ബഹുമാനപ്പെട്ട ഡോക്‌ടർ,
സാമാന്യം സുന്ദരിയായ ഒരു യുവതിയാണു ഞാൻ എന്ന പഴകിയ വാചകത്തിൽ കത്തു തുടങ്ങുന്നില്ല. അതും എന്റെ പ്രശ്‌നവുമായി പ്രത്യേകിച്ചെന്തെങ്കിലും ബന്ധമുണ്ടെന്നു തോന്നാത്തതുകൊണ്ടാണത്. പിന്നെ അത്തരമൊരു പ്രസ്താവന എന്റെ ആത്മവിശ്വാസത്തെപ്പറ്റി ഒരു സൂചന പക്ഷെ നിങ്ങൾക്കു തന്നെക്കാം. സത്യം പറയട്ടെ, ആത്മവിശ്വാസത്തിനും രക്ഷിക്കാൻ പറ്റാത്തൊരു കുരുക്കിലാണു ഞാനിപ്പോൾ.
നഗരത്തിന്റെ അതിരെന്നു പറയാവുന്ന ദിക്കിൽ സാമാന്യം ഭേദപ്പെട്ട ഒരു വീട്ടിലാണു ഞാൻ ജനിച്ചു വളർന്നത്. കുറച്ചു പറമ്പും അതിനുചുറ്റും മതിലും മതിലിനു നടുക്കൊരു ഗെയിറ്റുമൊക്കെയുളള ഞങ്ങളുടെ വീട്ടിൽ കറവയ്‌ക്കൊ കൗതുകത്തിനോവേണ്ടി മൃഗങ്ങളെ ഒന്നും വളർത്തിയിരുന്നില്ല. വീടിനടുത്തുളള കോളനിയിൽ താമസിച്ചിരുന്ന രണ്ടു കുട്ടികൾ പതിവായി വന്നു കഞ്ഞിവെളളം വീട്ടിൽ നിന്നും കൊണ്ടുപോകുമായിരുന്നു. അവരുടെ കുലത്തൊഴിൽ ആടുമാടുകളെ വാങ്ങി അറവുകാർക്കു വിൽക്കുകയായിരുന്നു. അവക്കു വേണ്ടിയിട്ടാണു ഈ കുട്ടികൾ കഞ്ഞിവെളളം പാഴാകാതെ എടുത്തുകൊണ്ടു പോയിരുന്നത്.
വലിയ തൊഴുത്തും അതു നിറയെ പശുക്കളുമുണ്ടായിരുന്ന ഗ്രാമത്തിലെ വീട്ടിൽ നിന്നും വന്ന എന്റെ മമ്മിക്കു കഞ്ഞിവെളളം സിങ്കിലൊഴിച്ചു കളയുന്നതു സങ്കടവുമായിരുന്നു. അതുകൊണ്ടു അടുക്കള വാതിലിനു പുറത്തുവച്ചിരിക്കുന്ന പഴയ പ്ലാസ്‌റ്റിക് തൊട്ടിയിൽ കഞ്ഞിവെളളം ഈ കുട്ടികൾക്കായി സൂക്ഷിച്ചു വയ്‌ക്കുകയായിരുന്നു പതിവ്. കറുത്തും ക്ഷീണിച്ചും മുഷിഞ്ഞ ട്രൗസറുമിട്ടു വന്നിരുന്ന ഇവരെ ഞാനാദ്യം ശ്രദ്ധിച്ചിരുന്നില്ല.
ഒരു ദിവസം ഗെയിറ്റിനു പുറത്തു കടന്നതും അവരിലൊരാൾ ആർത്തിയോടെ കഞ്ഞിവെളളത്തിൽ കൈയിട്ടു വറ്റുകൾ വാരി തിന്നുന്നതു രണ്ടാം നിലയിലെ ജനലിലൂടെ ഞാൻ കണ്ടു. അതുകണ്ടപ്പോൾ വെറും എട്ടാം ക്ലാസുകാരിയായിരുന്ന എനിക്കു വല്ലാത്ത സങ്കടം തോന്നി. മമ്മിയോടു പറഞ്ഞാൽ ഉളള കഞ്ഞിയും ഇല്ലാതാവുകയേ ഉളളൂ എന്നറിയാവുന്നതുകൊണ്ട് പിറ്റേന്നു മുതൽ ഞാൻ ആരുമറിയാതെ തൊട്ടിയിൽ ചോറുകോരിയിടുവാൻ തുടങ്ങി. കഞ്ഞിവെളളം കാക്ക കൊത്തുന്നുവെന്നു പറഞ്ഞു മുറംകൊണ്ടു അടക്കാനും ഞാൻ അടുക്കളക്കാരി രാധയെ ഏൽപ്പിച്ചു. പിന്നെപ്പിന്നെ അവർ വരുന്ന സമയം നോക്കി കുറച്ചു ഭക്ഷണം ആരുമറിയാതെ പുറത്തുകൊണ്ടുപോയി കൊടുക്കുവാനും ഞാൻ പഠിച്ചു.
ആ കാലത്ത് ഒരു ദിവസം ഞാൻ സ്‌ക്കൂളിൽ പോകുന്ന വഴിക്കു അവരിലൊരാൾ എനിക്കൊരു മുല്ലപ്പൂ മാല തന്നു. എന്റെ നല്ല മനസ്സിനു പകരം തരുവാൻ അതു മാത്രമേയുളളുവെന്നും അവരുടെ വീട്ടുമുറ്റത്തു വളരുന്ന ചെടിയിലെ പൂക്കളാണതെന്നും ആ കുട്ടി എന്നോടു പറഞ്ഞു. ഞാൻ പഠിച്ചിരുന്ന കോൺവെന്റിൽ മുല്ലപ്പൂ ചൂടി സ്‌ക്കൂളിൽ വരുവാൻ അനുവാദമില്ലാതിരുന്നിട്ടും ആ കുട്ടിയെ വേദനിപ്പിക്കാതിരിക്കുവാനായി ഞാൻ ആ മുല്ലപ്പൂ മാല ചൂടി. സ്‌ക്കൂൾ ബസിൽ കയറി എന്റെ സീറ്റിലിരിക്കുന്നതിനു മുൻപേ സിസ്‌റ്റർ കാതറിൻ ശകാരിച്ചുകൊണ്ട് അതു വലിച്ചൂരി റോഡിലേക്കെറിയുകയും ചെയ്‌തു.
അതൊക്കെ പഴയ കഥകൾ. ഞാനിപ്പോൾ തിരുവനന്തപുരത്തും മണിപ്പാലിലുമൊക്കെയായി പഠിത്തം പൂർത്തിയാക്കി വീട്ടിലെത്തിയിരിക്കുകയാണ്. എനിക്കു പല വിവാഹാലോചനകളും വരുന്നുണ്ട്. പഴയ കഞ്ഞിക്കുട്ടികൾ ഇപ്പോൾ അറവുകടയും കളളുഷാപ്പും ഏറ്റെടുത്തു നടത്തുന്നു. അറവുകാരനു എന്നെ വിവാഹം കഴിക്കണമെന്നും പഴയ കഞ്ഞി-മുല്ലപ്പൂ ബന്ധത്തിൽ ഹൃദയം കുരുങ്ങിപ്പോയെന്നുമൊക്കെയാണു ഇവരുടെ വാദം.
ഈശ്വരൻ ഹൃദയത്തിൽ തന്നിരിക്കുന്ന കരുണ ശിക്ഷയായിരിക്കുകയാണ് എനിക്കിപ്പോൾ. കരുണയുടെ അവസാനത്തെ കണവും മനസ്സിൽ നിന്നും ചോർന്നുപോയിരിക്കുന്നു. സൗഹൃദവും പ്രണയവുമൊക്കെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ വെറുപ്പാണു തോന്നുന്നത്. ഈ പ്രണയരോഗികളെ കാണുമ്പോൾ ഇപ്പോൾ കുടലിനടിയിൽ നിന്നാണൊരു ഓക്കാനം തികട്ടി വരുന്നത്.
എന്റെ പപ്പയും മമ്മിയും കൈക്കൂലി വാങ്ങിയോ വാങ്ങാതെയോ കളളക്കടത്തു നടത്തിയോ നടത്താതെയോ ഉണ്ടാക്കിയ ലക്ഷങ്ങളിലാണു ഇവരുടെ കണ്ണെന്നു എനിക്കുറപ്പാണു ഡോക്‌ടർ. വീട്ടുകാരെ എതിർത്തു കല്യാണം കഴിച്ചിട്ടെങ്ങിനെ ജീവിക്കുമെന്നു ഞാൻ ചോദിച്ചപ്പോൾ അറവുകാരൻ പറയുന്നതു കോടതിയിലൂടെ പപ്പയുടെയും മമ്മിയുടെയും സ്വത്തിന്റെ അവകാശം നേടാമെന്നാണ്.
അയാളെയല്ലാതെ ഞാൻ മറ്റാരെയെങ്കിലും വിവാഹം കഴിച്ചാൽ അന്നുരാത്രി എന്റെ മണിയറക്കുമുന്നിൽ തൂങ്ങിച്ചാവുമെന്നാണു ഭീഷണി. അതൊക്കെ കവിതയാക്കിയെഴുതി നൂറു നൂറു പ്രതികൾ വിറ്റ് സഹൃദയലോകത്തെ താൻ വിലക്കെടുക്കുമെന്നു കളളു സുഹൃത്തും ആണയിട്ടു പറയുന്നു.
ഇതു സാക്ഷാൽ സ്‌ത്രീ പീഡനമല്ലേ ഡോക്‌ടർ? ഒരു പെണ്ണിനു അവളുടെ ഇണയെ തിരഞ്ഞെടുക്കുവാനുളള സ്വാതന്ത്ര്യം അച്‌ഛനും അമ്മയും അനുവദിക്കണമെന്നു വാദിക്കുമ്പോഴും അയൽപക്കത്തെ പോക്കിരികൾ അതിനനുവദിക്കാതിരിക്കുന്നതു സംസ്‌ക്കാരമാണോ? എന്നിട്ടോ ഈ എഴുത്തുകാർ സംസ്‌ക്കാരത്തിന്റെ കാവൽപ്പട്ടികളാണെന്നൊരു വാദവും!
നമ്മുടെ സിനിമകൾ പോലും പറയുന്നതു ആണും പെണ്ണും തമ്മിൽ പ്രണയമില്ലാത്ത സൗഹൃദം ഉണ്ടാകാൻ പറ്റില്ല എന്നല്ലേ? ഒരു പെണ്ണിനെ നിരന്തരം ശല്യം ചെയ്‌താൽ ഇഷ്‌ടമില്ലാത്തവനേയും അവൾ സ്‌നേഹിച്ചുകൊളളും എന്നല്ലെ സിനിമകളും കാണിച്ചു തരുന്നത്. ഇത്രക്കു മനോവീര്യമില്ലാത്ത പെണ്ണുങ്ങളെ മാത്രം നമ്മുടെ സാഹിത്യത്തിനു കിട്ടുന്നതെന്തുകൊണ്ടാണെന്നു എനിക്കു മനസ്സിലാകുന്നില്ല.
എന്നാലോ പാവം വാസവദത്ത ആവർത്തിച്ചഭ്യർത്ഥിച്ചിട്ട് ഉപഗുപ്‌തൻ വീണതുമില്ല. ഒടുവിൽ അവളുടെ അന്ത്യകൂദാശക്കെത്തുന്ന അങ്ങേരുടെ നല്ല മനസ്സിനെയല്ലേ എല്ലാവരും പാടി പുകഴ്‌ത്തുന്നത്. ഇതെന്തൊരു ഡബിൾ സ്‌റ്റാൻഡേർഡാണ്?
അമേരിക്കയിലുളള എന്റെ അമ്മായി കേരള സംസ്‌ക്കാരമെന്നൊക്കെ കേട്ടാൽ ഇപ്പോൾ കാർക്കിച്ചു തുപ്പും. അമ്മായിയുടെ പതിനാറുകാരിയായ മകളെ ഈ സംസ്‌ക്കാരം അൽപമൊന്നു പഠിക്കാൻ വേണ്ടിയിട്ടാണു ഒരവധിക്കാലത്തു കേരളത്തിലേക്കു വിട്ടത്. ദുബായിവരെ സുഖമായി യാത്ര ചെയ്‌ത അവളോട് കൊച്ചി ഫ്ലൈറ്റിൽ കയറിയ ഒരു ചേട്ടനു ഭയങ്കര സ്‌നേഹം! അതിൽ നിന്നും രക്ഷപ്പെട്ടു കൊച്ചിയിൽ വിമാനമിറങ്ങിക്കഴിഞ്ഞിട്ടും തീർന്നില്ല പാവം എന്റെ കസിന്റെ കഷ്‌ടപ്പാട്. തുറിച്ചുനോട്ടം, കമന്റടി, ബസ്സിലെ തലോടൽ… എങ്ങനെയെങ്കിലും അവധി മതിയാക്കി പോയാൽ മതിയെന്നായി അവൾക്ക്.
ഇവിടെ വളരുന്ന കുട്ടികൾ ഇതൊക്കെ കേട്ടു ശീലിച്ചവരാണെന്നറിഞ്ഞതും എന്റെ കസിൻകുട്ടി ഉറഞ്ഞുതുളളാൻ തുടങ്ങി. വികാരവിചാരങ്ങൾ തുറന്നു പറയുകയും പരസ്‌പരം ബഹുമാനം കാണിക്കുകയും ചെയ്യുന്ന അമേരിക്കൻ സംസ്‌ക്കാരം തന്നെയാണു നല്ലതെന്ന അവളുടെ വാക്കിനു ഞാനെന്താണു പകരം പറയേണ്ടത്? പരിചയമില്ലാത്ത ഒരു മലയാളി പുരുഷനേക്കാൾ വിശ്വാസം ഒരു സായ്‌വിനെയാണെന്നവൾ തറപ്പിച്ചു പറയുന്നു. മകളെ അവിടെ രാത്രിയിൽ ഒറ്റക്കു വിടാൻ ധൈര്യപ്പെടുന്ന അമ്മായിക്കു കേരളത്തിൽ അവളെ പട്ടാപ്പകൽ ഒറ്റക്കു വിടാൻ ഭയമായിരിക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ അമേരിക്കക്കു ഓടിപ്പോയാലോ എന്നെനിക്കു തോന്നാറുണ്ട്.
പരസ്‌പരം സംസാരിക്കുകയോ ഇഷ്‌ടാനിഷ്‌ടങ്ങൾക്കു സമത്വം കാണുകയോ ചെയ്യുമ്പോഴേക്കും പുരുഷൻമാർക്കു പ്രണയം സ്‌കന്ദിക്കുന്നതു നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണോ? അതുകൊണ്ടായിരിക്കും ഇപ്പോഴത്തെ പെൺകുട്ടികൾ നീണ്ട മുടിയുടേയും നീളൻ പാവാടയുടെയും ശാലീനത്വം വേണ്ടെന്നുവച്ച് ആണ്മുടിയും ജീൻസുമായി നടക്കുന്നത്. എങ്ങനെ വീണാലും മുളളിനു മുറിവേൽപ്പിക്കാവുന്ന വെറും ഇലയാവുന്നതിലും നല്ലതു മുളളിന്റെ മുനയൊടിക്കാൻ പറ്റുന്ന പാറയാകുന്നതല്ലെ?
പരിശുദ്ധ പ്രണയത്തെ പാടിപുകഴ്‌ത്തിയ ചങ്ങമ്പുഴ ജീവിതത്തിലെന്താണു ചെയ്തത് സാർ? കല്യാണമില്ലാ കല്യാണങ്ങൾ നടത്തിക്കൂട്ടിയ മഹാകവിയോ? മദ്യത്തിൽ സ്വബോധം മുക്കികൊല്ലുന്ന പെരുങ്കവികളൊ? ഇതിലാരാണു ഡോക്‌ടർ നമ്മുടെ പരിപാവനമായ സംസ്‌ക്കാരത്തിനു കാവൽ നിൽക്കേണ്ടത്? അല്ലെങ്കിൽത്തന്നെ വിവാഹത്തിനു പുറത്തൊരു പ്രണയവും ബന്ധവുമൊക്കെയാണല്ലോ സാഹിത്യത്തിലും ഇപ്പോഴത്തെ ഫാഷൻ.
നിങ്ങൾ ഒരു പുരുഷനായ സ്ഥിതിക്ക് ഞാനിങ്ങനെ ഹൃദയം തുറന്നെഴുതി എന്നതിന്റെ പേരിൽ ഇതിലെ ഓരോ വാക്കും വരിയും വിശകലനം ചെയ്ത് എനിക്കു താങ്കളോടും അതിരു കടന്ന പ്രണയമാണെന്നു വ്യാഖ്യാനിക്കുമെന്നൊരു ശങ്ക ഇപ്പോഴെനിക്കുണ്ട്. അതുകൊണ്ടു ഈ കത്തു വ്യാജമായ പേരും വിലാസവും വച്ചാണയക്കുന്നതെന്ന് സത്യസന്ധതയോടെ അറിയിക്കുന്നു.
അവിശ്വാസത്തോടെ,
ചന്ദ്രിക, സൂര്യസദനം, ഹൈക്കോടതിക്കു സമീപം, നെയ്യാറ്റിങ്കര പി.ഒ., കാസർകോടു ജില്ല.
Generated from archived content: story1_june16_06.html Author: nirmala