കപ്പല്‍ യാത്രയുടെ ആഘോഷം പങ്കു വെച്ച് ആഹ്‌ളാദനൃത്തം ചവിട്ടുന്നതിനിടയിലാണ് കപ്പിത്താന്റെ അറിയിപ്പ് വന്നത്.
”പ്രിയപ്പെട്ട സുഹൃത്തുക്കളെ,ഒരു ദുഃഖവാര്‍ത്ത അറിയിക്കാനുണ്ട്.നമ്മുടെ കപ്പല്‍ ഒരു വലിയ ഐസ് കട്ടയില്‍ ഇടിച്ച് തകര്‍ന്ന് പതിയെ മുങ്ങിത്താഴുകയാണ്.എല്ലാവരും ദൈവത്തെ വിളിച്ച് പ്രാര്‍ഥിക്കുക.”
ആഹ്‌ളാദം കരച്ചിലിന് വഴി മാറി.എങ്ങും ആര്‍ത്ത നാദങ്ങള്‍ മുഴങ്ങി.കപ്പിത്താന്‍ വീണ്ടും പറഞ്ഞു.”ഒരു ലൈഫ് ജാക്കറ്റ് മാത്രമാണ് ഈ നിലയില്‍ ആകെയുള്ളത്.അതായത് ആകെ ഒരാള്‍ക്ക് മാത്രമേ രക്ഷപെടാന്‍ കഴിയൂ.അതാരാവണമെന്ന് എത്രയും പെട്ടെന്ന് തീരുമാനിക്കണം.”
കപ്പിത്താന്‍ ഓരോരുത്തരെയായി സമീപിച്ചു.ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിനിടയില്‍ നേരിയ പ്രതീക്ഷയുമായി നില്‍ക്കുന്നവരില്‍ ആദ്യത്തെയാളോട് കപ്പിത്താന്‍ ചോദിച്ചു.”നിങ്ങള്‍ എന്തു ചെയ്യുന്നു”
”ഞാന്‍ ഒരു കഥാകൃത്താണ്” ഇടറിയ സ്വരത്തില്‍ അയാള്‍ പറഞ്ഞു.
”അപ്പോള്‍ നിങ്ങള്‍ രക്ഷപെടേണ്ട ഒരു ആവശ്യവുമില്ല.രക്ഷപെട്ടാല്‍ ഇനിയും കഥകളെഴുതി വായനക്കാരെ ബുദ്ധിമുട്ടിക്കും.”
”ഇല്ല,എന്റെ ജീവിതത്തില്‍ ഇനി ഞാന്‍ കഥകളെഴുതി വായനക്കാരെയോ പത്രാധിപന്‍മാരെയോ ബുദ്ധിമുട്ടിക്കില്ല.സത്യം”
പക്ഷേ അയാളുടെ വാക്കുകള്‍ വിശ്വസനീയമാകാത്തതു പോലെ കപ്പിത്താന്‍ അടുത്തയാളെ സമീപിച്ചു.
”ഞാന്‍ ഗായകനും പേരുകേട്ട സംഗീത സംവിധായകനുമാണ്.” പ്രതീക്ഷയോടെ അയാള്‍ പറഞ്ഞു.”നിങ്ങളും രക്ഷപെടേണ്ട കാര്യമില്ല.രക്ഷപെട്ടാല്‍ ഇനിയും പാട്ടുപാടി ആളുകളെ ഉപദ്രവിക്കും. മാത്രമല്ല വല്ല റിയാലിറ്റി ഷോയിലും വിധികര്‍ത്താവായി കേറിക്കൂടി പാവം കുട്ടികളെ കീറിമുറിക്കും. ”
കപ്പിത്താന്‍ അടുത്തയാളുടെ അടുത്തേക്ക് നടന്നു .”എന്നെ അറിയില്ലേ ഞാനൊരു പ്രമുഖ നേതാവാണ്.മറ്റാരു രക്ഷപെട്ടില്ലെങ്കിലും ഞാന്‍ രക്ഷപെടേണ്ടതിന്റെ ആവശ്യകത പ്രത്യേകം പറയേണ്ടതില്ലല്ലോ?”
” താന്‍ രക്ഷപെട്ടാല്‍ ഇനിയും കപടവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കും.”
വീണ്ടും അടുത്തയാളുടെ അടുത്തേക്ക് കപ്പിത്താന്‍ നടന്നു.രക്ഷപെടുത്തേണ്ട ആരെയും കണ്ടെത്താന്‍ കപ്പിത്താന് കഴിഞ്ഞില്ല.തിരികെ വന്ന് കപ്പിത്താന്‍ ലൈഫ് ജാക്കറ്റ് കയ്യിലെടുത്തു.അവസാനപ്രതീക്ഷയോടെ എല്ലാവരും അതിലേക്ക് ഉറ്റു നോക്കി.കപ്പല്‍ അനിവാര്യമായ തകര്‍ച്ചയിലേക്ക് മുങ്ങിത്താഴുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായൊരു നിമിഷത്തില്‍ ലൈഫ് ജാക്കറ്റണിഞ്ഞ് കപ്പിത്താന്‍ കടലിലേക്ക് ! എടുത്തു ചാടി.
Generated from archived content: story2_feb20_15.html Author: nina_mannancheri