വയൽപ്പച്ച മറക്കുന്ന മലയാളികൾ

ഞാൻ ജനിച്ചതും വളർന്നതും കൊല്ലം ജില്ലയിലെ പ്രകൃതി മനോഹരമായ ഒരു കൊച്ചുഗ്രാമത്തിലാണ്‌. ചെറുപ്പകാലത്ത്‌ ഞാനും എന്റെ കൂട്ടുകാരും കർഷകതൊഴിലാളികൾക്കൊപ്പം വയലുകളിൽ കൃഷിപ്പണികളിൽ ഏർപ്പെടുമായിരുന്നു.

വിത്തുവിതയ്‌ക്കാനും ഞാറു നടാനും കളപറിക്കാനും വിളഞ്ഞ നെൽച്ചെടികൾ അരിവാളാൽ കൊയ്‌ത്‌ കറ്റകളാക്കുവാനും പിന്നെയത്‌ മെതിക്കുവാനും വൈക്കോൽ ഉണക്കുവാനും ഉണങ്ങിയ വൈക്കോൽ അടുക്കി കൂന ഉണ്ടാക്കുവാനും എല്ലാം ഞങ്ങൾക്കറിയാമായിരുന്നു. എങ്കിലും വയലിലെ കഠിനജോലികൾ ഞങ്ങൾക്ക്‌ ഏറെ താത്‌പര്യമില്ലായിരുന്നു, എന്നാൽ ഞണ്ടുകളുടേയും മീനുകളുടേയും പിറകെ പായാനും വൈക്കോൽ കൂനകളിൽ മലക്കം മറിയാനും ഞങ്ങൾ ഏറെ ഇഷ്‌ടപ്പെട്ടിരുന്നു. ചെളി നിറഞ്ഞ വയലിലൂടെ അനുജത്തിയുമായി ഓടിക്കളിച്ചത്‌ ഇന്നും ഞാനോർക്കുന്നു. കർഷകരുടെ ഞാറ്റുപ്പാട്ടും കൊയ്‌ത്തുപ്പാട്ടും എത്ര രസമായിരുന്നു. വേനൽക്കാലത്ത്‌ വെളളം വറ്റിയ വയലുകൾ ഞങ്ങൾക്ക്‌ കളിസ്ഥലങ്ങളാകും. ഫുട്‌ബോളും കുട്ടിയും കോലുമൊക്കെയായിരുന്നു പ്രധാന കളികൾ.

ഏറെ വർഷങ്ങൾക്കുശേഷം കഴിഞ്ഞ ഓണക്കാലത്ത്‌ എന്റെ ഗ്രാമത്തിൽ തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്‌ച എന്നെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. എവിടെയും ഒരു വയൽത്തുണ്ടുപോലും കാണുന്നില്ലായിരുന്നു. നിറയെ ചെറുതും വലുതുമായ കെട്ടിടങ്ങൾ മാത്രം. ഓണക്കാലത്തിനെ രസകരമാക്കുന്ന പുലിക്കളിയും മാണിക്കച്ചെമ്പഴുക്കക്കളിയും വെറും ഓർമ്മകളായി എന്ന ദുഃഖസത്യവും ഞാൻ മനസ്സിലാക്കി. നമ്മുടെ സംസ്‌കാരം അതിവേഗം മാഞ്ഞുപോകുന്നു. പൊതുസ്ഥലങ്ങളിൽ സ്‌ത്രീകൾക്കുനേരെ അപമര്യാദയായി പെരുമാറുന്നതിനും പൊതുനന്മയ്‌ക്കുവേണ്ടിയുളള പ്രവർത്തനങ്ങളോട്‌ നിസ്സഹരണം പ്രകടിപ്പിക്കുന്നതിനും മാത്രം മാറ്റമില്ല. നമ്മുടെ പ്രിയപ്പെട്ട സംസ്‌കാരം നമുക്ക്‌ കൈമോശം വന്നിരിക്കുന്നു.

Generated from archived content: about-mar24.html Author: nirmala-a-pillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here