“കൊച്ചി നഗരത്തിലെ
ബസ്സുകൾക്കെന്തുകൊണ്ട് ചുവപ്പുനിറം?”
അതറിയുന്നതിനു മുൻപേ
നാലുപിൻചക്രങ്ങൾക്കിടയ്‌ക്ക്
നൂറായിരമാത്‌മാക്കൾ
ടാർറോഡിൽ ബലിതർപ്പണം കാത്ത്
വിശന്നിരുപ്പുണ്ടെന്നറിയുക!
ബ്രോഡ്‌വേയിൽ നിന്ന്
മേനകാബസ്‌റ്റോപ്പിനുമുകളിലൂടെ
ചിറകടിച്ചുപറക്കുന്ന പട്ടണപ്രാവുകൾ
ബേ പ്രൈഡ് മാളിലേക്കെത്തുന്നതിനിടയ്‌ക്ക്,
ആകാശത്ത് ഒരു നിമിഷത്തോളം
നടുങ്ങിവിറച്ച് നിശ്ചലമാകുന്നതെന്തെന്നറിയുക!
കാരണം, താഴെയാ ടാർറോഡിൽ
സ്‌കൂൾ യൂണിഫോം ധരിച്ച
പെൺകുട്ടിയുടെ
ബാഗിൽ നിന്നു പുറത്തേക്കുതെറിച്ച
അടപ്പു വേർപെട്ട
ലഞ്ച് ബോക്‌സിൽ നിന്നു
ചിതറിയ തലച്ചോറ്
ടയറുണ്ണുന്നതിനു മുൻപ്,
ഡോറാപ്പീസറുടെ
മരണമണി മുഴങ്ങിയപ്പോൾ
പെൺകുട്ടി വായുവിൽ ട്രപ്പീസാടുകയായിരുന്നെന്നറിയുക.!
Generated from archived content: poem3_may6_10.html Author: niranj