പോസ്റ്റുമാനെ കാണാനില്ല

പോസ്റ്റുമാനെ കാണാനില്ല

പതിവിന് വിപരീതമായി കത്തുകളും മാസികളുമൊന്നും കാണാതായപ്പോഴാണ് ഒന്ന് പോസ്റ്റോഫീസില്‍ ചേന്ന് തിരക്കിക്കളയാമെന്ന് വെച്ച് രാവിലെ തന്നെ ചെന്നത്. കുറച്ച് നേരം നിന്നിട്ടും ആരെയും കാണുന്നില്ല.തിരികെ പോന്നാലോ എന്ന് വിചാരിക്കുമ്പോഴാണ് എവിടെ നിന്നോ ഒരു ശബ്ദം.’’എന്ത് വേണം’’ കിളിമൊഴിയുടെ ഉറവിടം നോക്കിയപ്പോള്‍ കുന്നു കൂടി കിടക്കുന്ന ബുക്ക് പോസ്റ്റുകള്‍ക്കിടയില്‍ നിന്നാണ് ആ ശബ്ദമെന്ന് മനസ്സിലായി.പുറകെ പോസ്റ്റ്മാസ്റ്ററുടെ തലയും പ്രത്യക്ഷപ്പെട്ടു.

‘’ മാഡം കുറച്ചു നാളുകളായി എനിക്ക് കത്തുകളും ബുക്ക് പോസ്റ്റുകളുമൊന്നും കിട്ടുന്നില്ല.കൃത്യമായി കിട്ടിക്കൊണ്ടിരുന്ന ടെലഫോണ്‍ ബില്ലു പോലും ഇപ്പോള്‍ കിട്ടുന്നില്ല.’’ പരാതി ബോധിപ്പിച്ച് തീരും മുമ്പ് മാഡത്തിന്റെ മറുപടി വന്നു. ’’നിങ്ങള്‍ക്ക് മാത്രമല്ല,പലര്‍ക്കും കത്തുകള്‍ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.ഇവിടുത്തെ പോസ്റ്റുമാന്‍ മൂന്നു മാസത്തെ അവധി എടുത്തിരിക്കുകയാ.പകരം വന്നയാള്‍ക്ക് സ്ഥലവും വീടുമൊന്നും വലിയ പരിചയവുമില്ല.എല്ലാം കെട്ടിക്കിടക്കുകയാണ് രണ്ടു ദിവസത്തിനകം എത്തിച്ചു തരാം’’

വിനയമധുരമായ മാഡത്തിന്റെ വാക്കുകള്‍ വിശ്വസിച്ച് മോക്ഷംകാത്തു കിടക്കുന്ന കത്തുകളെയും ബുക്കുകളെയും ഒന്നു കൂടെ നോക്കി.എത്ര പേരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ചാക്കിനുള്ളില്‍ വീര്‍പ്പുമുട്ടിക്കിടക്കുന്നത്.പടിയിറങ്ങാന്‍ തുടങ്ങിയപ്പോള്‍ മാഡത്തിന്റെ ശബ്ദം.

‘’ഏതായാലും വന്നതല്ലേ,കുറച്ചു കാശ് തന്നു വിടാം.’’

അതേതായാലും നന്നായി പരാതിപ്പെടാന്‍ വരുന്നവര്‍ക്കെല്ലാം കാശ് കൊടുത്തുവിടാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചു കാണും.കാര്യമതല്ല,രണ്ടുമൂന്നു ദിവസം മുമ്പ് ഒരു മാസികക്കാര്‍ അയച്ച കാശാണ്.ഇശ്വരാ,അപ്പോള്‍ ഇന്ന് തിരക്കി വന്നില്ലായിരുന്നെങ്കില്‍ ആ മണിയോര്‍ഡറിന്റെ ഗതി എന്താകുമായിരുന്നുവെന്ന് ഒരു പിടിയുമില്ല.കാശും വാങ്ങിപ്പോകുമ്പോള്‍ വീണ്ടും അവരുടെ സമാധാന വാക്കുകള്‍

‘’സാറ് പേടിക്കണ്ട രണ്ടു ദിവസത്തിനകം എല്ലാം അവിടെ എത്തിച്ചു തരാം.’’

അതും കേട്ട് സന്തോഷഭരിതനായി ഓരോ ദിവസവും ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി.ദിവസം രണ്ടു കഴിഞ്ഞു,മൂന്നു കഴിഞ്ഞു,കഥാപ്രസംഗത്തില്‍ പറയാറുള്ളത് പോലെ, ’’ മഞ്ഞും മഴയും വെയിലുമായി കാലങ്ങളെത്ര കടന്നു പോയി ‘’ പക്ഷേ കത്തുകള്‍ മാത്രം വന്നില്ല,എന്നും കത്തുപെട്ടി തുറന്നു നോക്കല്‍ മാത്രം മിച്ചം.വീണ്ടും തിരക്കിച്ചെന്നു,വിശാലമായ ചിരിയുമായി മാഡം പഴയ സ്ഥലത്ത് തന്നെയുണ്ട്.

‘’ കുറെ കത്തുകളും ബുക്ക് പോസ്റ്റുകളും ലീവെടുത്ത പോസ്റ്റുമാന് വീട്ടില്‍ കൊണ്ടു പോയിട്ടുണ്ട്.രണ്ട് ദിവസത്തിനകം തരം തിരിച്ച് കൊണ്ട് വരാമെന്നും പുതിയ ആര്‍ക്ക് വീടുകള്‍ പരിചയപ്പെടുത്തി കൊടുക്കാമെന്നും പറഞ്ഞിട്ടുണ്ട്.’’

രണ്ടു ദിവസത്തിന്റെ ഈ കണക്ക് മാഡത്തിന് എവിടെ നിന്ന് കിട്ടിയെന്നോ ഏത് വകുപ്പനുസരിച്ചാണ് കത്തുകള്‍ വീട്ടില്‍ കൊടുത്തു വിട്ടതെന്നോ ഞാന്‍ ചോദിച്ചില്ല.തപാലില്‍ ചോദ്യമില്ലല്ലോ.ഇടക്ക് വഴിയില്‍ വെച്ച് ലീവ് വിദ്ധ്വാനെ കണ്ടപ്പോള്‍ ചോദിച്ചു.’’മാഷേ,പുതിയ ആര്‍ക്ക് വീടുകള്‍ പരിചയപ്പെടുത്തി കൊടുക്കുകയെങ്കിലും ചെയ്യാമായിരുന്നില്ലേ’’

‘’അതൊന്നും ഞങ്ങളുടെ പണിയല്ല.കത്തുകള്‍ വീടുകളില്‍ കൊണ്ടു പോയി കൊടുക്കണമെന്നും നിയമമൊന്നുമില്ല.’’ എത്ര വിനയ മധുരമായ മറുപടി.പിന്നെയെന്താണാവോ നിങ്ങളുടെ ജോലിയെന്ന് ഞാന്‍ ചോദിച്ചില്ല.കാരണം ഇപ്പോള്‍ തപ്പാല്‍ കൊണ്ടു പോയ കത്തുകളേ കിട്ടാതെയുള്ളൂ,ഇനി വരാനുള്ളതും കിട്ടാതെ വന്നേക്കാം.പണ്ടൊരു പോസ്റ്റുമാന്‍ ‍ആരുടെയോ കത്തു തുറന്നപ്പോള്‍ ‘ഇവിടെ എനിക്ക് സുഖം,അവിടെ നിനക്കു സുഖമല്ലേ ‘ എന്ന് വായിച്ചിട്ട് ‘ഇതവിടെ കൊണ്ട് കൊടുക്കാഞ്ഞിട്ട് പിന്നെ എനിക്കാണോ അസുഖം’’ എന്ന് ചോദിച്ച് കത്ത് കീറിക്കളഞ്ഞ കഥ ഓര്‍മ്മ വന്നു.

മാസം കഴിഞ്ഞ മാസികകളും തീയതി കഴിഞ്ഞ ബില്ലുകളും തന്നില്ലെങ്കിലുംവേണ്ടില്ല,സുഹൃത്തുക്കളുടെയും മറ്റും കത്തുകളെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു.ഇത്രയും ചോദിച്ചതു കൊണ്ട് ഇനി അതും കിട്ടുന്ന കാര്യം സംശയമാണ്.അതുപോട്ടെ , പാവപ്പെട്ട ഉദ്യോഗാര്‍ഥികളുടെ പരീക്ഷയുടെ അറിയിപ്പുകളുടെയും ഇന്റര്‍വ്യൂ കാര്‍ഡുകളുടെയും ഗതി എന്താകുമെന്ന് ആര്‍ക്കറിയാം.

കുഞ്ഞുണ്ണി മാഷ് ചോദിച്ചത് ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ‘’ പാല്‍ കെട്ടാല്‍ കളയാം,തപാല്‍ കെട്ടാലോ?’’

Generated from archived content: story1_nov3_12.html Author: nina_mannancheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകണ്‍ തുറക്കുക സോദരാ
Next articleഗീതം എഴുപത്തിയൊന്ന്
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English