പുരുഷമേധാവിത്വം വിയർക്കുന്ന ഈ കാലഘട്ടത്തിൽ ഓണം സ്‌ത്രീകളുടെ കുത്തകയാണെന്ന് പലപ്പോഴും തോന്നിപ്പോകും. ഓണപ്പതിപ്പായി വരുന്ന ആനുകാലികങ്ങളുടെ പുറംചട്ടയിൽ കസവും കോടിയുമണിഞ്ഞ പെണ്മണികൾ തലയാകെ പൂ ചൂടി നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നു. അത്തപ്പൂവിനു ചുറ്റും ഊഞ്ഞാലിലുമൊക്കെയായി പോസു ചെയ്യുന്നതും ഇക്കൂട്ടർ തന്നെ. ചിലപ്പോഴെങ്ങാൻ കുറിമുണ്ടുടുത്ത ഒരു പയ്യൻ ഈ സുന്ദരിമണികൾക്കു കണ്ണുകിട്ടാതിരിക്കാനെന്നപോലെ നിൽക്കുന്നതു കാണാം. അല്ലെങ്കിൽതന്നെ സമത്വസുന്ദരമായ ഒരു കാലത്തിന്റെ ഓർമ്മയ്‌ക്ക് പുരുഷന്മാരുടെ ആവശ്യമെന്താണ്!
വർഷങ്ങൾക്കുമുൻപ് റീഡേഴ്‌സ് ഡയജസ്‌റ്റിൽ വായിച്ച ഒരു ലേഖനത്തിന്റെ തുടക്കമിങ്ങനെയാണ്. “എന്റെ അമ്മയ്‌ക്ക് ഒരു പെൺകുട്ടിയുണ്ടായിരുന്നു, അതു ഞാൻ. ആ അമ്മയുടെ അമ്മക്കും ഒരു പെൺകുട്ടിയുണ്ടായിരുന്നു, അതെന്റെ അമ്മ. ആ അമ്മയുടെ അമ്മക്കും ഒരു മകളുണ്ടായിരുന്നു. അങ്ങനെയാലോചിക്കുമ്പോൾ അമ്മമാരുടെ ആ കണ്ണിയിൽ പെൺകുട്ടികളില്ലാത്ത നിർഭാഗ്യവതി ഞാൻ മാത്രം!”
അങ്ങനെയൊരമ്മ സുന്ദരമായിട്ടൊന്ന് ഓണം ആഘോഷിക്കുന്നതെങ്ങനെയാണ്? നീളൻ പാവാടയും ചേരുന്ന ബ്ലൗസുമിട്ട് മുടി പിന്നിക്കെട്ടി പൂചൂടി കണ്ണെഴുതി പൊട്ടുംകുത്തി വേണ്ടേ പെൺമക്കൾ പൂവിറുക്കേണ്ടത്. അത്തപ്പൂവിടുകയും ഊഞ്ഞാലാടുകയും ചെയ്യേണ്ടത്. ഇതൊന്നും പയ്യന്മാർ പങ്കെടുക്കേണ്ട കാര്യങ്ങളല്ലെന്ന് ഓണപ്പതിപ്പുകൾ ആവർത്തിച്ചു പറയുന്നു. അതുകൊണ്ട് ഒരു കഷണ്ടിത്തലയൻ ഭർത്താവും, രണ്ടീച്ചക്കാലൻ ആണ്മക്കളുമുളള ഒരു മലയാളി അമ്മയ്‌ക്ക് ‘പിക്‌ച്ചർ പെർഫക്‌റ്റ്’ ആയിട്ടൊന്ന് ഓണമാഘോഷിക്കാൻ കാനഡയിൽ സാദ്ധ്യത കുറവാണ്.
എന്നാലും ഓണത്തോളം ഹൃദയത്തെ നാടിനോടടുപ്പിക്കുന്ന മറ്റൊരാഘോഷമില്ല. ഓണമുണ്ണാൻ വേണ്ടി കാണമൊന്നും വിറ്റില്ലെങ്കിലും എല്ലാവർഷവും തിരുവോണത്തിന് ഒരു ദിവസത്തെ അവധി കളഞ്ഞ് അവിയൽ, സാമ്പാർ, എരിശ്ശേരിയുടെയൊക്കെ കനേഡിയൻ ഡ്യൂപ്പുണ്ടാക്കി കമ്പ്യൂട്ടറിലയിൽ വിളമ്പി കേരളത്തെ അപ്പാടെയങ്ങ് വീടിനകത്തേക്ക് ആവാഹിക്കാൻ ശ്രമിക്കും.
കണ്ണുംമൂക്കുമില്ലാതെ കളിക്കാൻ ഓടിവരുന്ന അയൽപക്കത്തെ സായ്‌വൻ കിടാങ്ങൾ, ശക്തിയായി വീശുന്ന കാറ്റ് അങ്ങനെ പലതുണ്ട് പുറത്തെ അത്തപ്പൂക്കളത്തിനു ശത്രുക്കൾ. പോരെങ്കിൽ മുറ്റം എന്നൊന്നില്ലാത്ത ഈ നാട്ടിൽ പുറത്തേക്കിറങ്ങുന്ന വരാന്ത കഴിഞ്ഞാൽ നടക്കല്ലും കാറിനു വിശ്രമിക്കാനുളള ഡ്രയ്‌വ്‌വേയുമാണുളളത്. അതുകൊണ്ട് അത്തപ്പൂക്കളം അകത്തെ വരാന്തയിലെ ടൈലിന്റെ കൃത്രിമത്വത്തിനു മുകളിലാണ് എല്ലാവർഷവും.
ഫ്രഷ് ഫ്ലവേഴ്‌സുകൊണ്ട് നിങ്ങളെന്താണു കാണിക്കുന്നതെന്നു അയൽപക്കത്തെ അമാൻഡക്കൂട്ടുകാരി വിവരക്കേടു ചോദിക്കുമ്പോൾ ഈച്ചക്കാലൻമാർ കഥയുടെ കെട്ടഴിക്കും. കേരളത്തിൽ നിന്നും ഒരു ഡെഡ് കിങ്ങ് ഇവിടംവരെ വരിക, അമ്പട! അമാൻഡക്കുട്ടിക്ക് എന്തു മനസ്സിലായോ ആവോ!
ഓണം കാനഡയിലെ പൂക്കാലമായത് ഭാഗ്യമാണെന്ന് പലപ്പോഴും തോന്നാറുണ്ട്. വിഷുക്കാലത്ത് ഇവിടെ തണുപ്പായിരിക്കും. മഞ്ഞുമാറിയിട്ടുണ്ടെങ്കിലും ചെടികളും പൂക്കളുമൊന്നും പുറത്തു കാണാത്തതുകൊണ്ട് മനസ്സിനത്ര സന്തോഷം തോന്നാറില്ല. വിഷുച്ചൂട് ഉളളിൽ മാത്രമായിട്ടൊതുങ്ങിപ്പോകും.
മുറ്റവും പറമ്പുമൊക്കെ കുറവാണെങ്കിലും ഓണക്കാലത്ത് വീടിനു ചുറ്റും പൂക്കൾ ചിരിച്ചു തിമിർക്കും. ഏതൊക്കെ പൂവുകളാണ് അത്തമിടാൻ പറിക്കേണ്ടതെന്ന് ഇപ്പോൾ ആണ്മക്കൾക്കറിയാം. അതിൽ പക്ഷേ തെച്ചിയും, തുമ്പയും, മുക്കുറ്റിയുമൊന്നും ഉണ്ടായിരിക്കില്ല.
മതം മാറിയ ഒരു എഴുത്തുകാരി ഹിന്ദുവല്ലാത്തതുകൊണ്ട് ഓണം എന്താണെന്നു തന്നെ തനിക്കറിയില്ലെന്നു പറഞ്ഞ് ഈയിടെയൊന്നു വേദനിപ്പിച്ചു. ഓണം കേരളീയരുടെ ദേശീയോത്‌സവമാണെന്ന പഴയ പാഠം ഒരു നുണയായിരുന്നിരിക്കാം. അല്ലെങ്കിൽതന്നെ ഹിന്ദുപുരാണത്തിലല്ലേ ഇതിനെപ്പറ്റിയൊക്കെയുളള വിവരണമുളളൂ. നമസ്‌ക്കാര പുസ്‌തകത്തിൽ ഓണം കുർബ്ബാനയില്ലാത്ത നസ്രാണികൾ ഇതൊക്കെയാഘോഷിക്കുന്നതെന്തിനാണ്?
ഏതു മതത്തിൽ നിന്നാലും ദൈവത്തിന് കരുണയുടെയും സ്‌നേഹത്തിന്റെയും മാത്രം മുഖമേയുളളൂ. എന്നിട്ടും ആ ദൈവത്തിന്റെ പേരിൽ ചേരിതിരിവും കൊലയും നടക്കുന്ന നാടല്ലെ. ഇനി ഓണമാഘോഷിക്കാൻ വാമന സീലുളള ലൈസൻസും പെർമിറ്റുമൊക്കെ വേണമെന്നൊരു നിയമം വന്നേക്കാം.
തത്‌ക്കാലം ഇതൊന്നുമില്ലാതെ തന്നെ കാനഡയിലെ മലയാളികൾ കൃത്യമായി ഓണമാഘോഷിക്കാറുണ്ട്. ജൂലായ് ഓഗസ്‌റ്റു മാസങ്ങളാണ് ഇവിടെ സ്‌ക്കൂളുകൾക്ക് അവധി. സെപ്‌റ്റംബർ ആദ്യം സ്‌ക്കൂൾ തുറക്കുന്നതിനുമുൻപുളള ഒരാഘോഷമായിട്ടാണ് കുട്ടികളിതിനെ കാണുന്നത്.
മലയാളി സംഘടനയുടെ നേതൃത്വത്തിലുളള കൂട്ടമായ ഓണാഘോഷത്തിന് സ്‌ത്രീകളുടെ തിരുവാതിര, കുട്ടികളുടെ ഡാൻസ്, കോലടി, പുരുഷൻമാരുടെ വളളം കളി, വില്ലടിച്ചാൻ പാട്ട്, ഓലക്കുട ചൂടിയ മഹാബലി….ഒടുക്കം പായസമുൾപ്പെടെയുളള സദ്യവരെയുണ്ടാകും. സ്‌ത്രീകളൊക്കെ പട്ടുസാരിയുടെ പകിട്ടു വേണ്ടെന്നുവച്ച് സെറ്റും, കേരള സാരിയും, കോട്ടൺ സാരിയുമൊക്കെയായി. ആണുങ്ങളാണെങ്കിൽ സായ്‌വൻ സൂട്ട് അലമാരിയിൽവച്ചിട്ട് മുണ്ട്, കൂർത്ത, നാടൻ ഷർട്ട് ഒക്കെയണിഞ്ഞ് യോഗ്യന്മാരായിട്ടങ്ങനെ. ഹൃദയമപ്പോൾ പൂർണ്ണമായും കേരളത്തിലാണ്. ആധുനിക കേരളത്തിലല്ല, ഓരോരുത്തരും വർഷങ്ങൾക്കുമുമ്പ് വിട്ടുപോന്ന കാലത്തെ കേരളത്തിൽ. ഇതെല്ലാം ഞങ്ങൾക്കു നാട്ടിലേക്കുളള മടങ്ങിവരവാണ്. ഹൃദയത്തിന്റെ ആഘോഷമാണ്.
ടൊറന്റൊയിൽ രണ്ടു മലയാളി കടകളാണുളളത്- റോയൽ കേരളയും, കോക്കനട്ട് ഗ്രൂവും. കടകൾ അകലെയായതുകൊണ്ട് ഓണച്ചന്തയ്‌ക്ക് ഒരാഴ്‌ച മുൻപേ പോകണം.
“അമ്മ ഉപ്പേരി ഉണ്ടാക്കേണ്ട, ടോമി അങ്കിളിന്റെ കടയിലെ ഉപ്പേരിക്കാണ് ടേസ്‌റ്റ്” എന്ന് ഉണ്ണി സ്‌നേഹത്തോടെ പറയും. ഈ കുട്ടിക്ക് സത്യസന്ധത അൽപ്പം കൂടിപ്പോകുന്നുണ്ടോ എന്നൊരു സംശയം അപ്പോൾ തോന്നാറുണ്ട്.
കടയിലെത്തിയാൽ കുഞ്ഞുണ്ണി ആദ്യമോടുന്നത് കേരള പറോട്ട എടുക്കാനാണ്. എണ്ണ വളരെ കുറച്ചു ചേർത്ത് ചുട്ടെടുക്കുന്ന അമ്മയുടെ ആരോഗ്യച്ചപ്പാത്തിയേക്കാൾ സ്വാദ് കേരള പറോട്ടക്കാണെന്ന് ആ ഓട്ടം കണ്ടാലറിയാം. കഷണ്ടിക്കാലമായിട്ടും ഉണ്ണിത്തം വിടാത്തയാൾക്കു വേണ്ടത് കപ്പലണ്ടി മിഠായി, നെയ്യപ്പം, കേരള മിക്‌ചർ! സ്‌റ്റാൻഡിൽ നിരത്തിവച്ചിരിക്കുന്ന മലയാളം പ്രസിദ്ധീകരണങ്ങൾക്കടുത്ത് പ്ലാവില കണ്ട ആടിനെപ്പോടെ കുറച്ചിട നിന്നുപോകും. ഒടുക്കം പലചരക്ക്, പച്ചക്കറി, പൂവൻപഴം ഒക്കെ വാങ്ങി മലയാളത്തിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ കേരളത്തിൽപോയ ഒരു സുഖം മനസ്സിനുണ്ടാവും.
ഊണു വിളമ്പിക്കഴിയുമ്പോഴാണ് ഇലയുടെ തല തിരിഞ്ഞു പോയെന്നറിയുന്നത്. എന്നും ഉണ്ണുന്ന കോണിംഗ് വെയർ പ്ലേറ്റിനേക്കാൾ നല്ലതാണ് തിരുവോണത്തിന് തല തിരിഞ്ഞ ഇലയെന്ന് ഗൃഹനാഥന്റെ ആശ്വസിപ്പിക്കൽ.
അവിയലിലെ മുരിങ്ങക്കോലു തോണ്ടിയെടുത്ത് “ദേ ഇതിനകത്തു ബോണുണ്ട്” എന്ന് കുഞ്ഞുണ്ണിയുടെ പരാതി. മുരിങ്ങക്കായ നട്ടെല്ലുളള പച്ചക്കറിയായി ഉയർന്നിരിക്കുന്നു!
അങ്ങനെ, പ്രദർശിപ്പിക്കാൻ പറ്റിയത്ര സൗന്ദര്യമുളള പെണ്മക്കളില്ലെങ്കിലും ആൺകുട്ടികൾ പൂവിറുത്തും അത്തമിട്ടും സദ്യയൊരുക്കാൻ സഹായിച്ചും ബുജികൾ പുച്‌ഛിക്കുന്ന കൃത്രിമയിലയിൽ ചോറുണ്ടും ഒരോണംകൂടി വന്നുപോകുമ്പേ ാൾ ഇവിടെ ഇങ്ങിനെയൊക്കെ എന്നേ പറയാനുളളൂ.
Generated from archived content: essay2_onam.html Author: nirmala
Click this button or press Ctrl+G to toggle between Malayalam and English