പ്രൊജക്ടു വൈകുമ്പോൾ ഉത്തരം പറയേണ്ടത് പ്രോജക്ട് ലീഡറെന്ന പരിഹാസപ്പേരുള്ളയാളാണ്. മാനേജുമെന്റിന് കാരണങ്ങളറിയേണ്ട ആവശ്യമില്ല. കാര്യം നടന്നാൽ മതി.
-അവോയ്‌ഡ് ദ സില്ലി എക്സ്‌ക്യൂസ്സസ് ആന്റ് ഗെറ്റ് ഇറ്റ് ഡൺ!
ഡിപ്പാർട്ടുമെന്റിന്റെ ഡയറക്ടർ കെവന്റെ ചിലക്കൽ ചിത്രയുടെ ചെവിയിൽ നിന്നും ഒഴിഞ്ഞുപോകുന്നില്ല.
അഞ്ചു കമ്പ്യൂട്ടർ പ്രോഗ്രാമറുകളുണ്ട് പണി ചെയ്യാൻ. പക്ഷെ അഞ്ചുപേർക്കും പണിയാതിരിക്കാനാണ് കൂടുതലിഷ്ടം. വിവിയൻ കാരണമില്ലാതെ എല്ലാവരോടും എല്ലാത്തിനോടും ദേഷ്യപ്പെടുന്നു. റോസ് ഒഴിിവുകഴിവുകൾ പറയുന്നു. റിട്ടയറു ചെയ്യാൻ കഷ്ടിച്ച് ഒരുവർഷം ബാക്കിയുള്ള മാർക്കിന് വെറും മടി. ജോണിനാണെങ്കിൽ തമാശകളിക്കാനിഷ്ടം. നാൻസിക്ക് വർത്തമാനം കഴിഞ്ഞിട്ട് പണി തീർക്കാൻ സമയം തികയുന്നില്ല. പക്ഷെ കെവന് അതൊന്നുമറിയേണ്ടല്ലോ. പതിനഞ്ചാം തീയതിയെന്ന കുരിശ് നീട്ടിക്കാണിച്ചാൽ മതി. അങ്ങനെ അഞ്ചു മണിക്ക് തീരേണ്ട ജോലി സമയം ആറുമണിവരെ നീട്ടി അവസാനിപ്പിച്ച് ചിത്ര വീട്ടിലേക്ക് പോകുമ്പോൾ ഇക്കൂട്ടരെല്ലാം കൂടെക്കൂടി.
-അവോയ്‌ഡ് എക്സ്‌ക്യൂസസ്, ഗെറ്റ് ഇറ്റ് ഡൺ ബൈ ദ ഫിഫ്‌റ്റീന്ത്.
-അയാളുടെ ഒരു ഒബ്‌സർവേഷൻ. എത്ര പ്രോജക്ടുകൾ ഭംഗിയായി ചെയ്തു തീർത്തിട്ടുണ്ട്. ഡ്രൈവു ചെയ്യുന്നതിനിടയ്‌ക്ക് ചിത്ര തർക്കുത്തരം പറഞ്ഞു.
വീട്ടിലെത്തിയതും നയന ചോദിച്ചു.
– മമ്മീ ശനിയാഴ്‌ച ജെയിനിന്റെ വീട്ടിൽ പൂൾ പാർട്ടിയുണ്ട്. എന്നേം ഇൻവൈറ്റ് ചെയ്തിട്ടുണ്ട്. ഞാൻ പൊയ്‌ക്കോട്ടെ?
അപ്പോൾ വിവിയൻ തൊട്ടടുത്തു നിന്ന് മുറുമുറുത്തു – എന്തു തീട്ട വേഴ്‌ചയായാലും എനിക്കിത്രയേ ചെയ്യാൻ പറ്റൂ.
തെറി പറയുന്നതിന് അവളെപ്പറ്റി പരാതിപ്പെടാം. പക്ഷെ ഇപ്പോൾ അവളെ പിണക്കുന്നത് പ്രൊജക്ടിന് കൂടുതൽ ദോഷമാവും.
-മമ്മീ പ്ലീസ് എനിക്ക് ശനിയാഴ്‌ച ജെയിനിന്റെ വീട്ടിൽ പൂൾ പാർട്ടിക്കു പോണം. എന്റെ ഫ്രണ്ട്‌സ് ഒക്കെ പോകുന്നുണ്ട്.
നയന ചിണുക്കത്തിലേക്ക് മാറി.
-നീയിപ്പൊ പാർട്ടിക്കൊന്നും പോണില്ല. ഹോം വർക്കു കംപ്ലീറ്റു ചെയ്തോ?
ഒച്ച പൊങ്ങിയതും വാടിയ മുഖവുമായി നയന മടങ്ങി.
-വന്നു കയറിയതും തുടങ്ങി അലമുറ.
ടി.വി കണ്ടുകൊണ്ടിരിക്കുന്ന പ്രദീപിന്റെ കമന്റു കേട്ടപ്പോൾ ചിത്രയ്‌ക്ക് ബാഗെടുത്ത് ടി.വിക്കിട്ടെറിയണമെന്നു തോന്നി. പക്ഷെ അവൾ ബാഗ് അടക്കത്തോടെ അലമാരയിൽ വച്ചു. പിന്നെ അമേരിക്കൻ ഉദ്യോഗസ്ഥയുടെ പാവാട-ജാക്കറ്റിൽ നിന്നും മലയാളി വീട്ടമ്മയുടെ ചുരിദാറിലേക്കു വഴുതി അടുക്കളയിലേക്കു കടന്നു.
-മമ്മി എടുക്കണം.
രണ്ടു കാലിലും ഇറുകെ കെട്ടിപ്പിടിച്ച് നിഖിൽ കൊഞ്ചി.
ടി.വിയുടെ ഒച്ച മറികടന്ന് പ്രദീപിന് കേൾക്കാൻ പാകത്തിൽ ചിത്ര കയർത്തു.
-മാറുന്നുണ്ടോ. പുന്നാരിച്ചോണ്ടു നിന്നാൽ ഇവിടെ സപ്പറുണ്ടാക്കാൻ വേറെയാരുമില്ല.
പിടിവിട്ട് നിഖിലും വലിഞ്ഞു.
മാർക്ക് സിങ്കിനരികിൽ കയറിയിരുന്ന് ബുദ്ധി പറഞ്ഞു.
-ഫയലിന് വലിപ്പം കൂടുതലുള്ളതുകൊണ്ട് മാറ്റുന്നതിനു പകരം ചെറിയൊരു ഫയലുണ്ടാക്കി ഇതിലേക്കു യോജിപ്പിക്കുക.
-വല്യപ്പന്റെ ഒരു കുറുക്കുവഴി! എങ്ങനെയെങ്കിലും തല്ലിക്കൂട്ടി വച്ചിട്ട് അയാൾക്കു റിട്ടയറു ചെയ്യണം. ആപ്ലിക്കേഷനു സ്പീഡു കുറഞ്ഞാൽ സമാധാനം പറയേണ്ടത് ഞാനല്ലെ!
ചിത്ര പിറുപിറുത്തു.
ഫ്രിഡ്‌ജിൽ ചാരിനിന്നുകൊണ്ട് കെവൻ വീണ്ടും പറഞ്ഞു
– ‘സില്ലി എക്സ്‌ക്യൂസുകൾ’.
-അയാൾടെയൊരു എഛ്‌ക്കൂസ്!!!
അവൾ തൈരു പുറത്തെടുത്തിട്ട് ഫ്രിഡ്‌ജ് ഊക്കോടെയടച്ചു.
ഊണു കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലും ജോൺ ഊറിച്ചിരിച്ചുകൊണ്ട് മണ്ടൻ തമാശകൾ പറഞ്ഞു.
-മമ്മീ ഹോംവർക്കു കംപ്ലീറ്റു ചെയ്‌തു. ഇനി പറയ്. ശനിയാഴ്‌ച ഞാൻ ജെയിനിന്റെ വീട്ടിൽ പൂൾ പാർട്ടിക്ക് പൊയ്‌ക്കോട്ടെ.
നയന പ്രതീക്ഷ പൂർണ്ണമായും കൈവിട്ടിട്ടില്ല.
-നിന്റെ പ്രായത്തിൽ ഞാനൊന്നും സ്വിമ്മിംഗ് പൂളു കണ്ടില്ല. പിന്നല്ലേ പൂൾ പാർട്ടി. നീ ആരുടെ വീട്ടിലും സ്വിമ്മിഗിനു പോണില്ല.
മുഖം വീർപ്പിച്ചിരുന്ന് ഊണു കഴിക്കാൻ ബുദ്ധിമുട്ടുന്ന നയനയെക്കണ്ടപ്പോൾ ചിത്രയ്‌ക്ക് അരിശം കൂടുകയാണ് ചെയ്തത്. റോസ് അടുക്കും ചിട്ടയുമില്ലാതെ കാര്യവും കാരണവും പറഞ്ഞു പോകുന്നുണ്ട്. അതിന്റെ ഇടയ്‌ക്കാണ് നിഖിൽ ചോറു വാരിക്കൊടുക്കണമെന്ന് വാശിപിടിച്ചത്.
-എനിക്കു വേറെ പണി കിടപ്പുണ്ട്. കൊഞ്ചാതെ കഴിച്ചിട്ടെഴുന്നേറ്റു പൊയ്‌ക്കോ. അവൾ ചീറി.
പാത്രം കഴുകുന്നതിനിടയിലും കെവനും, റോസും, വിവിയനും, ജോണും മാർക്കും നാൻസിയും ചറുപിറാന്ന് പറഞ്ഞുകൂട്ടി.
-പ്രോജക്ട് ലീഡറല്ല ഞാൻ, പ്രോബ്ലം ലീഡറാണ്!
ചിത്ര അവരോടുത്തരം പറഞ്ഞു.
എച്ചിൽ പാത്രങ്ങളുമായുള്ള സല്ലാപം തീർത്ത് ഹോംവർക്കു നോക്കുമ്പോൾ തെറ്റിന്റെ പ്രളയം. പകരം വഴക്കിന്റെ മഹാപ്രളയം. കണ്ണീരും കൂടുതൽ കനത്ത മുഖവുമായി കുട്ടികൾ ഉറങ്ങിക്കഴിഞ്ഞ് പിറ്റേന്നേക്കുള്ള അത്യാവശ്യകാര്യങ്ങൾ ചെയ്തു തീർത്ത് ചിത്ര കിടന്നപ്പോൾ പതിനൊന്നു മണിയായിരുന്നു.
കിടന്നതും പരിവാരം ചുറ്റിലും കൂടി. വിവിയൻ തുണി അലമാരക്കു മുകളിൽ, റോസും മാർക്കും മേശപ്പുറത്ത്. കെവനും ജോണും കട്ടിലിന്റെ കാൽക്കൽ.
-പത്താം തീയതികൊണ്ട് പകുതി പ്രോഗ്രാമുകൾ തീർക്കാൻ പറ്റുമെന്നു തോന്നുന്നില്ല.
അതിനടയ്‌ക്ക് നയന ചിണുങ്ങി. ഓമന മുഖത്ത് നിറയെ സങ്കടവുമായി കൂടെ നിഖിലും. വല്ലാത്തൊരു മനപ്രയാസത്തോടെ ചിത്രയെഴുന്നേറ്റ് കുട്ടികളുടെ മുറിയിലേക്കു പോയി. അവർ നല്ല ഉറക്കത്തിലാണ്. മുഖത്തുമ്മവച്ച് തലയിൽ തലോടി തിരികെ നടക്കുമ്പോൾ അത്രക്കു വഴക്കു പറയേണ്ടിയിരുന്നില്ലെന്നൊരു വീണ്ടുവിചാരം അവൾക്കുണ്ടായി.
അപ്പോഴും വിവിയനും, റോസും, കെവനും മുറുമുറുക്കുന്നുണ്ടായിരുന്നു. പരാതിക്കാരെ മറികടന്ന് ഉറക്കത്തിലേക്ക് വീഴാനാഞ്ഞതും തലയിണക്കരികിലൊരു നെടുവീർപ്പ്. അമ്മയാണ്.
-എത്ര കഷ്ടപ്പെട്ടു വളർത്തിയതാണു മോളെ നിന്നെ. ഇപ്പൊ ഒരെഴുത്തെഴുതാൻ സമയമില്ല നിനക്കല്ലെ!
പൊങ്ങാൻ മടിക്കുന്ന ശരീരവുമായി ചിത്ര കിടന്നു. പക്ഷെ അമ്മ മൂക്കു ചീറ്റി സാരിയുടെ തുമ്പത്ത് മുഖം തുടയ്‌ക്കുകയാണ്. ഭാരം ഏറെക്കൂടിയ ശരീരത്തെ വലിച്ചെഴുന്നേൽപ്പിച്ച് അവൾ കത്തെഴുതാനിരുന്നു.
പ്രിയപ്പെട്ട അമ്മയ്‌ക്ക്,
പേന അവിടെ നിന്നു പോയി. കനം പെരുകിയ തലയിൽ സ്നേഹത്തിന്റെ വാക്കുകളൊന്നും വരുന്നില്ല. കുറച്ചു സമയം ആലോചിച്ചിരുന്നപ്പോൾ മനഃപാഠമായ വരികൾ പേന തനിയെ എഴുതാൻ തുടങ്ങി. അവിടെ നിങ്ങളെല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. ഇവിടെ ഞങ്ങൾക്കും സുഖം തന്നെ. നയനയും നിഖിലും സ്‌കൂളിൽ പോകുന്നു. ജീവനില്ലാത്ത വരികളെ കവറിനുള്ളിലാക്കി അഡ്രസെഴുതി ചിത്ര വീണ്ടും കിടന്നു.
ബഹളക്കാരുടെ ഇടയിൽ കിട്ടേണ്ട ഉറക്കത്തിൽ പാതിയുമായി അവൾ കാലത്തേ എഴുന്നേറ്റു. പിന്നേയും കുറെ തിരക്കിനൊടുക്കം ബാഗും, താക്കോൽ കൂട്ടവുമായി ഓഫീസിലേക്കു പുറപ്പെട്ട ചിത്രയുടെ കാറ് ട്രാഫിക് ലൈറ്റു കടന്ന് പ്രധാന റോഡിലേക്കിറങ്ങിയതും അച്ഛൻ മുൻസീറ്റിൽ പ്രത്യക്ഷപ്പെട്ടു.
-മോളെ എത്രക്കു സ്വാതന്ത്ര്യം തന്നാണു നിന്നെ ഞാൻ വളർത്തിയത്. നനക്ക് സ്വിമ്മിംഗ് പൂളിൽ നീന്തിയിട്ടില്ലാന്നും പറഞ്ഞ് നയന അതു ചെയ്യേണ്ടെന്നു പറയുന്നതു ശരിയാണോ? അച്ഛൻ പാർക്കു കാണാതെ വളർന്നയാളാണ്. എന്നിട്ട് നിന്നെ കൂട്ടുകാരുടെ കൂടെ പാർക്കിൽ വിട്ടിട്ടില്ലെ?
ആറാംക്ലാസിൽ പഠിക്കുമ്പോൾ ശിശുദിനത്തിന് സ്‌കൂളിൽ നിന്നും കൂട്ടുകാരോടൊപ്പം സുഭാഷ്‌പാർക്കിൽ പോയത് ചിത്രയോർത്തു. പ്രസംഗമൽസരത്തിന് ഒന്നാംസമ്മാനം കിട്ടിയത് ചിത്രയുടെ ക്ലാസിലെ കൊച്ചുത്രേസ്യക്കായിരുന്നു. കൊച്ചുത്രേസ്യ നെഹ്‌റുവിനെപ്പോലെ ഒരുങ്ങി റോസപ്പൂവും തൊപ്പിയുമായി സുഭാഷ്‌പാർക്കിലെ ഉയരത്തിലുള്ള സ്‌റ്റേജിൽ നിന്നു പ്രസംഗിച്ചത് കൂട്ടുകാരോടൊത്തു കാണുമ്പോൾ എന്തൊരഭിമാനമായിരുന്നു.
-അച്ഛനുമമ്മയും സിനിമകണ്ടും റസ്‌റ്റോറന്റിൽപോയി ഭക്ഷണം കഴിച്ചും വളർന്നവരല്ല. എന്നിട്ടും നിനക്കതിനൊക്കെ പൈസ തന്നത് ഞങ്ങളു തന്നെയല്ലെ?
അച്ഛൻ ചിത്രയെ വെറുതെ വിടാൻ ഭാവിച്ചിട്ടില്ല.
-പക്ഷെ പരിചയമില്ലാത്തൊരു വീട്ടിൽ എന്തു വിശ്വസിച്ചാണ് പെൺകുട്ടിയെ വിടുന്നത്?
ചിത്ര തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു.
-അവർക്കും നയനയുടെ പ്രായത്തിലൊരു മകളുള്ളതല്ലേ? വെള്ളക്കാരെല്ലാം പോൾ ബെർണാഡോയും കാർല ഹമോക്കയുമാണെന്നു കരുതരുത്.*
നയനയോട് ജെയിനിന്റെ ഫോൺനമ്പറും അഡ്രസും അമ്മയുടെ പേരും ചോദിച്ചു വരാൻ പറയേണ്ടതായിരുന്നുവെന്ന് ചിത്രയോർത്തു.
-ചേര തിന്നുന്ന നാട്ടിൽ ചെന്നാൽ നടുത്തുണ്ടം തിന്നണം. നീയാ കുട്ടിയെ അവളുടെ കൂട്ടുകാരുടെ ഇടക്കിട്ടു ശ്വാസം മുട്ടിക്കരുത്.
പാവം നയന! ന്യായം പറയുന്ന അച്ഛനോടു ചേർന്നിരുന്ന് സങ്കടക്കണ്ണു തുടക്കുകയാണ് നയന.
-ഓർമ്മയില്ലെ പത്താമത്തെ വയസിലും നിനക്കു ഞാൻ ചോറുവാരിത്തന്നത്. എന്നിട്ടാണോ അഞ്ചുവയസുള്ള കുഞ്ഞിനോടു നീ ദേഷ്യപ്പെട്ടത്?
അമ്മയുടെ പഴിചാരൽ പിൻസീറ്റിൽ നിന്നാണ്. നിഖിലാണെങ്കിൽ അമ്മയുടെ മടിയിലിരുന്ന് മമ്മി എടുക്കണം എന്ന് കൈ നീട്ടുന്നുമുണ്ട്.
-ദോശക്കു ചമ്മന്തിയും സാമ്പാറും ഇല്ലെങ്കിൽ അന്നു മുഴുവൻ ഒന്നും കഴിക്കാത്തയാളാ എന്റെ പ്രദിമോൻ. എത്രനാളായി നീ അവനു ദോശ ഉണ്ടാക്കികൊടുത്തിട്ട്?
പ്രദീപിന്റെ അമ്മയുടെ ഊഴമായിരുന്നു അടുത്തത്.
-എന്റെ മോൾക്കും ദോശ തിന്നാനിഷ്ടം തന്ന്യാ.
അമ്മ ചിത്രയുടെ പക്ഷം പിടിക്കാൻ ശ്രമിച്ചു.
-എനിക്കു ദോശേം ചമ്മന്തീം ഒന്നും വേണ്ട. ശാന്തമായിട്ടു സംസാരിക്കുന്ന എന്റെയാ പഴയ സ്നേഹമുള്ള പെണ്ണിനെ കിട്ടിയാൽ മതിയായിരുന്നു.
പ്രദീപ് അമ്മമാരെ അവഗണിച്ച് സ്വന്തം ആവശ്യം പറഞ്ഞു.
-എഴുത്തെഴുതി മേശപ്പുറത്തു വച്ചാ എനിക്കു വായിക്കാൻ പറ്റുമോ മോളേ? അതോർക്കാൻ മാത്രം പ്രാധാന്യം ചോരി വാരിത്തന്നു വളർത്തിയ അമ്മക്കില്ലല്ലൊ. ഒരു കാലത്ത് നയനേം നിഖിലുമൊക്കെ നിന്നേം ഇട്ടിട്ടു പോവുമ്പോഴേ അതിന്റെ സങ്കടം മനസിലാവൂ.
ഉറക്കം കളഞ്ഞെഴുതിയ എഴുത്ത് എടുക്കാൻ മറന്നതിനാണ് അമ്മ ഇപ്പോൾ പരാതിപ്പെടുന്നത്.
ഓഫിസെത്തും വരെ അങ്ങനെ നിർത്താതെ വിസ്താരം തുടർന്നു. ഒടുക്കം കാറു പാർക്കുചെയ്ത് വാതിൽ തുറന്നതും ഓരോരുത്തരായി പുറത്തേക്കിറങ്ങി ചിത്രക്കു പിന്നാലെ ഓഫീസിലേക്കു നടന്നു. നയന, നിഖിൽ, പ്രദീപ്, അമ്മ, അച്ഛൻ, പ്രദീപിന്റെ അമ്മ, നയനയെ കളിയാക്കി വേദനിപ്പിക്കുന്ന മദാമ്മക്കുട്ടികൾ, പൂൾ പാർട്ടിക്കാരിയുടെ കണ്ടിട്ടില്ലാത്ത അമ്മ. ഏറ്റവും പിന്നിലായി അത്താഴമൂണിനിന്നെന്തു ചെയ്യും എന്നു മൂളിക്കൊണ്ടൊരു ഫ്രിഡ്‌ജും!
* * * * * * * * *
*പെൺകുട്ടികളെ വീട്ടിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കുപ്രസിദ്ധ കേസിലെ പ്രതികൾ.
Generated from archived content: story1_apr19_07.html Author: nirmala
Click this button or press Ctrl+G to toggle between Malayalam and English