പതിവ് സമ്പ്രദായമനുസരിച്ച് ഒന്നുകില്‍ൽ റെയില്‍വെ സ്റ്റേഷനില്‍ അല്ലെങ്കില്‍ ബസ്റ്റാന്റില്‍ അതുമല്ലെങ്കില്‍ തീവണ്ടിയാത്രയ്ക്കിടയില്‍… ഇവിടെയൊക്കെയാണല്ലോ സാധാരണ കഥാസന്ദര്‍ഭങ്ങള്‍ വീണു കിട്ടുന്നത്.അങ്ങനെ വിശ്വസിച്ചാണ് നമ്മുടെ യുവകഥാകൃത്തും കാലേകൂട്ടി റെയില്‍വെ സ്റ്റേഷനിലെത്തിയത്.ചെന്നപ്പോള്‍ തന്നെ എന്തോ പന്തികേട് മണത്തു. പതിവ് തിരക്കും ബഹളവുമൊന്നും കാണാനില്ല. വിരലിലെണ്ണാന്‍ പോലും തികയാത്ത ആളുകള്‍ അങ്ങുമിങ്ങും നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഏതെങ്കിലും തീവണ്ടികടന്നു പോയതു കൊണ്ടാകാം തിരക്ക് കുറവെന്ന് കരുതി ഒരു ബെഞ്ചിന്റെ മൂലയില്‍ മാറി ഇരിപ്പുറപ്പിച്ചു. അപ്പോഴാണ് പ്ളാറ്റ്ഫോം ടിക്കറ്റ് എടുത്തിട്ടില്ലല്ലോ എന്ന കാര്യം ഓര്‍മ്മ വന്നത്. ഇനി ഏതായാലും എഴുന്നേറ്റ്പോയി ടിക്കറ്റെടുക്കാനൊന്നുംവയ്യ. പിടിക്കുന്നെങ്കിള്‍ പിടിക്കട്ടെ. അങ്ങനെയെങ്കിലും ഒരുകഥാബീജം കിട്ടുന്നെങ്കില്‍ അതുമായി. കാത്തിരിപ്പ് നീണ്ടെങ്കിലും തീവണ്ടിയുടെ മൂളല്‍ മാത്രം കേള്‍ക്കാനില്ല. മഞ്ഞു വീഴാന്‍ തുടങ്ങുന്നു…..ചായക്കടയില്‍ കയറി ഒരു ചായ കുടിക്കാം! .കാര്യവും തിരക്കാമല്ലോ.
‘’പാളം ഇരട്ടിപ്പിക്കല്‍ നടക്കുന്നത് കാരണം രണ്ടുദിവസത്തേക്ക് ഈ വഴിയുള്ള ട്രെയിനുകളെല്ലാം വഴി തിരിച്ചു വിട്ടിരിക്കുകയാ സാറേ’’ കടക്കാരന്‍ പറഞ്ഞത് കേട്ടപ്പോള്‍ കഥാകൃത്തിന് തോന്നി കഥാബീജവും തിരക്കിനടക്കുന്നതിനിടയില്‍ വല്ലപ്പോഴുമെങ്കിലും പത്രം വായിക്കുന്നതും നല്ല കാര്യമാണ്. ചായകുടിച്ചു കഴിഞ്ഞിട്ടും ആശയക്കുഴപ്പം തീര്‍ന്നില്ല. ഇനി എന്താണൊരു വഴി. വാര്‍ഷികപ്പതിപ്പിന് കഥ അയക്കേണ്ട അവസാന ദിവസം നാളെയാണ്. അതിനു മുമ്പ് ആരെയെങ്കിലും കൊന്നിട്ടായാലും കഥാബീജമുണ്ടാക്കിയേ പറ്റൂ.
കടയില്‍ നിന്നും പുറത്തിറങ്ങി ഒന്നുകൂടി സ്റ്റേഷന്‍ പരിസരം വീക്ഷിച്ചു. അതാ ഒരു ബെഞ്ചിന്റെ അരികില്‍ ഹതാശനായിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍. ഏതായാലും അയാള്‍ക്ക് പിന്നില്‍ ഒരു കഥ കാണാതിരിക്കില്ല. പാവം ഏതെങ്കിലും തീവണ്ടിയില്‍ പോകാന്‍ വന്നതാകണം. അല്ലെങ്കില്‍ ജീവിതം മടുത്ത് ചാടാന്‍ വന്നതാകാനും മതി. ’’നമസ്ക്കാരം’’ … കഥാകൃത്ത് അഭിവാദ്യം ചെയ്തു. അയാള്‍ ഒന്നും മിണ്ടിയില്ല.
’’എവിടെ പോകാന്‍ വന്നതാണ്’’ കഥാകൃത്ത് ചോദിച്ചു. ‘’എവിടേക്കെങ്കിലും’’ അയാളുടെ മറുപടി കേട്ടപ്പോള്‍ കഥാകൃത്ത് സംശയിച്ചു, കഥ കൈവിട്ട് അത്യന്താധുനികതയിലേക്കെങ്ങാനും വഴുതിപ്പോകുകയാണോ.
‘’ഈ വഴി വണ്ടിയൊന്നുമില്ല.’’
അറിഞ്ഞില്ലെങ്കില്‍ അറിഞ്ഞോട്ടെ എന്ന മട്ടില്‍ കഥാകൃത്ത് പറഞ്ഞു.
‘’അറിഞ്ഞു സുഹൃത്തേ,അതിന്റെ വിഷമത്തിലിരിക്കുകയാണ് ഞാന്‍. എത്രയോ ദിവസമായി ഒരു കഥാബീജം തിരക്കി നടക്കുകയാണെന്നോ…. അവസാനശ്രമമെന്ന നിലയിലാണ് ഇവിടെയെത്തിയത്. അതിങ്ങനെയുമായി.’’ നിരാശയോടെ അയാള്‍ പറഞ്ഞു.
കൂടുതല്‍ പരിചയപ്പെടാന്‍ നില്‍ക്കാതെ , കൂടുതല്‍ മഞ്ഞ് വീഴും മുമ്പേ കഥാകൃത്ത് റെയില്‍വേ സ്റ്റേഷന്‍ വിട്ടു.
Generated from archived content: story2_jan3_2014.html Author: nina_mannancheri