വരൂ, നമുക്കൊരു കപ്പു കാപ്പി കുടി കാണാം

“അറബിക്കടലിന്റെ റാണിയാകുന്ന ഈ മഹാനഗരത്തിൽ, ഏറ്റവും കൂടുതൽ സ്‌ത്രീസൗന്ദര്യങ്ങളെ (സുലഭമായ മധുരപതിനേഴു മുതൽ)കണ്ണുകൾക്കാസ്വദിച്ചു വിലയിരുത്താൻ കിട്ടുന്ന നഗരവീഥി ഏതാണെന്നു നിനക്കറിയാമോ?”

പ്രേമചന്ദ്രനോട്‌ സുഹൃത്തിന്റെ ചോദ്യം.

പിന്നെ, പ്രേമചന്ദ്രന്റെ അത്തരം അറിവില്ലായ്‌മയിൽ, അതിന്റെ ഉത്തരം, അതിനു പിൻബലമായി ഒരുപാടുപേരുടെ നിരീക്ഷണങ്ങൾ, കുറച്ചു മറ്റു തെളിവുകൾ എല്ലാമടങ്ങിയതായിരുന്നു സുഹൃത്തിന്റെ മറുപടി.

‘…. റോഡ്‌.“

കേട്ടനേരത്ത്‌ സുഹൃത്ത്‌ പറഞ്ഞ നഗരവീഥിയുടെ പേര്‌ പ്രേമചന്ദ്രനൊരു ചോദിചിഹ്‌നമായിരുന്നുവെങ്കിൽ കൂടി, ഇപ്പോളത്‌ തികച്ചും ആശ്ചര്യപ്പെടുത്തിയ ഒരു വിശ്വാസമായി രൂപപ്പെട്ടിരിക്കുകയാണ്‌. കേട്ടറിവിൽനിന്ന്‌ കണ്ടറിവിലേക്ക്‌ അത്‌ മറ്റുളളവർക്ക്‌ ബോധ്യപ്പെടുത്താനുളള പ്രേമചന്ദ്രന്റെ തിരുക്കമാകാം, ’അതുകൊണ്ട്‌ അത്ര വലുതല്ലാത്ത, ചെറുതല്ലാത്ത ആ റോഡിന്റെ വലതുവശത്തെ കെട്ടിടങ്ങളുടെ നിരകളിലൊന്നിലേക്ക്‌ നിങ്ങളെ എന്നോടൊപ്പം ക്ഷണിക്കുന്നു.” എന്ന ഭാവപ്രകാശനത്തോടെ ധൃതിപ്പെട്ട്‌ എന്റെ കൈയ്യിൽ പിടിച്ചത്‌.

“വരൂ” പ്രേമചന്ദ്രൻ നിർബന്ധിച്ചു. “നമുക്കൊരു കപ്പ്‌ കാപ്പി കുടിക്കാം.”

(സോറി, നിങ്ങൾ എന്റെ ആത്മാർത്ഥതയെ തെറ്റിദ്ധരിക്കരുത്‌. എന്റെ കണ്ണുകൾ മുന്നിലുളള ചുവന്ന ചുരിദാർ ധരിച്ച യുവതിയിലുടക്കിയിരിക്കുകയാണെങ്കിലും, മനസ്സു മുഴുവൻ നിങ്ങളോട്‌ പറഞ്ഞ ഈ വാക്കുകളിൽ തന്നെയായിരുന്നു).

“രണ്ടു കോഫി, പിന്നെ…”

സൽക്കാരം ഓർഡർ ചെയ്‌തിട്ട്‌ പ്രേമചന്ദ്രൻ റോഡിനെ കുറിച്ചുളള വിശ്വാസരൂപീകരണത്തിന്റെ അതിശയചരിത്രം കെട്ടഴിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം അവിടെവച്ച്‌, കാപ്പിക്കു മധുരം പോരായെന്നു തലച്ചോറിൽ ഒരു സീറോ ബൾബ്‌ മിന്നിതെളിയുമ്പോഴാണ്‌, പ്രേമചന്ദ്രന്റെ മുന്നിലിരുന്ന വയസ്സായ ആൾ തിളങ്ങുന്ന കഫത്തിന്റെ സ്‌ഫടികച്ചീളുകൾ അയാളുടെ തൊണ്ടവരമ്പിൽ ഉച്ചത്തിൽ കിലുക്കാനാരംഭിച്ചത്‌.

“ഒരു ചീള്‌ തെറ്റിയകന്ന്‌ എന്റെ കാപ്പിക്കപ്പിലോ, മുഖത്തോ മറ്റോ തെറിച്ചോ?”

പ്രേമചന്ദ്രനെ സംശയം പുകയുന്ന ഒരസ്വസ്ഥത ബാധിച്ചു. ഒന്ന്‌, രണ്ട്‌, മൂന്ന്‌…., എന്ന്‌ തുടർന്നുപോയ പ്രേമചന്ദ്രന്റെ ഹൃദയമിടിപ്പുകളുടെ ഒടുക്കത്തിൽ, തന്നോടൊപ്പമുണ്ടായിരുന്ന- കൊച്ചിയിലെ മാലിന്യത്തെ സ്‌മരിക്കാം- ദുർഗന്ധത്തോടെ അവനൊരു ഓക്കാനം സമ്മാനിച്ച്‌ അയാളെഴുന്നേറ്റ്‌ പുറത്തേക്ക്‌ പോയി.

“എന്റെ കാപ്പിക്കപ്പിൽ നിറയെ കഫത്തിന്റെ സ്‌ഫടികചീളുകൾ പൊന്തിക്കിടന്നു കുലുങ്ങുന്നു…?”

വീണ്ടും സംശയം, മുൻപത്തെ സംശയത്തിന്റെ പിന്തുടർച്ച. അവിടെ നിന്നങ്ങോട്ട്‌ വലിഞ്ഞുകയറുന്ന കുറെ വെളിപാടുകളുടെ അസ്വസ്ഥത നിറഞ്ഞ ചെയിൻസ്‌മോക്കിംഗിൽ പ്രേമചന്ദ്രൻ ഏർപ്പെട്ടു. ഈ നിമിഷം തന്റേതെന്ന അഹങ്കാരത്തോടെ, പ്രേമചന്ദ്രൻ ഓരോരോ ചുംബനങ്ങളായി ഇടയ്‌ക്കിടെ നൽകുന്ന ഓരോ ചുംബനത്തിലും ചോര വലിച്ചെടുക്കുന്നു- ഈ കാപ്പിക്കപ്പ്‌ തൊട്ടുമുൻപ്‌ അപസർപ്പകനോവലിലെ മന്ത്രവാദിയെ ഓർമിപ്പിച്ച്‌, തിളങ്ങു​‍ുന്ന കഫത്തിന്റെ സ്‌ഫടികചീളുകൾ കിലുക്കി, റോഡിലെ വാഹനങ്ങൾ പുറംതളളുന്ന കറുത്ത മേഘത്തിൽ ലയിച്ച വയസ്സനെ (വൃത്തികെട്ടവൻ, യാചകൻ) പോലെയുളളവരുടെ, പകർച്ചവ്യാധിയുളളവരുടെ ഒക്കെ വൃത്തികെട്ട ചുംബനങ്ങൾക്ക്‌ പ്രേമചന്ദ്രനു മുൻപ്‌ എത്രയോ പ്രാവശ്യം ചുണ്ടുകൾ നൽകിയിട്ടുണ്ടാവാം?

ചിന്തകൾ പെരുകുന്നതിനിടയിൽ കയ്യിലിരുന്ന കാപ്പിക്കപ്പിനെ നോക്കി പ്രേമചന്ദ്രൻ തന്റെ തിരിച്ചറിവ്‌ അവതരിപ്പിച്ചു.

“കാരണം, നീ ആരുടെയും സ്വന്തമല്ല. എന്നാൽ എല്ലാവരുടെയും സ്വന്തമാണ്‌. നീ മരിക്കുന്നതു വരെ വേശ്യയാണ്‌.” മന്ത്രവാദി നൽകിയ അവിസ്‌മരണീയമായ ഒരോക്കാനം- നേരത്തെ അകത്തേക്കോ, പുറത്തേക്കോ പോകാതെ നിന്നത്‌- പെട്ടെന്ന്‌ ഉയർത്തെണീറ്റു.

‘ഏഓവ്വ്‌’- തൊട്ടുമുന്നിലിരുന്ന മറ്റൊരാൾക്ക്‌ പ്രേമചന്ദ്രൻ സമ്മാനിച്ചത്‌, അവിസ്‌മരണീയമായ, തനിക്കു ലഭിച്ചതിനേക്കാൾ മുന്തിയോരോക്കാനം തന്നെയാണ്‌.‘ അയാളുടെ മുഖം ഈർഷ്യ നിറഞ്ഞ ഒരൊച്ചയോടെ അതു സൂചിപ്പിച്ചത്‌ അറബിക്കടലിനപ്പുറവും കേട്ടു കാണും!

ഓക്കാനം പുറത്തുവന്നതോടു കൂടിയാണ്‌, നിരന്തരം തികട്ടുന്ന ഒരു സംഭ്രമം പ്രേമചന്ദ്രനെ ബാധിച്ചത്‌.

“ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌ എന്നെ പിടിച്ചുലയ്‌ക്കുന്നു. കപ്പിനും ചുണ്ടിനുമിടയിൽ എന്താണു സംഭവിക്കുന്നത്‌? നാലു രൂപയുടെ കാപ്പിക്ക്‌ നാനൂറു രൂപ മൂല്യമുണ്ടായിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു, എന്റെ ഭൂതക്കാലത്തിൽ (ഇതെന്തിനാണു ഞാനിപ്പോൾ ഓർക്കുന്നത്‌. മലിനീകരിക്കപ്പെട്ട ഈ കാപ്പി എന്നെ കൊണ്ട്‌ കുടിപ്പിച്ചേ വിധി അടങ്ങൂ, എന്നുണ്ടോ?) അതുകൊണ്ട്‌ എനിക്കതു പാഴാക്കാൻ നിങ്ങൾ വലിച്ചെറിഞ്ഞോക്കാനിച്ചു പോകുന്നതെനിക്കു കാണാമെങ്കിലും പറ്റില്ല സുഹൃത്തേ.”

കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത്‌ കാപ്പി ഉപേക്ഷിച്ച്‌ പോയെങ്കിലും പ്രേമചന്ദ്രന്‌ പരാതിയോ, പരിഭവമോ ഒന്നുമില്ല.

“കളയാമെന്ന്‌ കരുതിയിട്ട്‌ അതു കയ്‌ക്കുന്നുമില്ല. ഇറക്കാമെന്നു കരുതിയിട്ട്‌ മധുരിക്കുന്നുമില്ല. നേരം ഒരുപാട്‌…”

പ്രേമചന്ദ്രനിൽ വീണ്ടും തികട്ടുന്ന സംഭ്രമം. അസ്വസ്ഥതകളുടെ അരുചി. ആ ഇരുപ്പിൽ, കാപ്പിക്കപ്പിന്റെ ഭൂതകാലം വേരുവച്ച വാക്കുകളിൽ ഉറുമ്പുകൾ ഇൻസ്പെക്ഷൻ നടത്തി മടങ്ങുന്നതു പോലുമറിയാത്ത അത്രയുമൊരു വിഷമഘട്ടത്തിലാണ്‌, ഒരു ’നീലചുരിദാർ..!‘

പ്രതിസന്ധിഘട്ടങ്ങളിൽ ചാപല്യങ്ങളിൽ നിന്നായാലും ചില വെളിപാടുകൾ കൈവരുന്നത്‌ എത്ര അനുഗ്രഹീതമാണ്‌. നീല ചുരിദാർ വളരെ സുന്ദരമാണ്‌. പക്ഷേ അതു ധരിച്ച യുവതി നീല ചുരിദാറിനോളം സുന്ദരിയല്ല.

എങ്കിലും കൂടെയുളളവൾ? ടൈറ്റ്‌ ബനിയനും, ഇറുകിയ ജീൻസും കണ്ടുപിടിച്ചവൻ എത്ര വലിയ മഹാനാണ്‌! എഡിസണേക്കാളുമധികം. ഐൻസ്‌റ്റീനേക്കാളുമപ്പുറം. പ്രേമചന്ദ്രന്റെ ചിന്തകൾ പലവഴി ചുറ്റിത്തിരിഞ്ഞ്‌…

അവന്റെ തുറിച്ച രണ്ടു കണ്ണുകൾക്കുമുന്നിൽ, ആ സ്ര്ടോബറി പെൺചുണ്ടുകൾ നിരന്തരം മറ്റൊരു വേശ്യയെ (ഓ, അവരുടേത്‌ ഒരാൺവേശ്യയാണ്‌!) ചുംബിക്കുന്നു.

നോട്ടം, നിലയ്‌ക്കാത്ത ഒരൊഴുക്കായി നിരന്തരം പ്രേമചന്ദ്രനിൽ നിന്ന്‌ അവരിലേക്ക്‌ ചെന്നെത്തിക്കൊണ്ടിരിക്കുമ്പോൾ, അവന്റെ ജീവിതത്തിലെ തൊട്ടുമുമ്പത്തെ ചില നിമിഷങ്ങൾ (തിളങ്ങുന്ന കഫത്തിന്റെ സ്‌ഫടികചീളുകൾ കിലുക്കുന്ന മന്ത്രവാദിയെ പ്രേമചന്ദ്രൻ അഭിമുഖീകരിച്ചിട്ടുണ്ടെന്നാരെങ്കിലും പറഞ്ഞാൽ അത്‌ ശുദ്ധ അസംബന്ധം) സാവധാനം മാഞ്ഞില്ലാതായി. പ്രേമചന്ദ്രനു തൊട്ടുമുൻപ്‌, കുറെയധികം മുൻപും, എത്രയോ സ്‌ട്രോബറി പെൺചുണ്ടുകളുടെ അധരച്ചോര, അവന്റെ കയ്യിലെ വേശ്യയുടെ (അത്‌ഭുതം!, അവന്റേതും ഒരാൺവേശ്യയാണെങ്കിൽ പ്രേമചന്ദ്രനെപ്പോഴാണൊരു ’ഗേ‘ ആയി മാറിയത്‌?) ക്യാൻവാസിൽ ആധുനിക ചിത്രരചനയുടെ വരകളും, പ്രതീകങ്ങളുമായി- അതിനുവേണ്ടി പ്രത്യേകമായി തുറന്നുവച്ചിരിക്കുന്ന- പ്രേമചന്ദ്രന്റെ കണ്ണുകൾക്കു മുന്നിൽ വെളിവായീടുന്നു.

ടൈറ്റ്‌ ബനിയനും, ഇറുകിയ ജീൻസും, നീല ചുരിദാറും തങ്ങളോടൊപ്പം നിറഞ്ഞുനിന്നിരുന്ന സുഗന്ധം- ആ സുഗന്ധം നിലാവിന്റെ സുഗന്ധമായിരുന്നു (നിലാവിന്റെ സുഗന്ധം മൂക്കിനറിയില്ല, കണ്ണിനറിയാം!) തുറന്നുവച്ച സ്ര്പേസ്‌ഫടികപാത്രം പോലെ ഇരിക്കുന്ന പ്രേമചന്ദ്രനിൽ നിറച്ചുവച്ച്‌ എഴുന്നേറ്റ്‌, കാറ്റിനൊപ്പം പുറത്തേക്കു പോയി.

ഒന്നിനുപുറകെ മറ്റൊന്നായി വലിഞ്ഞു കയറപ്പെട്ട വെളിപാടുകൾക്കപ്പുറം ഇനി അനിവാര്യമായ സമാധിയാണ്‌. പ്രേമചന്ദ്രൻ തലേന്ന്‌ അടർത്തിയ ആത്മഗതങ്ങൾ, കഥയുടെ ഭാഗമായി അതേ മൂഡിൽ ആവർത്തിക്കുന്നു.

1) “ഇപ്പോൾ, എന്റെ മുന്നിലെ കാപ്പിക്കപ്പ്‌ തികച്ചും കാലിയാണ്‌. ഭൂതകാലത്തിന്റെ വിലമതിക്കുന്ന നാലുരൂപ വൃഥാ നഷ്‌ടമായില്ല!”

വളരെ ആശ്വാസമുണ്ട്‌ പ്രേമചന്ദ്രന്‌, ഉൻമേഷവും.

2) “സുഹൃത്തേ, നീ പറഞ്ഞത്‌ എത്ര പൊരുളാർന്ന വാസ്‌തവം. എന്തെന്നാൽ, അറബിക്കടലിന്റെ റാണിയാകുന്ന ഈ മഹാനഗരത്തിലെ ’സ്‌ത്രീസൗന്ദര്യ‘മീ, ’….. റോഡ്‌!‘ൽ തന്നെയാണു വഴിയോരത്തെ മരങ്ങളെപ്പോലെ പൂത്തുലഞ്ഞു പൂവിട്ടു നിൽക്കുന്നത്‌!”

അതിനേക്കാളേറെ വിശ്വാസവും, നിർവൃതിയും.

Generated from archived content: stort3_nov19_08.html Author: niranjan_t_s

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English