ഒബാമയും കുടുംബവും ഫിലാഡൽഫിയയിൽ നിന്നും വാഷിങ്ങ്‌ടണിലേക്കു ട്രെയിനിൽ പോകുന്നതു ലോകം മുഴുവനും കണ്ടിരുന്ന സമയമാണത്. എബ്രഹാം ലിങ്കൺ പണ്ടു പോയ വഴിയേ തന്നെ, അമേരിക്കൻ ജനത നിറം മറന്നൊന്നിക്കുന്നൊരു കാലം വരുമെന്ന മാർട്ടിൽ ലൂതർകിംങ്ങിന്റെ സ്വപ്‌നാഘോഷവുമായി ട്രെയിൻ നിറയെ ആളുകളുണ്ടായിരുന്നു.
ഇരുണ്ട നീല നിറത്തിൽ പ്രതീക്ഷയുടെ നക്ഷത്രങ്ങൾ മിന്നുന്ന പതാകകൾ തലകുനിച്ചു നിൽക്കുന്നതിനിടയിൽ നിന്നാണ് ബറാക്ക് ഒബാമ ഷിക്കാഗോയിൽ വെച്ചു സംസാരിച്ചത്. അയാളുടെ തോളിനിരുവശവും വെളുപ്പും ചുവപ്പും വരകൾ സമാന്തരമായി ചരിഞ്ഞാടി.
കിഷോറിന്റെയും അമലയുടേയും കൂടെയിരുന്നു ടെലിവിഷൻ കാണുന്ന ഗ്രേസിന്റെ മനസ്സിലൂടെയും പ്രതീക്ഷയുടെ ഒരു തീവണ്ടി ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. അന്ന് മിസിസ്സ് മിഷേൽ ഒബാമയുടെ പിറന്നാളായിരുന്നതുകൊണ്ട് ട്രെയിനിലുള്ളവർ ഹാപ്പി ബെർത്ത് ഡേ പാടാൻ തുടങ്ങി.
മിഷേലിനെ ജാക്വലിൻ കെന്നഡിയോടാണ് ഉപമിച്ചിരിക്കുന്നത്, ഫാഷന്റെ കാര്യത്തിൽ. ചൊവ്വാഴ്‌ചത്തെ അവരുടെ ഔട്ട്‌ഫിറ്റ് കാണേണ്ടതായിരിക്കും.
അമല പറഞ്ഞതു കേട്ട് ഗ്രേസിന് അത്ഭുതം തോന്നി, ഫാഷനിലും വസ്‌ത്രത്തിലുമൊന്നും തീരെ ശ്രദ്ധിക്കാത്ത മമ്മിക്ക് ഈ അറിവ് എവിടെ നിന്നും കിട്ടിയെന്നായിരുന്നു അവളുടെ അത്ഭുതം.
അമലയുടെ പാറിക്കിടക്കുന്ന മുടി. പച്ചയോ ചുവപ്പോ നിറങ്ങളിലുള്ള പാന്റ്, അങ്ങനെ പലതുമുണ്ട് ഗ്രേസിനെ കൂട്ടുകാരുടെ ഇടയിൽ അപമാനിക്കുന്നതായിട്ട്. അമേരിക്കകാർ ഇരുണ്ട് കുറിപ്പിനോടു ചേർന്ന നിറത്തിലുള്ള പാന്റുകളാണു പൊതുവെ ധരിക്കാറുള്ളത്. അതുകൊണ്ട് ആദായ വില്‌പനയിൽ കിട്ടുന്ന കണ്ണിനെ കുടുക്കുന്ന നിറങ്ങളിലുള്ള പാന്റിൽ അമല അലങ്കരിച്ച ക്രിസ്‌തുമസ് ട്രീപോലെയൊരു കുടിയേറ്റക്കാരിയാവുമ്പോൾ ഗ്രേസിനു കലിയിളകും. പക്ഷെ അവളെന്തു പറഞ്ഞാലും അവളുടെ മമ്മിയതു പുച്ഛക്കാറ്റിൽ പറത്തിക്കളയും.
പിന്നേയ് പാന്റിന്റെ നിറത്തിലൊന്നുമില്ല, നമ്മുടെ അറിവിലും പെരുമാറ്റത്തിലുമാണു കാര്യം. നിനക്കറിയാമോ, ഇവിടുത്തെ ഡോക്‌ടറുമാരിൽ നല്ലൊരു ഭാഗം ഇന്ത്യക്കാരാ. അമേരിക്കേലെ മലയാളികളുടെ എടേല് ക്രൈം റേറ്റ് ഒരു ശതമാനത്തിൽ താഴെയാണ്.
എന്റെ മോളു ഡോക്‌ടറായില്ലല്ലൊ എന്ന വിഷമം ആ ശബ്‌ദത്തിൽ തിരുകിയിട്ടുണ്ടെന്നു ഗ്രേസിനു തോന്നും. ഏതെങ്കിലും മലയാളി ഫങ്ങ്‌ഷനുപോകാനൊരുങ്ങുമ്പോൾ ഗ്രേസിന്റെ വസ്‌ത്രങ്ങൾ നോക്കി അമല കോപിക്കും.
ഈ കൊറത്തിവേഷം മാറ്റി നിനക്ക് ഭംഗിയുള്ളതെന്തെങ്കിലും ഇട്ടു കൂടെ? പറഞ്ഞതു മുഴുവനായും മനസ്സിലാവാഞ്ഞിട്ടും കൗമാരത്തള്ളിച്ചയിൽ ഒരിക്കൽ അവൾ പ്രതികരിച്ചു.
ഉടുപ്പിലല്ല പഠിപ്പിലാണു കാര്യം എന്നു മമ്മിയല്ലെ പറയുന്നത്
അങ്ങനെ തന്നെ മറുതല പറയണം നീയെന്നോട്. നിനക്കറിയാമോ, വിശന്നു പൊരിഞ്ഞു നിന്നു ഞാൻ ഓവർടൈം ചെയ്‌തിട്ടുണ്ട്. വീടും കാറും നിങ്ങൾക്കു പഠിക്കാനുള്ള സൗകര്യവും ഉണ്ടാക്കാനായിട്ട്. ഒരു ഡോളറിനൊരു ഫ്രഞ്ചുഫ്രൈ വാങ്ങി തിന്നാതെ പൈസ മുറുക്കി പിടിച്ചൊണ്ടാക്കിയതാ ഇതൊക്കെ.
പിക്കാസോയുടെ ക്യൂബിസ്‌റ്റിക് പെയിന്റിംഗ് കാണുന്ന കുട്ടിയെപ്പോലെ മറുപടി പറയാതെ ഗ്രേസതു മുഴുവൻ കേട്ടു നിന്നു. ഗ്രേസിന്റെ ഒരു വാചകത്തെ ഒരായിരം ചരിത്ര സംഭവങ്ങൾ നിരത്തി അമലയും കിഷോറും എന്നും തോൽപ്പിക്കും. അതുകൊണ്ട് മറുപടികൾ പലതും ഗ്രേസു പൊതിഞ്ഞ് ഒളിപ്പിച്ചിരിക്കുകയാണ്. കുറച്ചു കാലമായി തട്ടിവീഴാതൊന്നു പുറത്തേക്കോടാനുള്ള വഴി തപ്പി നടക്കുകയാണവൾ.
എല്ലാ റെയിൽവേസ്‌റ്റേഷനുകളിലും ഒബാമയുടെ ട്രെയിൻ കാത്ത് ആളുകൾ തടിച്ചു കൂടിയിരുന്നു. ട്രെയിൻ നിർത്താതെ കടന്നു പോയിട്ടും അവരൊക്കെ കൈവീശി ആവേശത്തോടെ കൂവിയാർത്തു. നിരനിരയായി കാത്തു നിൽക്കുന്ന തണുപ്പുകാല കോട്ടുകൾക്കും തൊപ്പികൾക്കും ആഫ്രിക്കൻ താളത്തിലുള്ള ചുവടുവെയ്‌പ്പാണെന്ന് ഗ്രേസിനു തോന്നി.
ഗ്രേസിന്റെ സെൽഫോൺ കുണുക്കത്തോടെ ഒന്നു ശബ്‌ദിച്ചടങ്ങി. ടെക്‌സ്‌റ്റ് മെസേജുവന്നിട്ടുണ്ടെന്നുള്ളഅറിയിപ്പാണ്.
സോ?
എന്നൊരു ചോദ്യമായിരുന്നു അത്. അവളെ ഭയപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന വെറും രണ്ടക്ഷരങ്ങൾ.
സോ, എന്നിട്ട്?
നൈജലിന്റെ ചോദ്യമാണത്.
“എന്നിട്ട്?”
നൈജൽ ചോദിക്കുന്നു – എന്നിട്ടെന്തായി? എന്നിട്ടെന്താക്കി? എവിടെയെത്തി? അവളാചോദ്യത്തെ ചപ്പാത്തിമാവു പോലെ കുഴക്കുകയും പരത്തുകയും കനലിലിട്ടു പൊള്ളിക്കുകയും ചെയ്‌തുനോക്കി.
ഗ്രേസ് നൈജിലിനോടു നേരത്തെ പറഞ്ഞിരുന്നു.
എന്റെ വീട്ടിൽ കയറ്റുകയില്ലെന്നല്ല പോലീസിനെക്കൊണ്ടു നിന്നെ പിടിപ്പിക്കാനും സാദ്ധ്യതയുണ്ട്. മകളെ തട്ടിക്കൊണ്ടുപോയതിന്!
അവനപ്പോൾ ഉറക്കെ ചിരിച്ചു. ഇതു രണ്ടായിരത്തി എട്ടാണ്. വടക്കെ അമേരിക്കയാണ്, നിന്റെ അച്ഛനുമമ്മയും പഠിപ്പുള്ളവരല്ലെ? അവർ പഴക്കമുള്ള സംസ്‌ക്കാരം വിട്ടിട്ട് ഇങ്ങോട്ടു വരാനുള്ള ചങ്കൂറ്റം കാണിച്ചെങ്കിൽ…..
നൈജിലിനു മനസ്സിലാക്കാൻ കഴിയാത്ത പല കാര്യങ്ങളുമുണ്ട് ഗ്രേസിന്റെ വീട്ടിൽ. ജോർജു ബുഷിനെവരെ ഭരണത്തിൽ നിന്നും കൂവിയിറക്കാമെന്നു വിശ്വസിക്കുന്നയാളാണ് അവളുടെ ഡാഡി.
ഞങ്ങളൊക്കെ കോളേജി പഠിക്കുമ്പോ ഇങ്ങനത്തോനെയൊക്കെ കൂവി എറക്കുമാരുന്നു.
കിഷോറിന്റ കോളേജു ജീവിതത്തിലെ ഏറ്റവും പ്രഭയുള്ള നിമിഷങ്ങൾ കൂവൽ നിറഞ്ഞതായിരുന്നു. കോളേജു വാർഷികത്തിനു വന്ന പ്രധാനാതിഥിയെ കൂവിമടക്കിയ കഥ അയാൾ ഇടക്കൊക്കെ അഭിമാനത്തോടെ പറയും. ക്ലാസു ബോറാക്കുന്ന അദ്ധ്യാപകരെ, ബുഷിനെപ്പോലും കൂവി അപമാനിക്കാം എന്നാണു കിഷോറിന്റെ വിശ്വാസം.
ഷൂസുകൊണ്ടൊന്നും എറിയേണ്ട, കൂവിയാമതി.
ബറാക്ക് ഒബാമയുടെ ചലനങ്ങളൊക്കെ ഒരു വെള്ളക്കാരന്റേതുപോലെയും മിഷേൽ ഒബാമയുടേത് കറുത്തവരുടേതു പൊലെയുമാണെന്ന് ഗ്രേസിനു തോന്നി. മിഷേൽ കൈകൊട്ടുന്നത് പ്രാർത്ഥിക്കുവാൻ തൊഴുതു പിടിക്കുന്നതുപോലെ കൈ അൽപമൊന്നു ഉയർത്തിയിട്ടാണ്. മിഷേലിന്റെ നൃത്തവും കറുത്തവർ ചുവടുവെക്കുന്നതു പോലെയാണെന്നു ഗ്രേസ് നോക്കി മനസ്സിലാക്കി. പത്തു വയസുമുതൽ ബറാക്കു വളർന്നത് വെളുത്തപ്പൂപ്പനും വെളുത്തമ്മുമ്മക്കും ഒപ്പമായതുകൊണ്ടാവും അതെന്ന് അവൾ കരുതി.
ബറാക്ക് ഒബാമയുടെ അമ്മ ഗ്രേസിന്റെ മനസ്സിലെ കത്തുന്ന കൽക്കരിയാണ്. ആയിരത്തി തൊള്ളായിരത്തി അൻപതുകളിൽ കറുത്തവരും വെളുത്തവരും തമ്മിലുള്ള പ്രണയവും വിവാഹവും ശിക്ഷിക്കപ്പെടുന്ന കുറ്റമായിരുന്നു. എന്നിട്ടും ആൻ ഡൺഹാം എന്ന കാൻസസ് സുന്ദരി അച്ഛനൊബാമയെ പ്രണയിച്ചില്ലെ? ഹവയാൻ യൂണിവേഴ്‌സിറ്റിയിലെ നീളം കുറഞ്ഞുപോയ ആ പ്രണയവും കല്യാണവും അവളെ പൊള്ളിക്കുന്നുണ്ട്. ഡൺഹാം
കുടുംബത്തിന്റെ മാന്യത പിഴുതെറിഞ്ഞ ദരിദ്രനായ കെനിയക്കാരന്റെ വിത്ത് വലിയൊരു തെറ്റാണന്നല്ലെ അന്ന് എല്ലാവരും ധരിച്ചത്.
പുതിയ വീടുവാങ്ങുമ്പോൾ കറുപ്പന്മാരധികമുള്ള സ്‌ഥലത്താവാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്ന അമലയും കിഷോറുംവരെ ഇപ്പോൾ കറുത്തൊരാളെ വൈറ്റ്‌ഹൗസ് സ്വികരിക്കുന്നതിൽ ആഹ്ലാദിക്കുന്നു.
ഇതാണവസരം, ഇതു തന്നെ അവസരം.
ഗ്രേസിന്റെ ഉള്ളിലെ തീവണ്ടി കൂവിയാർത്തുകൊണ്ടിരുന്നു. മമ്മിയുടേയും ഡാഡിയുടേയും മുഴുവൻ ശ്രദ്ധയും ടി.വി.യിലാണെന്നു മനസ്സിലായിട്ടും വലിയൊരു കാര്യം പറയാനുള്ള തയ്യാറെടുപ്പിൽ ഗ്രേസ് തൊണ്ടയനക്കി നോക്കി. പക്ഷെ വാക്കുകളൊക്കെ അവിടെ നിറംകെട്ടു കുടുങ്ങിക്കിടന്നു.
ടി.വി.യിലിപ്പോൾ നാഷണൽ ഹാളായിരുന്നു കാണിച്ചിരുന്നത്. വസന്തം ഉറങ്ങുന്ന മരത്തിന്റെ അസ്‌ഥിപഞ്ഞ്‌ജരങ്ങളെ കാറ്റുലച്ചുകൊണ്ടിരുന്നു. മൂന്നുമാസം കഴിഞ്ഞോട്ടെ എന്നു മുറുമുറുത്തുകൊണ്ട് മരങ്ങൾ അഹങ്കാരത്തോടെ ശീതക്കാറ്റിനെ ചെറുത്തുനിന്നു. ചൊവ്വാഴ്‌ച ഒബാമയുടെ സത്യപ്രതിജ്ഞ കാണാൻ വരുന്ന ലക്ഷക്കണക്കിനാളുകൾക്കായി നിരത്തിവെച്ചിരുന്ന നീല നിറത്തിലുള്ള അയ്യായിരം മൂത്രപ്പുരകളുടെ നിര നോക്കി അമലയും കിഷോറും ചിരിച്ചു.
നമ്മുടെ നാട്ടിലാണെങ്കിൽ ഇതിന്റെയൊന്നും ആവശ്യം വരില്ല.
ഉത്‌ഘാടന പ്രസംഗം കേൾക്കാനും ഒബാമ കുടുംബത്തെ ദൂരെ നിന്നെങ്കിലും കാണാനുമായി അഞ്ചുലക്ഷമാളുകൾ നാഷണൽ മാളിൽ കടലിരമ്പും പോലെ കവിഞ്ഞൊഴുകി. നിരത്തിലും മരച്ചുവടുകളിലും ആൾത്തിരയിളക്കം. ജനുവരിയുടെ കത്തുന്ന തണുപ്പ് അവരെ മുറിവേൽപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. കാലിഫോർണിയ ടെക്‌സസ് ദൂരെ ചുടുള്ള സ്‌റ്റേറ്റുകളിൽ നിന്നുംവരെ വന്നവർ പോലും തണുപ്പിനെ പഴിച്ചില്ല.
നമ്മുടെ സ്വാതന്ത്ര്യ സമരം പോലെ. ഗാന്ധിയെ കാണാൻ എത്രായിരം പേരു വന്നു. എത്രയോ പേര് ആഭരണങ്ങളൊക്കെ കൊടുത്തു.
കിഷോറും അമലയും ദക്ഷിണാഫ്രിക്കയിൽ ഗാന്ധി ചെയ്‌ത സമരത്തെപ്പറ്റി പിന്നേയും പറഞ്ഞു. ഗ്രേസിന് ആറാം ക്ലാസിലെ പ്രൊജക്‌ടു ചെയ്‌തത് ഓർമ്മ വന്നു. യു.റ്റു. എന്ന മ്യൂസിക് ഗ്രൂപ്പിനെക്കുറിച്ചെഴുതാനായിരുന്നു അവൾക്കിഷ്‌ടം. പക്ഷേ അവളുടെ ഡാഡി പറഞ്ഞു ഗാന്ധി ട്രെയിനിലെ ഉച്ചനീചത്തം ഇല്ലാതാക്കാൻ വേണ്ടി ദക്ഷിണാഫ്രിക്കയിൽ ചെയ്‌ത സമരത്തെപ്പറ്റി എഴുതിയാൽ മതിയെന്ന്.
ഇവിടത്തെ ടീച്ചർമാർക്കൊന്നും ഒരു വിവരോമില്ല അവരറിയട്ടെ, നമ്മുടെ ഗാന്ധി, ഇന്ത്യേ മാത്രമല്ല, ദക്ഷിണാഫ്രിക്കേലും സായിപ്പിനെ മുട്ടു മടക്കിച്ചിട്ടുണ്ടെന്ന്.
ലിങ്കൺ മെമ്മോറിയലിനു മുന്നിൽ ജേർണലിസ്‌റ്റുകൾ വേട്ടക്കാരെപ്പോലെ നടന്നുകൊണ്ടിരുന്നു. ഇലയൊന്നുപോലുമില്ലാത്ത മരക്കൊമ്പുകൾക്കു താഴെ ചുവടുവെക്കുന്ന സ്വപ്‌നങ്ങൾക്കും പ്രതിക്ഷകൾക്കും ഇടയിൽ നിന്നും മറ്റാർക്കും കിട്ടാത്തൊരു സ്‌ക്കൂപ്പ്, ഒരു ഷോട്ട് എങ്ങനെ തരപ്പെടുത്താമെന്നു നോക്കിക്കൊണ്ട്. സി.എൻ.എന്നിന്റെ റിപ്പോർട്ടർ കാഴ്‌ചക്കാരെ ഇടക്കൊക്കെ ഇന്റർവ്യു ചെയ്‌തു. അവരുടെ ക്യാമറയിൽ പെടുന്നതെല്ലാം കറുത്തവരാണെന്ന് ഗ്രേസു തിരിച്ചറിഞ്ഞു. സ്വർണത്തലമുടിയുള്ള വെള്ളക്കാരെ പിന്നിൽ കാണാം ബ്ലോണ്ടുകൾ നിഷ്‌പ്രഭമാകുന്ന ഒരു ടി.വി. മുഹൂർത്തമാണെന്ന തിരിച്ചറിവ് ഗ്രേസിനെ അത്ഭുതപ്പെടുത്തി, അവൾ അത് ടെക്‌സ്‌റ്റ് മെസേജായി നൈജലിനയച്ചു.
വെള്ളക്കാരൻ പിന്തള്ളപ്പെടുന്ന ചരിത്ര സംഭവം.
കറുത്ത പ്രസിഡന്റ് കറുത്ത പ്രസിഡന്റ് എന്ന് മാധ്യമങ്ങൾ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്.
അയാൾ കറുപ്പൊന്നുമല്ല. കൂടുതലും വെളുത്തതല്ലെ?
അമല കിഷോറിനോടു ചോദിച്ചു.
ഒബാമയുടെ ഗ്രാന്മദറിനാണു ശരിക്കും ക്രെഡിറ്റു കൊടുക്കേണ്ടത്!
പെട്ടെന്ന് ഗ്രേസു പറഞ്ഞു. പക്ഷെ അതിനു കിഷോറോ അമലയോ മറുപടി പറഞ്ഞില്ല. അപമാനത്തിന്റെ കരിവിത്തിനെ തുത്തെറിയാതെ വളർത്തിയ അവരുടെ ചങ്കൂറ്റത്തെ ഗ്രേസ് മനസ്സുകൊണ്ടളക്കാൻ ശ്രമിച്ചു.
മമ്മിയോ ഡാഡിയോ കൂടുതലെന്തെങ്കിലും ചോദിച്ചിരുന്നെങ്കിൽ നൈജലിന്റെ കാര്യം പറയാമായിരുന്നു എന്ന് ഗ്രേസ് ഓർത്തു. പക്ഷേ അവരുടെ ശ്രദ്ധ ടി.വിയുടെ ചതുരത്തിൽ കുടുങ്ങിപ്പോയിരുന്നു.
ഡെൻസൽ വാഷിംഗ്‌ടൺ സ്‌റ്റേജിൽ വന്നപ്പോൾ ഗ്രേസ് കണ്ണെടുക്കാതെ അവനെ നോക്കിയിരുന്നു അവൾ നൈജലിനെപ്പറ്റി ആദ്യമായി നടത്തിയ കമന്റ് ഓർത്തുകൊണ്ട്.
ബയോളജി ക്ലാസിലെ ആകെ രസം ആ സെക്കൻഡ് റോയിലെ ഡെൻസൽ വാഷിംഗ്‌ടണിനെ കണ്ടുകൊണ്ടിരിക്കുന്നതാ.
യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ വർഷം ഗ്രേസതു പറഞ്ഞപ്പോൾ അവളുടെ കൂട്ടുകാരികൾ ഐലിനും, ജെന്നിഫറും കിലുകിലെ ചിരിച്ചു. പിന്നെ അവർ തന്നെയതു നൈജലിനോടു പറയുകയും ചെയ്‌തു.
ഐ ആം ഓൺ സ്‌റ്റേജ്
അവളുടെ സെൽ ഫോൺ വീണ്ടും കുണുങ്ങി. ഗ്രേസ് അടക്കിച്ചിരിച്ചു.
നീയിതാർക്കാ മെസേജയക്കുന്നത്?
ചായ ഉണ്ടാക്കാനെഴുന്നേറ്റ അമല ചോദിച്ചു. വടക്കൻ കാറ്റുപോലെ വീടു തൂത്തെറിഞ്ഞുമരവിപ്പിക്കാവുന്ന മറുപടിയെ തടഞ്ഞ് അവൾ പറഞ്ഞു.
എന്റെ ഫ്രണ്ടിന്
അതിൽ കൂടുതലൊന്നും അവൾക്കു പറയാൻ കഴിഞ്ഞില്ല, വഴിവാണിഭക്കാരേയും ടെലിവിഷൻ ക്യാമറ പിടിച്ചെടുക്കുന്നുണ്ട്. ഷർട്ടുകൾ, തൊപ്പികൾ, ചിത്രങ്ങൾ …… ബെൻ ഷെർമൻ കോണ്ടോം ടി.വിയിൽ കാണിച്ചു. ചെയ്‌ഞ്ച് ഈസ് കമിംഗ്, ഹോപ്പ് ഈസ് നോട്ട് പ്രൊട്ടക്ഷൻ എന്നൊക്കെയെഴുതിയ ഒബാമ ഉദ്ധരണികളുള്ള നിരോധന ഉറകൾ വിറ്റുപോകുന്നുന്ന. ഇതിനിടക്ക് ഒരു കല്യാണക്കാര്യത്തിനും മാർക്കറ്റുണ്ടാവുമോ എന്നായിരുന്നു ഗ്രേസിനും നൈജലിനും അറിയേണ്ടിയിരുന്നത്.
വി ആർ വൺ
വീണ്ടും നൈജിലിന്റെ മെസേജു വന്നു നാഷണൽ മാളിലെപൊതു സന്ദേശമാണത്. ഗ്രേസിന്റെ മനസ്സ് കൽക്കരി കനൽ പോലെ പ്രകാശിച്ചു.
ബറാക്ക് ഒബാമയെ നോക്കി അമല പറഞ്ഞു.
അവന്റെ ആ ഇത്തിരി ചരിഞ്ഞ നിൽപ്പിനു തന്നെ ഒരു ചന്തമുണ്ട്.
ഫെയർ ആൻഡ് ലൗലി പുരട്ടാത്തതിനു ഗ്രേസിനെ വഴക്കു പറയാനുള്ള മമ്മിക്ക് ഇത്രയും സ്‌നേഹവും വാത്‌സല്യവും ടി.വി. സ്‌ക്രീനിനു പുറത്തും അടിമച്ചോരക്കാരനോട് ഉണ്ടാവുമോ എന്ന് ഗ്രേസിനറിയണം.
കറപ്പരുമായിട്ടുള്ള കൂട്ടുകെട്ടൊന്നും വേണ്ടാ!
എന്നൊരു ആജ്ഞ ഗ്രേസിനു കിട്ടിയതുപോലെ ഒബാമയുടെ അമ്മ ആനിന് അവരുടെ അച്്ഛനുമമ്മയും കൊടുത്തിട്ടുണ്ടായിരുന്നിരിക്കുമൊ? ഗ്രേസ് പലതരം ചോദ്യങ്ങളെ ട്രെയിൻ ട്രാക്കിലൂടെ ഓടിച്ചു നോക്കി.
ഒരു കറപ്പനെ കെട്ടിയിട്ടും ആനിന്റെ അമ്മയും അച്‌ഛനും അവളെ ഉപേക്ഷിച്ചില്ലല്ലൊ, വെളുത്തമ്മൂമ്മയും വെളുത്തപ്പൂപ്പനും ചെറുമകനെ സ്വന്തമായി വളർത്തിയില്ലെ? ഇല്ലെങ്കിൽ ആ പത്തു വയസുകാരൻ എവിടെ എത്തുമായിരുന്നു.?
എല്ലാ ആഴ്‌ചയും പള്ളിയിൽ പോകുന്ന വിശ്വാസിയാണു നൈജൽ. പുകവലിയില്ല, പഠിപ്പു തികഞ്ഞ ദന്തഡോക്‌ടറുമാണ്. എന്നിട്ടു നൈജലെന്ന കരിങ്കറപ്പൻ മമ്മിയോടും ഡാഡിയോടും ചെയ്യാവുന്ന ഏറ്റവും വലിയ നന്ദികേടായി ഗ്രേസിന്റെ ധൈര്യത്തെ പാളം തെറ്റിച്ചുകൊണ്ടിരുന്നു.
സോ?
നൈജലിന്റെ ആ ചോദ്യത്തിനു അമലയുടേയും കിഷോറിന്റേയും ത്യാഗക്കെട്ടുകളുടെ ഭാരത്തിൽ തളർന്ന ഗ്രേസ് വിറയലോടെ മറുപടി അയച്ചു.
ഈ വീട്ടിൽ നിന്നും ഒരു ഒബാമ ഉണ്ടാവില്ല
അപ്പോൾ ഫിലാഡെൽഫിയയിൽ നിന്നും വാഷിംഗ്‌ടണിലേക്ക് സ്വപ്‌നം ചുമന്നെത്തിയ തീവണ്ടി കൂക്കുവിളിക്കാതെ ആളൊഴിഞ്ഞു കിടക്കുകയായിരുന്നു.
Generated from archived content: story2_july6_09.html Author: nirmala