വഴിയെപോയ വിനോദയാത്ര

ഭാഗ്യം വരാനുള്ള നേരത്ത് അതെങ്ങനെയായാലും കറങ്ങിത്തിരിഞ്ഞ് നമ്മുടെ മൂന്നില്‍ തന്നെ എത്തുമെന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ടാണല്ലോ പട്ടണത്തില്‍ വ്യവസായ കാര്‍ഷികപ്രദര്‍ശനം കാണാന്‍ പോയപ്പോള്‍ അവിടെ കണ്ട ട്രാവല്‍സിന്റെ കൗണ്ടറില്‍ കയറിയതും അവര്‍ തന്ന സമ്മാനക്കൂപ്പണ്‍ പൂരിപ്പിച്ച് പെട്ടിയിലിട്ടതും. പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒരുമാസം കഴിഞ്ഞ് ട്രാവല്‍സില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍ ശരിക്കും അമ്പരന്നു പോയി.

‘’സാര്‍, ആദ്യമായി സാറിനും കുടുംബത്തിനും ഞങ്ങളുടെ അഭിനന്ദനങ്ങള്‍.’’ എന്തിനാണാവോ ഓര്‍ക്കാപ്പുറത്തൊരു അഭിനന്ദനം. ‘’ഞങ്ങളുടെ ട്രാവല്‍സ് നടത്തിയ ഭാഗ്യമല്‍സരത്തില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു . ശ്രീലങ്ക, ഇന്തോനേഷ്യ, മാലിദ്വീപ്, മനാലി തുടങ്ങി വിദേശത്തോ അല്ലെങ്കില്‍ നാട്ടില്‍ എവിടെയെങ്കിലുമോ ഒരാഴ്ച്ചത്തെ വിനോദയാത്രയാണ് സമ്മാനം. പിന്നെ മറ്റു ചെറിയ സമ്മാനങ്ങളുമുണ്ട്. എത്രയും പെട്ടെന്ന് സാറ് ഭാര്യയുമായി ഓഫീസില്‍ വന്ന് ഗിഫ്റ്റ് കൈപ്പറ്റണം.’’

എല്ലാം കൂടി കേട്ട് ആഹ്ലാദപരതന്ത്രനായി നില്‍ക്കുമ്പോള്‍ വീണ്ടും ട്രാവല്‍സ് മാഡത്തിന്റെ ചോദ്യം.

” എപ്പോഴാണ് നിങ്ങള്‍ എത്തുക?”

‘’ഭാര്യയോട് കൂടി ഒന്നാലോചിച്ചിട്ട് വിളിച്ചു പറയാം.’’ എന്ന് പറഞ്ഞു തീരും മുമ്പ് ഭാര്യയെത്തി. വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ അവള്‍ക്കും കുട്ടികള്‍ക്കും സന്തോഷം.

‘’എന്നാ ശ്രീലങ്കയില്‍ തന്നെ പൊയ്ക്കളയാം’’ അവര്‍ ഏകകണ്ഠമായി പ്രമേയവും പാസ്സാക്കി. ശരിയാണ് സാധാരണ നാട്ടില്‍ തന്നെ എവിടെയെങ്കിലുമൊക്കെ വിനോദയാത്ര പോകുകയാണ് പതിവ്. ദൂരേക്ക് പോകാന്‍ സമയവും സന്ദര്‍ഭവും സാമ്പത്തികവും ഒത്തുവരാറില്ല. ഇപ്പോള്‍ ഇങ്ങനെയൊരു അവസരം കിട്ടിയ സ്ഥിതിക്ക് പുറത്തെവിടെയെങ്കിലും തന്നെ പൊയ്ക്കളയാം. ഞങ്ങളുടെ ചര്‍ച്ചകളില്‍ പലപല പ്ളാനുകള്‍ കടന്നുവരികയും കടന്നുപോകുകയും ചെയ്തു കൊണ്ടിരുന്നു. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങളെത്തുമെന്ന് ട്രാവല്‍സില്‍ വിളിച്ചു പറഞ്ഞു.

രാവിലെ തന്നെ കുടുംബസമേതം ട്രാവല്‍സിലേക്ക് കടന്നു ചെന്നു. ”സ്വാഗതം” വാതില്‍ക്കല്‍ നിന്നു തന്നെ സ്വീകരണം തുടങ്ങി. അകത്തേക്ക് കയറിയപ്പോള്‍ മാനേജരുടെ വക വീണ്ടും സ്വാഗതം.

’’അഭിനന്ദനങ്ങള്‍ ഒരുലക്ഷം പേരില്‍ നിന്നും നറുക്കെടുപ്പിലൂടെ സമ്മാനാര്‍ഹരായ അഞ്ഞൂറുപേരില്‍ ഒരു ഭാഗ്യവാനായതില്‍ എന്റെയും ട്രാവല്‍സിന്റെയും അഭിനന്ദനങ്ങള്‍.’’

സ്വാഗതവും അഭിനന്ദനങ്ങളും ഒരന്തവുമില്ലാതെ തുടരുകയാണ്. അതിനിടയില്‍ മാനേജര്‍ കൈ പിടിച്ചു കുലുക്കി. നേരത്തെ അഭിനന്ദനം നേര്‍ന്നപ്പോള്‍ അക്കാര്യം മറന്നു പോയെന്ന് തോന്നുന്നു. ഭാഗ്യത്തിന് പ്രിയമതമയുടെ നേരെ കൈകൂപ്പിയതേയുള്ളു.

‘’ഞങ്ങളുടെ ഗിഫ്റ്റ് പ്രോഗ്രാമിന്റെ വിശദവിവരങ്ങള്‍ മിസ്.ലക്ഷ്മി പറഞ്ഞു തരും. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതി.’’ മാനേജര്‍ അടുത്ത ഫാമിലിയെ തേടി പോയപ്പോള്‍ ലക്ഷ്മി ഞങ്ങളെത്തേടി വന്നു. ഞങ്ങളുടെ വിശേഷങ്ങളൊക്കെ തിരക്കി കുറെ കഴിഞ്ഞാണ് ലക്ഷ്മി കാര്യത്തിലേക്ക് കടന്നത്.

‘’ ശ്രീലങ്ക, ഇന്തോനേഷ്യ, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്കും മനാലി,ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കുമാണ് ഈ ഗിഫ്റ്റ് പ്രോഗ്രാം. ഏതെങ്കിലും ഒരു സ്ഥലത്ത് ഒരാഴ്ച്ച അക്കോമഡേഷന്‍ മാത്രം ഞങ്ങള്‍ നല്‍കും. വിദേശത്താണെങ്കില്‍ പതിനായിരവും സ്വദേശത്താണെങ്കില്‍ അയ്യായിരവും മാത്രവും നിങ്ങള്‍ പേ ചെയതാല്‍ മതി. ബാക്കി ഞങ്ങളുടെ ഗിഫ്റ്റാണ്.’’

അപ്പോള്‍ അതാണ് കാര്യം. വണ്ടിക്കൂലിയും ഭക്ഷണത്തിന്റെ ചിലവും താമസത്തിന്റെ ബാക്കി ചിലവും സ്വന്തം കയ്യില്‍ നിന്ന് കൊടുത്ത് ട്രാവല്‍സിന്റെ പേരില്‍ ഒരു ഗിഫ്റ്റ് യാത്ര.

‘’ സാറ് കര്‍ണ്ണാടകയില്‍ പോയിട്ടുണ്ടോ?’’ ലക്ഷ്മി അടുത്ത ഗിഫ്റ്റ് എന്തോ പ്രഖ്യാപിക്കാനുള്ള ഒരുക്കമാണെന്ന് തോന്നുന്നു. എല്ലാം കഴിഞ്ഞ് ഇനി കര്‍ണ്ണാടകയില്‍ വിടാനുള്ള പ്ളാനാണോ?

‘’ എന്താ സാര്‍,താല്‍പര്യമില്ലാത്തതു പോലെ. ബോറടിക്കുന്നുണ്ടോ ‘’ എന്റെ മുഖഭാവം കണ്ടാകാം ലക്ഷ്മി ചോദിച്ചു. ബോറടിച്ചിട്ടെന്തു കാര്യം. സമ്മാനമടിച്ച് പെട്ടു പോയില്ലേ. ഭാഗ്യം വരുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം.

‘’ കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിലെ സന്ദര്‍ശനമുള്‍പ്പെടെ പതിനഞ്ചുദിവസത്തെ മറ്റൊരു ടൂര്‍ പ്രോഗ്രാമുണ്ട്. അവിടെ ആനസവാരിയും കുതിരസവാരിയുമുണ്ട്. ഏതെങ്കിലും ഒരു സവാരി ഫ്രീയാണ്. സാറിന് ഏതു സവാരിയാണ് ഇഷ്ടം.’’

ലക്ഷ്മി ചോദിച്ചു തീര്‍ന്നില്ല, പ്രിയതമ കേറി ഇടപെട്ടു. ‘’ഏതായാലും പോകുന്നതല്ലേ ആനപ്പുറത്തു തന്നെ കേറിയേക്കാം.’’ അവള്‍ക്കും ദേഷ്യം വന്നു തുടങ്ങിയെന്ന് തോന്നുന്നു. പ്രിയതമയ്ക്ക് ഇത്രയും നര്‍മ്മബോധമുണ്ടെന്ന് എനിക്ക് മനസ്സിലായത് അപ്പോഴാണ്.

‘’ ഇങ്ങനെ നിരവധി ഗിഫ്റ്റ് പാക്കേജുകള്‍ ഞങ്ങളുടെ ട്രാവല്‍സിനുണ്ട്. നിങ്ങള്‍ എതാണ് സെലക്റ്റ് ചെയ്യുന്നതെന്ന് ഇപ്പോള്‍ തന്നെ അറിയിക്കണം. ആദ്യം പറഞ്ഞ സമ്മാന പദ്ധതിയുടെത് പിന്നെ അറിയിച്ചാലും മതി.’’

ഞങ്ങളുടെ ഭാവവും ഭാവമാറ്റവും പരിഹാസവുമൊന്നും മനസ്സിലാകാത്ത മട്ടില്‍ ലക്ഷ്മി തുടരുകയാണ്. എത്രയും പെട്ടെന്ന് ഇവിടെ നിന്ന് രക്ഷപെട്ടേ മതിയാകൂ. അല്ലെങ്കില്‍ ഇനിയും പലപല ഗിഫ്റ്റ് പാക്കേജുകളും പുറകെ പുറകെ വരാനും തരാനുമൊക്കെ സാധ്യതയുണ്ട്. എന്തിന്റെ കൂടെയായാലും ഗിഫ്റ്റ് എന്നു ചേര്‍ത്താല്‍ പിന്നെ ഏതു തട്ടിപ്പിനും ലൈസന്‍സായി. കയ്യിലെ കാശും മുടക്കി ടൂര്‍ പോകാന്‍ ഗിഫ്റ്റ് കൂപ്പണ്‍ വാങ്ങി കയ്യില്‍ വെക്കേണ്ട കാര്യമൊന്നുമില്ലല്ലോ?

‘’ ഞങ്ങള്‍ക്ക് ഈ ഗിഫ്റ്റ് പ്രോഗ്രാമിനെപ്പറ്റി ശരിക്കൊന്നാലോചിക്കണം. ഞങ്ങളുടെ ജോലിയും കുട്ടികളുടെ പഠനവുമൊക്കെ അഡ്ജസ്റ്റ് ചെയ്തു വേണം ടൂറിന്റെ കാര്യം തീരുമാനിക്കാന്‍.’’

എങ്ങനെയും ട്രാവല്‍സില്‍ നിന്നും രക്ഷപെടാനുള്ള ധൃതിയോടെ പറഞ്ഞിട്ട് ഞങ്ങള്‍ പടിയിറങ്ങുമ്പോള്‍ പിന്നെയും പലരും പടികടന്നു വരുന്നുണ്ടായിരുന്നു. സമ്മാനമടിച്ചുപോയ ഹതഭാഗ്യരായിരിക്കാം. നേരത്തെ അകത്തു കയറിയ പലരും ഞങ്ങളോടൊപ്പം പുറത്തേക്കും വരുന്നുണ്ടായിരുന്നു. സൗജന്യ വിനോദയാത്ര പോകാന്‍ അകത്തേക്ക് ഓടിക്കയറിയ സന്തോഷത്തോടെയല്ല ആരും പുറത്തേക്ക് വരുന്നത്. അതിനിടയില്‍ മോന്റെ ചോദ്യം.

‘’ഡാഡീ, നമ്മള്‍ എപ്പോഴാണ് ശ്രീലങ്കയില്‍ പോകുന്നത്?’’

‘’ അധികം വൈകാതെ പോകാം.’’ എന്ന് അവനെ സമാധാനിപ്പിച്ചെങ്കിലും സൗജന്യ വിനോദയാത്രയെപ്പറ്റി പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞിട്ടു പോന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊക്കെ ഇനി എന്തു പറയുമെന്ന ചിന്താക്കുഴപ്പത്തിലായിരുന്നു ഞങ്ങള്‍. വഴിയേ പോയ വിനോദയാത്രയെടുത്ത് തോളേലിടേണ്ട ഒരുകാര്യവുമില്ലായിരുന്നു.

Generated from archived content: story1_june9_13.html Author: nina_mannancheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഷിന്‍ഡ് ലേഴ്സ് ലിസ്റ്റ് -(ലോക സിനിമ- 29)
Next articleഅമ്മക്ക് പ്രണാമം
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English