അഭയം

വീണ്ടും വലിയ ശബ്ദത്തോടെ കാറ്റു വരുന്നു….

വിരലുകളെ ഗ്ലൗസിനുള്ളിൽ ഒളിപ്പിച്ച്‌ അമ്മയെന്തോ പറഞ്ഞു…

തൊട്ടടുത്തു നിന്നിട്ടു കൂടി അവൾക്കൊന്നും മനസ്സിലായില്ല…

….വിമലാ…-

അമ്മ വിളിക്കുന്നു…

ഇന്നലെ വിടർന്ന പൂക്കളെ കൂടി കാറ്റുകൊണ്ടുപോവുകയാണല്ലോ എന്നു വിമല അന്നേരം ഓർത്തു…

അല്ലെങ്കിൽ പേരറിയാത്ത… മണമറിയാത്ത പൂക്കളോടു ഒരിക്കലും കൂറു കാട്ടിയിട്ടില്ലല്ലോ…

– വിമലാ…-

അമ്മ വീണ്ടും ഇടയിൽ കയറുന്നു…

കണ്ണടകളകത്തിപ്പിടിച്ച്‌ കണ്ണിലേക്കു തന്നെ നോക്കി നിൽക്കുന്നു…

– ഇതാണു വർമ്മ പറയുന്നത്‌…

അമ്മയെന്തോ പറഞ്ഞുതുടങ്ങുകയാണ്‌… ആമുഖത്തിലും ആ പേരു കടന്നുവരുന്നു…. ഒരു കാറ്റിനും കട്ടെടുക്കാനാവാത്ത ശൗര്യത്തോടെ…

-നീയെന്തിനിവിടെ ചുറ്റിക്കൂടുന്നു കുട്ടീ… വർമ്മ പറയുമ്പോലെ…

അമ്മ തുടരാൻ വാക്കുകൾക്കു പരതുകയാണ്‌….

ഇവിടത്തെ കാറ്റ്‌ ചിലപ്പോൾ അങ്ങനെയാണ്‌… വാക്കുകളെ കൂടി അടർത്തിയെടുത്തു കൊണ്ടുപോവും… എന്നു പറയണമെന്നു തോന്നി വിമലയ്‌ക്ക്‌…

അമ്മ അങ്ങനെ നോക്കി നിൽക്കുന്നു… തന്നോളം വളർന്ന മകളുടെ കണ്ണുകളിൽ നോക്കുമ്പോൾ അമ്മയ്‌ക്കിപ്പോഴും പതറുന്നുണ്ടാവുമോ…?

രണ്ടുമൂന്നു വർഷത്തെ ഡൽഹി ചൂട്‌ അമ്മയെ പാകപ്പെടുത്തിയിട്ടുണ്ടാവുമെന്ന്‌ വിമല ഊഹിക്കുന്നു…

അല്ലെങ്കിൽ വല്ലാതെയൊന്നുലഞ്ഞതിനു ശേഷം വലിയ മനോവീര്യം നേടിയെടുത്തിട്ടുണ്ട്‌ അമ്മ… വിമല ഉള്ളിൽ കണക്കു കൂട്ടുന്നു…

അല്ലെങ്കിൽ അമ്മ വരില്ലായിരുന്നു… വീണ്ടും കാലാവസ്ഥയേയും ആരോഗ്യത്തേയും പ്രതിക്കൂട്ടിൽ കയറ്റി രണ്ടുവരി ഇ-മെയിൽ സന്ദേശത്തിൽ അമ്മ സ്നേഹം ഒഴുക്കിത്തീർത്തേനെ…

എന്നിട്ടും അമ്മയുടെ മുഖത്തു നോക്കുമ്പോഴെല്ലാം വിമലയ്‌ക്കു ചുട്ടു കനക്കുന്നു…

അമ്പതു വയസ്സിനു ശേഷം നീണ്ട കറുത്ത മുടിയുടെ ഭാരം വേണ്ടെന്നുവച്ച്‌ തോളോപ്പം വെട്ടിയലങ്കരിച്ചിരിക്കുന്നു അമ്മ..

കഴുത്തിലെ ഒറ്റ വൈരമാലയുടെ തിളക്കം അസ്വസ്ഥതയുണ്ടാക്കുന്നതു തനിക്കു മാത്രമാണല്ലോ എന്നു വിമല സ്വയം സഹതപിച്ചു…

ഒന്നുമാരുടെയും കുറ്റം കൊണ്ടല്ലല്ലോ എന്നൊരു ഒഴുക്കൻ ന്യായത്തിൽ വിശ്വസിക്കാമായിരുന്നു. മൈലുകൾക്കിപ്പുറം ഓടി വന്നിട്ടിത്‌ അഞ്ചാമത്തെ വേനലും കഴിഞ്ഞിട്ടും കിതപ്പടങ്ങുന്നില്ലല്ലോ എന്ന്‌ വിമല ഓർത്തു..

അമ്മ ബാൽക്കണിയുടെ കൈവരിയിൽ അമർത്തിപ്പിടിച്ച്‌ ദൂരെയെവിടെയോ നോക്കി നിൽക്കുന്നു…

അത്തരം നോട്ടങ്ങളുടെ ദൈർഘ്യം വിമലയെ എന്നും മുൾമുനയിൽ നിർത്തിയിരുന്നു… ഏതെങ്കിലുമൊരു വാക്കിന്റെ അറ്റംകൊണ്ട്‌ കോറിപ്പോകാൻ പാകത്തിലൊരു ചോദ്യത്തിന്റെ വരവ്‌ വിമല പ്രതീക്ഷിക്കുന്നു.

വിമലാ…-

വീണ്ടും അമ്മ വിളിക്കുന്നു…. ഇത്തവണ ഒരു ചിരിക്കുവേണ്ടി തിരയുകയായിരുന്നു വിമല.

-അച്ഛൻ വിളിക്കാറുണ്ടോ നിന്നെ…?

കാറ്റ്‌ വല്ലാത്തൊരു ശക്തിയോടെ വന്ന്‌ ചെവിയിൽ ചൂളം വിളിക്കുന്നു… ടി.വിയിൽ മുന്നറിയിപ്പുണ്ട്‌ – ഭീകരമായതെന്തോ വരാനിരിക്കുന്നുവത്രെ…

അമ്മ ചോദ്യമാവർത്തിച്ചേക്കുമെന്ന്‌ കരുതി…

അച്ഛൻ വിളിക്കാറുണ്ട്‌… പ്രതീക്ഷിക്കാത്ത ഏതെങ്കിലും നേരത്ത്‌ ഉറക്കത്തിന്റെ അബോധങ്ങളിൽ നിന്ന്‌ വിളിച്ചുണർത്തി, വൈനിന്റെ വീര്യം കൊണ്ട്‌ ഒഴുകിപ്പോകുന്ന സ്വരത്തിൽ – എന്നാണെന്റെ കൊച്ചേ നീയിതൊക്കെ ശീലിക്കുന്നത്‌ – എന്നൊരു വഴുക്കുന്ന ചോദ്യമെറിയും – അച്ഛന്റെ നിറംകെട്ട കണ്ണുകളിലെവിടെയെങ്കിലും ഒരു ചിരി കണ്ടെടുക്കാൻ ശ്രമിച്ച്‌ വിമല വീണ്ടും പരാജയപ്പെടും…

-നിനക്കു മുപ്പതു കഴിയുന്നു വിമലാ…- അമ്മ പെട്ടെന്നു ഗൗരവത്തിലാവുന്നു.

വിമല നോക്കുകയായിരുന്നു – മൂന്നാലു വർഷങ്ങൾ കൊണ്ട്‌ അമ്മയുടെ കണ്ണുകൾക്ക്‌ തിളക്കം കൂടിയിട്ടുണ്ട്‌… വിടർന്ന കണ്ണുകൾക്ക്‌ ഇത്രയും ഭംഗിയില്ലായിരുന്നെങ്കിൽ അമ്മയിങ്ങനെ അകന്നുപോവുമായിരുന്നോ…

കാറ്റിനു ശക്തി കൂടുകയാണ്‌…

അമ്മ പറയുന്നു –

-നിന്റെ കാര്യം നോക്കാൻ നീ മറന്നുപോവരുത്‌ വിമലാ….

ചുണ്ടു വക്രിച്ച്‌ ഒരു പരിഹാസച്ചിരിയെറിഞ്ഞ്‌ അമ്മയെ കീഴടക്കാം വേണമെങ്കിൽ… കുട്ടി സ്വപ്നങ്ങളുടെ നനുത്ത പ്രഭാതങ്ങളിൽ നിന്ന്‌ വലിച്ചു പറിച്ചെടുത്ത്‌ ഈ കാറ്റിൽ – ഈ തണുപ്പുള്ള ബാൽക്കണിയിൽ – ഈ വിമലയെ കൊണ്ടുവന്നു നിർത്തിയത്‌ നിങ്ങൾ തന്നെയായിരുന്നല്ലോ എന്നൊരു മറുവാദം കൊണ്ട്‌ നേരിടാം….

ഇളം ചൂടുള്ള ആ സ്വപ്നങ്ങളെ മുഴുവൻ ഒരു മഞ്ഞുകാലത്തിലേക്കിറക്കിവച്ചതും ഈ ബാൽക്കണിയിൽ വച്ചു തന്നെയായിരുന്നു…

അങ്ങനെ നിറയെ മഞ്ഞു പെയ്തൊരു ദിവസമായിരുന്നു ഇരുതലമൂർച്ചയുമായി ആ പഴയ സ്വപ്നത്തിലെ നായകൻ ആക്രമിച്ചത്‌…

-നിങ്ങൾ പെണ്ണുങ്ങൾ എന്നും പ്രാക്ടിക്കലായിരുന്നല്ലോ വിമലാ…

വിമലയ്‌ക്കാ പരിഹാസവും ബാൽക്കണിക്കു താഴെ ചവച്ചു തുപ്പി ചിരിക്കാൻ കഴിയുന്നു…

സ്വെറ്ററിനുള്ളിൽ കയറിക്കൂടിയിട്ടും അമ്മയ്‌ക്കു കുറേശ്ശെ തണുക്കുന്നുണ്ടെന്നു തോന്നി…. കാറ്റിന്റെ ഈ മുറുമുറുപ്പ്‌ ഒരു സൗകര്യമായി കരുതുന്നുണ്ടാവുമോ അമ്മ…?

കാറ്റ്‌ വീണ്ടും ശക്തമാവുന്നു… ബാൽക്കണിയിലെ ചാരുകസേര സ്ഥാനം തെറ്റുന്നു…

അപായമറിയിച്ചുകൊണ്ടൊരു വാഹനം കടന്നുപോയപ്പോൾ വിമല ബാൽക്കണി ഡോർ ചേർത്തടച്ചു…

അമ്മയുടെ കണ്ണുകളിൽ ഭയം…

എന്തിനാണ്‌ കുട്ടി നീ ഒറ്റയ്‌ക്കിവിടെ…?

ഡൽഹിയുടെ ചൂടിൽ ഉരുകിയൊലിക്കുന്ന വർമയെയു കുടുംബത്തെയും മറന്ന്‌ അമ്മ വിമലയുടെ മാത്രം അമ്മയാവുന്നു…

അമ്മയുടെ വിരലുകൾ ചേർത്തുപിടിക്കുമ്പോൾ, വീണ്ടും കാറ്റ്‌ വന്നിരുന്നെങ്കിൽ എന്ന്‌ വിമല ആശിക്കാതിരുന്നില്ല….

Generated from archived content: story1_feb12.html Author: nikhila_nl

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here