എന്നത്തെയും പോലെ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു വൈകുന്നേരമെന്നാണ് അയാള്‍ക്ക് അന്നും തോന്നിയത്. അസാധാരണ സംഭവങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമെന്ന ഒരു സൂചനയും അന്ന് ഉണ്ടായിരുന്നുമില്ല. പാലത്തില്‍ നിന്നാല്‍ തന്നെ കടല്‍ കാണാം. അതു കൊണ്ടു തന്നെ പലപ്പോഴും അയാള്‍ തീരത്തേക്ക് പോകാറുമില്ല. ഒരായിരം ഓര്‍മ്മകള്‍ തിരകളോടൊപ്പം ആര്‍ത്തലച്ചെത്തും. ഏതെങ്കിലും പരിചയക്കാരെ കണ്ടാല്‍ തീര്‍ന്നു. എല്ലാം മറന്ന് അല്‍പനേരം കടലിന്റെ സൗന്ദര്യത്തില്‍ അലിഞ്ഞു ചേരാനാണ് വരുന്നതെന്ന ബോധമില്ലാതെ കലപില കൂട്ടുന്ന അവരുടെ പൊങ്ങച്ചങ്ങള്‍ക്ക് ചെവി കൊടുക്കാനാകും പിന്നെ വിധി.
ഈ പാലത്തില്‍ നിന്നാല്‍ എല്ലാം ഒഴിവാക്കാം. ജീവിതത്തിന്റെ ഏകാന്തതയ്ക്ക് ആശ്വാസമായി എഴുത്തിന്റെയും വായനയുടെയും വിരസതയില്‍ താങ്ങായി. അങ്ങനെ എല്ലാം അയാള്‍ക്ക് കടലായി മാറിയിരുന്നു. അയാളുടെ സ്വപ്നങ്ങളുടെ ആകെത്തുക തന്നെയായിരുന്നു കടല്‍. സന്തോഷവും ദുഃഖവും ഇരുകൈകളും നീട്ടി ഒരുപോലെ ഏറ്റുവാങ്ങുന്ന കടല്‍. പാലത്തിന്റെ കൈവരികളില്‍ പിടിച്ച് കടലിലേക്ക് നോക്കി നില്‍ക്കുമ്പോഴാണ് പാലത്തിന്റെ അങ്ങേയറ്റത്ത് നിന്ന അവള്‍ അയാളുടെ കണ്ണുകളിലേക്ക് വന്നത്. ഏകാന്തതയില്‍ കരടായെത്തിയ അവളോട് അയാള്‍ക്ക് എന്തെന്നില്ലാത്ത വെറുപ്പാണ് തോന്നിയത്.
സ്വന്തം ഏകാന്തതയും വിരസതയും മാറ്റാന്‍ വന്നിട്ട് മറ്റുള്ളവരുടെ കാര്യവുമാലോചിച്ച് സമയം കളയുന്നതെന്തിനെന്ന് ആലോചിച്ച് അയാള്‍ തന്റെ തന്നെ ലോകത്തേക്ക് പോയി. അതിനിടയിലെപ്പോഴോ കേട്ട ശബ്ദമാണ് അയാളെ ചിന്തയില്‍ നിന്നുണര്‍ത്തിയത്. പാലത്തില്‍ നിന്നും എന്തോ താഴേക്ക് വീണതാണോ?ശബ്ദം കേട്ടാകാം എവിടെ നിന്നൊക്കെയോ ആളുകള്‍ ഓടിക്കൂടി. എന്നിട്ടും എന്താണ് സംഭവിച്ചതെന്ന് അയാള്‍ക്ക് മനസിലായില്ല. പെട്ടെന്നാണ് പാലത്തിന്റെ അറ്റത്ത് നിന്നിരുന്ന പെണ്‍കുട്ടിയെ അവിടെ കാണാനില്ലല്ലോ എന്ന സത്യം ഒരു ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞത്. അവള്‍ താഴേക്ക് ചാടാന്‍ വേണ്ടിയാണോ അവിടെ വന്നു നിന്നത്. താന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ അവളെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ?കുറ്റബോധം അയാളെ വേട്ടയാടി.
ഓടിക്കൂടിയ ആളുകള്‍ക്കിടയില്‍ നിന്നും അവളെ രക്ഷിക്കാന്‍ ആരെങ്കിലും ഇപ്പോള്‍ താഴേക്ക് ചാടും എന്നയാള്‍ പ്രതീക്ഷിച്ചു. നീന്തലറിയാമായിരുന്നെങ്കില്‍ എന്ന് അയാള്‍ ആശിച്ചു പോയ ഒരു നിമിഷവും കൂടിയായിരുന്നു അത്. എങ്കിലും വന്നവരുടെ ആവേശം കണ്ടപ്പോള്‍ അയാള്‍ വല്ലാതെ സന്തോഷിച്ചു. ഇക്കാലത്തും ഇങ്ങനെയുള്ള ചെറുപ്പക്കാരുണ്ടല്ലോ എന്നയാള്‍ അഭിമാനത്തോടെ ഓര്‍ത്തു. പക്ഷേ നിമിഷങ്ങള്‍ കൊഴിഞ്ഞു പോകുന്നതല്ലാതെ ആരും താഴേക്ക് ചാടുകയുണ്ടായില്ല.
‘’ ഇത്ര നേരം ഇവിടെ വെറുതെ നോക്കിക്കൊണ്ട് നിന്നിട്ട് … ഇത്തിരിനേരത്തെ ചാടിയിരുന്നെങ്കില്‍ നല്ല ക്ലിയര്‍ പടം കിട്ടിയേനെ.’’ ആരുടെയോ ശബ്ദം ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും മുഴങ്ങി.
‘’ എന്തോ ചതി പറ്റിയതാകണം….’’ അഭിപ്രായപ്രകടനങ്ങള്‍ക്ക് ആളുകള്‍ മല്‍സരിച്ചു. പോക്കറ്റുകളില്‍ നിന്നും വിവിധതരം മൊബൈല്‍ ഫോണുകള്‍ പുറത്തെത്തി.
‘’ ഇത്തിരി വെളിച്ചം കൂടിയുണ്ടായിരുന്നെങ്കില്‍…’’ വെളിച്ചമില്ലാത്ത ലോകത്ത് ജീവന് വേണ്ടി മല്ലിടുന്ന അവളെ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ പറഞ്ഞു. പിന്നെയും അഭിപ്രായങ്ങള്‍ പലതും വന്നു. കേട്ടറിഞ്ഞവര്‍ കടപ്പുറത്തു നിന്നും വീണ്ടും വീണ്ടും വന്നു കൊണ്ടിരുന്നു. അവളുടെ അവസാന ഞരക്കങ്ങള്‍ക്ക് മീതെ മൊബൈല്‍ ക്യാമറകളുടെ വെളിച്ചം പതിഞ്ഞു കൊണ്ടിരുന്നു.
Generated from archived content: story2_oct9_13.html Author: nina_mannancheri