നർമ്മം
———————
‘’അച്ഛാ,ഈ വാലന്റയിൻ ദിനമെന്നു വെച്ചാൽ എന്താ’’ രാവിലെ പത്രവും കയ്യിൽ പിടിച്ചുകൊണ്ട് നാലാം ക്ലാസുകാരനായ മകൻ സംശയവുമായി എത്തിയിരിക്കുകയാണ്.
‘’മോന് അതൊന്നും മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല. വേണമെങ്കിൽ ശിശുദിനത്തെക്കുറിച്ചോ മറ്റോ പറഞ്ഞുതരാം.’
‘’അതൊക്കെ ആർക്കാണറിയാൻ വയ്യാത്തത്. കുട്ടികൾ സംശയവുമായെത്തിയാൽ ഇങ്ങനെയാണോ തീർത്തു കൊടുക്കുന്നത്’’
മോന്റെ പിന്നാലെ ശുപാർശയുമായി പ്രിയതമയെത്തിയപ്പോഴാണ് ചോദ്യത്തിന് പിന്നിലെ പ്രേരകശക്തിയെ പിടികിട്ടിയത്. പലപ്പോഴും അങ്ങനെയാണ്, അവൾക്കറിയാത്ത കാര്യങ്ങൾ നേരെ എന്റെ അടുത്തേക്ക് റഫർ ചെയ്യും.
‘’ഇപ്പോൾ അറിഞ്ഞിട്ടെന്തു വേണം. പി.എസ്.സി.പരീക്ഷ വല്ലതും എഴുതുന്നുണ്ടോ’’
‘’അതൊന്നും പറയാതിരിക്കുന്നതാ നല്ലത്, നേരത്തെ ശ്രമിച്ചിരുന്നെങ്കിൽ ചോദ്യപ്പേപ്പർ ചോർത്തി എവിടെയെങ്കിലും ജോലിക്ക് കയറാമായിരുന്നു.’’ എന്നെ നോക്കിയാണ് ഭാര്യ പറഞ്ഞതെങ്കിലും എന്നെത്തന്നെ ഉദ്ദേശിച്ചാണോ എന്ന സംശയത്തോടെ ചോദിച്ചു.
‘’അപ്പോൾ ഞങ്ങളൊക്കെ അങ്ങനെ ജോലിക്ക് കയറിയതാണെന്നാണോ പറയുന്നത്.’’
‘’അത് കേറിയവർക്കല്ലേ അറിയാൻ കഴിയൂ. ഞങ്ങളെപ്പോലെയുള്ളവർ വെറുതെ കുത്തിയിരുന്ന് പഠിച്ച് ജീവിതം പാഴാക്കി.’’
അവളുടെ വാക്കുകൾ കേട്ടപ്പോൾ ചിരിയാണ് വന്നത്. പത്രമെങ്കിലും കൃത്യമായി വായിച്ചാൽ മതിയായിരുന്നു. ‘’തൽക്കാലം അത് പറഞ്ഞ് സമയം പാഴാക്കണ്ട. ജോലി കിട്ടുംവരെ ഇങ്ങനെ പല ദിനങ്ങളും കാണാതെ പഠിക്കുമെങ്കിലും കിട്ടിക്കഴിഞ്ഞാൽ ആകെ ഒരു ദിനമേ ഞങ്ങൾ നോക്കാറുള്ളു. അതിനെപ്പറ്റി വേണമെങ്കിൽ പറഞ്ഞു തരാം.’’
അതേതു ദിനമെന്ന മട്ടിൽ അമ്മയും മകനും എന്നെ നോക്കി.
‘’അത് വളരെ പ്രധാനപ്പെട്ട ഒരു ദിനമാണ്, ഞങ്ങൾ മാത്രമല്ല നിങ്ങളും കാത്തിരിക്കുന്ന ദിനം. ശമ്പള ദിനം. ഇംഗ്ലീഷില്‍ സാലറി ഡേ എന്നു പറയും’’
ഞാൻ വിശദീകരിച്ചു കഴിഞ്ഞപ്പോൾ പ്രിയതമയും ചിരിക്കാതിരുന്നില്ല.
Generated from archived content: story5_apr28_15.html Author: nina_mannancheri