ന ശ്രീമാന്‍ സ്വാതന്ത്ര്യമര്‍ഹതി..

(നര്‍മ്മകഥ)

രാവിലെ പതിവുള്ളചായ കാണാതിരുന്നപ്പോള്‍ സംശയിച്ചു എന്താണ് സംഭവിച്ചത്,പത്രവും ഇതുവരെ വന്നില്ല. ഇന്റെര്‍നെറ്റും ഇ മെയിലും ഇ പത്രവുമൊക്കെ വന്നെങ്കിലും രാവിലെ ഒരു ചായയും കുടിച്ച് പത്രത്തിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തുന്ന സുഖം മറ്റൊന്നിനും കിട്ടില്ല. ഈയിടെയായി പത്രം താമസിച്ചു വരുന്നതിനാല്‍ അതും നഷ്ടപ്പെട്ട മട്ടാണ്. പഴയ പത്രക്കാരന്‍ താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് പുതിയ പത്രക്കാരനെ തിരക്കി കണ്ടു പിടിച്ചത്.

പുതുമോടി മാറിയപ്പോള്‍ പുതിയ പത്രവാഹകന്‍ മുന്‍ പത്രവാഹകനെക്കാള്‍ താമസിച്ചായി വരവ്. ദോഷം പറയരുതല്ലോ,രണ്ടു പേരും സര്‍വീസ് ചാര്‍ജ്ജ് എന്നും പറഞ്ഞ് വേറെയും കാശ് വാങ്ങിയിരുന്നു. താമസിച്ച് പത്രം എത്തിക്കുന്നതിനും ചാര്‍ജ്ജുണ്ടെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. എന്തൊക്കെ ചെയ്താലാണ് ഈ രാജ്യത്ത് ആളുകളെ വായിപ്പിച്ചു വളര്‍ത്താന്‍ കഴിയുക? ലേറ്റായി വന്താലും ലേറ്റസ്റ്റായി വന്താലും ന്യൂസുമായി വരുമ്പോള്‍ ഇരുന്ന് വായിക്കാന്‍ സമയം കിട്ടില്ല. വിശദമായി വായിക്കാനിരുന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുമായി പ്രത്യേക കരാറൊന്നും ഒപ്പിട്ടിട്ടില്ലാത്തതിനാല്‍,ട്രയിന്‍ അതിന്റെ വഴിക്ക് പോകും. പിന്നെ പത്രം വായിക്കന്‍ ലീവ് വേറെ എടുക്കേണ്ടി വരും. പത്രമോ വന്നില്ല ചായ കാണാനുമില്ല എന്ന് വന്നാല്‍ എന്തു ചെയ്യും. ഇനി വല്ല ഐക്യമുന്നണിയും രൂപീകരിച്ച് സംയുക്ത പണിമുടക്ക് വല്ലതുമാണോ..തിരഞ്ഞെടുപ്പ് കാലമായതിനാല്‍ അങ്ങനെയും സംശയിക്കാം. ഒരു ദിവസം ഒരു മുന്നണിയില്‍ നില്‍ക്കുന്നയാള്‍ അടുത്ത ദിവസം നേരം വെളുക്കുമ്പോള്‍ മറ്റൊരു മുന്നണിയില്‍ പോകുന്നതും അവിടെയും സീറ്റ് കിട്ടിയില്ലെങ്കില്‍ പിറ്റേന്ന് സ്വന്തമായി മുന്നണി ഉണ്ടാക്കുന്നതും അപൂര്‍വ്വമല്ല. സീറ്റിന് വേണ്ടിയേ ഭിന്നിക്കുന്നു, പാര്‍ട്ടികള്‍ സീറ്റിനു വേണ്ടിയേ ഒന്നിക്കുന്നു എന്നതാണ് അവസ്ഥ. ആകെ ഒരാശ്വാസമേയുള്ളൂ, എല്ലാം പൊതുജന നന്‍മയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നതില്‍ മാത്രം.

എതായാലും ഒരു ഗാര്‍ഹികാ ഗവേഷണം നടത്തിക്കളയാമെന്ന് വിചാരിച്ച് പ്രിയതമയും കുട്ടികളും കിടക്കുന്ന മുറിയില്‍ ഒരു വിഹഗ വീക്ഷണം നടത്തി. മലേഷ്യന്‍ വിമാനം കാണാതെ പോയാലെന്ത് സുനാമി ഉരുണ്ട് വന്നാലെന്ത് അതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന മട്ടിലാണവരുടെ ഉറക്കം. വിളിച്ചപ്പോള്‍ അത്ര തെളിഞ്ഞ മുഖത്തോടെയല്ല എഴുന്നേറ്റത്, പോരാഞ്ഞിട്ട് വിളിച്ചതല്ലേ എന്തെങ്കിലും ചോദിച്ചു കളയാം എന്ന മട്ടില്‍ ഒരു ചോദ്യവും.”ചേട്ടാ,ഇന്നത്തെ ദിവസത്തിന്റെ പ്രത്യേക എന്താണെന്ന് ചേട്ടനറിയാമോ?” ഈശ്വരാ,കുഴഞ്ഞു മിക്കവാറും വിവാഹ വാര്‍ഷികം ആയിരിക്കാനാണ് സാധ്യത.

സാധാരണയായി എല്ലാ വര്‍ഷവും ഭാര്യ തന്നെയാണ് ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഒരു സര്‍െ്രെപസ് ആയി ഭാര്യയെ ഇക്കാര്യം ഓര്‍മ്മിപ്പിക്കണമെന്ന് എല്ലാ വര്‍ഷവും ഓര്‍ക്കും,പക്ഷേ,സമയമാകുമ്പോള്‍ മറന്നു പോകുകയും ചെയ്യും. അത് ഒരാളുടെ മാത്രം കുഴപ്പമാകാന്‍ സാധ്യതയില്ല,ലോകത്ത് ഏതൊരു ഭര്‍ത്താവാണ് ഇക്കാര്യം ഓര്‍മ്മവെക്കാന്‍ ആഗ്രഹിക്കുന്നത്,അത് കൊണ്ട് പാവം പ്രിയതമന്‍മാര്‍ മറന്നു പോകുന്നതാകാനാണ് സാധ്യത. ”എനിക്കറിയാം,ഇന്നല്ലേ നമ്മുടെ വിവാഹ വാര്‍ഷികം”പ്രിയതമയെ ഒന്ന് അത്ഭുത പ്പെടുത്തിക്കളയാം എന്ന മട്ടില്‍ ഞാന്‍ പറഞ്ഞു. പക്ഷേ, നോക്കണേ കഷ്ടകാലം.അന്നല്ലായിരുന്നു ആ മഹനീയ ദിനം.”എന്റെ ചേട്ടാ,ഈ ചേട്ടന്റെ ഒരു കാര്യം,സമയമാകുമ്പോള്‍ ഓര്‍ക്കുകയില്ല,ഓര്‍ക്കുമ്പോള്‍ സമയമാകുകയുമില്ല.” ശരിയാണ്,ഇനിയും രണ്ടുമാസം കൂടിയുണ്ട് വിവാഹവാര്‍ഷികത്തിന്. പിന്നെ ഇന്നെന്താ പ്രത്യേകത, ഇലക്ഷന്‍ പ്രഖ്യാപിച്ചതാണോ?അതോ ഇലക്ഷന്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവായിക്കിട്ടിയതിന്റെ സന്തോഷമാണോ. എതായാലും കൂടുതല്‍ സംശയം പ്രകടിപ്പിച്ച് രംഗം വഷളാക്കിയില്ല.”ചേട്ടന്റെ പൊതുവിജ്ഞാനം വളരെ മോശം.ഇന്നല്ലേ മാര്‍ച്ച് എട്ട് ..ലോക വനിതാദിനം,പി.എസ്.സി.പരീക്ഷ എഴുതി എങ്ങനെ ജോലിക്ക് കയറിയെന്നാ എന്റെ സംശയം.” ‘വളരെ സന്തോഷം,വനിതാ ദിനാശംസകള്‍’എന്ന് പറയാന്‍ തുടങ്ങുമ്പോഴുണ്ട് വരുന്നു പ്രിയതമയുടെ വിശദീകരണം.”ഇന്ന് രാജ്യവ്യാപകമായി അടുക്കള ബഹിഷ്‌ക്കരിക്കാനാണ് ഞങ്ങളുടെ മഹിളാസമാജത്തിന്റെ തീരുമാനം. ഒരു ദിവസമെങ്കിലും ഞങ്ങള്‍ സ്വാതന്ത്ര്യം ഒന്ന് ആഘോഷിച്ചോട്ടെ.” ഇത് കേട്ടാല്‍ തോന്നും ബാക്കിയുള്ള ദിവസം മുഴുവന്‍ അടുക്കളയില്‍ കിടന്ന് കഷ്ടപ്പെടുകയാണെന്ന്. ഓരോ ദിവസവും കാണും ഓരോ ആഘോഷങ്ങള്‍. മഹിളാസമാജമെന്നും സെമിനാറുമെന്നുമൊക്കെ പറഞ്ഞ് പോയാല്‍ പിന്നെ പ്രിയതമന്‍ തന്നെ അടുക്കളയില്‍. ഏതായാലും പ്രിയതമ തീരുമാനം പ്രഖ്യാപിച്ച സ്ഥിതിക്ക് ഇന്ന് അടുക്കള വാസം തന്നെ വിധി. വനിതാദിനത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്ന് വലതുകാല്‍ വെച്ച് ഐശ്വര്യമായി അടുക്കളയിലേക്ക് കയറുമ്പോള്‍ ഓര്‍ത്തു, യഥാര്‍ത്ഥത്തില്‍ ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നാണോ,’ന ശ്രീമാന്‍ സ്വാതന്ത്ര്യമര്‍ഹതി’ എന്നാണോ മനു എഴുതി വെച്ചിരിക്കുന്നത്?

Generated from archived content: story1_june5_14.html Author: nina_mannancheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനൈന മണ്ണഞ്ചേരിക്ക് കുഞ്ചന്‍ പ്രബന്ധപുരസ്‌ക്കാരം
Next articleജാഗ്വര്‍
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here