വിതുമ്പുന്ന വൃക്ഷം

പുതിയൊരു വീടു വാങ്ങുന്നുവെന്നറിഞ്ഞപ്പോൾ പലരും പല അഭിപ്രായമാണു പറഞ്ഞത്‌.

-മേടിക്കുമ്പോ വലിയ വീടു മേടിക്കണം.

-പഴയവീടു വാങ്ങുന്നതിനേക്കാൾ നല്ലത്‌ പുതിയത്‌ പണിയിക്കുന്നതാണ്‌. ചിലവു കൂടുതലായാലും റീ-സെയിൽ വാല്യു കൂടും.

-ആദ്യം ചെറിയ വീട്‌. കുറച്ചു നാളു കഴിയുമ്പം വലിയ വീട്‌. പിളേളരു പലവഴിക്കു പോയിക്കഴിഞ്ഞാൽ പിന്നേം ചെറിയതൊന്നു മതിയെന്നു തോന്നും. എന്തിനാ ഇങ്ങിനെ മാറിക്കൊണ്ടിരിക്കുന്നത്‌? ഒരു വീടു വാങ്ങിച്ചിട്ട്‌ ചാകുന്നതുവരെ അതിനകത്തങ്ങു താമസിച്ചാപ്പോരെ?

ആഷക്ക്‌ തീരെ രുചിക്കാത്ത നിലപാടാണത്‌.

-ചെറുപ്പത്തിൽ കിടക്കുന്നത്‌ തൊട്ടിലിൽ. പിന്നെ ചെറിയ കട്ടിലിൽ, പിന്നെ ഡബിൾ കോട്ട്‌. ഒടുക്കം ശവപ്പെട്ടിയിലും. എന്നു കരുതി നേരത്തേ ഒരു ശവപ്പെട്ടി വാങ്ങി അതിൽ കയറി കിടക്കണമെന്നില്ലല്ലോ!

അതാണ്‌ ആഷയുടെ യുക്തി.

-അമേരിക്കയിൽ വീടൊരു ഇൻവെസ്‌റ്റുമെന്റാണു പ്രകാശേ.

അഭിപ്രായങ്ങളിൽ മുഴച്ചു നിന്നതതാണ്‌. കുറഞ്ഞ വിലക്കു വാങ്ങുക്കുക. ചെളിപറ്റാതെ ചീത്തയാകാതെ മൂല്യം കാക്കുക. പറ്റുന്നത്ര ലാഭത്തിൽ വിൽക്കുക. അതാണത്രേ അമേരിക്കയിൽ വീടിന്റെ ഉപയോഗം. ഓരോ കോണിലും ഓർമ്മകളുടെ ആഹ്ലാദത്തെ കാക്കുക, ഉളളിലൊതുക്കി സ്നേഹത്തോടെ ആശ്വസിപ്പിക്കുക ഇതൊന്നും വീടിന്റെ ധർമ്മമായി ആരുമൊട്ടു പറഞ്ഞതുമില്ല.

-കേറി വരുന്നിടത്ത്‌ നല്ല വിസ്‌താരം വേണം. ഗസ്‌റ്റ്‌ വരുമ്പൊ ഞെരുക്കമുണ്ടാവരുത്‌. ആഷക്കും വീടിനെക്കുറിച്ച്‌ വ്യക്തമായ ധാരണകളുണ്ട്‌. ആഹ്ലാദത്തിമിർപ്പുണ്ട്‌. ജനലിന്റെ ഭംഗി എടുത്തു കാണിക്കുന്ന കർട്ടൻ വേണം, ആർട്ടു നീഷെന്നോമനപ്പേരുളള ഷോകെയിസിൽ ആർട്ടിഫിഷലാണന്നു തോന്നാത്ത സിൽക്കുകൊണ്ടുളള ഓർക്കിഡു വേണം, നിലത്ത്‌ സോഫക്കു ചേരുന്ന ബോർഡറില്ലാത്ത പുതിയതരം പരവതാനി വേണം. വേണായ്‌മകളുടെ മഹാസമുദ്രത്തിൽ ശ്വാസം മുട്ടിപ്പിടയുകയാണ്‌ പ്രകാശ്‌.

ഇലാസ്തികത വളരെക്കുറഞ്ഞ ശമ്പളത്തെപ്പറ്റി ഓർമ്മിപ്പിച്ചാൽ ആഷ പുഛത്തോടെ വാക്കുകൾക്കു വലവിരിക്കും.

-ഒരിക്കലേ ജീവിക്കൂ. ഒക്കെ പിടിച്ചുവെച്ചിട്ടെന്തിനാണ്‌. ഓൾഡേജുഹോമിൽ കൊണ്ടുപോകാനൊ?

വാർദ്ധക്യം വന്നു മുട്ടിവിളിക്കുന്നുണ്ടെന്നു തോന്നും. അപ്പോൾ നിറംകെട്ട വേവലാതികളുമായി അയാൾ മൗനത്തിന്റെ ആഴത്തിലമർന്നു പോകും. അതുപക്ഷെ ആഷക്കു ഇഷ്ടമല്ല. ഒരു കുന്നു ചോദ്യങ്ങളും ആവശ്യങ്ങളുംകൊണ്ടു പ്രകാശിനെ മൗനക്കുഴിയിൽ നിന്നും കരകയറ്റാൻ ശ്രമിക്കും. പക്ഷേ ആഷ കൂടുതൽ പറയുന്തോറും പ്രകാശിനു മൗനമേറുകയാണ്‌. അപ്പോഴയാൾ കുഴിയാനക്കുഴിയിൽ വീണുപോയ ഉറുമ്പിനെപ്പോലെ ആഴത്തിലാഴത്തിലാണ്ടു പോവുകയേ ഉളളൂ.

ഒടുക്കം ആഷയുടെ സ്വപ്നക്കൊട്ടാരം കണ്ടെടുത്തത്‌ കാറ്റിൽ തലയിട്ടിളക്കി സ്നേഹം ഭാവിക്കാത്ത എവർഗ്രീനുകൾക്കു നടുവിലാണ്‌. എന്തൊരു ധാർഷ്ട്യമാണ്‌ സ്തൂപികാഗ്ര മരങ്ങൾക്ക്‌. താഴേക്കൊന്നു നോക്കാതെ ആകാശത്തേക്കു കൂർത്തൊരു തന്നിഷ്ടം. തൊട്ടാൽ കുത്തി നോവിക്കുന്ന സൂചിയിലകൾ. മറ്റു മരങ്ങളെപ്പോലെ മഞ്ഞിൽ ഇല കൊഴിച്ചും ചൂടിൽ തളിരിട്ടാഹ്ലാദിച്ചും ഭൂമിയിലേക്കിടക്കൊന്നു കുനിയാനും കൂടി കൂട്ടാക്കാത്ത അഹങ്കാരി മരം! മഞ്ഞായാലും ചൂടായാലും തനിക്കൊരു ചുക്കുമില്ലെന്നൊരു നിത്യഹരിതമായ അഹംഭാവം.

ഇടക്കൊന്ന്‌ ഇല കൊഴിക്കാതെ താഴെയുളളവർക്കു വിസ്താരത്തിൽ തണൽ പരത്താതെ കിളികൾക്കിരിക്കാൻ ചില്ലകൾ നീട്ടി വിളിക്കാതെ സ്വാർത്ഥതയുടെ പൂർണ്ണതയായിട്ടല്ലേ നിൽപ്‌! തൊട്ടു താഴെ പുല്ലുപോലും വളരേണ്ടന്നൊരു സ്വാർത്ഥത. മരങ്ങൾക്കു സ്നേഹമില്ലാതെയാവുക എന്നത്‌ എങ്ങനെ സഹിക്കും.?

കശുമാവിൻ ചില്ലകളിൽ തൂങ്ങിയാടുന്ന ബാലകൗമാരമാണ്‌ പ്രകാശിന്റേത്‌. സ്‌കൂളടച്ച്‌ ബോർഡിംഗിൽ നിന്നും വന്നാൽ ആദ്യമോടുന്നത്‌ കശുമാവിൽ കയറാനായിരുന്നു. എത്രയൊക്കെ കുനിഞ്ഞു നിന്നു തിന്നാലും അലക്കിയുണങ്ങി വരുമ്പോൾ ട്രൗസറിലും ബനിയനിലുമൊക്കെ കശുമാങ്ങക്കറ പടം വരച്ചിരിക്കും. അതു കാണുമ്പോൾ മമ്മിക്ക്‌ വല്ലാത്തയരിശം വരും.

മാർച്ച്‌ അവസാനം പഴങ്ങൾ നീട്ടി സ്നേഹത്തോടെ സ്വീകരിക്കുകയും ജൂൺ ആദ്യം ‘ഉണ്ണി കരയാതെ ബോർഡിംഗിൽ പൊയ്‌ക്കോളൂ, ഓണപ്പരീക്ഷ കഴിഞ്ഞു വരാലോ’ എന്നാശ്വസിപ്പിക്കുകയും ചെയ്‌തിരുന്ന കശുമാവുകളൊക്കെ ഉണങ്ങിപ്പോയിരിക്കുന്നു. പക്ഷേ ഇന്നും പ്രകാശിന്റെ നെഞ്ചാകെ ചില്ല വിരിച്ചു നിൽപ്പുണ്ടവ. ആ ചില്ലകളിൽ കയറിയിരുന്ന്‌ കാലാട്ടാനായുമ്പോൾ മഞ്ഞപ്പഴവും വലിയ ഇലകളുമായി കശുമാവുകൾ ഇപ്പോഴും അയാളെ ആശ്വസിപ്പിക്കാറുമുണ്ട്‌.

പുതിയ വീടിനു പിന്നിലെ പാർക്കിൽ ചെറിയ തടാകങ്ങളുണ്ട്‌. അതിനടുത്ത്‌ വീപ്പിംഗ്‌വില്ലൊ എന്ന മരവും. താഴെക്കു ശാഖകൾ തൂക്കി നിൽക്കുന്ന വീപ്പിംഗ്‌വില്ലൊ സുന്ദരിയാണെന്ന്‌ പ്രകാശിനു തോന്നും. വെളളി നിറത്തിൽ വീതികുറഞ്ഞ നീണ്ട ഇലക്കൂട്ടം വളളിപോലെ താഴേക്കു തൂങ്ങിക്കിടന്നാടുന്നു……..ചാഞ്ചക്കം…….ചാഞ്ചക്കം……..മറ്റെല്ലാമരങ്ങളേയും പോലെ ആഹ്ലാദത്തോടെ ആകാശത്തേക്കു ചില്ലകളുയർത്തി തലയിളക്കിയാട്ടുന്ന ഉന്മത്ത ഭാവം വെടിഞ്ഞ്‌ കാറ്റിൽ ചില്ലകൾ മെല്ലെ മെല്ലെ ഊഞ്ഞാലാട്ടി ആഹ്ലാദമൊതുക്കുന്നൊരു കുലീനത്വം. എന്തുവന്നാലും കോപപ്പുക കാട്ടാതെ നനുത്തു ചിരിച്ചൊരു സ്നേഹഭാവം.

സുന്ദരിമരം കണ്ണീർ പോലെ സദാ വെളളിയിലകൾ കൊഴിച്ചങ്ങനെ നിൽക്കുമ്പോൾ ഉത്തരയമേരിക്കക്കാർക്ക്‌ അതിനോട്‌ ഇഷ്ടം കുറവാണ്‌.

-ഇല കൊഴിഞ്ഞ്‌ ലോൺ മുഴുവൻ വൃത്തികേടാകും!

-ദുഃഖത്തിന്റെ പ്രതീകമാണത്‌. വീട്ടുമുറ്റത്തു വളർത്തേണ്ട.

പക്ഷേ വീപ്പിംഗ്‌വില്ലൊ എന്ന പേര്‌ തീരെ ചേരാത്തതാണെന്ന്‌ പ്രകാശിനു തോന്നാറുണ്ട്‌. ഇതു സങ്കടമരമല്ല. പുഞ്ചിരിച്ചുകൊണ്ട്‌ തലകുനിച്ചു നിൽക്കുന്ന സുന്ദരിമരമാണ്‌. പനങ്കകുലപോലെ മുടിയിലകൾ താഴേക്കു തൂക്കി വീടിനു മുന്നിലൊരു സുന്ദരി മരം വേണം. വിതുമ്പുവതെന്തിനു ശാഖി നീ, എന്നൊരു വരി മനസിൽ കുറിക്കുമ്പോഴേക്കും ആഷയുടെ പരിഹാസം.

-പ്രകാശിനെപ്പോലെയാ ഈ വീപ്പിംഗ്‌വില്ലൊ. തീരെ പ്രസാദമില്ലാതെ എപ്പോഴും തൂങ്ങിപ്പിടിച്ച്‌ !

ആഹ്ലാദത്തിന്റെ പച്ചത്തിമിർപ്പും കോപത്തിന്റെ ചുവപ്പും വിഷാദത്തിന്റെ മഞ്ഞയുമെല്ലാമായി മേപ്പിൾ മരത്തിന്റെ വർണ്ണാഘോഷമാണ്‌ ആഷക്ക്‌.

പലപ്പോഴും തീക്കൊളളികൊണ്ട്‌ പ്രകാശിന്റെ മനസിൽ വരക്കാറുണ്ട്‌ അവൾ.

-പ്രകാശിന്റെ പേരന്റ്‌സിന്‌ ബുദ്ധിയില്ലാതെ പോയി. അപ്രകാശെന്നായിരുന്നു പേരിടേണ്ടിയിരുന്നത്‌. എന്തു പറഞ്ഞാലും ദേ ബുദ്ധപ്രതിമ പോലെ. ചിരീല്ല, കരച്ചിലൂല്ല!. മറ്റുളളവരോടു പറയാനും അവൾക്കു പരാതികളുണ്ട്‌.

-എനിക്കെന്തു ചെയ്യാൻ പറ്റും. ഇവിടുത്തെ പ്രതിമയോടു പറഞ്ഞിട്ടു കാര്യമൊന്നും ഇല്ലന്നെ. ഇൻവെസ്‌റ്റു ചെയ്യേണ്ട?

ലൗലിയും സന്തോഷും ഷോപ്പിംഗ്‌ കോമ്പ്ലെക്സിന്റെ ഷെയറു വാങ്ങുന്നു. കൂട്ടുകാരികളിൽ പലരും നാട്ടിലെ അക്കൗണ്ടിൽ റബ്ബറിന്റെയും കുരുമുളകിന്റെയും വരുമാനം ചേർക്കുന്നു. ആഷക്കുമാത്രം കടത്തിന്റെ വേവലാതിയിൽ കുരുങ്ങിയവന്റെകൂടെ ജീവിതം!

അതിഥികൾക്കു മുൻപിൽ അവൾക്ക്‌ മൃദുല സ്നേഹത്തിന്റെ ആയിരം നാവുണ്ട്‌. രുചിയുളള ഭക്ഷണം കരുതലോടെ വച്ചു വിളമ്പാനുൽസാഹമുണ്ട്‌. പക്ഷെ മറ്റാരുമില്ലാത്തപ്പോൾ ആഷയിലെ പാചകറാണി മരവിപ്പിലേക്കാണ്ടുപോകും. അതിഥികൾക്കു പുകഴ്‌ത്തുന്ന നാവുണ്ട്‌. വൈരാഗിയായ ബുദ്ധനെന്തിനാണ്‌ രുചിയുളള ഭക്ഷണം, സ്നേഹത്തിന്റെ കരുതൽ.

ആഷയുടെ തലച്ചോറിനകത്തെ കണക്കു പുസ്‌തകത്തിൽ പ്രകാശിനു പറ്റിയിട്ടുളള ഓരോ തെറ്റും അയാളുടെ ഓരോ കുറ്റങ്ങളും വരിയായി കോളം തിരിച്ചെഴുതിയിട്ടുണ്ട്‌. ഇടക്കിടെ അതൊന്നു തുറന്ന്‌ പഴയ കണക്കുകൾ ഉച്ചത്തിലോർപ്പിച്ചും പുതിയ കടങ്ങൾ എഴുതിച്ചേർത്തും അവൾ തൃപ്തിപ്പെടാറുണ്ട്‌.

ആഷ വീട്ടിലില്ലാതിരിക്കുമ്പോൾ കാലുയർത്തിവച്ചിരുന്ന്‌ ചുറ്റുപാടറിയാത്ത വിഗ്രഹമാകാൻ പ്രകാശിനിഷ്ടമാണ്‌. അപ്പോൾ വീടാകെ കശുമാങ്ങക്കറയുടെ മണം നിറയും.

താഴെമുതൽ മുകൾവരെ ഭിത്തി മുഴുവനുമായി വിസ്‌തരിച്ചു നിൽക്കുന്ന വലിയ ജനലുകളാണ്‌ പുതിയ വീടിനുളളത്‌. പതിനായിരം ഏക്കർ ആകാശമാണ്‌ ഒറ്റയടിക്കു കണ്ണിലേക്കു വീഴുന്നത്‌. മാനത്തിന്റെ അതി ഭംഗി കണ്ടിരിക്കുമ്പോഴാണ്‌ ആഷ പറഞ്ഞത്‌.

-ജനലിനൊക്കെ കകർട്ടനിടണമല്ലേ. ഞാൻ ഷാറ്റലൈൻ മാഗസിനിൽ ഒരു പുതിയ മോഡൽ കണ്ടു കേട്ടോ. നല്ല ഭംഗിയുണ്ട്‌.

പ്രകാശിന്റെ മാനത്തെ നക്ഷത്രങ്ങളെയൊക്ക കരിമേഘം മൂടുകയാണ്‌. എപ്പോൾ വേണമെങ്കിലും അവ തമ്മിലിടിച്ച്‌ തീപ്പൊരി ചിതറി ഗർജ്ജിക്കാം. ഇടിയും മിന്നലുമൊക്കെ ജീവിതത്തിന്റെ ഭാഗമല്ലേ ബുദ്ധാ?

കഴിവു കെട്ടവനുവേണ്ടി ജീവിതം വീതിക്കപ്പെട്ടുപോയതിൽ അവൾക്കു കടുത്ത അമർഷമുണ്ട്‌. ഓരോരോ ഗതികേട്‌, പെട്ടുപോയില്ലേ എന്നൊക്കെ ഉച്ചത്തിലുളള അവളുടെ നെടുവീർപ്പുകൾ പ്രകാശിന്റെ നെഞ്ചിലേക്കാണ്‌ കത്തിമുനയമർത്തുന്നത്‌. തന്റെ മരണം ആഷക്കൊരു ആശ്വാസമായിരിക്കുമോ എന്നൊരു നടുക്കം ഇടക്ക്‌ അയാളെ പച്ചക്കു തിന്നും. പ്രകാശിന്റെ ചില്ലകൾ അപ്പോഴും ചാഞ്ചക്കം ചാഞ്ചക്കം ആടാറേയുളളു. ആട്ടം……..ആട്ടം…….ഇളകിയാട്ടം തൂങ്ങിയാട്ടം മുന്നോട്ട്‌ പിന്നോട്ട്‌. വശത്തോടു വശം……. കാറ്റിൽ ചിരിയൊതുക്കിയങ്ങനെ!

ആഷയുടെ ക്രോധം ഉറക്കം കെടുത്തിയ രാത്രിയിൽ പ്രകാശ്‌ ജനലിലൂടെ പുറത്തേക്കു നോക്കി. തടാകത്തിന്റെ തീരത്ത്‌ ശാഖകൾ താഴേക്കു തൂക്കി നിൽക്കുന്ന സുന്ദരിമരം. ചാഞ്ചക്കം……ചാഞ്ചക്കം………രാത്രിക്കാറ്റിൽ ശാഖകൾ ഊഞ്ഞാലാട്ടി വിളിക്കുന്നു. പ്രകാശു പതിച്ചു വാങ്ങിയ ആയിരമേക്കർ ആകാശത്തു നിന്നും വീഴുന്ന നിലവിൽ ഇലകൾക്ക്‌ ഏതോ രഹസ്യാനന്ദത്തിന്റെ വെളളിത്തിളക്കം. അയാളുടെ നിത്യഹരിതമായ അപ്രകാശം ഉരുകിപ്പോവുകയാണ്‌.

-ഇതെന്റെ സ്നേഹതരു. വിതുമ്പുന്ന വൃക്ഷമല്ല. ഇതിൽ നിന്നും കൊഴിയുന്നത്‌ കണ്ണീരല്ല, സ്നേഹത്തിന്റെ വെളളിമുത്തുകളാണ്‌. ഒരു കുല സ്നേഹം വെറുതെ തരാനുണ്ടാവുമോ? പ്രകാശ്‌ അറിയാതെ ചോദിച്ചുപോയി. വേലിക്കടുത്ത്‌ സ്നേഹമരത്തെ പാതി മറച്ചു നിൽക്കുന്ന എവർഗ്രീനിനെ അയാളു നോക്കി. തണലും ശാഖകളും പുറത്തു കാണിക്കാത്ത നിഴലായിരിക്കുന്നു അത്‌.

എവർഗ്രീൻ വെട്ടിക്കളയാൻ ആഷ സമ്മതിക്കില്ല. പലതരം എവർഗ്രീനുകളുണ്ട്‌. അതിൽ മേനികൂടിയ ബ്ലൂ സ്‌പ്രൂസാണത്‌. നീലഛവിയുളള ഇത്രയും വലിയ മരത്തിന്‌ വിലകൂടും.

-വീടിന്റെ വാല്യു കുറയും. എന്തു വിഡ്‌ഢിത്തമാ ഈ പറയുന്നേ!

പറയാത്ത വാക്കുകൾ അയാൾക്കു വ്യക്തമായി കേൾക്കാം. പിറ്റേന്ന്‌ ജോലി കഴിഞ്ഞിറങ്ങുമ്പോൾ വീട്ടിലേക്കു പോകുവാൻ തോന്നിയില്ല. ഒരു ഡിക്ടറ്റീവിന്റെ ചാതുരിയോടെയാണ്‌ ആഷ ചോദ്യങ്ങൾകൊണ്ടു ശ്വാസം മുട്ടിക്കുന്നത്‌. സ്നേഹക്കേടിന്റെ വരൾച്ചയിൽ മനസ്സിനിയും വിണ്ടുകീറാമെന്നയാളോർത്തു.

ലൈലാക്കുകൾ കുലകുലയായി കുടുകുടാന്ന്‌ ചിരിച്ചു നിൽക്കുന്ന ബൊട്ടാണിക്കൽ ഗാർഡൻ കടന്ന്‌ അന്നാദ്യമായി കാറു നീങ്ങു. പത്തുമിനിറ്റു ഡ്രൈവു ചെയ്‌താൽ നഗരത്തിൽ നിന്നും പുറത്തു കടക്കാം. തിരക്കും വീതിയും കുറഞ്ഞ നാട്ടുവഴിയിലൂടെ രണ്ടു പുറത്തും വലിപ്പം അധികമില്ലാത്ത പഴയ വീടുകളാണ്‌. ഞെരുക്കമില്ലാതെ ഇഷക്ക്‌ അകലംവിട്ട്‌. ചുറ്റിലും ചെടികളും വിലയില്ലാത്ത മരങ്ങളുമൊക്കെയായി പ്രകാശിനെ മോഹിപ്പിച്ചുകൊണ്ട്‌. അപാരമായ ശാന്തതയാണ്‌ അവക്ക്‌. അവിടെ താമസിക്കുന്നവർക്കും അപാരമായ സമാധാനമുണ്ടായിരിക്കുമോ?

വേട്ട പെണ്ണിനെയും സ്വന്തം കുഞ്ഞിനെയും ഉപേക്ഷിച്ച്‌ ഇരുട്ടിൽ ഒളിച്ചോടിയവന്റെ മുഖമാണ്‌ പ്രകാശിനു ആഷ നൽകുന്നത്‌. ശ്രീബുദ്ധനോടയാൾക്ക്‌ അസൂയ തോന്നി. അതുപോലെ മുൻ വാതിലിലൂടെ ഇറങ്ങി തിരിഞ്ഞു നോക്കാതെ പോകാൻ കഴിയുന്നതും ഒരു കഴിവാണ്‌. പക്ഷേ പൊട്ടി വരണ്ട മനസുമായി എങ്ങോട്ടാണ്‌ ഒളിച്ചോടുക? ഒക്കെ അവകാശമില്ലാത്ത സ്വപ്നങ്ങളാണെന്ന്‌ പ്രകാശറിഞ്ഞു.

ഹിമവാസം തുടങ്ങിയിട്ട്‌ പതിനാലു വർഷമാകുന്നു. ജനത്തിനോ രാജ്യത്തിനോ ലോകനന്മമക്കോ വേണ്ടി പ്രകാശിന്‌ തന്റെ പെണ്ണിനെ ഉപേക്ഷിക്കാൻ വയ്യല്ലോ. അയാൾ ശ്രീബുദ്ധനും ശ്രീരാമനുമല്ല, ശ്രീകെട്ടൊരു പ്രകാശ്‌. വ്യസനവൃക്ഷത്തിന്റെ രൂപവും ഭാവവുമായിട്ടൊരു സ്നേഹതരുവാകാനേ അയാൾക്കു കഴിയൂ.

കാറ്‌ ഇടവഴിയിൽ തിരിഞ്ഞ്‌ വീണ്ടും പൂവിട്ടു ചിരിക്കുന്ന ലൈലാക്കുകൾക്കരികിലൂടെ. ആഷയുടെ പരിഹാസം കമർക്കുന്ന വാക്കുകൾക്കും ന്യായമില്ലാത്ത വേവലാതികൾക്കും പറയാനവകാശമില്ലാത്ത സ്വപ്നങ്ങൾക്കുമായി ജീവിതം പങ്കുവയ്‌ക്കാൻ.

Generated from archived content: story1_nov29_06.html Author: nirmala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English