ഇങ്ങനയും ഒരു ഇന്റെര്‍വ്യൂ

പലതരം അവാ‍ര്‍ഡ് വിവാദങ്ങള്‍ക്കിടയിലും എനിക്കും കിട്ടി ഒരാവര്‍ഡ്. അത്ര മോശമൊന്നുമല്ലാത്ത ഒരാവാര്‍ഡ്. അഭിനന്ദനമറിയിച്ച് വിളിക്കുന്നവരുടെ തിരക്കായിരുന്നു രണ്ടുദിവസം . പിന്നെ സ്വീകരണം തരുന്നവരുടെ തിരക്കായി. അതെല്ലാം ഒന്നടങ്ങി സ്വസ്ഥമായിരിക്കുമ്പോഴാണ് ഒരു ദിവസം തികച്ചും അപ്രതീക്ഷിതമായ ഒരു കിളി മൊഴി . ‘’ സാര്‍ ഞാന്‍ വേള്‍ഡ് റ്റു വേള്‍ഡ് ചാനലില്‍ നിന്നും ട്രീസയാണ് സാറിന് അവാര്‍ഡ് കിട്ടിയ വിവരം അറിഞ്ഞു. എന്റേയും ചാനലിന്റേയും അഭിനന്ദനങ്ങള്‍ ഞങ്ങള്‍ക്ക് സാറിന്റെ ഒരു ഇന്റെര്‍വ്യൂ വേണം’‘

തിരിച്ച് നന്ദി പറയാനുള്ള അവസരം പോലും നല്‍കാതെ ട്രീസ പറഞ്ഞു കൊണ്ടിരുന്നു. ഓര്‍മ്മയുടെ വേള്‍ഡ് മുഴുവന്‍ തിരഞ്ഞിട്ടും അങ്ങനെയൊരു വേള്‍ഡ് ചാനലിനെ പറ്റി കേട്ടതായി ഓര്‍മ്മയില്‍ വന്നതേയില്ല. എങ്കിലും ഞാന്‍ പറഞ്ഞു ‘’ ഇങ്ങനെയൊരു ചാനലില്‍ന്റെ കാര്യം ഞാന്‍ കേട്ടിട്ടേയില്ലല്ലോ മാത്രവുമല്ല ഒരഭിമുഖം കൊടുക്കാനുള്ള പ്രാധാന്യമൊക്കെ ഇതിനുണ്ടോ’‘ പറഞ്ഞു തീര്‍ന്നില്ല , ട്രീസ കേറി ഇടപെട്ടു. സംശയമില്ല ഒരു ചാനല്‍കാരിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ട്.

‘’ സര്‍ ഞങ്ങള്‍ തുടങ്ങിയിട്ടില്ല, രണ്ട് മൂന്ന് മാസം കഴിഞ്ഞേ തുടങ്ങൂ . പരിപാടികള്‍ റെക്കോഡ് ചെയ്ത് വെക്കുകയാണ് . പിന്നെ ഇന്റെര്‍വ്യൂ ആവശ്യമില്ലെന്ന് മാത്രം പറയരുത്. ചെറുതായാലും വലുതായാലും അവാര്‍ഡ് അംഗീകാരം തന്നെയല്ലേ ‘’

ഏതായാലും ഇങ്ങോട്ട് വിളിച്ച് ചോദിച്ചതല്ലേ ഇന്റെര്‍വ്യൂ എങ്കില്‍ ഇന്റെര്‍വ്യൂ എന്ന് തന്നെ ഞാനും വിചാരിച്ചു..

’‘സാറിനേയും അമ്മയേയും ഉള്‍പ്പെടുത്തി ‘’എന്റെ അമ്മ’‘ എന്ന പരിപാടിയാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത് . സാറിനെ പരിചയപ്പെടാനും വിവരങ്ങള്‍ സംസാരിക്കാനുമായി നാളെ ഞാന്‍ ഓഫീസില്‍ വരാം. സാറിന്റെ പുതിയ പുസ്തകങ്ങള്‍ ഉണ്ടെങ്കില്‍ വരുമ്പോള്‍ തരണം’‘

പിറ്റേന്ന് പറഞ്ഞ സമയത്ത് തന്നെ ഓഫീസ് തിരക്കിപ്പിടിച്ച് വേള്‍ഡ് റ്റു വേള്‍ഡ് കാരി സ്ഥലത്തെത്തി.

” സാറിനെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ വളരെ സന്തോഷം’‘ ട്രീസ കൈകൂപ്പി . എനിക്കു സന്തോഷം. അംഗീകാരങ്ങളൊക്കെ നേരത്തെ കിട്ടിയിട്ടുണ്ടെങ്കിലും പത്രങ്ങളില്‍ ചിത്രവും അഭിമുഖവുമൊക്കെ വന്നിട്ടുണ്ടെങ്കിലും ഒരു ടെലിവിഷന്‍ ചാനലിന്റെ അഭിമുഖം ആദ്യമായിട്ടാണ്.

‘’ കുറെ ഇന്റെര്‍വ്യൂ റെക്കോഡ് ചെയ്തു കഴിഞ്ഞു സാറിനേപ്പോലെ ഒരാളെ അഭിമുഖത്തിന് കിട്ടിയതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ‘’ ട്രീസ പിന്നേയും സന്തോഷം പങ്കു വച്ചു. കൂടെക്കൂടെയുള്ള ‘ സാര്‍’വിളി അരോചകമായി തോന്നിയപ്പോള്‍ ഞാന്‍ പറഞ്ഞു.

‘’ ഇങ്ങനെ എപ്പോഴും സാറെന്ന് വിളിക്കണാമെന്നില്ല പേര്‍ വിളിച്ചാലും മതി’‘

‘’അയ്യോ സാര്‍ , അതു മാത്രം പറയരുത് സാര്‍, ബഹുമാനം നിലനിര്‍ത്തികൊണ്ടല്ലാതെ ഞാന്‍ സംസാരിക്കില്ല സാര്‍‘’ — ഒന്ന് സാറെന്ന് വിളിക്കണ്ടെന്ന് ഞാന്‍ പറഞ്ഞതിന് മൂന്ന് സാറെന്ന് വിളിച്ച് ട്രീസ മറുപടി പറഞ്ഞു. ‘’ നേരത്തേ പറഞ്ഞല്ലോ സാ‍റും അമ്മയുമായുള്ള ബന്ധം, ഇങ്ങനെയൊരു സാഹിത്യകാരനെ സമൂഹത്തിനു സംഭാവന ചെയ്യാന്‍ അമ്മ വഹിച്ച് പങ്ക്…. അതൊക്കെ വിശദമാക്കുന്ന ഒരു അര മണിക്കൂര്‍ പരിപാടിയാണ് ഉദ്ദേശിക്കുന്നത്”.

തോരാത്ത മഴ പോലെയുള്ള ട്രീസയുടെ സംസാരം ഞാന്‍ കേട്ടു കൊണ്ടിരിന്നു . പുകഴ്ത്തലും സാറെന്നുള്ള വിളിയുമായി സുന്ദരിയായ ഒരു ചാനല്‍കാരി മുന്നിലിരിക്കുമ്പോള്‍ ആര്‍ക്കാണ് ഇഷ്ടമാകാത്തത്. രണ്ടു മണിക്കൂറോളം പരിപാടിയെ പറ്റി വിശദീകരിച്ചിട്ട് ട്രീസ മനസില്ലാമനസോടെ പോകാന്‍ എഴുന്നേറ്റപ്പോള്‍ ഞാനോര്‍ത്തു , അര മണിക്കൂര്‍ പരിപാടിക്ക് രണ്ടു മണിക്കൂര്‍ വിശദീകരണമാണെങ്കില്‍ റെക്കോഡിംഗിന് എത്ര മണിക്കൂര്‍ എടുക്കും?

‘’ ശരി സാര്‍ , നാളെ രാവിലെ പത്ത് മണിക്ക് ഞങ്ങള്‍ എത്തും രണ്ട് ക്യാമറാമാന്മാര്‍ , ഒരു ബ്യൂട്ടീഷന്‍, അസിസ്റ്റന്റ് ഉള്‍പ്പെടെ ആറു പേര്‍ കാണും ഞങ്ങള്‍ ‘’ ട്രീസ പറഞ്ഞു. പഴയതും പുതിയതുമായ പുസ്തകങ്ങള്‍ സമ്മാനിച്ച് ഞാന്‍ വേള്‍ഡു റ്റു വേള്‍ഡുകാരിയെ യാത്രയാക്കി .

ഇന്റെര്‍വ്യൂ വിവരം ഓഫീസില്‍ എല്ലാവരും അറിഞ്ഞു. വീട്ടിലും നാട്ടിലും പാട്ടായി. പ്രിയതമയോട് കാര്യം പറഞ്ഞപ്പോള്‍ അവള്‍ക്ക് സംശയം ബ്യൂട്ടീഷന്‍ എന്തിനു വരുന്നു എന്നതായിരുന്നു ‘’ നിങ്ങളുടെ മുഖം എത്ര തന്നെ മിനുക്കിയാലും ഉള്ളതുപോലെയല്ലാതെ ടി. വിയില്‍ വരുമോ’‘ എന്നാണ് അവളുടെ ചോദ്യം . അസൂയക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തത് കൊണ്ട് ഞാനൊന്നും മിണ്ടിയില്ല അത് മാത്രമല്ല അവളുടെ പരിഭവം ‘ എന്റെ അമ്മ’ എന്നതിനു പകരം ‘ എന്റെ ഭാര്യ’ എന്ന പരിപാടി പോരായിരുന്നോ എന്നാണ് ചോദ്യം . നേരത്തേ പത്രത്തില്‍ അഭിമുഖം വന്നപ്പോള്‍ അവളുടേയും മക്കളുടേയും പേരു കൊടുത്തില്ലെന്ന് നിലവില്‍ പരാതി വേറെയുണ്ട്. ഏതായാലും കുടുംബവിട്ടിലേക്ക് കുടുംബസമേതം വെളുപ്പിനേ തന്നെ ഞങ്ങള്‍ പുറപ്പെട്ടു.

അമ്മയുമൊത്തുള്ള പരിപാടിയണെങ്കിലും ഇടക്ക് ഞാന്‍ നടക്കുന്നതും ഇരിക്കുന്നതുമൊക്കെ എടുക്കുമ്പോള്‍ നിങ്ങളെയും കൂടെ നിര്‍ത്താമെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞപ്പോഴാണ് പ്രിയതമയുടെ മുഖം അല്‍പ്പമെങ്കിലും ഒന്ന് തെളിഞ്ഞത്. വീട്ടില്‍ ചെന്നയുടന്‍ ഇന്‍ന്റെര്‍വ്യൂ എങ്ങനെ നേരിടാമെന്ന് അമ്മയെ പഠിപ്പിക്കലായിരുന്നു പ്രധാന ജോലി. അതിനിടയില്‍ മണി പത്തായി , പത്തരയായി എന്നിട്ടും ട്രീസയേയും സംഘത്തേയും പറ്റി ഒരു വിവരവുമില്ലാത്തത് കൊണ്ട് വിളിച്ചു നോക്കി . ഫോണെടുക്കുന്നില്ല . പതിനൊന്നായപ്പോള്‍ ഇങ്ങോട്ട് വിളി . ‘’ രാവിലെ വേറൊരു ഇന്റെര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ടി വന്നു ഉടനെ ഞങ്ങള്‍ എത്തും.’‘

അവര്‍ക്ക് തയ്യാറാക്കി വെച്ചിരുന്ന കാപ്പിയും പലഹാരങ്ങളും തണുത്തു. ഇനി ഊണ് കൊടുക്കേണ്ടി വരുമോന്നു പേടിച്ചിരിക്കുമ്പോള്‍ അടുത്ത വിളി ‘’ ഊണ് കഴിഞ്ഞ ഉടനെ ഞങ്ങളെത്തും വഴി ഒന്നു കൂടെ പറഞ്ഞു തരുമോ’‘

നേരത്തെ ഒന്ന് പറഞ്ഞു കൊടുത്തതാണെങ്കിലും വീണ്ടും പറഞ്ഞു കൊടുത്തു. റ്റി വി യില്‍ മുഖം കാണിക്കാന്‍ പോകുന്നവനെന്ത് ഔചിത്യം. രണ്ടു മണി കഴിഞ്ഞിട്ടും കാണാതായപ്പോള്‍ വീണ്ടും വിളിച്ചു . അപ്പോഴും സ്വിച്ച് ഓഫ്. കാത്തിരുന്ന് മടുത്ത് ഇന്റെര്‍വ്യൂ കാണാ‍ന്‍ വന്ന പലരും ഇതാരോ പറ്റിച്ചതാണെന്ന അഭിപ്രായം രേഖപ്പെടുത്തി തിരിച്ചു പോയി. പക്ഷെ തട്ടിപ്പായിരുന്നെങ്കില്‍ ഓഫീസില്‍ നേരിട്ട് വന്ന് സംസാരിക്കുമായിരുന്നോ എന്ന ആശ്വാസത്തോടെ പിന്നേയും ഞാന്‍ ട്രീസയെ കാത്തിരുന്നു. ഏതെങ്കിലും വേള്‍ഡില്‍ നിന്നും വേള്‍ഡ് വിഷന്‍കാരി എത്തിയാല്‍ മതിയെന്ന ആഗ്രഹത്തോടെ ഞാനിരിക്കുമ്പോഴാണ് ട്രീസയുടെ വിളി.

‘’ സാര്‍ എന്നെ ഒന്നും പറയരുത് … സാര്‍ എന്നോടു ക്ഷമിക്കണം …സാര്‍ .. ഞങ്ങളുടെ ക്യാമറാമാന് പെട്ടന്നൊരു തലകറക്കമുണ്ടായി ആശുപത്രിയിലാണ്. രാവിലെ മുതല്‍ ഭക്ഷണം കഴിക്കതെയാണ് അയാള്‍ ഷൂട്ട് ചെയ്തത് പ്രഷറും ഷുഗറുമൊക്കെയുള്ള ആളായിരുന്നു അതുകൊണ്ട് ഇന്നു വരാന്‍ പറ്റുമെന്ന് ഒരുറപ്പു എനിക്ക് നല്‍കാന്‍ കഴിയുന്നില്ല സാര്‍… സാര്‍ എന്നോട് ക്ഷമിക്കണം’‘

ഒരു വാചകത്തിന് ഇത്രയധികം ക്ഷമയും സാര്‍ വിളിയും ആദ്യമായിട്ട് കേള്‍ക്കുകയാണ്. അപ്പോഴും എന്റെ ബുദ്ധിമുട്ടിനേക്കാള്‍ രാവിലെ മുതല്‍ അമ്മയെ ഒരുക്കി നിര്‍ത്തി ബുദ്ധിമുട്ടിച്ചതിലായിരുന്നു എനിക്ക് വിഷമം. സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ഒരു പിടിയും കിട്ടുന്നില്ല.

‘’ നിങ്ങളെയൊക്കെ ആരെങ്കിലു ഇന്റെര്‍വ്യൂ നടത്താമെന്ന് പറഞ്ഞാലും വിശ്വസിക്കാമോ’‘? എന്ന ഭാവമായിരുന്നു പ്രിയതമക്ക്. ഏതായാലും അതിരാവിലെ ഇന്റെര്‍വ്യൂവിന് കെട്ടിയൊരുങ്ങി ഇറങ്ങിയ ഞങ്ങള്‍ അധികം വൈകാതെ , നേരം വൈകും മുമ്പേ തിരികെ വീട്ടിലേക്ക് യാത്രയായി.

Generated from archived content: humour1_mar9_12.html Author: nina_mannancheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനാടന്‍ അവിയല്‍
Next articleകപടമുഃഖം
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English