഖത്തു കുടുങ്ങി. കാതുകൾ കൂർത്തു കൂർത്തുവന്നു. ആരേയും വാക്കുകളിൽ കെട്ടിയിടാനുളള ഭർത്താവിന്റെ കഴിവോർത്ത് അനിത വീണ്ടും അത്ഭുതപ്പെട്ടു.
ചിക്കൻ നഗറ്റിന്റേയും ഫ്രഞ്ചു ഫ്രൈയുടേയും പ്രപഞ്ചം കഞ്ഞിയും കാച്ചിയമോരും പയറും പപ്പടവും കടുകുമാങ്ങയും കൂട്ടിച്ചേർത്തു വിളമ്പുന്ന തങ്കമ്മച്ചേടത്തിയുടെ മുണ്ടിൻ ഞൊറിയിൽ തട്ടിയുടഞ്ഞു.
-അപ്പച്ചൻ കടുകുമാങ്ങ എരിയുന്നേന്നു വിളിച്ചു കൂവുമ്പോ വല്യമ്മച്ചി വെളളമെടുക്കാൻ അടുക്കളയിലേക്കു തിരിയും. അപ്പൊ അപ്പച്ചൻ സോഫിയാന്റിയുടെ പാത്രത്തിൽനിന്ന് ഒരു പപ്പടം കൂടി തട്ടിയെടുക്കും.
കുടുകുടെ ചിരിയ്‌ക്കിടയിൽ കാലിയായ പാത്രങ്ങൾ കാട്ടി ബെന്നി പറഞ്ഞു;
-പെണ്ണേ. ക്‌ടാത്തന്മാർക്ക് കുറച്ചു കഞ്ഞികൂടി കൊടുക്ക്. അപ്പോഴാണ് ഇളയ മകൻ ചോദിച്ചത്.
-ഡു യു ഹാവ് കഞ്ഞി ട്രഡീഷൻ റ്റു മമ്മീ?
ഓർമ്മയിൽ തടഞ്ഞൊരു പുകക്കൊളളിപോലെ അനിത പറഞ്ഞു.
-ഞ്ഞങ്ങളുടെ വീട്ടിൽ എന്നും സപ്പറിനു കഞ്ഞിയായിരുന്നു.
-തന്റെ വീട്ടിലപ്പോ എന്നും ദുഃഖവെളളിയാഴ്‌ചയായിരുന്നോ?
അതു കേട്ടപ്പോൾ അനിതക്കു ബെന്നിയോടു കടുത്ത ദേഷ്യം തോന്നി. ടി.വി. ഷോകളിൽ കാണുന്നതുപോലെ കഞ്ഞിപ്പാത്രം അപ്പാടെ അയാളുടെ മടിയിലേക്കു കമഴ്‌ത്തണമെന്നൊരാഗ്രഹം അവളുടെ മനസ്സിൽ വന്നു. പക്ഷെ തങ്കമ്മച്ചേടത്തി അങ്ങനെയൊന്നും ചിന്തിക്കുകകൂടി ചെയ്യില്ലെന്നോർത്തപ്പോൾ അനിത മൗനത്തിലേക്കു മടങ്ങി.
ചെങ്കല്ലിൽ കൊത്തിയ വഴിയും ഗേറ്റിനരികിലെ വാകമരവും അവളുടെ മനസ്സിൽ പൂത്തുനിറഞ്ഞു. വാകമരത്തിന്റെ പൂക്കളടർന്നുവീണു ചുവപ്പായി മാറുന്ന വഴിയിലൂടെ ഇനിയെന്നെങ്കിലും നടക്കുമോ എന്നൊരോർമ്മ അനിതയുടെ മനസ്സിൽ നീറി. വഴി ചെന്നുമ്മ വെയ്‌ക്കുന്നത് സിമന്റുകെട്ടിയ മുറ്റത്ത്. കളമശ്ശേരിയുടെ കഠിനമണ്ണിൽ വളർന്നു നിന്നിരുന്ന ക്രോട്ടണുകളും ബോൾസവും ഇപ്പോഴും അവിടെ ഉണ്ടാകുമോ എന്നവൾ ആകുലപ്പെട്ടു.
പക്ഷെ അനിതയുടെ ലിവിങ്ങ് റൂമിലെ ചിത്രപ്പണികളുളള ചട്ടിയിൽ ക്രോട്ടണുകൾ പുഷ്‌ടിയോടെ തലയാട്ടി നിന്നിരുന്നു. സമ്മറിൽ പുറത്തെ ഗാർഡനിൽ ബോൾസച്ചെടികൾ ചിരിച്ചുതുളളി. അതിൽനിന്നും എത്ര പൂവുവേണമെങ്കിലും അത്തപ്പൂവിടാൻ പറിക്കാമെന്ന് കുട്ടികൾക്കും അറിയാമായിരുന്നു. എന്നാലും ബെന്നിക്ക് ഒരു തൃക്കാക്കരയപ്പനെ ഉണ്ടാക്കാൻ അറിയില്ലല്ലോ എന്നവൾ പരിഭവിച്ചു.
അച്‌ഛനു പഥ്യം കഞ്ഞി. കാലത്തെ അരിപ്പലഹാരങ്ങൾ കഴിച്ചാൽ നെഞ്ചെരിയുമെന്ന പരാതി. വൈകിട്ടു കുറച്ചു കഞ്ഞികുടിച്ചു കിടന്നാൽ വയറിന് ഏറെസുഖം. അച്‌ഛന്റെ ശീലങ്ങൾ നീണ്ടുനീണ്ടു പോകുന്നു.
റേഷൻ ഗോതമ്പ് ഈ ആഴ്‌ച വാങ്ങ്യാ പൊടിപ്പിച്ചു ചപ്പാത്ത്യൊണ്ടാക്കാരുന്നു അത്താഴത്തിനെന്ന് അമ്മ അടക്കത്തോടെ കുട്ടികളുടെ ആശ പറയുന്നു.
-രാത്രീലെല്ലാത്തിനും ഗോതമ്പുരുട്ടി വിഴുങ്ങാഞ്ഞിറ്റാ കേട്! ഞാനെല്ലാത്തിനും എവിടുന്നു കാശുണ്ടാക്കാനാ? കഞ്ഞീം ചുട്ട പപ്പടോം- ആരോഗ്യത്തിന് ഏറ്റവും നല്ലത് അതു തന്നെ.
ഒരു നസ്രാണിപ്പയ്യന്റെ കൂടെ പ്ലെയിൻ കയറി അമേരിക്കയ്‌ക്കു കടക്കാനുളള കരുത്ത് എണ്ണമറ്റ കഞ്ഞികൾ അനിതയ്‌ക്ക് നൽകി. ബെന്നിയെ ജീവിതത്തിലേക്കു അനുവദിച്ചത് എന്തായിരുന്നുവെന്ന് അനിതക്കറിയില്ല. പഠിക്കുവാനുളള പുസ്‌തകങ്ങളല്ലാതൊന്നും വായിക്കുവാൻ അയാൾക്കിഷ്‌ടമുണ്ടായിരുന്നില്ല. അനിതയാണെങ്കിൽ കിട്ടിയതെന്തും കണ്ണുകൊണ്ടു കരണ്ടുതിന്നു. സാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവന്ന കടലാസുകളുടെ അപൂർണ്ണത മനസ്സുകൊണ്ടു വരക്കാൻ പാടുപെട്ടു. പത്രത്തിലെ മരണക്കുറിപ്പുകൾ വായിച്ചുകൊണ്ടിരുന്നപ്പോഴാണ് സാഹിത്യത്തിൽ ബിരുദമെടുത്ത ചേട്ടൻ ചീറിയത്.
-ഈ ചവറൊക്കെ വായിക്കാതെ നിനക്കു നല്ലതെന്തെങ്കിലും വായിച്ചുകൂടെ?
പരീക്ഷയുടെ പ്രഭാതത്തിലും പത്രത്തിലെ അവസാന പരസ്യവാചകംവരെ വായിച്ചെടുക്കാതെ അനിതയ്‌ക്കു പടികടക്കാനായില്ല.
ലതയാണൊരു പൈങ്കിളിക്കഥയിലെ വാചകമുദ്ധരിച്ചു പറഞ്ഞത്-കണ്ണുകൊണ്ടു കോരിക്കുടിക്കുകയല്ലേ!
പൊക്കം കൂടി വെളുത്തു തുടുത്ത ബെന്നിയെന്തിനാണ് ഉണങ്ങിയ മാവിലപോലിരിക്കുന്ന തന്നെ കണ്ണുകൊണ്ടുഴിയുന്നതെന്ന് അനിത പലതവണ അത്ഭുതപ്പെട്ടുഃ
-എനിക്കെന്റെ ജീവിതമൊരു വിസയിൽ പൂട്ടിയിടാൻ വയ്യല്ലൊ ബെന്നി.
-അവിടെ കൊതുകും ഉറുമ്പുമൊന്നും ഇല്ല കുട്ടീ.
കൊതുകു കടിച്ചു തിണർത്ത ചുവപ്പിൽ തടവി അനിത പിൻവാതിൽ തുറന്നു.
-ഈ പന്തലിച്ച കശുമാവുകൾ വിട്ടു പോകുവാൻ വയ്യല്ലോ എനിക്ക്.
-കശുമാവിന്റെ തൊലിയിൽ ഒളിച്ചിരിക്കുന്ന ചൊറിയൻ പുഴുക്കളെ മറന്നോ നീ?
അറപ്പും വെറുപ്പും ഭയവും ഒന്നിച്ചു വിടർത്തുന്ന പുഴുക്കൾ മേലാകെ ഇഴയുന്നതിന്റെ അമ്പരപ്പു മറച്ചു അനിത വിരൽചൂണ്ടി.
-ഈ മുളവേലി കണ്ടു വാതിലടക്കാതെ എനിക്കുറങ്ങാൻ വയ്യല്ലോ!
-മുളമുളളുകൊണ്ടു നീ കരഞ്ഞതെത്രയാണെന്റെ കുട്ടീ.
-ഈ സിമന്റു പടിയിൽ എന്റെ ഉണ്ണികൾ ഉരുളൻ കല്ലുകൊത്തുന്നതു കാണണമെനിക്ക്.
-ഉരുളൻ കല്ലുകൾ മുറിച്ച പാടുകളെത്രയുണ്ട് അനിതേ നിന്റെ മുട്ടിൽ?
-ഈ മുറിവും പാടുകളും ചൊറിച്ചിലും വേദനയുമെല്ലാം എന്റെ ആത്മാവിന്റെ മുറിച്ചു കളയാനാവാത്ത ഭാഗങ്ങളല്ലെ?
-അപ്പോൾ ഞാനോ കുട്ടീ?
നിങ്ങളെന്റെ ആത്മാവിന്റെ അംശമേയല്ലെന്ന് അവൾക്കു നുണപറയാമായിരുന്നു.
കശുമാവിൽ പൊത്തിപ്പിടിച്ചു കയറിയപ്പോൾ മേലാകെ പൊതിഞ്ഞ ചൊറിയൻ പുഴുക്കളായി ബാല്യം അവളിൽ നിറഞ്ഞു. അച്‌ഛന്റെ കനത്ത കൈ തിണർത്ത ചിത്രങ്ങൾ വരച്ച കവിളിലൂടെ അമ്മയുടെ കണ്ണീരൊഴുകുന്ന സന്ധ്യകളെ മറക്കാൻ അവൾ ശ്രദ്ധിച്ചു. നേരെ കണ്ടാൽ കാറിത്തുപ്പാൻ തയ്യാറായി അച്‌ഛനിരിക്കുന്ന ഉമ്മറത്തേക്ക് ഒരിക്കൽകൂടി ക്രൂശിക്കപ്പെടാൻ വേണ്ടി പോകാൻ താനെന്തിനാണു വെമ്പുന്നതെന്ന് അനിത അത്ഭുതപ്പെട്ടു.
ഊണു കഴിഞ്ഞു ഉറങ്ങാൻ കിടന്ന കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുകയായിരുന്നു ബെന്നി.
-ന്യൂ ഈയറിന് ബിഗ് ആപ്പിളിൽ കൂടുന്നതിന്റെ പത്തിരട്ടി ആളുണ്ടാവും ശിവരാത്രിക്ക് ആലുവാ മണപ്പുറത്ത്. നിൽക്കാനും നടക്കാനുമൊന്നും സ്ഥലമുണ്ടാവില്ല. പക്ഷെ ഒരാഴ്‌ച കഴിഞ്ഞാലാണ് മണപ്പുറത്ത് പോകാൻ രസം. വലിയ തിരക്കൊക്കെ ഒഴിഞ്ഞ് നൂറുതരം സ്‌റ്റോറുകൾ നിറഞ്ഞ മണപ്പുറത്തു നടക്കാൻ എന്തുരസമാണെന്നോ! പക്ഷേ കുപ്പിവളയും പൊട്ടും വാങ്ങി കറങ്ങി നടക്കാൻ മമ്മിയെ മുത്തച്‌ഛൻ വിടില്ലാട്ടോ. അതൊക്കെ ഈ പാവം അപ്പച്ചന്റെ പണിയായിരുന്നു.
പെരിയാറിന്റെ തീരത്തെ ശിവരാത്രികളെപ്പറ്റിയോർത്തപ്പോൾ അനിതയ്‌ക്കു കരച്ചിൽ വന്നു. മതി കഥ പറച്ചില്ലെന്ന് അനിത ബെന്നിയുടെ കാലിൽ തൊഴിച്ചു. കണ്ടിട്ടില്ലാത്ത അപ്പൂപ്പനും വല്യമ്മച്ചിക്കും കുട്ടികൾ കൊമ്പും ചിറകും വരക്കുന്നത് അനിതയ്‌ക്ക് അവരുടെ മുഖത്തു കാണാമായിരുന്നു.
ചാട്ടവാറടികളും ചമ്മട്ടിയും പുളിച്ച കാടിയും കുറ്റാരോപണങ്ങളുടെ മുൾക്കിരീടവും ചൂടി അമ്മയുടെ ചുളിഞ്ഞമുഖം കശുമാവിൻ കൊമ്പിൽ തൂങ്ങിയാടി. കശുമാങ്ങക്കറയുടെ ഗന്ധം നിറഞ്ഞ ഓർമ്മകളിൽ മുങ്ങി അനിത ശ്വാസത്തിനു പിടഞ്ഞു. പിന്നെ, മൂന്നാംനാൾ മനുഷ്യപുത്രൻ സ്വർഗ്ഗാരോഹണം ചെയ്യുമല്ലോ എന്ന സമാധാനത്തിൽ അവൾ ഉറക്കത്തിലേക്ക് ആണ്ടിറങ്ങാൻ ശ്രമിച്ചു.
Generated from archived content: story2_mar23.html Author: nirmala