വിഷു ഇങ്ങനേയും……

നാട്ടിലെ വിഷു ചുട്ടുപൊളളിക്കുന്ന മീനച്ചൂടിന്റെ ഓർമ്മയിലാണു തുടങ്ങുന്നത്‌. മേടം ഒന്നിനു ഓട്ടുരുളിയിൽ തുളുമ്പുന്ന സമൃദ്ധിയും കത്തുന്ന നിലവിളക്കും കൈനീട്ടവും ഇപ്പോൾ ഏറെ അകലെയാണ്‌. കാനഡയിലിപ്പോൾ മഴക്കാലമാണെന്നു പറയാം. കേരളത്തിൽ പെയ്യുന്ന വേനൽമഴയുടെ സുഖവും സ്‌നേഹവുമൊന്നും ഈ മഴക്കില്ല. പുറത്ത്‌ ഇപ്പോഴും നല്ല തണുപ്പുണ്ട്‌. കോട്ടും സ്വെറ്ററും ഇല്ലാതെ പുറത്തിറങ്ങിയാൽ ചിലപ്പോൾ തണുത്തുറഞ്ഞുപോകും.

ഇവിടെ സ്വർണ്ണനിറത്തിൽ കൊന്നപ്പൂവുകൾ ഊഞ്ഞാലാടുന്ന ചെടികളില്ല. മഞ്ഞപ്പൂവു വിടരുന്ന ഡാന്റലൈൻ എന്ന കള കാണുന്നതു തന്നെ ഈ സമയത്ത്‌ കണ്ണിനു സന്തോഷമാണ്‌. മരങ്ങൾ ഇലയും പൂവുമില്ലാക്കൊമ്പുകൾ ആകാശത്തേക്കു നീട്ടി നിൽക്കുന്നു. മരക്കൊമ്പത്തിരുന്ന്‌ വിത്തും കൈക്കോട്ടും എന്നു കൂവുന്ന കൂട്ടുകാരുമില്ല.

ഇല്ല… ഇല്ല… ഇല്ലായ്‌മകളുടെ പല്ലവിപാടി മടുപ്പിക്കുന്നില്ല. പകരം ഇവിടെയുളളതൊക്കെ പെരുപ്പിച്ചു പറഞ്ഞാഹ്ലാദിക്കട്ടെ.

നവംബറിൽ വീഴാൻ തുടങ്ങിയ മഞ്ഞ്‌ മാർച്ചുവരെ ഭൂമി മൂടിക്കിടക്കും. ഈ വർഷം ഏപ്രിൽ ആദ്യം അസാധാരണമായിട്ടൊന്നുകൂടി മഞ്ഞുപൊഴിഞ്ഞു. മഞ്ഞു തീർന്നു കഴിയുമ്പോൾ ഏപ്രിലിൽ ഇടയ്‌ക്ക്‌ നിർത്താതെ മഴപെയ്യും. ഏപ്രിൽ ഷവേഴ്‌സ്‌ ബ്രിങ്ങ്‌ മെയ്‌ ഫ്ലവേഴ്‌സ്‌ എന്നാണ്‌ ഉത്തരയമേരിക്കയിലെ ചൊല്ല്‌. അവശേഷിച്ച മഞ്ഞൊക്കെ വെളളത്തിലൊലിച്ചുപോകും. ഉറങ്ങിക്കിടന്ന പുല്ലിന്റെ മുകുളങ്ങളെയൊക്കെ ഈ മഴ തൊട്ടുണർത്തും. ആകാശത്തേക്കു കൈനീട്ടി നിൽക്കുന്ന മരങ്ങളിലും ചെടികളിലും മുകുളങ്ങൾ വരുന്നത്‌ കണ്മുന്നിൽ കാണാം. ചെറിയ ലില്ലിപ്പൂവുകൾ പുല്ലിൽനിന്നും ഉയർന്നു വരുന്നത്‌ ഒറ്റരാത്രികൊണ്ടാണെന്നു തോന്നാറുണ്ട്‌.

ഇവിടെ വിഷു രാവിനേയും പകലിനേയും കൃത്യം രണ്ടായിപ്പകുക്കുന്നില്ല. ഭൂമദ്ധ്യരേഖയിൽനിന്നും അകലുംതോറും രാത്രിയുടെയും പകലിന്റേയും ദൈർഘ്യത്തിന്‌ വ്യത്യാസം വരും. ധ്രുവത്തോട്‌ അടുക്കുന്തോറും വേനൽക്കാലത്ത്‌ പകലിന്‌ രാത്രിയെക്കാൾ വളരെ നീളം കൂടുതലാണ്‌. ഇക്കാലത്ത്‌ സൂര്യപ്രകാശം കഴിയുന്നത്ര പ്രയോജനപ്പെടുത്താൻ വേണ്ടി ഈ നാട്ടിൽ ക്ലോക്ക്‌ ഒരു മണിക്കൂർ മുന്നോട്ട്‌ മാറ്റിവക്കും. ഏപ്രിലിലെ ആദ്യത്തെ ഞായറാഴ്‌ച വെളുപ്പിനെ രണ്ടുമണിക്കാണ്‌ ഇതുചെയ്യുന്നത്‌.

അതായത്‌ രാവിലെ ആറുമണി അന്നുമുതൽ ഏഴുമണിയാകുമെന്നർത്ഥം. ഒരുമണിക്കൂർ ഉറക്കം നഷ്‌ടം. ആദ്യത്തെ ഒരാഴ്‌ച ഇതുമായി പൊരുത്തപ്പെടുവാൻ വലിയ ബുദ്ധിമുട്ടാണ്‌. തീരാത്ത ഉറക്കവുമായിട്ടാണ്‌ എന്നും കാലത്തെ എഴുന്നേൽക്കുന്നത്‌. അതിനു പുറമെ ഒരുമണിക്കൂർ നേരത്തെ ഉണരണമെന്നുകൂടി പറഞ്ഞാൽ മനസ്സും ശരീരവും ഒരാഴ്‌ച പ്രതിഷേധിക്കും. ഒരാഴ്‌ച കഴിയുമ്പോഴേക്കും പുതിയ സമയവുമായി പൊരുത്തപ്പെടും.

ഇപ്പോൾ സൂര്യോദയം ഏകദേശം ഏഴു മണിക്കും അസ്തമയം എട്ടു മണിക്കുമാണ്‌. വൈകുന്നേരം ജോലി കഴിഞ്ഞു പുറത്തിറങ്ങുമ്പോഴും സൂര്യൻ ചിരിച്ചുകൊണ്ട്‌ ആകാശത്തു കാവലുണ്ട്‌. തണുപ്പത്ത്‌ അജ്‌ഞ്ഞാതവാസത്തിലായിരുന്ന അണ്ണാനും കിളികളുമൊക്കെ പറമ്പിലും വഴിയിലുമിരുന്ന്‌ ചൂടുവരുന്നേ ചൂടുവരുന്നേന്ന്‌ ചിലക്കുന്നതു കാണാം. അവയുടെ കൂടെക്കൂടി വേഗം ചൂടുവായേ എന്നു വിളിച്ചുകൂവാൻ തോന്നിപ്പോകും. സൂര്യപ്രകാശം തലയ്‌ക്കു പിടിച്ച്‌ ലക്കു കെടുന്ന ഈ അസുഖത്തിനെ സ്‌പ്രിംഗ്‌ ഫീവർ എന്നാണ്‌ ഉത്തരയമേരിക്കക്കാർ വിശേഷിപ്പിക്കുന്നത്‌. സൂര്യനെ വല്ലപ്പോഴും മാത്രം കണ്ട്‌ മഞ്ഞു കൂടി മാസങ്ങളായിട്ടുളള കിടപ്പിൽ നിന്നും പുറത്തുവരുന്നതിന്റെ ലഹരി. വസന്തത്തേയും ഗ്രീഷ്‌മത്തേയും സ്വീകരിക്കാനുളള ആവേശം. ഒക്കെക്കൂടി ഈ വസന്തപ്പനി സുഖമുളള ഒരു രോഗംതന്നെയാണ്‌.

രണ്ടായിരത്തിരണ്ടിലെ വിഷുവിന്‌ പാലക്കാട്ടായിരുന്നു. പല്ലുതേപ്പും കുളിയും കഴിഞ്ഞ്‌ വസ്‌ത്രം മാറി താഴെവന്നിട്ടാണ്‌ വിഷുക്കണി കണ്ടത്‌. വാടാൻ തുടങ്ങിയ പൂക്കളും എണ്ണവറ്റാറായ നിലവിളക്കും ഏതുതരത്തിലുളള വർഷമായിരിക്കും തരികയെന്ന്‌ മനസ്സിലോർക്കാതിരുന്നില്ല. ഇന്ദ്രപ്രസ്ഥയുടെ മുന്നിലെ റസ്‌റ്റോറന്റിൽ വിഷു സ്‌പെഷ്യലായി സമൃദ്ധമായ സദ്യയുണ്ടായിരുന്നു. വിശേഷ ദിവസമായതുകൊണ്ട്‌ ഹോട്ടലൂണിന്‌ അധികമാരും ഉണ്ടായിരുന്നില്ല. നാഴൂരി അവധികൊണ്ട്‌ നാടാകെ കറങ്ങേണ്ട കനേഡിയൻ മലയാളിക്ക്‌ വിഷു വീട്ടിൽത്തന്നെ കൂടണമെന്ന്‌ വാശിപിടിക്കാൻ പറ്റില്ലല്ലോ. റസ്‌റ്റോറന്റിലെ ജോലിക്കാരിൽ പ്രായത്തിൽ മൂത്തയൊരാൾ സ്‌നേഹത്തോടെ തന്നെയാണ്‌ പായസവും പ്രഥമനും വിളമ്പിയത്‌. വിഷുവായിട്ടും ജോലി ചെയ്യേണ്ടി വന്നതിലെ രസക്കേടൊന്നും ആ മുഖത്തുണ്ടായിരുന്നില്ല. മറിച്ച്‌ മുറിമലയാളം പറയുന്ന കുട്ടികളേയും, ഭക്ഷണം കണ്ടിട്ട്‌ വളരെക്കാലമായതുപോലെ വിഭവങ്ങൾ ചോദിച്ചു വാങ്ങി സ്വാദോടെ കഴിക്കുന്ന പ്രായമായവരെയും നോക്കി കൗതുകത്തോടെ ചിരിച്ചുകൊണ്ട്‌ അദ്ദേഹം മധുരം വിളമ്പി. അതുകൊണ്ടാവും ആ വർഷം ഐശ്വര്യക്കേടുകൾ ഇല്ലാതെ കടന്നുപോയി.

ഹാമിൽട്ടണിലെ മലയാളി സമാജത്തിന്റെ വകയായി വിഷുപരിപാടികൾ കാണാറില്ല. അല്ലെങ്കിൽത്തന്നെ മേടം ഒന്നിനു കണ്ണു തുറന്നാലുടൻ കാണേണ്ട കാഴ്‌ച അടുത്ത ശനിയാഴ്‌ച വൈകുന്നേരം ചടങ്ങായി കാണുന്നതിലെ ലോജിക്കും ശരിയാവുകയില്ല. ഇവിടെ കൂട്ടമായ ആഘോഷങ്ങളൊക്കെ ശനിയാഴ്‌ച വൈകുന്നേരമാണ്‌. ആഘോഷങ്ങളും സൗഹൃദവുമൊക്കെ ഊണിൽ കുരുങ്ങിയാണു കിടക്കുന്നതും.

പട്ടണത്തിനു നടുക്കുതന്നെ ഷോപ്പിംഗ്‌ കോപ്ലെക്‌സിന്റെ അരികിലായി കർഷകച്ചന്തയുണ്ട്‌. അവിടുത്തെ കടകളിൽ എപ്പോഴും പൂക്കളുടെയും പച്ചക്കറികളുടെയും ബഹളമാണ്‌. അടുത്തുകൂടിയെങ്ങാൻ പോയാൽ പൂക്കൾ കണ്ണുരുട്ടിയും കൈകാട്ടിയും വിളിക്കും. -വരുന്നില്ലേ എന്നെ കൊണ്ടു പോകുന്നില്ലേ എന്നൊക്കെയാണു പൂക്കിന്നാരം. എതിർവശത്തെ കടയിലെ തക്കാളിയും ക്യാബേജുമാണ്‌ അത്യാവശ്യമെന്ന്‌ ബുദ്ധി ശാസിക്കും. -ബുദ്ധി പണ്ടേ ഒരു മണ്ടനാണെന്ന്‌ ഹൃദയത്തിന്റെ തർക്കുത്തരം.

എന്നാലും നേരമില്ലായ്‌മയുടെ ഊരാക്കുടുക്കിൽ കിടന്ന്‌ നട്ടം തിരിയുമ്പോൾ പലപ്പോഴും കണിയൊരുക്കലൊന്നും നടക്കാറില്ല. കെണിയിലൊന്നും പെടരുതേയെന്ന്‌ ഉളളിലൊരു പ്രാർത്ഥനയോടെ ദിവസം തുടങ്ങും. എഴുന്നേൽക്ക്‌, കുളിക്ക്‌, കഴിക്ക്‌, വേഗം റെഡിയാവ്‌ എന്നൊക്കെ ഉണ്ണികളോടു നാവുകൊണ്ടുളള ഗുസ്തി കഴിഞ്ഞ്‌ വീട്ടിൽ നിന്നുമിറങ്ങാൻ വൈകും. നേരം വൈകിയിറങ്ങുന്നത്‌ അഡ്‌ജസ്‌റ്റു ചെയ്യാൻ കാറിന്റെ വേഗത കൂട്ടുമ്പോൾ അമിത വേഗതക്കുളള ഫൈൻ പോലീസിന്റെ കൈയിൽനിന്നും കൈനീട്ടമായി കിട്ടരുതേയെന്ന്‌ അടുത്ത പ്രാർത്ഥന.

പക്ഷേ ഹാമിൽട്ടണിലുളള സജീവിനേയും ദീപയേയും പോലുളളവർ തിരക്കിന്റെ പേരുപറഞ്ഞ്‌ കണികാണൽ ഒരിക്കലും ഒഴിവാക്കിയിട്ടില്ല. ആദ്യമൊക്കെ ഇവിടെക്കിട്ടുന്ന പച്ചക്കറികളും ധാന്യവും കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്നിട്ടുണ്ട്‌. ടൊറൊന്റൊയിൽ മലയാളിക്കടകൾ വന്നതോടെ ദാരിദ്ര്യം കുറഞ്ഞിരിക്കുന്നു. ഇപ്പോൾ ഈ കടകളിൽ വിഷുപ്പൊതികൾ കിട്ടും. കണിവെളളരിയും, ചെറുപഴവും, സാക്ഷാൽ കൊന്നപ്പൂവും ചീത്തയാവാതെ ഇവിടെയെത്തിക്കുന്നത്‌ എളുപ്പമല്ല. കോക്കനട്ട്‌-ഗ്രൗവിന്റെ ഉടമയായ ടോമി കൊക്കാട്ടു പറയുന്നത്‌ വില നോക്കാതെയാണ്‌ കൊന്നപ്പൂവു അയയ്‌ക്കാനാവശ്യപ്പെട്ടിരിക്കുന്നതെന്നാണ്‌. കുറച്ചധികം ഓർഡറുചെയ്യും കുറെയൊക്കെ ചീത്തയായിപ്പോയാലും നല്ലപൂവുകൾ ആവശ്യത്തിനുണ്ടാവുമല്ലോ.

കടലും കരയും താണ്ടി വരുമ്പോൾ ചിലപ്പോൾ പൂക്കൾ വാടിപ്പോകും. കഴിഞ്ഞവർഷം കൊന്നപ്പൂവ്‌ കേടുകൂടാതെയെത്തി. പക്ഷെ ഈ വർഷം വന്നതുമുഴുവൻ വാടിപ്പോയിരുന്നുവെന്ന്‌ റോയൽകേരളയുടെ ഉടമ സജി മംഗലത്തു പറഞ്ഞു. വാടിയ പൂവുകൾ ഐശ്വര്യചിഹ്‌നമായി വെക്കാൻ പറ്റില്ല. കഴിഞ്ഞ ഒൻപതു വർഷമായി അദ്ദേഹം ടൊറന്റൊയിലും സമീപപ്രദേശത്തുളളവർക്കും വിഷുക്കണിക്കാവശ്യമായ സാധനങ്ങളെത്തിക്കുന്നുണ്ട്‌. ഇത്തവണ വന്നിരിക്കുന്ന അഞ്ഞൂറു കണിവെളളരിക്ക മുഴുവനും ചിലവായിപ്പോകുമെന്ന്‌ ഉറപ്പു പറഞ്ഞിട്ട്‌ വിഷുക്കണിക്കാവശ്യമായ സാധനങ്ങൾ പ്രത്യേകം എടുത്തു സൂക്ഷിക്കണോ എന്നു ചോദിക്കാനും സജി മറന്നില്ല. വിഷുപ്പൊതി വിൽക്കുമ്പോൾ ലാഭമില്ലെന്നു മാത്രമല്ല പലപ്പോഴും നഷ്‌ടവുമാണ്‌. കടയുടമകളാണെങ്കിലും എല്ലാം ലാഭനഷ്‌ടത്തിന്റെ കളത്തിലൊതുക്കാനാവില്ലെന്ന്‌ ഇവരുടെ നിലപാടു പറഞ്ഞു തന്നു.

ഇതൊക്കെ വിശ്വാസമോ മനസ്സിന്റെ വെറും ആഹ്ലാദമോ ആവാം. എന്തായിരുന്നാലും കേരളത്തിലേക്കു നീളുന്ന പൊക്കിൾക്കൊടിയുടെ അദൃശ്യനൂലുകളറുക്കാൻ കാലത്തിനും ദൂരത്തിനും കഴിയുന്നില്ല എന്നതാണു സത്യം.

Generated from archived content: essay1_apr12.html Author: nirmala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here