റെയില്‍വേ സ്റ്റേഷനില്‍ രാത്രിവണ്ടി കാത്തിരിക്കുമ്പോഴാണ് തികച്ചും അവിചാരിതമായി ആ പെണ്‍കുട്ടി അയാളുടെ കാഴ്ച്ചകളില്‍ വന്നുപെട്ടത്.കാത്തിരിപ്പ് ബഞ്ചിന്റെ ഒരറ്റത്ത് കയ്യിലൊരു ബാഗും കണ്ണുകളില്‍ സംഭ്രമവുമായി ഇരിക്കുകയായിരുന്നു അവള്‍. തേച്ചുമിനുക്കിയിട്ടില്ലെങ്കിലും ഇളംമഞ്ഞനിറത്തിലുള്ള ചുരിദാറില്‍ അവള്‍ സുന്ദരിയായിരുന്നു…
വൈകിവരുന്ന വണ്ടികളുടെ അറിയിപ്പ് അതിനിടയില്‍ മുഴങ്ങിക്കൊണ്ടിരുന്നു.കൃത്യത പാലിക്കുന്ന ഒരു വണ്ടിയുടെയും കാര്യം ഇതുവരെ പറഞ്ഞു കേട്ടില്ലല്ലോ എന്ന് അയാള്‍ ആലോചിക്കാതെയുമിരുന്നില്ല ..ജീവിതം പോലെ വൈകിയും പാളം തെറ്റിയുമാണ് വണ്ടികളുടെ ഓട്ടവും, ഇടക്കിടെ അവള്‍ ചുറ്റും നോക്കുന്നുണ്ട്.ആരെയോ പ്രതീക്ഷിക്കുന്നതു പോലെ…അതോ ആരെയോ പേടിക്കുന്നതു പോലെയോ..ആരുടെയോ കൂടെ ഒളിച്ചോടാന്‍ തീരുമാനിച്ചു വന്നതാകണം.പിച്ചവെച്ചു തുടങ്ങുമ്പോള്‍ കൈ പിടിച്ചു നടത്തിയ വീട്ടുകാരെ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ വഴിയിലുപേക്ഷിച്ച് ഇന്നലെ പരിചയപ്പെട്ട ഒരാളുടെ കൈ പിടിച്ചു നടക്കാന്‍ ഈ പെണ്‍കുട്ടികള്‍ക്കെങ്ങനെ കഴിയുന്നുവെന്നത് ഇനിയും അയാള്‍ക്ക് മനസ്സിലാകാത്ത കാര്യമാണ്..പരിശുദ്ധസ്നേഹത്തിനു വേണ്ടിയുള്ള ത്യാഗമാണോ അതിനു പിന്നില്‍…മണ്ണാങ്കട്ട..! ,എത്രയെത്ര സ്വപ്നങ്ങളുമായി എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ച് കൊടുത്ത് വളര്‍ത്തിവലുതാക്കിയ വീട്ടുകാരോടില്ലാത്ത സ്നേഹവും ത്യാഗവും മറ്റൊരാളോട് തോന്നുന്നതിന്റെ മനശ്ശാസ്ത്രം എന്താണ്?
അങ്ങനെ ആരുടെയോ കൂടെ പോകാന്‍ വന്നതു തന്നെയാകണം ഇവളും. വിടര്‍ന്ന കണ്ണുകളില്‍ നിഷ്കളങ്കതയുണ്ട്..അലസമായിടിരിക്കുന്ന മുടിയിഴകളില്‍ കാവ്യഭംഗിയുണ്ട്.രാത്രി റെയില്‍വേ സ്റ്റേഷനില്‍ വന്നിരിക്കണമെങ്കില്‍ കൂടുതല്‍ സാധ്യതയും ഒളിച്ചോട്ടത്തിന് തന്നെയാണ്…ഇടക്കിടെ അറിയിപ്പ് മുറ തെറ്റാതെ മുഴങ്ങിക്കൊണ്ടിരുന്നു. അയാള്‍ക്ക് പോകാനുള്ള വണ്ടി ഇനിയും ഒരു മണിക്കൂര്‍ കൂടി വൈകുമത്രെ. ഈ വൈകല്‍ ഒരിക്കലും അയാള്‍ക്ക് പുതുമയുള്ള കാര്യമായിരുന്നില്ല. അയാളുടെ വണ്ടി എന്നും ലേറ്റായിരുന്നു,ജീവിതം പോലെ തന്നെ.ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ ഉണ്ടായിരുന്നിട്ടും എത്രയോ വൈകിയാണ് അയാള്‍ക്ക് ജോലി കിട്ടിയത്……സാധാരണ വിവാഹപ്രായത്തെക്കാള്‍ വൈകിയാണ് അയാള്‍ വിവാഹം കഴിച്ചതും…. കാത്തുകാത്തിരുന്ന് മകള്‍ പിറന്നപ്പോള്‍ പിന്നെ അവളായി അയാള്‍ക്കെല്ലാം…അവളുടെ സുഖവും ദുഃഖവുമായി അയാളുടെതും.
വണ്ടികളുടെ വരവു പോക്കുകളുടെ അറിയിപ്പൊന്നും ശ്രദ്ധിക്കാതെ അപ്പോഴും ബെഞ്ചില്‍ തന്നെ ഇരിക്കുകയാണവള്‍. മുഖത്ത് മങ്ങിയ വളിച്ചത്തിലും സംഭ്രമം തെളിഞ്ഞു കാണാം.ഇനിയും വരാത്ത ആരെയോ തിരിഞ്ഞു നോക്കി വിഷാദ ചിത്രം പോലെ അവന്‍…അഥവാ അവള്‍ പ്രതീക്ഷിക്കുന്നവര്‍ ഒരിക്കലും വന്നില്ലെങ്കില്‍…ആ ചിന്ത തന്നെ ഒരു നടുക്കമായി അയാളിലേക്ക് പടര്‍ന്നു കയറി. അങ്ങനെയെങ്കില്‍ ഇനി എങ്ങോട്ടാണ് അവള്‍ തിരിച്ചു പോകുക.തിരിച്ചു പോകാതിരുന്നാല്‍ പിന്നെ എന്താണ് സംഭവിക്കുക ദിവസേന പത്രങ്ങളില്‍ കാണുന്ന വാര്‍ത്തകളുടെ ക്രൂരതകളിലേക്കാണ് ഒരു നിമിഷം അയാളുടെ മനസ്സ് പോയത്..തന്റെ മോള്‍ക്കും ഇവളുടെ പ്രായം തന്നെ ആയിരുന്നില്ലേ..എന്നിട്ടും കോടതി മുറിയില്‍ തന്റെയും ഭാര്യുടെയും നേരെ ചൂണ്ടി ഇനി ഇവരോടൊപ്പം പോകുന്നില്ല എന്ന് പറയാനുള്ള ധൈര്യം അവള്‍ക്ക് ! എവിടെ നിന്നാണ് കിട്ടിയത്..ഒരച്ഛന്റെ നെഞ്ചിലെ തീയിലേക്കായിരുന്നല്ലോ വീണ്ടും അവള്‍ കനല്‍ കോരിയിട്ടത്.
അന്ന് നീറുന്ന നൊമ്പരമായി മാറിയ അമ്മയുടെ വിഷാദം ഇനിയും പെയ്തൊഴിഞ്ഞിട്ടില്ല..ജീവിതം ജീവിച്ചു തീര്‍ക്കുമ്പോഴും എന്നെങ്കിലും മകള്‍ മാപ്പു ചോദിച്ചു കൊണ്ട് എത്തുമെന്നായിരിക്കാം അമ്മയുടെ പ്രതീക്ഷ. അതിനിടയില്‍ എതോ വിനോദ സഞ്ചാര കേന്ദ്രത്തിലെ തണുപ്പില്‍ മധുവിധു ആഘോഷിച്ചു തീര്‍ക്കുകയാവും മകള്‍..അമ്മയുടെയും അച്ചന്റെയും കണ്ണീര്‍ വീണ വഴികളില്‍ പുതിയ ജീവിത സ്വപ്നങ്ങള്‍ നെയ്യുകയാവണം മകളും കാമുകനും..അവള്‍ കാത്തിരിക്കുന്നയാള്‍ ഇനി ഒരിക്കലും വരാതിരിക്കട്ടെ എന്ന് അയാള്‍ പ്രാര്‍ത്ഥിച്ചു. തിരികെ പോയി അച്ഛന്റെയും അമ്മയുടെയും കാലുകള്‍ കണ്ണീര്‍ കൊണ്ട് കഴുകുന്ന ഒരു മകളുടെ ചിത്രം വെറുതെയെങ്കിലും അയാള്‍ സങ്കല്‍പിച്ചു പോയി… അപ്പോഴും റെയില്‍വേ സ്റ്റേഷനില്‍ അറിയിപ്പ് മുഴങ്ങിക്കൊണ്ടിരുന്നു…. .അയാളുടെ വണ്ടി ഇനിയും വന്നില്ല.
Generated from archived content: story2_july28_12.html Author: nina_mannancheri